തൃശ്ശൂർ: മുണ്ടത്തിക്കോട്ടെ വീടുകളിലെ അടച്ചിട്ട ജനാലകളിലൂടെയും വെടിമരുന്നിന്റെ കത്തിക്കരിഞ്ഞ മണം അകത്തേക്കെത്തുന്നു. സമീപത്തെ പള്ളിപ്പെരുന്നാളിന്റെ ആഘോഷാന്തരീക്ഷത്തിലായിരുന്നു ഭൂരിഭാഗം വീടുകളും. വർണക്കടലാസുകളും ചമയങ്ങളും നിറഞ്ഞ വീട്ടുമുറ്റങ്ങളിലേക്കാണ് അമിട്ടുകളുടെയും ഗുണ്ടുകളുടെയും ചീളുകൾ തെറിച്ചുവീണത്. To advertise here, ഉഗ്രസ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ജനൽച്ചില്ലുകൾ വീട്ടുമുറ്റത്തുനിന്നും അകത്തളത്തിൽനിന്നും എടുത്തുമാറ്റുന്ന തിരക്കിലായിരുന്നു ബുധനാഴ്ച രാവിലെമുതൽ വീട്ടുകാരെല്ലാം. ഒരുകിലോമീറ്റർ പരിധിയിലെ 30-ഓളം വീടുകളുടെ ജനൽച്ചില്ലുകളാണ് തകർന്നത്. സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് നൂറുമീറ്റർ മാറി, നിഖിൽ സൈമണിന്റെ വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്ന മകൾ ആറുവയസ്സുകാരി ടെസ്സ മരിയയുടെ തുടയിൽ ജനൽച്ചീള് തുളച്ചുകയറി പരിക്കേറ്റു. ''മോൾക്ക് ഒരു സ്റ്റിച്ചുണ്ട്. വീടിന്റെ നിലം മുഴുവൻ ഇന്നലെ ചോരയായിരുന്നു. എല്ലാ ജനലുകളും തകർന്നു. ഫ്രിഡ്ജിലെ ഗ്ലാസ് ഭാഗംപോലും തകർന്നു.'' -നിഖിൽ പറഞ്ഞു. വയലിനക്കരെ പണിനടന്നുകൊണ്ടിരിക്കുന്ന സുരന്ദ്രേന്റെയും ഉഷയുടെയും പുതിയവീടിന്റെ ഓടുകളും ജനാലകളും തകർന്നു. ഓടുകൾ ഇളകിവീണ് രാധാകൃഷ്ണന്റെയും സുമയുടെയും വീടിന് കാര്യമായ നാശനഷ്ടമുണ്ടായി. അപകടസമയത്ത് ആരും വീട്ടിലില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. കുണ്ടുപറമ്പ് ജോസഫ് കിടങ്ങൻ ഫ്രാൻസിസിന്റെ വീട്ടിന്റെ മുകൾനിലയിലെ എല്ലാ മുറികളിലെയും സീലിങ് അടന്നു താഴെവീണു. പെരുന്നാളിന് പങ്കെടുക്കാൻ വീട്ടിലെത്തിയ ബന്ധു മുകൾനിലയിൽ കിടക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. ഉറങ്ങിക്കിടന്ന ആളുടെ ദേഹത്തേക്കാണ് കനംകുറഞ്ഞ സീലിങ് വന്നുവീണത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെത്തി നാശനഷ്ടത്തിന്റെ കണക്കെടുത്തുതുടങ്ങി. നാശംനേരിട്ട വീടുകളിലെ ഭൂരിപക്ഷം പേരും ചൊവ്വാഴ്ച രാത്രി താമസംമാറി. ഡി.എൻ.എ. പരിശോധനാ നടപടികൾ തുടങ്ങി മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ. പരിശോധന നടത്താനുള്ള നടപടികൾ തുടങ്ങി. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്ധരാണ് ഡി.എൻ.എ. പരിശോധന നടത്തുന്നത്. 32 മനുഷ്യാവശിഷ്ടങ്ങളിലാണ് പരിശോധന നടത്താനുള്ളത്. ആദ്യം മൃതദേഹങ്ങളിൽനിന്ന് സാമ്പിൾ ശേഖരിച്ചശേഷം അപകടത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ സാമ്പിൾ ശേഖരിക്കും. നടപടികൾ പൂർത്തിയാക്കാൻ ശരാശരി മൂന്നുമുതൽ ഏഴുവരെ ദിവസം വേണം. മാംസഭാഗങ്ങൾ മാത്രമുള്ള നാല് മൃതദേഹങ്ങളാണ് ഡി.എൻ.എ. പരിശോധന വഴി ആളെ തിരിച്ചറിയാനുള്ളത്. കൂടാതെ തിരിച്ചറിയാനാകാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു മൃതദേഹംകൂടി ഡി.എൻ.എ. പരിശോധന നടത്താൻ ആലോചനയുണ്ട്. തിരിച്ചറിഞ്ഞത് എട്ടുപേരെ ഒൻപത് മൃതദേഹങ്ങൾ കിട്ടിയതിൽ എട്ടുപേരെയാണ് തിരിച്ചറിഞ്ഞത്. അതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം ചൊവ്വാഴ്ച തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ബാക്കിയുള്ള അഞ്ച് മൃതദേഹങ്ങളാണ് ബുധനാഴ്ച ബന്ധുക്കൾക്ക് കൈമാറിയത്. ഇതിൽ മൂന്ന് മൃതദേഹങ്ങൾ മലപ്പുറം ജില്ലക്കാരുടേതാണ്. മലപ്പുറം ആലങ്കോട് മണികണ്ഠന്റെ മൃതദേഹമാണ് ബുധനാഴ്ച 9.40-ന് ആദ്യം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഏറ്റുവാങ്ങാൻ ബന്ധുക്കൾക്കൊപ്പം സഹോദരി സുമയും എത്തിയിരുന്നു. സങ്കടം സഹിക്കാനാകാതെ അലമുറയിട്ട് കരയുകയായിരുന്നു അവർ. പിന്നീട് 9.46-ന് തൃശ്ശൂർ കോട്ടപ്പുറം മണികണ്ഠന്റെയും 11.21-ന് മലപ്പുറം കൊളത്തൂർ പൊറ്റമ്മൽ സുബ്രഹ്‌മണ്യന്റെയും 12.12-ന് എടപ്പാൾ സ്വദേശി വിജയന്റെയും ഒടുവിൽ 12.39-ന് ചേർപ്പിലെ ബിജീഷിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മോർച്ചറിയിലെ ബുധനാഴ്ച 09.40 ബുധനാഴ്ചയിലെ ആദ്യ മൃതദേഹം ബന്ധുക്കൾ കൊണ്ടുപോകുന്നു. 10.06 അപകടസ്ഥലത്തുനിന്ന് നാല് പാക്കറ്റുകളിൽ മൃതദേഹാവശിഷ്ടങ്ങളുമായി ആംബുലൻസ് മോർച്ചറിയിലെത്തി. 10.57 തൃശ്ശൂരിൽനിന്ന് ടെസ്റ്റിങ് ഇൻസ്‌പെക്ടർ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വിരലടയാളവിദഗ്ധർ മോർച്ചറിയിലെത്തുന്നു. 12.30 തിരുവനന്തപുരത്തുനിന്നുള്ള ഡി.എൻ.എ. പരിശോധനാസംഘം എത്തി. 01.50 കളക്ടർ ശിഖാ സുരേന്ദ്രൻ മോർച്ചറിയിലെത്തി വിവരങ്ങൾ ആരായുന്നു. മാധ്യമങ്ങളോട് സ്ഥിതിഗതികൾ പറയുന്നു. 02.20 ഡി.എൻ.എ. സാമ്പിൾ കളക്ഷൻ അവസാനിച്ചു. 03.00 ചികിത്സയിലുള്ള പട്ടാമ്പി സ്വദേശി പ്രവീൺ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. Content Highlights: DNA testing initiated for 32 human remains at Rajiv Gandhi Biotechnology Institute., Over 30 houses within a 1km radius suffered structural damage from the explosion., Eight out of nine bodies recovered have been identified and handed over to relatives., One additional casualty reported during treatment, bringing the toll to the latest update., Revenue officials are conducting damage assessments for affected homes. Published: 23 Apr 2026, 06:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജനാലകളില്ലാതെ മുണ്ടത്തിക്കോട്, വ്യാപക നാശനഷ്ടം; 32 മൃതദേഹാവശിഷ്ടങ്ങളുടെ DNA പരിശോധന തുടങ്ങി
M
MathrubhumiSource Link
17 days ago