ബെംഗളൂരു : സംസ്ഥാനത്ത് ചൂട് കൂടുന്നത് കൃഷിയിടത്തിലെ ജലവിതരണത്തെ ബാധിക്കില്ലെന്ന് ജലസേചനവകുപ്പ് മന്ത്രി എൻ.എസ്. ബോസ്‌രാജു അറിയിച്ചു. To advertise here, വകുപ്പിന് കീഴിലുള്ള ചെറുകിട ജലസേചന സംഭരണികളിൽ അത്യവശ്യത്തിന് വെള്ളം സംഭരിച്ചിട്ടുണ്ടെന്നും അതിനാൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. വരൾച്ചയുണ്ടായാൽ ഈ സംഭരണികളിൽനിന്ന് കൃഷിയിടത്തിലേക്ക് പര്യാപ്തമായ അളവിൽ ജലവിതരണം നടക്കും. ജലസേചനവകുപ്പിന് കീഴിൽ വിവിധ ജില്ലകളിലായി 3,788 ജലസംഭരണികളാണുള്ളത്. ജലസ്രോതസ്സുകൾ വറ്റുന്ന സാഹചര്യത്തിൽ ഇതിൽനിന്ന് കൃഷിയിടത്തിലേക്ക് ആവശ്യമായ ജലവിതരണം ഉറപ്പാക്കും. ഏകദേശം 4,45,009 ഹെക്ടർ കൃഷിഭൂമിയിലേക്കാവശ്യമായ വെള്ളം സംഭരണികളിൽ നിലനിർത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വേനൽരൂക്ഷമായ ഈ സമയത്തും 165 സംഭരണികളിൽ ജലനിരപ്പ് പൂർണമാണ്. കൂടാതെ, 1,355 സംഭരണികളിൽ 51 ശതമാനത്തിലധികംശേഷി നിലനിർത്തിയിട്ടുണ്ട്. 959 സംഭരണികളിൽ 30 ശതമാനം വെള്ളം സംഭരിച്ചിട്ടുണ്ട്. ചൂട് കൂടുതലായുള്ള ദാവണഗരെ ജില്ലയിലെ 27 ജലസംഭരണികളിൽ പൂർണതോതിൽ വെള്ളമുണ്ട്. ചിക്കമഗളൂരു, ഹാസൻ, തുമകുരു, കോലാർ ജില്ലകളിലും പര്യാപ്തമായ ജലം സൂക്ഷിച്ചിട്ടുണ്ട്. ഇതിനുപുറേമ ചെറുകിട ജലസേചന വകുപ്പിന് കീഴിലുള്ള 1,184 സംഭരണികളിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിലൂടെ വെള്ളം നിറയ്്ക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കഴിഞ്ഞവർഷം സംസ്ഥാനത്ത് ശക്തമായമഴ ലഭിച്ചതിനാലാണ് വകുപ്പിന് കീഴിൽ ജലസുരക്ഷിതപദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞത്. സംഭരണികളിൽ മാർച്ച് അവസാനത്തോടെ ഇത്രയും ജലം സംഭരിക്കാനാകുന്നത് ഇതാദ്യമായാണ്. കൂടാതെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ തുടർന്നും ജലപ്രവാഹം ഉറപ്പാക്കും.

ജലസംഭരണികളിൽ ആവശ്യത്തിന് വെള്ളം; കൃഷിയിടത്തിലേക്കുള്ള ജലവിതരണം മുടങ്ങില്ലെന്ന് മന്ത്രി
M
MathrubhumiSource Link
18 days ago