കാളികാവ് : ചോക്കാട് അങ്ങാടിയിൽ മുടങ്ങിക്കിടക്കുന്ന മലയോര ഹൈവേ നിർമാണം പുനരാരംഭിക്കാൻ നടപടിയായി. To advertise here, തർക്കമുള്ള കെട്ടിടത്തിനു മുന്നിലെ അഴുക്കുചാൽ നിർമാണം തത്കാലം ഒഴിവാക്കി റോഡ് ടാറിങ് ഉൾപ്പെടെയുള്ള മറ്റു പ്രവൃത്തികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. പുതിയതായി ചുമതലയേറ്റ കെ.ആർ.എഫ്.ബി. അസിസ്റ്റന്റ് എൻജിനീയർ മുഹ്സിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഒരു കെട്ടിടമുടമ കെട്ടിടത്തിനു മുൻപിലെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽനിന്ന് ഇൻജങ്‌ഷൻ ഓർഡർ നേടിയതോടെയാണ് കഴിഞ്ഞ ഒരുമാസത്തിലേറെയായി റോഡ് നിർമാണം മുടങ്ങിയത്. മലയോര ഹൈവേയോടു ചേർന്നുള്ള ഇവരുടെ കെട്ടിടത്തിനു സമീപം ജില്ലാപഞ്ചായത്തിന്റെ വിത്തുത്‌പാദനകേന്ദ്രം സ്ഥിതിചെയ്യുന്നുണ്ട്. സർക്കാർ ഭൂമി അന്യാധീനപ്പെട്ടതായി താലൂക്ക് സർവേസംഘം നേരത്തേ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. റോഡ് നിർമാണം മുടങ്ങിയതോടെ പാലിയേറ്റീവ് ക്ലിനിക്കിലേക്ക് എത്തുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ വലിയ പ്രയാസമാണ് നേരിടുന്നത്. കെട്ടിടമുടമ കേസിൽനിന്ന് പിൻമാറുമെന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ അറിയിച്ചിരുന്നെങ്കിലും നിയമപരമായ നടപടികളൊന്നും ഇതുവരെ പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ സാധ്യമായ ഭാഗങ്ങളിൽ പ്രവൃത്തികൾ വേഗത്തിലാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. ടാറിങ്ങിനു മുന്നോടിയായി വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്‌ഫോർമർ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ മാറ്റിസ്ഥാപിക്കുന്നതിനും ജൽജീവൻ പദ്ധതിയുടെ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ ഉടൻ ആരംഭിക്കും. ബസ്ബേ നിർമാണവും ഈ ഘട്ടത്തിൽ നടക്കും. തർക്കം നിലനിൽക്കുന്ന സ്ഥലത്തെ അഴുക്കുചാൽ നിർമാണം കോടതിവിധിക്കുശേഷം കരാർ കമ്പനിയുടെ സൗകര്യംകൂടി പരിഗണിച്ച് പിന്നീട് നടപ്പാക്കും. റോഡ് പൊളിക്കലും ജി.എസ്.പി. നിക്ഷേപിക്കലും ഉൾപ്പെടെയുള്ള പ്രവൃത്തികൾ വരുംദിവസങ്ങളിൽ ആരംഭിക്കുമെന്നും കെ.ആർ.എഫ്.ബി. എൻജിനിയർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം അറിയിച്ചു.

ചോക്കാട് മലയോര ഹൈവേ നിർമാണം പുനരാരംഭിക്കുന്നു
M
MathrubhumiSource Link
20 days ago