ജയം തുടരാൻ ബിജെപി, ജീവന്മരണ പോരാട്ടത്തിന് കോൺഗ്രസ്; അസം എന്ന രാഷ്ട്രീയ പോരാട്ടശാല

ജയം തുടരാൻ ബിജെപി, ജീവന്മരണ പോരാട്ടത്തിന് കോൺഗ്രസ്; അസം എന്ന രാഷ്ട്രീയ പോരാട്ടശാല

M
MathrubhumiSource Link
അ സം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന സംസ്ഥാനം, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബി.ജെ.പിയുടെ രാഷ്ട്രീയ പരീക്ഷണത്തിന്റെ വേദിയാണ്. 'ഹിന്ദുത്വ' രാഷ്ട്രീയവും വികസന അജണ്ടയും ചേർത്തിണക്കി ബി.ജെ.പി അസമിനെ ശക്തമായ താവളമായി പരിവർത്തനം ചെയ്തുകഴിഞ്ഞു. അതേസമയം സംസ്ഥാന രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെടാതിരിക്കാനുള്ള കഠിനപോരാട്ടത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കീഴിൽ എൻ.ഡി.എ പോരാട്ടത്തിനിറങ്ങുമ്പോൾ ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനും മറ്റ് പ്രാദേശിക പാർട്ടികൾക്കും ഇത് ജീവൻമരണ പോരാട്ടമാണ്. To advertise here, 2021-ലെ തിരഞ്ഞെടുപ്പ് അസം രാഷ്ട്രീയത്തിൽ നിർണ്ണായകമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (CAA) ശക്തമായ പ്രതിഷേധങ്ങൾക്കും കോവിഡ് പ്രതിസന്ധിക്കുമിടയിലായിരുന്നു സംസ്ഥാനം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പൗരത്വനിയമത്തിന്റെ വലിയ പരീക്ഷണങ്ങൾ നടന്ന അസമിൽ അധികാരം നിലനിർത്തേണ്ടത് ബിജെപിയെ സംബന്ധിച്ചും നിർണായകമായിരുന്നു. പക്ഷേ പ്രകടനപത്രികയിൽ ഇക്കാര്യത്തിൽ മൗനം പാലിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പകരം അടിത്തട്ടിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് രഹസ്യമുദ്രാവാക്യമായി ഉയർത്തുകയും ചെയ്തു. അതോടെ പൗരത്വവിഷയം തന്നെയാണ് ബി.ജെ.പി.യെ വീണ്ടും ഭരണത്തിലെത്തിച്ചത് എന്ന് പറയാം. ഇതേവിഷയം ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണത്തിനു വഴിതുറക്കുമെന്നും അതുവഴി വോട്ടുകൾ പെട്ടിയിലാക്കാമെന്നും കരുതിയ കോൺഗ്രസിന് പിഴയ്ക്കുകയും ചെയ്തു. വികസന- ഹിന്ദുത്വ മുദ്രാവാക്യങ്ങൾ ഒരുമിച്ചുയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി നയിച്ച എൻഡിഎ സഖ്യം ഭരണവിരുദ്ധ വികാരം മറികടന്നാണ് വിജയത്തിലെത്തിയത്. അകെയുള്ള 126 സീറ്റുകളിൽ 75 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം ഭരണം നിലനിർത്തിയത്. ഇതിൽ ബി.ജെ.പി ഒറ്റയ്ക്ക് മാത്രം 60 സീറ്റുകൾ നേടി. സംസ്ഥാനത്ത് അവരുടെ പരമ്പരാഗത സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് (AGP) ഒൻപത് സീറ്റുകളും യു.പി.പി.എൽ. ഏഴും സീറ്റുനേടി. 44.51 ശതമാനം വോട്ടുകൾ നേടാനും എൻഡിഎ സഖ്യത്തിന് സാധിച്ചു. ഭരണം പിടിക്കാമെന്നു കണക്കുകൂട്ടി എ.ഐ.യു.ഡി.എഫ്., ഇടതു പാർട്ടികൾ, ബി.പി.എഫ്. എന്നിവരെ കൂട്ടുപിടിച്ച് 'മഹാജോത്' (Grand Alliance) സഖ്യമുണ്ടാക്കിയ കോൺഗ്രസിന് പക്ഷേ അടിതെറ്റി. 50 സീറ്റുകൾ മാത്രമാണ് സഖ്യത്തിന് ലഭിച്ചത്. കോൺഗ്രസ് 29 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. ഐ.യു.ഡി.എഫുമായി (AIUDF) കോൺഗ്രസ് ഉണ്ടാക്കിയ സഖ്യം പലയിടങ്ങളിലും തിരിച്ചടിയായി. 16 സീറ്റുകളിലാണ് ഐ.യു.ഡി.എഫ് വിജയിച്ചത്. തരുൺ ഗൊഗോയിക്കുശേഷം സംസ്ഥാനത്ത് ജനപ്രിയനായ നേതാവില്ലെന്നതും കോൺഗ്രസിന് വെല്ലുവിളിയായി. അസമിൽ തുടർച്ചയായി രണ്ടാം തവണയും ഒരു കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിൽ വരുന്നത് ആദ്യമായായിരുന്നു. മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ് സോനോവാളിന്റെയും മുതിർന്ന നേതാവ് ഹിമന്ത ബിശ്വ ശർമയുടെയും നേതൃത്വത്തിലാണ് ബി.ജെ.പി. 2021-ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നതായിരുന്നു തിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ചോദ്യം. ബിജെപി സർക്കാരിന്റെ സൗമ്യമുഖമായിരുന്നു സോനോവാൾ. പക്ഷേ, താഴെത്തട്ടിൽ പാർട്ടിയെ വളർത്തുന്നതിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാന ശക്തിയാക്കുന്നതിലും വലിയ പങ്ക് വഹിച്ചത് ഹിമന്ത ബിശ്വ ശർമ്മയായിരുന്നു. ഇതോടെ ചർച്ചകൾക്കൊടുവിൽ സോനോവാൾ മാറിനിൽക്കുകയും ഹിമന്ത ബിശ്വ ശർമ്മ അസമിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. അസമിലെ ബിജെപിയുടെ രാഷ്ട്രീയ ശൈലി തന്നയാണ് അതോടെ മാറിയത്. 2015-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ഹിമന്ത ബിശ്വ ശർമ്മ ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയുടെ അനിഷേധ്യ നേതാവായി മാറി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ക്ഷേമപദ്ധതികൾ വഴി സ്ത്രീ വോട്ടർമാരെ പാർട്ടിയോട് അടുപ്പിച്ചു. അതേസമയം ബംഗ്ലാദേശിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റം, മദ്രസ വിദ്യാഭ്യാസം, ബാലവിവാഹം തുടങ്ങിയ വിഷയങ്ങളിലെ കർശന നിലപാടുകളിലൂടെ തീവ്രഹിന്ദുത്വ പ്രതിച്ഛായയും നേടി. നിലവിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണ് ഹിമന്ത ബിശ്വ ശർമ. ഇതിനിടെ 2024-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി തങ്ങളുടെ ആധിപത്യം നിലനിർത്തി. ബി.ജെ.പി തങ്ങളുടെ മുൻകാല പ്രകടനം ആവർത്തിച്ചപ്പോൾ സഖ്യകക്ഷികളെല്ലാം സ്വാധീനം വർദ്ധിപ്പിച്ചു. ആകെ 14 സീറ്റുകളിൽ 9 എണ്ണം ബി.ജെ.പി നേടി. സഖ്യകക്ഷിയായ എ.ജി.പി, യു.പി.പി.എൽ. എന്നിവ ഓരോ സീറ്റുകൾ വീതം നേടി. മൊത്തം 11 സീറ്റുകൾ എൻ.ഡി.എ സഖ്യം സ്വന്തമാക്കി. 13 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് മൂന്ന് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് പിന്നിലെ വലിയ ഘടകം 2023-ൽ നടപ്പിലാക്കിയ മണ്ഡല പുനർനിർണയമാണെന്ന വിമർശനം ഉയർന്നിരുന്നു. മണ്ഡല പുനർനിർണ്ണയം വോട്ടിംഗ് ശതമാനത്തിലും രാഷ്ട്രീയ സമവാക്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി എന്നായിരുന്നു വിമർശനം. തദ്ദേശീയരായ വോട്ടർമാർക്ക് മുൻതൂക്കം ലഭിക്കുന്ന രീതിയിൽ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിക്കപ്പെട്ടത് ബി.ജെ.പിയുടെ വോട്ട് ബാങ്കിനെ സുരക്ഷിതമാക്കി. ഇതിനൊപ്പം ഹിമന്ത ബിശ്വ ശർമ്മ എന്ന കരുത്തനായ നേതാവിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രകടമായിരുന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ തദ്ദേശീയരായ അസമീസുകാരുടെ രാഷ്ട്രീയ നിലപാടുകൾ, മതപരമായ ധ്രുവീകരണം, വികസന രാഷ്ട്രീയം എന്നിവയെല്ലാം ചർച്ചയായേക്കും. തദ്ദേശീയരായ അസാമീസ് ജനവിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്ലിം കുടിയേറ്റക്കാരും തമ്മിലുള്ള വേർതിരിവ് രാഷ്ട്രീയത്തിൽ പ്രകടമാണ്. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും ഇപ്പോഴും അസമിലെ കത്തുന്ന വിഷയങ്ങളാണ്. പൗരത്വപ്പട്ടികയിൽ നിന്ന് പുറത്തായ ലക്ഷക്കണക്കിന് ആളുകളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അതേസമയം സംസ്ഥാനം കൈവരിച്ച വികസന നേട്ടങ്ങളും സമാധാന അന്തരീക്ഷവും പറഞ്ഞാകും ബിജെപി വോട്ട് ചോദിക്കുക. ഉൾഫ ഉൾപ്പെടെയുള്ള വിഘടനവാദി ഗ്രൂപ്പുകളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒപ്പിട്ട സമാധാന കരാറുകൾ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്തിയിരുന്നു. പാലങ്ങളും പുതിയ ദേശീയപാതകളുമുൾപ്പെടെയുള്ള വികസന പദ്ധതികൾ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ക്ഷേമപദ്ധതികൾ വഴി ജനങ്ങളിലേക്ക് പണം എത്തിക്കുന്നതിലും ഹിമന്ത സർക്കാർ വിജയിച്ചു. അതേസമയം വികസന പ്രവർത്തനങ്ങൾക്കായി വലിയ തോതിൽ കടമെടുക്കുന്നത് പോരായ്മയാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ‌ ഭരണനേട്ടങ്ങൾക്കിടയിൽ വിവാദങ്ങൾ കുറവൊന്നുമില്ല. സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ആയിരത്തോളം മദ്രസകൾ പൊതു വിദ്യാലയങ്ങളാക്കി മാറ്റാനുള്ള തീരുമാനം വലിയ ചർച്ചയായി. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പല നടപടികളും പലപ്പോഴും സംഘർഷത്തിലാണ് കലാശിച്ചത്. ബാലവിവാഹത്തിനെതിരെയുള്ള നടപടിയും വലിയ വിവാദങ്ങളായി. വികസനം ചർച്ചയാകുമ്പോഴും സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ പ്രതിപക്ഷം ആയുധമാക്കിയേക്കാം. ചുരുക്കത്തിൽ, അസം രാഷ്ട്രീയം ഇപ്പോൾ ഹിമന്തയെ ചുറ്റിപ്പറ്റിയാണ് കടന്നുപോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യങ്ങൾ അനുകൂലമാണെങ്കിലും സ്വത്വരാഷ്ട്രീയവും പൗരത്വ വിഷയങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അസമിന്റെ ഭാവി. കോൺഗ്രസ് തങ്ങളുടെ പഴയ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെങ്കിലും ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം അവർക്ക് തിരിച്ചടിയാണ്. മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക് മാറുന്നത് കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നു. പ്രതിപക്ഷം ഒരു 'മഹാസഖ്യം' രൂപീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ എങ്ങുമെത്തിയിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജയം തുടരാൻ ബിജെപി, ജീവന്മരണ പോരാട്ടത്തിന് കോൺഗ്രസ്; അസം എന്… | Boolokam