കൈപ്പുഴാക്കലെ കർഷകർ ചോദിക്കുന്നു To advertise here, ചങ്ങനാശ്ശേരി : ആറ് മാസത്തെ അധ്വാനം മുഴുവൻ പെരുവഴിയിൽ കൂട്ടിവെച്ചിരിക്കുകയാണ് കൈപ്പുഴാക്കൽ പാടശേഖരത്തിലെ കർഷകർ. മഴയ്ക്കു മുൻപേ നെല്ല് സംഭരിക്കാൻ മില്ലുടമ എത്തുമോ എന്നാണ് കർഷകർ ചോദിക്കുന്നത്. 120 ഏക്കർ വരുന്ന പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞിട്ട് 12-ദിവസം പിന്നിട്ടു. സംഭരിക്കാൻ മില്ലുടമ തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. മൂന്നുകിലോ കിഴിവിൽ നെല്ല് സംഭരിക്കാൻ ധാരണയായിരുന്നു. ശനിയാഴ്ച അഞ്ച് ലോഡ് നെല്ല് കയറിപ്പോയി. ബാക്കിയുള്ള ലോഡ് കണക്കിനു നെല്ല് പെരുവഴിയിൽ തന്നെ കിടക്കുന്നു. വേനൽമഴയെ പേടിച്ചാണ് പാടത്ത് നിന്നും നെല്ലുകൾ കർഷകരും തൊഴിലാളികളും ചാക്കുകളിലാക്കി മേപ്രാൽ-കോമങ്കരിച്ചിറ റോഡിലേക്ക് കൊണ്ടുവന്നത്. നെല്ല് സൂക്ഷിക്കാൻ മറ്റ് സൗകര്യങ്ങളില്ല. പാടശേഖരത്തും കുറച്ച് കൂട്ടിയിട്ടിട്ടുണ്ട്. അമിത കിഴിവ് ആവശ്യപ്പെടാൻ വേണ്ടി സംഭരണം മനപ്പൂർവം വൈകിപ്പിക്കുന്നതാണെന്നും കർഷകർ ആരോപിച്ചു. പാഡി ഓഫീസിലും കൃഷിവകുപ്പിലും പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴ കർഷകരുടെ നെഞ്ചിടിപ്പ് ഏറ്റി. നെല്ല് സംരക്ഷിക്കാൻ കർഷകർ പാടുപെടുകയാണ്. നെല്ല് സംഭരണത്തിനു അടിയന്തര നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഭാഗത്താണ് കൈപ്പുഴാക്കൽ പാടശേഖരം. പായിപ്പാട്, പെരിങ്ങര കൃഷിഭവനുകളുടെ പരിധിയിലാണ്. Published: 01 Apr 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
