ഇടുക്കി ജില്ലയിൽ ആകെ അഞ്ച് മണ്ഡലങ്ങളാണുള്ളത്. മധ്യകേരളത്തിൽ ഇരു മുന്നണികളും ഏറെ പ്രതീക്ഷ വെയ്ക്കുന്നവയാണ് ഈ മണ്ഡലങ്ങളെല്ലാം. അതിന്റെ ചരിത്രവും രാഷ്ട്രീയവും അറിയാം.... To advertise here, തൊടുപുഴ പി.ജെ. ജോസഫെന്ന കേരള കോൺഗ്രസ് നേതാവിന്റെ തട്ടകമാണ് തൊടുപുഴ. 1957-ലാണ് തൊടുപുഴ മണ്ഡലം രൂപികൃതമായത്. കോൺഗ്രസിൽ നിന്നുള്ള സി.എ. മാത്യു ആയിരുന്നു 1957-ലും 60-ലും പഴയ തൊടുപുഴ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. 1967-ൽ സ്വതന്ത്രനായി മത്സരിച്ച കെ.സി. സക്കറിയ വിജയിയായി. 1970 മുതൽ പിന്നീടിങ്ങോട്ട് പി.ജെ. ജോസഫിന്റെ തേരോട്ടമായിരുന്നു തൊടുപുഴയിൽ. ഇതിനിടെ 1991-ലും 2001-ലും പി.ടി തോമസ് വിജയിച്ചതൊഴിച്ചാൽ ഏത് മുന്നണിയിൽ നിന്നാലും പി.ജെ.യെ ജനം തിരഞ്ഞെടുക്കുമെന്നതായി തൊടുപുഴയുടെ ചരിത്രം. ഈ തിരഞ്ഞെടുപ്പെത്തുമ്പോഴും യു.ഡി.എഫ്. സ്ഥാനാർഥിയായി പി.ജെ. ജോസഫിന് തന്നെയാണ് പ്രഥമപരിഗണന. മകൻ അപു ജോൺ ജോസഫിന്റെ പേരും സജീവ പരിഗണനയിലുണ്ട്. കേരള കോൺഗ്രസ് എം ആണ് എൽ.ഡി.എഫിന് വേണ്ടി മത്സരിക്കുക. ഇടുക്കി 1977 ലാണ് മണ്ഡലം നിലവിൽ വന്നത്. കോൺഗ്രസ്, കേരള കോൺഗ്രസ് എം., കേരള കോൺഗ്രസ്, സിപി.എം, സി.പി.ഐ. എന്നീ രാഷ്ട്രീയ കക്ഷികൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ രണ്ടര പതിറ്റാണ്ടായി റോഷി അഗസ്റ്റിനാണ് വിജയി. 1977-ൽ കട്ടപ്പന നഗരത്തിന്റെ ശിൽപ്പിയായ കേരള കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യനാണ് ആദ്യമായി മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തുന്നത്. 1980-ൽ കോൺഗ്രസ് പ്രതിനിധിയായ ജോസ് കുറ്റിയാനി വിജയിച്ചു. 1982-ലും ജോസ് കുറ്റിയാനി വിജയം ആവർത്തിച്ചു. 1987-ൽ കോൺഗ്രസ് സ്ഥാനാർഥിയായി റോസമ്മ ചാക്കോ വിജയിച്ചു. 1991 -ൽ കേരള കോൺഗ്രസിൽ നിന്നും മാത്യു സ്റ്റീഫൻ വിജയിയായി. 1996-ൽ ജനതാദൾ സ്ഥാനാർഥിയായ പി.പി. സുലൈമാൻ റാവുത്തർ ഇടുക്കി മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. 2001 മുതൽ കേരള കോൺഗ്രസ് എം. പ്രതിനിധിയായ റോഷി അഗസ്റ്റിൻ മണ്ഡലത്തിൽനിന്നും വിജയിച്ചു. ഇത്തവണ കോൺഗ്രസ് മണ്ഡലം ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണം എന്ന വികാരം അണികൾക്കിടയിൽ ശക്തമാണ്. ദേവികുളം ഐക്യകേരളത്തിന്റെ നിയമസഭ ചരിത്രം തുടങ്ങുന്നത് ദേവികുളത്ത് നിന്നാണെന്ന് ആലങ്കാരികമായി പറയാം. 1957-ലെ ഒന്നാം നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്തത് ദേവികുളത്തു നിന്നുള്ള എം.എൽ.എ. റോസമ്മ പുന്നൂസായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന അവർ ആദ്യത്തെ പ്രോടൈം സ്പീക്കറുമായി. ഐക്യ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കേസും അയോഗ്യതയും ഉണ്ടായതും ദേവികുളത്ത് തന്നെ. ചരിത്രത്തിൽ അത്രയും പ്രാധാന്യമുള്ള മണ്ഡലം. തൊഴിലാളി രാഷ്ട്രീയം അത്രയും ശക്തമായ ഇടം. തോട്ടം, കാർഷിക മേഖലകൾ ഇടകലർന്ന് കിടക്കുന്ന മണ്ണ്. പട്ടികജാതി സംവരണ മണ്ഡലം കൂടിയാണ്. ജാതി വോട്ടുകൾ വിജയത്തെ സ്വാധീനിക്കും. അതിനാൽത്തന്നെ മുന്നണികൾ ജാതിസമവാക്യങ്ങൾ പരിഗണിച്ചാണ് ഇവിടെ സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി പുൽകിയ ചരിത്രമണ് ദേവികുളത്തിനുള്ളത്. എന്നാൽ, 20 വർഷമായി സി.പി.എം. ഇവിടെ തുടർച്ചയായി ജയിക്കുന്നുണ്ട്. അതാണ് അവരുടെ ആത്മവിശ്വാസവും. എന്നാൽ, ഇത്തവണ സി.പി.എമ്മിന് മത്സരം അത്ര എളുപ്പമാകില്ല. 2006 മുതൽ 2021 വരെ മണ്ഡലത്തിലെ എം.എൽ.എ.യായിരുന്ന മുൻ സി.പി.എം. നേതാവ് എസ്. രാജേന്ദ്രൻ ഇപ്പോൾ ബി.ജെ.പി.യിലാണ്. അദ്ദേഹം എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ചാൽ സി.പി.എമ്മിന്റെ വോട്ടുകൾ വിഘടിച്ചുപോകാൻ സാധ്യതയുണ്ട്. എസ്. രാജേന്ദ്രൻ ഫാക്ടറിൽ തങ്ങൾക്കും വോട്ട് നഷ്ടപ്പെടുമോ എന്ന് കോൺഗ്രസിനും ആശങ്കയുണ്ട്. ആദ്യഘട്ടങ്ങളിൽ മത്സരരംഗത്തേക്ക് ഇല്ലെന്ന് പറഞ്ഞിരുന്ന എസ്. രാജേന്ദ്രൻ, പാർട്ടി പറഞ്ഞാൽ ആലോചിക്കാമെന്ന് നിലപാട് മാറ്റിയിരുന്നു. അദ്ദേഹം സ്ഥാനാർഥിയാകാനാണ് സാധ്യത. കോൺഗ്രസിൽ ഒട്ടേറെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്. മുൻ അടിമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എഫ്. രാജയുടെ പേരാണ് കൂടുതൽ ശക്തമായി കേൾക്കുന്നത്. ബാലസുബ്രഹ്മണ്യം, രാജാറാം, എസ്. കുമാർ, കൃഷ്ണമൂർത്തി തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു. മുൻ എം.എൽ.എ. എ.കെ.മണി സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് ശക്തമായി രംഗത്തുണ്ട്. മകൻ മാക് മണിയെ സ്ഥാനാർഥിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും വിവരമുണ്ട്. എന്തായാലും ദേവികുളത്തെ കോൺഗ്രസ് ആത്മവിശ്വാസത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ചവിജയമാണ് അതിനുപിന്നിൽ. എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റിടങ്ങളിൽ ഉണ്ടായ അത്ര തിരിച്ചടി എൽ.ഡി.എഫിന് ദേവികുളത്ത് ഉണ്ടായിട്ടില്ല. ആറ് പഞ്ചായത്തുകളിൽ വീതം ഇരുമുന്നണികളും അധികാരത്തിലെത്തി. അതിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. പീരുമേട് 1965-ലാണ് മണ്ഡലം രൂപവത്കരിച്ചത്. 2006 മുതൽ നാലുതവണ തുടർച്ചയായി ഇടതുമുന്നണി പ്രതിനിധീകരിക്കുന്ന മണ്ഡലം എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന പട്ടികയിൽ ഉൾപ്പെടുത്താനാകില്ല. ഇടതിനൊപ്പം തന്നെ യു.ഡി.എഫിന്റെ ശക്തമായ സ്വാധീനവും ഈ മണ്ഡലത്തിലുണ്ട്. മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് തെളിഞ്ഞതുമാണ്. മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിൽ മൂന്നിടത്ത് മാത്രമാണ് ഇടതു മുന്നണിക്ക് ഭരണത്തിലെത്താനായത്. സി.പി.എമ്മിന്റെ എം.എം. സുന്ദരമായിരുന്നു ആദ്യ എം.എൽ.എ. തുടർന്ന് സി.പി.എമ്മിന്റെ കെ.എ. രാജൻ എം.എൽ.എ.യായി. 1977-ലും 1980-ലും നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ.യുടെ സി.എ. കുര്യൻ വിജയിച്ചു. എന്നാൽ, 1982-ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.എ. കുര്യനെ 9029 വോട്ടിന്റെ ഭൂപക്ഷത്തിൽ തോൽപ്പിച്ച് സ്വതന്ത്രനായി മത്സരിച്ച കെ.കെ. തോമസ് ജയിച്ചു. തുടർന്ന് വന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി കെ.കെ. തോമസ് വിജയമാവർത്തിച്ചു. 1996-ൽ വമ്പിച്ച ഭൂരിപക്ഷത്തിൽ സി.എ. കുര്യൻ മണ്ഡലം തിരിച്ചു പിടിച്ചു. എന്നാൽ, 2001-ൽ സി.എ. കുര്യനെ പരാജയപ്പെടുത്തി യു.ഡി.എഫ്. സ്ഥാനാർഥി ഇ.എം. അഗസ്തി വിജയിച്ചു. എന്നാൽ, തുടർന്ന് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിൽ സി.പി.ഐയുടെ ഇ.എസ്. ബിജിമോൾ വിജയിച്ചു. 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ വാഴൂർ സോമനും വിജയമാവർത്തിച്ചു. ഉടുമ്പൻചോല ഇടുക്കി ജില്ലയുടെ രാഷ്ട്രീയഭൂപടത്തിൽ സവിശേഷമായ ചരിത്രവും പ്രാധാന്യവുമുള്ള മണ്ഡലമാണ് ഉടുമ്പൻചോല. ഏലവും കുരുമുളകും വിളയുന്ന ഫലഭൂയിഷ്ഠമായ മണ്ണും ഒപ്പം കുടിയേറ്റ കർഷകരും തോട്ടം തൊഴിലാളികളും ഉൾപ്പെടുന്ന ഈ മണ്ഡലത്തിലെ രാഷ്ട്രീയം എന്നും ശ്രദ്ധാകേന്ദ്രമാണ്. 1965-ലാണ് ഉടുമ്പൻചോല നിയോജകമണ്ഡലം രൂപവത്‌കൃതമായത്. തുടക്കകാലം മുതലേ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും മാറി മാറി സ്വാധീനമുണ്ടായിരുന്നെങ്കിലും സമീപകാലത്ത് എൽ.ഡി.എഫിന്റെ ശക്തമായ കോട്ടയായി. 2001 മുതൽ തുടർച്ചയായി ഇടുതപക്ഷമാണിവിടെ വിജയിക്കുന്നത്. 1991-ലും 1996-ലും കോൺഗ്രസിന്റെ ഇ.എം. ആഗസ്തി ഇവിടെനിന്നു വിജയിച്ചിരുന്നു. ഇതിനുശേഷം 2001 മുതൽ 2016 വരെ മൂന്ന് തവണ തുടർച്ചയായി സി.പി.എമ്മിന്റെ കെ.കെ. ജയചന്ദ്രൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016 മുതൽ എം.എം. മണിയാണ് എം.എൽ.എ.. 2021-ലെ തിരഞ്ഞെടുപ്പിൽ എം.എം. മണി കോൺഗ്രസിന്റെ ഇ.എം. ആഗസ്തിയെ 38,305 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായിരുന്ന കെ.കെ. ജയചന്ദ്രനാണ് സ്ഥാനാർഥി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിനു നൽകിയ പട്ടികയിൽ എം.എം. മണിയുടെ പേരായിരുന്നു. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് മണിയുടെ പേര് തിരുത്തി. കോൺഗ്രസ് സ്ഥാനാർഥിയായി മുൻ ഡി.സി.സി. പ്രസിഡന്റും കെ.പി.സി.സി. അംഗവുമായ സേനാപതി വേണുവിന്റെ പേരാണ് ഉയരുന്നത്. 2016-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം എം.എം. മണിക്കെതിരേ മത്സരിച്ചിരുന്നെങ്കിലും നിസ്സാര വോട്ടിന് പരാജയപ്പെട്ടു. എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥന്റെ പേരാണ് ചർച്ചചെയ്യുന്നത്. ഇനിയുള്ള മൂന്നാഴ്ച വാക്‌പോരും ചുവടുമാറ്റങ്ങളും തന്ത്രങ്ങളും അണിനിരക്കുന്ന കാലമാണ്. ആകെയുള്ള അഞ്ച് സീറ്റുകളിൽ എല്ലാം പിടിച്ചെടുക്കാൻ തന്നെ ഉറപ്പിച്ചാണ് ഇരുമുന്നണികളുടെയും നീക്കം. ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് എൻ.ഡി.എ. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. തമിഴ് മേഖലകളിൽ ഡി.എം.കെ. പോലെയുള്ള പാർട്ടികളുടെ സാന്നിധ്യമുണ്ടാകുമെന്നതും മുന്നണികൾ കരുതലോടെയാണ് കാണുന്നത്. ഇടത് മുന്നണി നാല് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി തിരികെ കൈക്കുമ്പിളിലെത്തിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. കേരള കോൺഗ്രസുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികളും യു.ഡി.എഫിനെ ഉലയ്ക്കുന്നുണ്ട്. എൻ.ഡി.എയും രണ്ട് ദിവസത്തിനുള്ളിൽ തന്നെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും. ഒപ്പമെത്താൻ യു.ഡി.എഫ്. അഞ്ച് മണ്ഡലങ്ങളിലെയും യു.ഡി.എഫിന്റെ സ്ഥാനാർഥി ചർച്ചകൾ ഇതുവരെ തീരുമാനത്തിലേക്കെത്തിയില്ല. ഉറപ്പുള്ള തൊടുപുഴ സീറ്റിൽ പി.ജെ. ജോസഫോ അതോ മകൻ അപു ജോൺ ജോസഫോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ജോസഫിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അപുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിലെ പ്രധാന നേതാക്കൾക്കുണ്ട്. ഇടുക്കി സീറ്റ് വിട്ടുനൽകുന്നതിനെപ്പറ്റി ഇതുവരെ കോൺഗ്രസ്, കേരള കോൺഗ്രസ് ചർച്ചകളിൽ തീരുമാനമായില്ല. ഇടുക്കി വിട്ടുകൊടുക്കുന്നതിനെതിരേ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഉയർത്തിയ പ്രതിരോധമാണ് ഇതിന് കാരണം. കോൺഗ്രസ് മത്സരിക്കുകയാണെങ്കിൽ ജോയി വെട്ടിക്കുഴി, ബിജോ മാണി എന്നിവർക്കാണ് സാധ്യത. പീരുമേട്ടിൽ അവസാന രണ്ട് പേരുകളിലേക്കാണ് എത്തിയിരിക്കുന്നത്. റോയ് കെ. പൗലോസോ സിറിയക് തോമസോ സ്ഥാനാർഥിയാകും. ദേവികുളം മണ്ഡലത്തിൽ എഫ്.രാജയുടെ പേരാണ് പറഞ്ഞു കേൾക്കുന്നത്. ഉടുമ്പൻചോലയിൽ സേനാപതി വേണുവിനും നുറുക്കുവീണേക്കും. മുന്നേയിറങ്ങി എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിലെ നാല് മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർഥികൾ റെഡി. പീരുമേട് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.സലിംകുമാർ, ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ദേവികുളത്ത് എ.രാജ എന്നിവരാണ് ഇടത് സ്ഥാനാർഥികൾ. കേരള കോൺഗ്രസ് എമ്മിന്റെ കൈയ്യിലുള്ള തൊടുപുഴയിൽ മാത്രമാണ് സ്ഥാനാർഥി ആരെന്ന് ഇനി അറിയാനുള്ളത്. പ്രഖ്യാപനത്തിന് മുൻപ് തന്നെ ഇടത് സ്ഥാനാർഥികൾ മണ്ഡലത്തിൽ സജീവമായി. റോഷി അഗസ്റ്റിൻ കഴിഞ്ഞ ഒരുമാസമായി മണ്ഡലം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവർത്തനം. കെ. സലിംകുമാർ പീരുമേട്ടിൽ രണ്ടാഴ്ചമുമ്പേ തന്നെയുണ്ട്. തനിക്കെതിരേ പാർട്ടിയിൽ ഉയർന്ന ശബ്ദങ്ങളെ ഒരു പരിധിവരെ ശാന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 22-ന് എം.സ്വരാജ് ഉദ്ഘാടനം ചെയ്യുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനോടെ പ്രചാരണം കൂടുതൽ ഊർജിതമാക്കും. മുൻ എം.എൽ.എ. ഇ.എസ്. ബിജിമോളാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ. ദേവികുളത്ത് എ.രാജയും സജീവമായി. നേരത്തേ എം.എം. മണി മത്സരിക്കുമെന്ന് കരുതിയിരുന്ന ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രനെ സ്ഥാനാർഥിയാക്കിയതിൽ ജില്ലാ കമ്മിറ്റിക്ക് നീരസമുണ്ടായിരുന്നെങ്കിലും അതെല്ലാം മറന്ന് വിജയത്തിനായി മുന്നിട്ടിറങ്ങാൻ സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. ജയചന്ദ്രനും ഇവിടെ സജീവമായി. കണക്കുകൂട്ടൽ തെറ്റിക്കാൻ എൻ.ഡി.എ. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും കടുത്ത പോരാട്ടം നടക്കുകയാണെങ്കിൽ എൻ.ഡി.എ.യുടെ വോട്ടുകൾ നിർണായകമാകും. ദേവികുളത്ത് പാർട്ടിവിട്ട മുൻ സി.പി.എം. എം.എൽ.എ. എസ്. രാജേന്ദ്രൻ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ അവിടെ ഇരുമുന്നണികൾക്കും തലവേദനയാകും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പീരുമേട്ടിലും ഉടുമ്പൻചോലയിലും ഇടുക്കിയിലും ഇത്തവണ എൻ.ഡി.എ. നിർണായക സാന്നിധ്യമാകും. തൊടുപുഴയിൽ വോട്ട് വർധിപ്പിച്ച് കരുത്തുകാട്ടുകയായിരിക്കും ലക്ഷ്യം.

ജോസഫിന്റെ തേരോട്ടം തുടരുമോ? റോഷിയുടെ വിധി എന്ത്? ദേവികുളം ആര് പിടിക്കും? മണിയില്ലാത്ത ഉടുമ്പൻചോല!
M
MathrubhumiSource Link
about 2 months ago