ജീവനിൽ പാതി നീയേ...

ജീവനിൽ പാതി നീയേ...

M
MathrubhumiSource Link
മനസ്സും ശരീരവും ഒന്നിച്ച ജീവിതയാത്ര To advertise here, പത്തനംതിട്ട: ആശുപത്രിക്കിടക്കയിൽ പാപ്പച്ചന്റെ കൈകളിൽ ചേർത്തുപിടിച്ചിരിക്കുമ്പോൾ ഭാര്യ ഷേർളിയുടെ മനസ്സ് 32 വർഷം പിറകിലേക്ക് നടന്നിട്ടുണ്ടാവണം. പാപ്പച്ചന്റെ കൈപിടിച്ച് വീട്ടിലേക്കും ഒരുമിച്ചുള്ളൊരു ജീവിതത്തിലേക്കും നടന്നുകയറിയത് അന്നാണ്. വേദനകൾ പടികടന്ന് എത്തിയപ്പോഴും അരികെ ആശ്വാസവാക്കുമായി ഷേർളിയുണ്ടായിരുന്നു. എന്റെ ജീവന്റെ പാതിയാണ് നീ എന്ന വാക്കുകൾ അന്വർഥമായത് 2012 സെപ്റ്റംബർ ഒൻപതിനാണ്. ഷേർളിയുടെ വൃക്ക പാപ്പച്ചനിൽ വെച്ചുപിടിപ്പിച്ച ദിനം. 14 വർഷങ്ങൾക്കിപ്പുറവും ജീവന്റെ പാതിയും ജീവിതവുമായി ഇരുവരും യാത്രതുടരുന്നു. ഒരു വൃക്കദിനംകൂടി ഒന്നിച്ച് പങ്കിട്ടു. പൊതുപ്രവർത്തകനായ ഊന്നുകൽ കോയിപ്രത്ത് വീട്ടിൽ കെ.എസ്. പാപ്പച്ചന്റെ വിവാഹം 1990-ലായിരുന്നു. പ്രണയമാണ് വിവാഹത്തിലേക്ക് വഴിതെളിച്ചത്. പത്തനംതിട്ട ജോലിചെയ്യുകയായിരുന്ന ഷേർളിയോട് പാപ്പച്ചൻ ഇഷ്ടം തുറന്നുപറഞ്ഞു. വീട്ടിൽവന്ന് ചോദിക്കാൻ മറുപടി. അങ്ങനെ വീട്ടുകാരുടെ സമ്മതവും വാങ്ങി വിവാഹത്തിലേക്ക് കടന്നു. 1996-ൽ പാപ്പച്ചന്റെ വയറിനുണ്ടായ വേദനയാണ് പിന്നീട് ഗുരുതര പ്രശ്നമായി വളർന്നത്. പല ആശുപത്രികളിലും ചികിത്സതേടി അലഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം വെല്ലൂർ സി.എം.സി.യിലെത്തി. അവിടത്തെ പരിശോധനയിലാണ് ഒരുവൃക്കയുടെ പ്രവർത്തനം പൂർണമായി നിലച്ചെന്ന് കണ്ടെത്തിയത്. രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഫൈബ്രോസിസ് എന്ന അവസ്ഥയായിരുന്നു. 16 വർഷം ചികിത്സ തുടർന്നു. ഒട്ടേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉടലെടുത്തു. കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സയിൽ ഒരു കാര്യം ഡോക്ടർമാർ പറഞ്ഞു. വൃക്ക മാറ്റിവെയ്‌ക്കലാണ് ഏകവഴി. അനുയോജ്യമായ വൃക്ക തേടി പാപ്പച്ചന് അധികം അലയേണ്ടിവന്നില്ല. തന്റെ വൃക്ക ഭർത്താവിന് നൽകാമെന്ന് ഷേർളിയാണ് തീരുമാനം എടുത്തത്. അതിൽതന്നെ ഉറച്ചുനിന്നു. ഇരുവരുടെയും രക്തഗ്രൂപ്പും ഒന്നായിരുന്നു. വൃക്ക മാറ്റിവെച്ചതിന്റേതായ ആരോഗ്യ പ്രശ്നനങ്ങളൊന്നും പാപ്പച്ചനില്ല. 2013-2015 വർഷത്തിൽ ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2015 മുതൽ 2020 വരെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. ഇപ്പോൾ ഡി.സി.സി. നിർവാഹകസമിതി അംഗമാണ്. മൂത്തമകൻ പാട്രിക് 2014 ഓഗസ്റ്റിലുണ്ടായ കാറപകടത്തിൽ മരിച്ചു. പിയാട്രി, ശ്രേയസ് എന്നിവരാണ് മറ്റ് മക്കൾ. ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാമെന്ന തീരുമാനമെടുത്താണ് ഒരുമിച്ചൊരു ജീവിതത്തിലേക്ക് കടന്നതെന്നും അത് ഇപ്പോഴും തുടരുന്നെന്നും പാപ്പച്ചനും ഷേർളിയും പറയുന്നു. Published: 15 Mar 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജീവനിൽ പാതി നീയേ... — Mathrubhumi | Boolokam | Boolokam