ബാക്കിക്കയത്തെ ജലനിരപ്പ് താഴ്ന്നു To advertise here, വേങ്ങര : കടലുണ്ടി പുഴയ്ക്കുകുറുകേ വേങ്ങര വലിയോറ പാണ്ടികശാല ബാക്കിക്കയത്ത് നിർമിച്ച ബാക്കിക്കയം റഗുലേറ്ററിലെ വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് ഈ വർഷം കഴിഞ്ഞവർഷത്തേക്കാൾ ക്രമാതീതമായി കുറഞ്ഞു. കഴിഞ്ഞവർഷം ഇതേമാസത്തിൽ 4.10 മീറ്റർ ഉയരത്തിലാണ് വെള്ളം കെട്ടിനിന്നിരുന്നത്. നിലവിൽ ഇത് 1.75 മീറ്ററാണ്. വേങ്ങര, തിരൂരങ്ങാടി, മലപ്പുറം എന്നീ മണ്ഡലങ്ങളിലെ വേങ്ങര, ഊരകം, കണ്ണമംഗലം, പറപ്പൂർ, ഒതുക്കുങ്ങൽ, എടരിക്കോട്, തെന്നല, പെരുമണ്ണ ക്ലാരി, ഒഴൂർ എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ കുടിവെള്ളത്തിനും കൃഷിക്കും ജലസേചനത്തിനുമുള്ള വെള്ളത്തിനായി ആശ്രയിക്കുന്നത് കടലുണ്ടിപ്പുഴയിലെ കല്ലക്കയം, ബാക്കിക്കയം എന്നീ ഭാഗങ്ങളെയാണ്. ഇവിടെ പറപ്പൂർകല്ലക്കയത്ത് കടലുണ്ടിപ്പുഴയിലെ വെള്ളം തടഞ്ഞുനിർത്താനായി നിർമിച്ച കല്ലക്കയംതടണ പൂർണപരാജയമായിരുന്നു. കടലുണ്ടിപ്പുഴയിൽ റെഗുലേറ്ററിന് മുകൾഭാഗത്തുള്ള ജനങ്ങളാണ് കൂടുതൽ ആശങ്കയിലായിരിക്കുന്നത്. ഇവിടെയുള്ള ഒതുക്കുങ്ങൽ, ഊരകം എന്നിവ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഗ്രാമപ്പഞ്ചായത്തുകളാണ്. ഈ ഭാഗത്ത് ബാക്കിക്കയം റഗുലേറ്റർ നിലവിൽവന്നശേഷം കിണറുകളിലും ജലം സമൃദ്ധമാണ്. ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂഗർഭ ജലവിതാനം താഴുമോ എന്നതും കടലുണ്ടിപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്ന തനതുപദ്ധതികളും ജലനിധിപദ്ധതികളും തടസ്സപ്പെടുമോ എന്നതുമാണ് ഊരകം, ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശങ്ക.
