Last Updated: 14 March 2026, 03:00 PM IST അമേരിക്കൻ നിർമിത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) യൂറോപ്യൻ യൂണിയന്റെ ഗലീലിയോ, റഷ്യയുടെ ഗ്ലോനാസ് (GLONASS) എന്നിവയ്ക്ക് ബദലായി ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റമാണ് ബെയ്ദൂ. സൈനികാഭ്യാസത്തിനിടെ ഇറാൻ മിസൈൽ പരീക്ഷിക്കുന്നു (ഫയൽ ചിത്രം) | Photo: AP/PTI ഒ രു വശത്ത് ഇറാനും മറുവശത്ത് ഇസ്രയേലും അമേരിക്കയും തമ്മിലുള്ള നിലവിലെ യുദ്ധം നാവിഗേഷൻ സംവിധാനത്തെക്കുറിച്ചും പുതിയ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പശ്ചിമേഷ്യയിൽ ഇസ്രയേലിനെയും ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യംവെച്ച് ഇറാൻ നടത്തിയ ആക്രമണങ്ങളിൽ മിസൈലുകളുടെ ലക്ഷ്യപ്രാപ്തിയും കൃത്യതയും വർധിച്ചതാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇറാന്റെ സമീപകാല ആക്രമണങ്ങൾ മുൻ സംഘർഷങ്ങളെ അപേക്ഷിച്ച് കൃത്യതയുള്ളതായിരുന്നു. കൃത്യമായി പറഞ്ഞാൽ എട്ട് മാസം മുമ്പ് ഇസ്രയേലുമായുണ്ടായ യുദ്ധത്തേക്കാൾ കൃത്യമായി ഇറാനിയൻ മിസൈലുകൾ ഇത്തവണ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചു. To advertise here, ഇതോടെയാണ് ഇറാൻ ചൈനയുടെ ബെയ്ദൂ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (BeiDou Navigation Satellite System) ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യം ലോകം ചോദിച്ചത്. ഇക്കാര്യം ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചൈനീസ് സംവിധാനത്തിന്റെ ഉപയോഗം നിലവിലെ സംഘർഷത്തിൽ അവർക്ക് ഗുണകരമായ ഫലം നൽകുന്നതായാണ് ചില രഹസ്യാന്വേഷണ കേന്ദ്രങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ. എന്താണ് ബെയ്ദൂ? അത് എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു? അത് മിസൈൽ യുദ്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു? എന്താണ് ബെയ്ദൂ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ബിഡിഎസ്) ? അമേരിക്കൻ നിർമിത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) യൂറോപ്യൻ യൂണിയന്റെ ഗലീലിയോ, റഷ്യയുടെ ഗ്ലോനാസ് (GLONASS) എന്നിവയ്ക്ക് ബദലായി ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ സംവിധാനമാണ് ബെയ്ദൂ. 1980-കളിൽ ചൈനീസ് റേഡിയോ ഇലക്ട്രോണിക്‌സിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നചെൻ ഫാങ്‌യുനും സഹപ്രവർത്തകരും ചേർന്നാണ് ഈ സംവിധാനത്തിന്റെ യഥാർത്ഥ ആശയം ആവിഷ്കരിച്ചത്. 1991-ലെ ഗൾഫ് യുദ്ധം ഇക്കാര്യത്തിൽ വഴിത്തിരിവായി. യുദ്ധമുഖത്ത് ജി.പി.എസ്. എങ്ങനെ അമേരിക്കയ്ക്ക് നേട്ടമായെന്നും ഇത്തരം സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നും ആ യുദ്ധം കാണിച്ചുതന്നു. 1993-ൽ ആയുധങ്ങളുമായി ഇറാനിലേക്ക് പോയ ചൈനീസ് കപ്പലിന് ജിപിഎസ് നിഷേധിക്കപ്പെട്ടതോടെ ഇതിന്റെ അപകടസാധ്യതയും ചൈന മനസ്സിലാക്കി. 1996-ലെ തായ്‌വാൻ പ്രതിസന്ധിക്കുശേഷം, ഭാവിയിൽ അമേരിക്ക ജിപിഎസ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്ന ഭയവും ചൈനയ്ക്കുണ്ടായി. ഇതോടെയാണ് അവർ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനം വികസിപ്പിക്കാൻ തുടങ്ങിയത്. ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് ബെയ്ദൂ വികസിപ്പിച്ചത്. 2000–2003 കാലഘട്ടത്തിൽ മൂന്ന് ഉപഗ്രഹങ്ങൾ അടങ്ങുന്ന പരീക്ഷണാ സംവിധാനം കൊണ്ടുവന്നു. ആദ്യത്തെ ഉപഗ്രഹമായ ബെയ്ദൂ-1എ 2000 ഒക്ടോബർ 30-ന് വിക്ഷേപിച്ചു. ബെയ്ദൂ-1ബി 2000 ഡിസംബർ 20-നും മൂന്നാമത്തെ ഉപഗ്രഹമായ ബെയ്ദൂ-1 സി 2003 മേയ് 25-നും ഭ്രമണപഥത്തിലെത്തിച്ചു. 2012 ഓടെ ചൈനയെയും അയൽ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന സംവിധാനം പ്രവർത്തനം ആരംഭിച്ചു. 2018-ൽ പാകിസ്താന് സൈനിക ആവശ്യങ്ങൾക്കായി ബെയ്ദൂ നൽകി. 2019-ൽ സൗദിയും ബെയ്ദൂവിന്റെ സൈനിക ഉപയോഗത്തിനായി കരാറിൽ ഒപ്പുവച്ചു. 2020-ൽ അർജന്റീനയും ഇതുമായി ബന്ധപ്പെട്ട് ചൈനയുമായി സഹകരണ കരാറിലെത്തി. 2020 ജൂൺ 23-ന്, അവസാന ബെയ്ദൂ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചു. ബെയ്ദൂ കുടുംബത്തിലെ 55-ാമത്തെ ഉപഗ്രഹമായിരുന്നു അത്. ഇതോടെ റഷ്യയുടെ ഗ്ലോനാസ്, യൂറോപ്യൻ ഗലീലിയോ പൊസിഷനിംഗ് സിസ്റ്റം, യുഎസിന്റെ ജിപിഎസ് എന്നിവയ്ക്ക് ബദൽ സംവിധാനമായി ബെയ്ദൂ മാറി. ലോകത്തെ സേവിക്കുകയും മനുഷ്യരാശിക്ക് പ്രയോജനം ചെയ്യുകയും ചെയ്യുക എന്നതാണ് ബെയ്ദൂവിന്റെ ലക്ഷ്യമെന്നാണ് ബെയ്ദൂവിന്റെ വെബ്സൈറ്റിൽ ചൈന അവകാശപ്പെടുന്നത്. മറ്റ് നാവിഗേഷൻ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് ചൈനയുടെ സംവിധാനം പ്രവർത്തിക്കുന്നത്. യുഎസിന്റെ ജിപിഎസ് സിസ്റ്റത്തിന് 24 ഉപഗ്രഹങ്ങൾ ഡാറ്റ നൽകുമ്പോൾ, ചൈനീസ് സംവിധാനം 45 എണ്ണത്തെ ആശ്രയിക്കുന്നതായാണ് കണക്കുകൾ. മറ്റ് രണ്ട് പ്രധാന നാവിഗേഷൻ സംവിധാനങ്ങളായ റഷ്യയുടെ ഗ്ലോനാസും യൂറോപ്യൻ യൂണിയന്റെ ഗലീലിയോ സംവിധാനവും 24 ഉപഗ്രഹങ്ങളെ വീതമാണ് ആശ്രയിക്കുന്നത്. മറ്റ് നാവിഗേഷൻ സംവിധാനങ്ങളെപ്പോലെ ലോകമെമ്പാടുമുള്ള കവറേജ് വാഗ്ദാനം ചെയ്യുന്ന ബെയ്ദൂ ഭൂമിശാസ്ത്രപരമായ കൃത്യത നൽകുന്നു. 2020-ൽ ചൈന ഔദ്യോഗികമായി ബെയ്ദൂ പുറത്തിറക്കി. ആ വർഷം ജൂലൈയിൽ ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടന്ന ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബെയ്ദൂ ഔദ്യോഗികമായി കമ്മിഷൻ ചെയ്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ബൈഡോ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ അവസാന ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ഒരു റോക്കറ്റ് പറന്നുയരുന്നു. (ഫയൽ ചിത്രം)| Photo: AP/PTI Photo ഇറാൻ ബെയ്ദൂ ഉപയോഗിക്കുന്നുണ്ടോ? ചൈന വളരെക്കാലമായി ബെയ്ദൂ ഉപയോഗിച്ചു വരികയാണ്. ഗതാഗത സംവിധാനം, മത്സ്യബന്ധനം, സർക്കാർ ആപ്ലിക്കേഷനുകൾ എന്നിവയിൽ ചൈന ബെയ്ദൂവിന്റെ ഉപയോഗം നിർബന്ധമാക്കുന്നു. ഹൈവേകൾക്കും റെയിൽവേയ്ക്കുമായി ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിൽ പാകിസ്താൻ ബെയ്ദൂ ഉപയോഗിക്കുന്നു. ചൈന-ലാവോസ് റെയിൽവേയുടെ ട്രെയിൻ നിയന്ത്രണത്തിനായി ലാവോസ് ഇത് ഉപയോഗിക്കുന്നു. തായ്‌ലൻഡും ഇൻഡൊനീഷ്യയും അടിസ്ഥാന സൗകര്യപദ്ധതികളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ടുണീഷ്യ, ഈജിപ്ത്, അൾജീരിയ, ലെബനൻ, മൊറോക്കോ, ഒമാൻ, യുഎഇ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും സർവേ, കാർഷിക ആവശ്യങ്ങൾ, ദുരന്തനിവാരണം, സുരക്ഷാ ആവശ്യങ്ങൾ എന്നിവയ്ക്കായി ബെയ്ദൂ ഉപയോഗപ്പെടുത്തുന്നുണ്ട്. സൗദി അറേബ്യയും ഗൾഫ് രാജ്യങ്ങളും എണ്ണ പര്യവേക്ഷണത്തിനും മറ്റുമായും ബെയ്ദൂ പരീക്ഷിച്ചിരുന്നു. നിലവിൽ ലോകമെമ്പാടുമുള്ള ഒട്ടേറെ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ബെയ്ദൂ സേവനം നൽകുന്നു. ഗതാഗതം, കൃഷി, നിർമാണ പ്രവർത്തനങ്ങൾ എന്നിവയിൽ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പങ്കാളികൾക്കിടയിൽ ഇതിന് വലിയ സ്വീകാര്യതയുമുണ്ട്. ഇനി ഇറാന്റെ കാര്യത്തിലേക്ക് വന്നാൽ അവർ ഇത് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ബെയ്ദൂ ഉപയോഗിക്കുന്ന കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലുമായുള്ള യുദ്ധത്തിന്റെ സമയത്ത് വരെ അവർ ഇത് ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നില്ല. അതിന് ശേഷം ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ സൈനിക പ്രവർത്തനങ്ങൾ ബെയ്ദൂവിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന കാര്യത്തിൽ നിരീക്ഷകർക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പ്രതിസന്ധിഘട്ടത്തിൽ ഇറാൻ ഒരു നാവിഗേഷൻ സംവിധാനം മാത്രമല്ല ഉപയോഗിക്കുന്നതെന്നും ലോകത്ത് നിലവിലുള്ള എല്ലാത്തരം സംവിധാനങ്ങളേയും ആശ്രയിക്കുന്നുണ്ടെന്നുമാണ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ, ആക്രമണത്തിലെ കൃത്യത ഇത്രയധികം മെച്ചപ്പെടുത്തിയതിന് പിന്നിൽ ചൈനയുടെ ബെയ്ദൂ സിസ്റ്റത്തിലേക്കുള്ള മാറ്റമാണെന്ന് ചൂണ്ടിക്കാണിക്കുന്ന നിരീക്ഷകരുമുണ്ട്. ബെയ്ദൂ സംബന്ധിച്ച് ഇറാനും ചൈനയും തമ്മിൽ നടന്ന ചില ചർച്ചകളും ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 2015-ൽ ഇറാൻ ബെയ്ദൂ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ ഇറാൻ സൈന്യം ഉപയോഗിച്ചിരുന്ന സംവിധാനങ്ങളെക്കാൾ കൃത്യമായ മാർഗനിർദേശം മിസൈലുകൾക്ക് നൽകുകയായിരുന്നു ലക്ഷ്യം. 2021 മാർച്ചിൽ ചൈന-ഇറാൻ സമഗ്ര പങ്കാളിത്ത കരാർ ഒപ്പുവച്ചതിനുശേഷം ഇതിന് വേഗം കൂടിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആ ഘട്ടത്തിൽ ചൈന ബെയ്ദൂവിന്റെ എൻക്രിപ്റ്റ് ചെയ്‌ത സൈനിക സിഗ്നലുകളിലേക്ക് ഇറാന് പ്രവേശനം നൽകിയതായി കരുതുന്നു. അന്നുമുതൽ, ഇറാനിയൻ സൈന്യം മിസൈലുകളുടെയും ഡ്രോണുകളുടെയും ഗതി നിയന്ത്രിക്കാനും സുരക്ഷിത ആശയവിനിമയത്തിനും ബെയ്ദൂ ഉപയോഗിക്കാൻ തുടങ്ങി എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മാത്രമല്ല, യുഎസിന്റെ ജിപിഎസ് സംവിധാനം ഘട്ടംഘട്ടമായി ഒഴിവാക്കാനും ആരംഭിച്ചു. 2024 ഏപ്രിലിൽ ഇസ്രയേലിനെതിരായ മിസൈൽ ആക്രമണങ്ങളിൽ ഇറാൻ ബെയ്ദൂ ഒരു പരിധിവരെ ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. പക്ഷേ, 2025 ജൂണിൽ മാത്രമാണ് ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇറാൻ ബെയ്ദൂ ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സമയത്ത് ജിപിഎസ് തടസ്സങ്ങൾ ഇറാനിൽ പതിവായിരുന്നത് ചൂണ്ടിക്കാട്ടിയാണ് നിരീക്ഷകർ ഇതിന് തെളിവ് നൽകുന്നത്. മിസൈലുകളുടെയും ഡ്രോണുകളുടെയും മാർഗ്ഗനിർദ്ദേശത്തെയും വിമാന യാത്രയേയും കപ്പൽ ഗതാഗതത്തേയും ജിപിഎസ് തടസ്സങ്ങൾ ഈ സമയത്ത് ബാധിച്ചിരുന്നു. കളി മാറ്റുമോ ബെയ്ദൂ ? ഇറാനെ സംബന്ധിച്ചിടത്തോളം ബെയ്ദൂവിന്റെ ഉപയോഗം എത്രത്തോളം പ്രധാനമാണ്. ബെയ്ദൂ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ തീരുമാനം ഒരു ഗെയിം ചേഞ്ചറാണെന്ന് വിദഗ്ധർ പറയുന്നു. നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ദീർഘദൂര ആയുധങ്ങളുടെ കൃത്യത മെച്ചപ്പെടുത്തുമെന്ന് സൈനിക സാങ്കേതികവിദ്യാരംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. ഇറാനിയൻ മിസൈലുകൾ പരമ്പരാഗതമായി ഇനർഷ്യൽ നാവിഗേഷൻ സംവിധാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ആക്‌സിലറോ മീറ്ററുകൾ, ഗൈറോസ്കോപ്പുകൾ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങൾ ചലനം ട്രാക്ക് ചെയ്യുക. എന്നാൽ, ദൂരം കൂടുമ്പോൾ ഇതിന് പിശക് സംഭവിക്കാൻ സാധ്യതയുണ്ട്. ഉപഗ്രഹ സിഗ്നലുകൾക്ക് ഇത്തരം പിഴവുകൾ പരിഹരിക്കാൻ സാധിക്കും. സാധാരണയായി, ഒരു മിസൈലിന് അതിന്റെ പാത നിലനിർത്താൻ ഇനർഷ്യൽ നാവിഗേഷൻ സംവിധാനം ഉപയോഗിക്കാം. അതേസമയം, ഉപഗ്രഹ സിഗ്നലുകൾ പാത പരിഷ്കരിക്കുകയും ടാർഗെറ്റിംഗ് കൃത്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരേസമയം ഒന്നിലധികം നാവിഗേഷൻ സംവിധാനം ഉപയോഗിക്കുന്നതും ഗുണകരമാണ്. തടസ്സങ്ങൾ ഒഴിവാക്കാം. ഒരു ഉപഗ്രഹ സിഗ്നൽ തടസ്സപ്പെട്ടാൽ മിസൈൽ വിക്ഷേപണത്തിനായി മറ്റൊന്നിനെ ആശ്രയിക്കാൻ സാധിക്കും. കൂടാതെ, ഒരേസമയം ഒട്ടേറെ നാവിഗേഷൻ സംവിധാനം ഉപയോഗിക്കുന്നതു വഴി കൂടുതൽ കൃത്യതമായ സ്ഥാനനിർണയവും സാധിക്കും. മാത്രമല്ല, ബെയ്ദൂവിലേക്കുള്ള ഇറാന്റെ മാറ്റം അവരുടെ ദീർഘകാല ആശങ്കകളുടെ ഭാഗം കൂടിയാണ്. ബെയ്ദൂവിന്റെ ഫലപ്രാപ്തി ഇറാന്റെ അയൽ രാജ്യങ്ങളെ ജിപിഎസിനെ ആശ്രയിക്കുന്നത് പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ജിപിഎസിന് ചെക്ക്! ഇറാനെ ആക്രമണങ്ങളിൽ സഹായിച്ചത് ബെയ്ദൂവോ; തന്ത്രങ്ങൾ മാറ്റുമോ ചൈനീസ് സംവിധാനം?
M
MathrubhumiSource Link
about 2 months ago