Last Updated: 07 April 2026, 11:16 PM IST കേരളത്തിലെ തിരഞ്ഞെടുപ്പുപ്രചാരണരംഗത്ത് മുൻകാലത്തൊന്നുമില്ലാത്തവിധം, വർഗീയപരാമർശങ്ങൾ ഉയർന്നുകേട്ട സന്ദർഭമാണിത് ‘രോഗത്തിന്റെ വേരുകൾ മനസ്സിലാണ്’ എന്നുപറഞ്ഞത് ‘അഷ്ടാംഗഹൃദയ’ത്തിന്റെ കർത്താവാണ്. നൂറ്റാണ്ടുകൾക്കുമുൻപാണ് അത്. നമ്മുടെ കാലത്തെ ജീർണതകളുടെ വേരു കുടികൊള്ളുന്നതും മനസ്സുകളിലാണെന്നു പറയാനാകുമായിരിക്കും. രാഷ്ട്രീയത്തിലെ ഉത്തരവാദപ്പെട്ട പദവികളിലുംമറ്റും പ്രവർത്തിക്കുന്നവരുടെ മനസ്സിൽത്തന്നെയാണ് ആ മേഖലയെ ഗ്രസിച്ചിട്ടുള്ള ജീർണതയുടെ വേരുകൾ ആഴ്ന്നുനിൽക്കുന്നത്. ഈ നിയമസഭാതിരഞ്ഞെടുപ്പുപ്രചാരണക്കാലത്ത് നേതാക്കളുടെഭാഗത്തുനിന്നുണ്ടായ ചില ഉദീരണങ്ങൾ ഇപ്പറഞ്ഞ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നവിധത്തിലാണ്. കേരളത്തിലെ തിരഞ്ഞെടുപ്പുപ്രചാരണരംഗത്ത് മുൻകാലത്തൊന്നുമുണ്ടായിട്ടില്ലാത്തവിധം, വർഗീയപരാമർശങ്ങൾ ഉയർന്നുകേട്ട സന്ദർഭമാണിത്. തിരഞ്ഞെടുപ്പുപ്രചാരണത്തെ വർഗീയവത്കരിക്കുന്ന പ്രവണത കഴിഞ്ഞ കുറെ വർഷങ്ങളായി ദേശീയതലത്തിൽ കണ്ടുവരുന്നുണ്ട്. പ്രധാനമന്ത്രിതന്നെ അത്തരം പ്രസ്താവനകൾ നടത്തുന്നത് രാജ്യത്തെ പതിവു തിരഞ്ഞെടുപ്പുവൃത്താന്തമാണ്. ബി.ജെ.പി.യുടെ ദേശീയനേതാക്കളും മുഖ്യമന്ത്രിമാരുമടക്കം ആ രീതി പിൻപറ്റുന്നതും നാം കണ്ടുവരുന്നു. ആസൂത്രിതമായ ഈ പ്രചാരണരീതി കേരളത്തിൽ ഇത്തവണ ആദ്യമായി നമുക്ക് കാണേണ്ടിവന്നു. ബി.ജെ.പി.യിലെമാത്രമല്ല, ഇതരചേരികളിലെ ചില നേതാക്കളും വർഗീയ-ജാതീയ സ്വഭാവമുള്ള പരാമർശങ്ങൾ നടത്തി തിരഞ്ഞെടുപ്പുപ്രചാരണം മലീമസമാക്കുന്നതു കാണാനായി. ഗുരുവായൂരിൽനിന്ന് ഇതുവരെ ഹിന്ദു എം.എൽ.എ. ഉണ്ടായിട്ടില്ലെന്ന, അവിടത്തെ ബി.ജെ.പി. സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ പരാമർശമാണ് ആദ്യമുണ്ടായത്. ക്ഷേത്രനഗരിയായിട്ടും ഹിന്ദുസാമാജികൻ ഇതുവരെയുണ്ടായില്ലെന്നു ദുസ്സൂചനയോടെ പറയുമ്പോൾ, ഗുരുവായൂരിന്റെയും കേരളത്തിന്റെയും സമന്വിതസംസ്കാരത്തെയാണ് സ്ഥാനാർഥി അപമാനിച്ചത്. കഴിഞ്ഞദിവസം തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ, ടിപ്പുസുൽത്താന്റെ പേരിലെന്തിനാണ് റോഡ് എന്ന, വർഗീയച്ചുവയുള്ള പരാമർശംനടത്തിയതും ഇതേ നേതാവാണ്. എൽ.ഡി.എഫോ യു.ഡി.എഫോ അധികാരത്തിൽവന്നാൽ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടാകുമെന്ന, കാട്ടാക്കടയിലെ ബി.ജെ.പി. സ്ഥാനാർഥി പി.കെ. കൃഷ്ണദാസിന്റെ പ്രസ്താവനയിലും ഛിദ്രലാക്കടങ്ങിയിട്ടുണ്ട്. “രണ്ടു മുന്നണികളെയും നിയന്ത്രിക്കുക ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐ.യുംപോലുള്ള പാക് അനുകൂല, ദേശവിരുദ്ധ സംഘടനകളായിരിക്കും. അധികാരം കിട്ടുന്നതോടെ ഇവർ ഹിന്ദു, ക്രിസ്ത്യൻ വീടുകളിലെ പെൺകുട്ടികളെ പ്രണയംനടിച്ച് രാജ്യദ്രോഹപ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യും” -ഇതായിരുന്നു പി.കെ. കൃഷ്ണദാസിന്റെ വഴിവിട്ട വാക്കുകൾ. ബി.ജെ.പി. അല്ലാതെ മറ്റാരെങ്കിലും ജയിച്ചാൽ പാകിസ്താനിൽ പടക്കംപൊട്ടുമെന്നാണ് ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ പാലക്കാട്ട് തിരഞ്ഞെടുപ്പുപ്രചാരണപരിപാടിയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിച്ചാൽ മുസ്‌ലിംലീഗ് സമ്മർദശക്തിയാകുമെന്ന സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ കഴിഞ്ഞദിവസത്തെ പരാമർശവും വോട്ടർമാരെ വർഗീയമായി ധ്രുവീകരിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാകുമോ എന്ന നോട്ടത്തിന്റെഭാഗമാണ്. തിരൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയായ മന്ത്രി വി. അബ്ദുറഹിമാൻ, താൻ നിലവിൽ പ്രതിനിധാനംചെയ്യുന്ന താനൂർ മണ്ഡലത്തെ 'പാകിസ്താൻ' എന്നു വിശേഷിപ്പിച്ചതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. സി.പി.എം. മുൻനേതാവും അമ്പലപ്പുഴയിൽ യു.ഡി.എഫ്. പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാർഥിയുമായ ജി. സുധാകരൻ നടത്തിയത് ജാതീയ അധിക്ഷേപമാണ്. “അമ്പലപ്പുഴയിൽ നായന്മാരുടെ വീട്ടിൽമാത്രമാണ് കയറിയിറങ്ങുന്നത്. നായരാണെന്നു മനസ്സിലാകാൻ മുല്ലപ്പൂവും തുളസിയും ചൂടിയാണു കയറുന്നത്” എന്നാണ് അദ്ദേഹം സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗമായ വനിതാനേതാവിനെക്കുറിച്ചു പറഞ്ഞത്. ജി. സുധാകരനെപ്പോലൊരു മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻപാടില്ലാത്തതരം നിന്ദ്യപദങ്ങളാണ് അവ. ‘വെളിച്ചത്തിനെന്തൊരു വെളിച്ചം’ എന്നുപറയാമെങ്കിൽ ‘ഇരുട്ടിനെന്തൊരു ഇരുട്ട്’ എന്നും പറയാവുന്നതേയുള്ളൂ. നമ്മുടെ സമൂഹത്തിലും രാഷ്ട്രീയവ്യവഹാരത്തിലും അന്ധകാരം പരക്കുകയാണോ എന്നു ഭയംതോന്നുന്നു. കേരളത്തിന് ഇതൊന്നും മുൻപരിചയമില്ലാത്തതാണ്. മതാത്മകതയും ജാതീയതയും ഈ കൊച്ചുസംസ്ഥാനത്തെ വീണ്ടും കാർന്നുതിന്നാൻ തുടങ്ങുകയാണോ? ‘സത്യാനന്തരകാലം’ എന്നുപറയുംപോലെ കേരളമൊരു നവോത്ഥാനാനന്തരദശയിലാണോ? ഉദാരതയുടെ മൂല്യങ്ങൾ നമുക്ക് കൈമോശംവരുകയാണോ? നമ്മുടെ സാമൂഹിക-രാഷ്ട്രീയ ജീവിതങ്ങളെ ഏതുവിധേനയും മത-ജാതി വെറികളിൽനിന്നു മുക്തമാക്കിയേപറ്റൂ. To advertise here, Published: 07 Apr 2026, 11:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
