കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി ഒട്ടകത്തലമേടും അമരാവതിയും To advertise here, കുമളി : പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളായ ഒട്ടകത്തലമേട്, അമരാവതി, അട്ടപ്പള്ളം ശാന്തിഗിരി പ്രദേശങ്ങളിൽ കുരങ്ങ് ശല്യം ജനജീവിതം ദുരിതമാകുന്നു. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതോടെ പല കർഷകരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞദിവസം ഒട്ടകത്തലമേട്ടിലെ കർഷകന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കുരങ്ങുകൾ വിളവെടുപ്പിന് പാകമായ ഏലവും വാഴയും വ്യാപകമായി നശിപ്പിച്ചു. കർഷകൻ തടയാൻ ശ്രമിച്ചെങ്കിലും കുരങ്ങുകൾ ആക്രമണോത്സുകരായി പാഞ്ഞടുത്തതോടെ ഇദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. കടം വാങ്ങി പാട്ടത്തിനെടുത്തും ഇറക്കിയ കൃഷിയാണ് നശിക്കുന്നത്. കുരങ്ങുകളെ പേടിച്ച് പകൽസമയത്ത് പോലും കൃഷിയിടത്തിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. മുൻപ് വനമേഖലയിൽ മാത്രം കണ്ടിരുന്ന കരിങ്കുരങ്ങുകളും വെള്ളക്കുരങ്ങുകളും ഇപ്പോൾ കൂട്ടമായിട്ടാണ് ജനവാസ മേഖലകളിലും വീടുകളിലും എത്തുന്നത്. വീടുകളുടെ ഉള്ളിൽ കടന്ന് ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതിനൊപ്പം വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നതും നിത്യസംഭവമായി. വന്യജീവി ശല്യം തടയുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. നഷ്ടപരിഹാരത്തിനായി എയിംസ് പോർട്ടൽ വഴി അപേക്ഷകൾ നൽകുന്നുണ്ടെങ്കിലും തുക ലഭിക്കാൻ വലിയ കാലതാമസമെടുക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് കുരങ്ങുകളെ കൂടുവെച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്നും, കർഷകർക്ക് അർഹമായ ധനസഹായം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
