ഇന്ന് ലോക ജലദിനം To advertise here, ഫറോക്ക് : ഒരുനാടിന്റെ താളമായിരുന്ന കൊളത്തറ റഹിമാൻബസാറിലെ ജലാശയം ഞങ്ങൾക്ക് വീണ്ടെടുത്ത് തരുമോയെന്നാണ് വോട്ടർമാരുടെ ചോദ്യം. നാടിന്റെ സിരാകേന്ദ്രമായിരുന്ന മൺകുഴി ഇന്ന് നാശത്തിന്റെ വക്കിലാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യവും പായലും കാടും നിറഞ്ഞ് ഈ ജലാശയം നശിക്കുകയാണ്. കൊളത്തറ റഹിമാൻബസാറുമുതൽ കുണ്ടായിത്തോട് മേഖലവരെ പരന്നുകിടക്കുന്ന നാൽപ്പത്തിരണ്ടേക്കർ ഭൂമിയിലാണ് മൺകുഴി സ്ഥിതിചെയ്യുന്നത്. ഇന്ന് ആഫ്രിക്കൻ പായലും കാട്ടുപുല്ലുകളും മാലിന്യവും കയറി നാശത്തിന്റെ വക്കിലാണ്. പായൽമൂടിയതുകാരണം നീർത്തടം സാധാരണക്കാർക്ക് ഉപയോഗിക്കാൻകഴിയാത്ത സ്ഥിതിയാണ്. കൊളത്തറ, കുണ്ടായിത്തോട്, റഹിമാൻബസാർ ഭാഗങ്ങളിലെ കിണറുകളിലെ ജലവിതാനം നിലനിർത്തുന്നതിന് നീർത്തടം വലിയപങ്കുവഹിക്കുന്നുണ്ട്. ഒപ്പം, മത്സ്യസമ്പത്തുകൊണ്ടും സമ്പന്നമായിരുന്നു. എന്നാൽ, പായൽ നിറഞ്ഞതോടെ സൂര്യപ്രകാശം ജലാശയത്തിൽ പതിക്കാത്തത് മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. ഒട്ടേറെയാളുകൾ കുളിക്കാനും അലക്കാനും മറ്റും ഉപയോഗിച്ച നീർത്തടത്തിന്റെ അടുത്തേക്കു പോവാൻകൂടി ഇന്ന് നാട്ടുകാർ ഭയപ്പെടുകയാണ്. മാത്രമല്ല, പായലിനുമുകളിൽ പുല്ലുകൂടി വളർന്നതോടെ രാത്രികാലങ്ങളിൽ പ്രത്യേകതരം പ്രാണികളുടെ ഭീഷണികൂടി ഉള്ളതായി അവർ പറയുന്നു. ഒട്ടേറെ സ്വകാര്യവ്യക്തികളുടെ കൈവശമാണ് ഈ നീർത്തടം. ഇവരെല്ലാംചേർന്ന് ഒരു സൊസൈറ്റി രൂപവത്‌കരിക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും ഇനിയും എങ്ങുമെത്തിയില്ല. മൺകുഴിയുടെ ചരിത്രം പതിന്നാലോളം സ്വകാര്യവ്യക്തികളുടെ കൈകളിലാണ് ഇപ്പോൾ ഈ തണ്ണീർത്തടം സ്ഥിതിചെയ്യുന്നത്. ഒരുകാലത്ത് വയൽ പ്രദേശമായിരുന്നു ഇത്. 1967 കാലഘട്ടങ്ങളിൽ ഫറോക്ക്-ചെറുവണ്ണൂർ മേഖലകളിലെ ഓട്ടുകമ്പനികളിലേക്ക് കളിമൺ ശേഖരണം നടത്തിയപ്പോൾ നാൽപ്പത്തിരണ്ട് ഏക്കർ വരുന്ന ഭൂമി തണ്ണീർത്തടമായി. ദേശാടനപ്പക്ഷികളും മറ്റും എത്തുന്ന ഈപ്രദേശം സർക്കാർ ഏറ്റെടുത്ത് ജൈവസമ്പത്ത് സംരക്ഷിച്ച് മത്സ്യക്കൃഷിയുൾപ്പെടെ ഒട്ടേറെ പ്രകൃതിസൗഹൃദപദ്ധതികൾ നടപ്പാക്കാമെന്നാണ് പൊതുജനാഭിപ്രായം. ജനപ്രതിനിധികളുടെ ശ്രദ്ധവേണം ഒരുകാലത്ത് ആളുകൾ നേരിട്ട് ആശ്രയിച്ചിരുന്ന പ്രധാന ജലാശയമായിരുന്നു റഹിമാൻബസാറിലെ നീർത്തടങ്ങൾ. കുളിക്കാനും മീൻപിടിക്കാനുമൊക്കെ ഈ മൺകുഴിയെ ആശ്രയിച്ചിരുന്നു. എന്നാൽ, ഇന്ന് പായലും കാടും മാലിന്യവും നിറഞ്ഞ് നശിക്കുകയാണ്. ജനപ്രതിനിധികൾ ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഷാനിത്ത് ഇരുമ്പയിൽ നാട്ടുകാരൻ
