ജീവിക്കാൻ ഡെലിവറി ബോയ്, പലരുടെയും അസിസ്റ്റന്റാവാൻ ശ്രമിച്ച് നടന്നില്ല-ജിത്തു സതീശൻ

ജീവിക്കാൻ ഡെലിവറി ബോയ്, പലരുടെയും അസിസ്റ്റന്റാവാൻ ശ്രമിച്ച് നടന്നില്ല-ജിത്തു സതീശൻ

സ ർപ്രൈസ് ഹിറ്റായിരുന്നു കാലക്കുരുക്ക് (ടൈം ലൂപ്പ്) ഇതിവൃത്തമായ 'സംഭവം അധ്യായം ഒന്ന്'. ഒടിടിയിൽ വന്നതോടെ രാജ്യമാകെ ചർച്ച ചെയ്യപ്പെടുന്ന ഈ ചെറിയ ചിത്രത്തിന്റെ സംവിധായകൻ ജിത്തു സതീശൻ മംഗലാട്ട് സംസാരിക്കുന്നു. To advertise here, എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്? രണ്ടുവർഷം മുമ്പ് 'സംഭവം' എന്ന പേരിൽ തന്നെ ചെയ്ത ഹ്രസ്വചിത്രം വലിയ വിജയമായിരുന്നു. ഇതിനകം രണ്ടു മില്യണിലധികം പേർ യുറ്റ്യൂബിൽ കണ്ടുകഴിഞ്ഞു. അതുകണ്ട് താല്പര്യം തോന്നിയ ആളാണ് ഫീച്ചർ ഫിലിം നിർമിക്കാൻ മുന്നോട്ടുവന്നത്. പല ആശയങ്ങളും ചർച്ച ചെയ്ത് ഒഴിവാക്കിയ ശേഷമാണ് സംഭവത്തെ സിനിമയാക്കാൻ തീരുമാനിച്ചത്. ടൈം ലൂപ്പ് ഇതിവൃത്തമാക്കിയത് തുടക്കം തൊട്ട് എനിക്ക് ടൈം ട്രാവൽ സിനിമകൾ വളരെ ഇഷ്ടമായിരുന്നു. ഈ ഇതിവൃത്തമുള്ള ഒരുപാട് ഹോളിവുഡ് സിനിമകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ട്രയാംഗിൾ, ലൂപ്പർ, ഗ്രൗണ്ട്‌ഹോഗ് ഡേ, ഹാപ്പി ഡെത്ത് ഡേ, ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷൻ പോലുള്ള പടങ്ങൾ. മാനാട്, മാർക്ക് ആന്റണി തുടങ്ങിയ തമിഴ് സിനിമകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിലാണെങ്കിൽ ചുരുളി. സിനിമയിലെ കാക്കത്തലയുള്ള കൂറ്റൻപ്രതിമയെ ചുറ്റിപ്പറ്റിയാണ് സംഭവങ്ങൾ. അതിനുള്ള ആശയം എവിടെ നിന്നാണ് കിട്ടിയത്? ഓൺലൈനിൽ നമ്മുടെ പുരാണങ്ങളിലും ഗോത്രകഥകളിലുമൊക്കെ കഥയുമായി ബന്ധപ്പെടുത്താവുന്ന ഒരു മിത്തിനെ തിരയുമ്പോഴാണ് കാകഭുഷുണ്ഡിയെക്കുറിച്ചറിഞ്ഞത്. കാക്കയുടെ രൂപത്തിൽ വന്ന് ഗരുഡനോട് രാമായണകഥ പറയുന്ന അതുല്യരാമഭക്തനാണ് ചിരഞ്ജീവിയായ കാകഭുഷുണ്ഡി. ഈ പ്രതിമ സിനിമയിൽ കാണുന്നത്രയും വലിപ്പമുള്ളതാണോ? അതെ, അത്രയും വലുതാണ്. ചെന്നൈയിൽ നിർമിച്ചശേഷം വലിയ ലോറിയിൽ കൊണ്ടുവന്ന് സെറ്റ് ചെയ്യുകയായിരുന്നു. സിനിമ ദൃശ്യാനുഭവമാക്കുന്നതിലും നിഗൂഢത നിലനിർത്തുന്നതിലും വനത്തിന്റെ പശ്ചാത്തലം വലിയ പങ്കുവഹിക്കുന്നുണ്ട്. പാലക്കാട് ധോണിയിലായിരുന്നു ഭൂരിഭാഗവും. പിന്നെ തിരുവനന്തപുരത്തെ പാലോട്ടും എന്റെ നാടായ വൈക്കത്തും. 32 ദിവസം കൊണ്ട് ഷൂട്ടിംഗ് തീർന്നു. വനത്തിനുള്ളിലെ മഴ ശരിക്കുള്ളതാണോ? ശരിക്കുള്ള മഴയും കൃത്രിമമഴയും ഉപയോഗിച്ചിട്ടുണ്ട്. നമ്മൾ ഷൂട്ട് ചെയ്യാൻ പോയ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മൂന്നുമണി കഴിഞ്ഞാൽ മഴയായിരുന്നു. അതുമായി പൊരുത്തപ്പെട്ടാണ് ഷൂട്ട് ചെയ്തത്. പല ജോണറുകൾ മിക്‌സ് ചെയ്ത സിനിമയാണല്ലോ. മിസ്റ്ററിയും ഫാന്റസിയും ത്രില്ലറും മാത്രമല്ല, അത്യാവശ്യത്തിന് ഡ്രാമയുമുണ്ട്. തിരക്കഥ പൂർത്തിയാക്കാൻ എത്ര സമയമെടുത്തു? ഒരുപാട് സമയം കിട്ടിയില്ല. ദീർഘകാലമായി മനസ്സിൽ കിടക്കുന്ന പ്രമേയമായതുകൊണ്ട് എഴുതിയുണ്ടാക്കാൻ അത്രയധികം ബുദ്ധിമുട്ടിയില്ല. ചിത്രത്തിന്റെ പ്രൊഡ്യൂസറായ ഫഹദ് സിദ്ദിഖിന്റെ സമയം കൂടി അനുസരിച്ച് വേഗം എഴുതിത്തീർക്കുകയായിരുന്നു. സിനിമയിൽ സ്റ്റീഫൻ എന്ന പോലീസുകാരന്റെ വേഷം ചെയ്യുന്നത് അദ്ദേഹമാണ്. എങ്ങനെയാണ് അസ്‌കർ അലിയിലേക്ക് എത്തിയത്? ഈ വേഷത്തിന് പറ്റുന്ന ആൾ വേണമായിരുന്നു. വളരെ സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് നായകൻ. മാത്രമല്ല, ഒരു ചെറിയ സിനിമ എന്ന നിലയ്ക്ക് പൂർണമായും സഹകരിച്ചു പോകുന്ന ആർട്ടിസ്റ്റുകളെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ആദ്യസിനിമയാണല്ലോ. ഏതെങ്കിലും സംവിധായകന്റെ അസിസ്റ്റന്റ് ആയിട്ടുണ്ടോ? പല പ്രമുഖരുടെയും അസിസ്റ്റന്റാകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോൾ എനിക്കു മനസ്സിലാവുന്നുണ്ട്, ഓരോ സംവിധായകരും അവരവരുടെ കംഫർട്ട് ലെവലാണ് നോക്കുന്നത്. ഞാനും അങ്ങനെ തന്നെ. എനിക്ക് സിനിമയിലേക്കുള്ള ഏകമാർഗമായിരുന്നു ഹ്രസ്വചിത്രം. ഗിരീഷ് എഡി, അൽഫോൺസ് പുത്രൻ, ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബരാജ് തുടങ്ങിയ നിരവധി പുതിയ സംവിധായകർ വന്നതും ആ വഴിക്കാണല്ലോ. സിനിമയിലേക്കെത്താൻ ഒരുപാട് ബുദ്ധിമുട്ടിയോ? തുടക്കം മുതൽ സിനിമയായിരുന്നു ലക്ഷ്യം. ആരെയും അസിസ്റ്റ് ചെയ്തില്ലെങ്കിലും സിനിമയ്ക്കു തന്നെ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബികോം പഠിച്ചശേഷം എച്ച്ഡിഎഫ്‌സി ബാങ്കിൽ ഫിനാൻസ് രംഗത്ത് അഞ്ചാറു വർഷം ജോലി ചെയ്തിരുന്നു. ആ സമയത്ത് ഷോർട്ട് ഫിലിം ട്രൈ ചെയ്യുമായിരുന്നു, അസിസ്റ്റന്റ് ഡയറക്ടറാകാൻ വേണ്ടി ശ്രമിക്കുമായിരുന്നു. 2021ൽ ജോലി രാജിവെച്ച് രംഗത്തിറങ്ങി. സാമ്പത്തികമായ കഷ്ടപ്പാട്, തിരസ്‌കാരം വരുമ്പോഴത്തെ മാനസിക ബുദ്ധിമുട്ട്... അതെല്ലാമുണ്ടായിരുന്നു. അഞ്ചു വർഷം വളരെ വിഷമിച്ചു, അല്ലേ? ഉറപ്പായിട്ടും. വരുമാനം ഒരു പ്രശ്‌നമാണല്ലോ. ആ സമയത്ത് സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആയി പ്രവർത്തിച്ചു. കൂടാതെ പോസ്റ്റർ ഡിസൈനിങ്, ചെറിയ വീഡിയോ എഡിറ്റിംഗ് പോലുള്ള പരിപാടികളൊക്കെ ചെയ്താണ് തട്ടിമുട്ടി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. ഭാര്യ അമൃതയ്ക്ക് ജോലിയുണ്ടെങ്കിലും വലിയ ശമ്പളമൊന്നുമില്ല. എൽകെജിയിൽ പഠിക്കുന്ന മകൾ ഭദ്രയുടെ സ്‌കൂൾ ഫീസും മറ്റും പുള്ളിക്കാരിയാണ് നോക്കിക്കൊണ്ടിരുന്നത്. നമ്മുടെ കാര്യങ്ങളെങ്കിലും നമുക്ക് നോക്കണമല്ലോ. സ്വിഗ്ഗി പരിപാടിയൊക്കെ വെച്ചാണ് അതൊക്കെ കവർ ചെയ്തിരുന്നത്. ഷോർട്ട് ഫിലിം സിനിമയാക്കിയപ്പോൾ ഷോർട്ട് ഫിലിമിനേക്കാൾ ഒരു പടിയെങ്കിലും മുകളിൽ നിൽക്കുന്ന രീതിയിൽ പടം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് എന്റെ ടീം പൂർണ പിന്തുണ തന്നു. സിനിമയ്ക്ക് എല്ലാവരുടെയും സംഭാവനകളുണ്ട്. സംഗീതസംവിധായകൻ ഗോഡ്‌വിൻ തോമസ്, എഡിറ്റർ അർജുൻ പ്രകാശ് എന്നിവർ ഹ്രസ്വചിത്രത്തിലും ഇതേ ജോലികൾ നിർവഹിച്ചിരുന്നു. പീറ്റർ, മുത്തുവേൽ, ഒന്നുരണ്ടു പോലീസുകാർ തുടങ്ങിയവർ ഷോർട്ട് ഫിലിമിലും ഉണ്ടായിരുന്നു. ഈ സിനിമയുടെ ശക്തികളിലൊന്ന് വിഷ്ണു വിജയിന്റെ സൗണ്ട് ഡിസൈൻ ആയിരുന്നു. അത് താങ്കൾ മുൻകൂട്ടി നിശ്ചയിച്ചതാണോ, അതോ സൗണ്ട് ഡിസൈനറുമായി ഒരുമിച്ചിരുന്ന് തീരുമാനിച്ചതോ? സമാനമായ ഒന്ന് ഞാൻ ഹ്രസ്വചിത്രത്തിലും ശ്രമിച്ചിരുന്നു. എങ്കിലും സിനിമ പ്രേക്ഷകനു നൽകുന്ന ഗംഭീരമായ അനുഭവത്തിൽ വലിയൊരു പങ്ക് വിഷ്ണുവിനുള്ളതാണ്. ഇത്രയും നല്ല പ്രേക്ഷകപ്രതികരണം പ്രതീക്ഷിച്ചിരുന്നോ? സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാവുമെന്ന് ഉറപ്പായിരുന്നു. ആദ്യദിവസം വൈകുന്നേരമായപ്പോൾ നമ്മൾ ഉദ്ദേശിച്ച ഓഡിയൻസിൽ നിന്നുള്ള പ്രതികരണവും പ്രശംസകളും എത്തി. സിനിമ തീയേറ്റർ കളക്ഷൻ കൊണ്ടുതന്നെ ഹിറ്റായി. ഇൻഡസ്ട്രിയിൽ നിന്ന് ഒരുപാട് പേര് വിളിച്ചിരുന്നു. ആർട്ടിസ്റ്റുകളെക്കാൾ കൂടുതൽ ടെക്‌നീഷ്യൻസ്, ഡയറക്ടേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ്. വിളിക്കുന്നവർക്കെല്ലാം സിനിമ വർക്ക് ഔട്ട് ആയി. സിനിമ അവസാനിപ്പിച്ചിരിക്കുന്ന രീതിയിൽ വ്യക്തമാണ്, സംഭവത്തിന് രണ്ടാം അധ്യായം ഉണ്ടാവുമെന്ന്. ഈ വർഷം കാണുമോ? ഈ വർഷം സാധ്യതയില്ല. സിനിമ എഴുതുന്നേയുള്ളൂ. മറ്റു സിനിമകൾ ഒന്നുരണ്ട് പ്രോജക്ടുകൾ വർക്ക് ഔട്ട് ചെയ്യുകയാണ്. മറ്റൊന്നും പറയാൻ പറ്റില്ല. ചിലപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ആശയം വർക്ക് ഔട്ട് ആവുമെന്ന് തോന്നുന്നില്ലെങ്കിൽ വേറൊരു സബ്ജക്റ്റിലേക്ക് മാറും. സമാന്തരമായി രണ്ടുമൂന്ന് സബ്ജക്റ്റുകൾ വർക്ക് ചെയ്യുന്നുണ്ട്. എല്ലാം ഫാന്റസി, മിസ്റ്ററി ജോണറിൽ ഉള്ളവയാണ്. ആ ലൂപ്പിൽ പെട്ടിരിക്കുകയാണ്, അല്ലേ? ഉറപ്പായിട്ടും. അടുത്ത ഒന്ന് രണ്ട് സിനിമകൾ എന്തായാലും ഈ റൂട്ടിൽ തന്നെ പോകണം എന്നുള്ള ആഗ്രഹത്തിലാണ്. പ്രിയപ്പെട്ട സംവിധായകർ? ഒരുപാടുപേരുണ്ട്. ഞാൻ പ്രിയൻ സാറിന്റെ ഭയങ്കര ആരാധകനാണ്. ഒന്നിലധികം കഥാതന്തുക്കളെ വിദഗ്ധമായി ഒരുമിപ്പിക്കുന്നതിലെ കഴിവുകൊണ്ടാണോ? ഉറപ്പായും. പിന്നെ ലിജോ ജോസ് പല്ലിശ്ശേരിയെ ഭയങ്കര ഇഷ്ടമാണ്, ദിലീഷ് പോത്തനെയും അൽഫോൺസ് പുത്രനെയും ഗിരീഷ് എഡിയെയും ഇഷ്ടമാണ്. പിന്നെ പത്മരാജൻ സാറിന്റെ, ഭരതൻ സാറിന്റെ സിനിമകൾ ഇഷ്ടമാണ്. ഇഷ്ടപ്പെട്ട സംവിധായകരുടെ പട്ടിക വളരെ വലുതാണ്. വിദേശസംവിധായകരിൽ എനിക്ക് 'ഇൻവിസിബിൾ ഗസ്റ്റ്' ഒക്കെ ചെയ്ത ഓറിയോൽ പൗലോ എന്ന സ്പാനിഷ് സംവിധായകന്റെ സിനിമകൾ ഭയങ്കര ഇഷ്ടമാണ്. അതുപോലെ 'ഗെറ്റ് ഔട്ട്', 'അസ്' തുടങ്ങിയവ ചെയ്ത ജോർഡൻ പീലെയുടെ സിനിമകൾ. ദേശീയതലത്തിൽ ആദ്യസിനിമ ശ്രദ്ധിക്കപ്പെട്ട സ്ഥിതിക്ക് പാൻ ഇന്ത്യൻ പടമാണോ അടുത്ത ലക്ഷ്യം? അല്ല. അടുത്ത ഒന്ന് രണ്ട് പടങ്ങൾ മലയാളത്തിൽ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജീവിക്കാൻ ഡെലിവറി ബോയ്, പലരുടെയും അസിസ്റ്റന്റാവാൻ ശ്രമിച്ച്… | Boolokam