ഞാൻ 'മോദി'യുടെ പേരിലാൾ ആണ്, ആറാം ക്ലാസ് തൊട്ട് എം.എൻ. കാരശ്ശേരിയും

ഞാൻ 'മോദി'യുടെ പേരിലാൾ ആണ്, ആറാം ക്ലാസ് തൊട്ട് എം.എൻ. കാരശ്ശേരിയും

M
MathrubhumiSource Link
ഇവിടെ ഒരു ആത്മകഥ ആരംഭിക്കുകയാണ്. വ്യക്തിയുടെ ജീവിതമാവുമ്പോൾത്തന്നെ ഇത് ഒരു കാലത്തിന്റെയും അതിൽ പ്രകാശിച്ച മനുഷ്യരുടെയും കഥകൂടിയാകുന്നു. അറിവും അധ്യാപനവും സാഹിത്യവും മതവും രാഷ്ട്രീയവും ജനാധിപത്യവും എഴുത്തും സാമൂഹികജീവിതവുമെല്ലാം ഇതിൽ കൂടിക്കുഴയുന്നു. ഭാഷ ഇതിൽ പ്രസന്നമധുരമായി മന്ദഹസിക്കുന്നു; ചിലപ്പോൾ പൊട്ടിച്ചിരിക്കുന്നു. പ്രതിഭയുടെ പല കൈവഴികൾ ഒരു മനുഷ്യനിൽ സംഗമിക്കുന്നതിന്റെ സൗന്ദര്യവും ഈ ആത്മകഥയിൽ അനുഭവിക്കാം. To advertise here, നേ രു പറയാമല്ലോ, എന്നെസംബന്ധിക്കുന്ന ഒരു ബഡാവമ്പൻ സത്യം അല്പം മുതിർന്നശേഷമാണ് ഞാൻ അറിയാനിടയായത്. എന്താണെന്നുവെച്ചാൽ, എനിക്കിട്ട പേര് 'മോദി' എന്നാണ്! ഞങ്ങളുടെ നാട്ടിലെ സാമുദായികച്ചിട്ട അങ്ങനെയാണ്: മൂത്തമകന് ബാപ്പയുടെ ബാപ്പയുടെ പേരിടും. രണ്ടാമത്തെ മകന് ഉമ്മയുടെ ബാപ്പയുടെ പേരിടും. ആ കണക്കിന് എന്റെ ഇക്കാക്കയ്ക്ക് ബാപ്പയുടെ ബാപ്പയുടെ പേരായ അബ്ദുസ്സലാം എന്ന് ഇട്ടു. എന്റെ ഉമ്മയുടെ ബാപ്പയുടെ പേര് 'മോദി' എന്നാണ്. ആ പേര് സ്വാഭാവികമായും രണ്ടാമനായ എനിക്ക് വന്നുചേർന്നു. വല്ല്യാപ്പയുടെ പേരുമായിവരുന്ന പേരക്കുട്ടികളെ 'പേരിലാൾ' എന്നുപറയും. ഞാൻ 'മോദി'യുടെ പേരിലാൾ ആണ്. ഇപ്പോൾ ബുദ്ധിജീവികൾക്ക് ന്യായമായും ഒരു സംശയംവരും: കേരളത്തിൽ മോദിയോ? അറബിയിൽ മുഹ്യിദ്ദീൻ എന്നൊരു പേരുണ്ട്. ദീൻ ഹയാത്ത് ആക്കുന്നവൻ, അതായത് മതത്തിന് ജീവൻ നൽകുന്നവൻ എന്നർഥം. ആ പേര് കേളിപ്പെട്ടത് പന്ത്രണ്ടാം നൂറ്റാണ്ടുകാരനായ മുഹ്യിദ്ദീൻ ശൈഖിന്റെ വകയിലാണ്. അദ്ദേഹം വലിയ പണ്ഡിതനും ഗ്രന്ഥകാരനും സൂഫിഗുരുവുമായിരുന്നു. ആ നാമധേയം ബഹുമാനപൂർവം ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി എന്ന് വിസ്തരിച്ചുപറയും. ജീലാൻ ഇറാനിലെ ഒരു പ്രദേശമാണ്. ആ നാട്ടുകാരൻ എന്ന കണക്കിലാണ് ജീലാനി എന്നുപറയുന്നത്. ഇസ്ലാമിലെ യോഗികളായ സൂഫികളുടെ പദ്ധതികളിലൊന്നായ 'ഖാദിരിയ്യാ ത്വരീഖത്ത്' മൂപ്പരുടെ പാരമ്പര്യമാണ് അവകാശപ്പെടുന്നത്. ഈ സൂഫി ഉസ്താദിന്റെ പോരിശകൾ വളർത്തിക്കൊണ്ട് കോഴിക്കോട്ടുകാരൻ ഖാസി മുഹമ്മദ് രചിച്ചതാണ് 'മുഹ്യിദ്ദീൻ മാല' (1607). കണ്ടുകിട്ടിയ മാപ്പിളപ്പാട്ടുകൃതികളിലേക്ക് ഏറ്റവും പഴയത് ഈ മാലപ്പാട്ടാകുന്നു. അത്രയും മശ്ഹൂർ ആയ നാമമാണ് മുഹ്യിദ്ദീൻ. കേരളത്തിലും ലക്ഷദ്വീപിലും എന്നപോലെ മറ്റനേകം നാടുകളിലും ഈ സൂഫിയുടെപേരിൽ ധാരാളം പള്ളികളുണ്ട്. മൂപ്പരുടെ ചരമവാർഷികം 'ജീലാനിദിനം' ആയി കൊണ്ടാടുന്ന പതിവ് ചില പ്രദേശങ്ങളിൽ ഇപ്പോഴുമുണ്ട്. ജീലാനി 'ഔലിയ' ആണ് എന്ന് പലനാട്ടിലും വിശ്വാസമുണ്ട്. 'ദൈവത്തോട് വളരെ അടുത്ത ആൾ' എന്നാണ് ഈ പ്രയോഗത്തിന് അർഥം. ഔലിയാക്കളെ ഇടനിർത്തി പ്രാർഥിക്കുന്ന സമ്പ്രദായം ചില വിഭാഗങ്ങൾക്കിടയിലുണ്ട്. ഈ ശൈഖിനെ വിളിച്ചാണ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നുവിലെ കുഞ്ഞുതാച്ചുമ്മ 'മയ്യദ്ദീനേ' എന്ന് വിലപിക്കുന്നത്. ഇടിവെട്ടുകയോ, കുട്ടികൾ വീഴുകയോ, നായ കുട്ടികളെ ഓടിക്കുകയോ ചെയ്യുമ്പോൾ ഉമ്മ തലയിൽ കൈവെച്ച് 'യാ മുഹിയദ്ദീൻ' എന്ന് നിലവിളിക്കുന്നത് കുട്ടിക്കാലത്തുകേട്ടത് കാതിലിപ്പോഴുമുണ്ട്. 'നേർച്ചക്കാരെ വിളിക്കുക' എന്നാണ് ഇതിന് പറയുക. സാധാരണയായി 'ഔലിയാക്കൾ ' എന്നറിയപ്പെടുന്ന സൂഫികളും 'ശുഹദാക്കൾ' എന്നറിയപ്പെടുന്ന രക്തസാക്ഷികളുമാണ് നേർച്ചക്കാർ. അവരുടെ പേരുവിളിച്ചു നിലവിളിച്ചാൽ അവർ മധ്യസ്ഥരായി അല്ലാഹുവിൽനിന്ന് ആനുകൂല്യം നേടിത്തരും എന്നും ചില മുസ്ലിം വിഭാഗങ്ങൾക്ക് വിശ്വാസമുണ്ട്. ഇങ്ങനെ ഇടനിലക്കാരെ വിളിച്ച് പ്രാർഥിക്കുന്നത് കൊടിയപാപമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ദൈവത്തിൽ പങ്കുകാരെ ചേർക്കുന്നത് വൻദോഷങ്ങളിൽപ്പെട്ടതാണ് എന്നാണ് ഇക്കൂട്ടരുടെ വാദം. വല്യാപ്പമാരുടെ പേര് കഴിഞ്ഞാൽ പിന്നെ കുട്ടികൾക്കുവേണ്ടി പരിഗണിക്കുക നേർച്ചക്കാരുടെ പേരുകളാണ്. അതിന് 'നേർച്ചപ്പേര്' എന്നുപറയും. നേർച്ചപ്പേരുകളിൽ പ്രധാനമാണ് മുഹ്യിദ്ദീൻ. മുസ്ലിംലോകത്തെവിടെയും വൻപ്രചാരമുള്ള നാമധേയമാണത്. ഔലിയാക്കളുടെയും ശുഹദാക്കളുടെയും ചരമവാർഷികാചരണങ്ങളെ 'നേർച്ച' എന്നാണ് പറയുക. ആരുടെ പേരിലാണോ നേർച്ചകഴിക്കുന്നത് ആ ദേഹമാണ് നേർച്ചക്കാരൻ. 'കൊണ്ടോട്ടി നേർച്ച' ഔലിയാക്കളുടെ ഖബറിനു ചുറ്റിലുമായിട്ടാണ് നടക്കുന്നതെങ്കിൽ 'മലപ്പുറം നേർച്ച' ശുഹദാക്കളുടെ ഖബറിനു ചുറ്റിലുമായിട്ടാണ് നടക്കുക. അമ്പലങ്ങളിലെ ഉത്സവങ്ങളുടെ ഛായയിലാണ് നേർച്ചകൾ കൊണ്ടാടുന്നത്. ജാതിമതഭേദമില്ലാതെ പ്രദേശവാസികളെല്ലാം അതിൽ പങ്കുകൊള്ളാറുണ്ട്. എന്റെ പേര് മോദി എന്നാണെങ്കിലും ഇളംപ്രായത്തിൽ അതാരും വിളിച്ചിരുന്നില്ല. പകരം വിളിച്ചിരുന്നത് 'കുഞ്ഞി' എന്നാണ്. മാപ്പിളമാർക്കിടയിൽ സാധാരണ അതൊരു ഓമനപ്പേരായിരുന്നു. ചില സന്ദർഭങ്ങളിൽ മുഹമ്മദ് കുഞ്ഞി, ആലിക്കുഞ്ഞി, കുഞ്ഞാലി എന്നൊക്കെ മറ്റു പേരുകളോട് അത് ചേർന്നുവരും. എന്റെ നാട്ടിൽ കുഞ്ഞി എന്നു മാത്രമായി പേരുണ്ടായിരുന്നത് ചെറുമികൾക്കാണ്. 'കുഞ്ഞി' എന്ന ഓമനപ്പേരിന് വേറൊരു വിശേഷംകൂടിയുണ്ട് -അത് ആണിനും പെണ്ണിനും ഒരുപോലെ ചേരും. എന്റെ ഉമ്മ മലപ്പുറം ജില്ലക്കാരിയാണ്- ഇപ്പോഴത്തെ വാഴക്കാട് പഞ്ചായത്തിലെ ചാലിയപ്പുറത്തുകാരി. മലപ്പുറം ജില്ലയിൽ സാധാരണമായി വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ ഒന്നും ആരെയും പേരു വിളിക്കില്ല; ഓമനപ്പേരേ വിളിക്കൂ. മിക്കപ്പോഴും ആണുങ്ങളെയെല്ലാം 'ബാപ്പു' എന്നും പെണ്ണുങ്ങളെയെല്ലാം 'ഇമ്മു' എന്നും വിളിക്കും. പിന്നെ വ്യത്യാസം കാണിക്കാൻ ചിലരെ ചെറിയാപ്പു, വല്യാപ്പു, കുഞ്ഞാപ്പു എന്നൊക്കെ മാറ്റും. ഇതുപോലെ ചെറിയമ്മു, വല്ലിമ്മു, കുഞ്ഞിമ്മു എന്നും. ചെറിയോൻ, വല്യോൻ, വീച്ചി, വീച്ചുട്ടി, ഇമ്മുട്ടി, കുഞ്ഞാൾ തുടങ്ങി ഓമനപ്പേരുകൾക്ക് യാതൊരു പഞ്ഞവുമില്ല. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ നാട്ടുകാരും വീട്ടുകാരും അനുയായികളും വിളിക്കുന്നത് 'കുഞ്ഞാപ്പ' എന്നാണ്. ശരിയായ പേര് വിളിക്കുമ്പോൾ അവിടെ വലിയ അകലം തോന്നും; പിരിശം കുറയും. എന്റെ നാടായ കാരശ്ശേരി കോഴിക്കോട് ജില്ലയുടെ കിഴക്കുഭാഗത്തുകിടക്കുന്ന മലയോരഗ്രാമമാണ്. ഞങ്ങളുടെ ഇരുവഞ്ഞിപ്പുഴ നാലഞ്ചു കിലോമീറ്റർ തെക്കുകിടക്കുന്ന ചെറുവാടിയിൽച്ചെന്ന് ചാലിയാറിൽ ലയിക്കുന്നു. ഇരുവഞ്ഞിയെ 'ചെറിയപുഴ' എന്നും ചാലിയാറിനെ 'വലിയപുഴ' എന്നുമാണ് പറയാണ്. ചാലിയാറിന്റെ അപ്പുറമാണ് ചാലിയപ്പുറം. അതിന്റെ അപ്പുറമാണ് മപ്രം. മുൻ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ മപ്രത്തുകാരനാണ്. ഉമ്മയുടെ വീട്ടുകാരും നാട്ടുകാരുമാണ് എന്നെ വിളിച്ച് 'കുഞ്ഞി'യാക്കിയത്. അത് എന്റെ നാട്ടിലേക്കും പടർന്നെത്തി. പിന്നെ അത് ഉറച്ചു. ഞങ്ങളുടെ നാട്ടിൽ അക്കാലത്ത് 'കുഞ്ഞി'ക്ക് വേരേ ഒരർഥമുണ്ട്. എന്തു കളിയാണെങ്കിലും രണ്ടു ടീം വേണമല്ലോ. അതിൽ അംഗങ്ങളുടെ എണ്ണം ഒപ്പമാവുകയും വേണം. ഓരോ ടീമിലും എട്ടുപേർ വീതം, അല്ലെങ്കിൽ പത്തുപേർ വീതം -അങ്ങനെ. പല സമയത്തും 15 പേരേ കാണൂ. ഒരുഭാഗത്ത് എട്ടുപേർ. മറുഭാഗത്ത് ഏഴുപേർ. അന്നേരം ആളെണ്ണം കുറഞ്ഞ ടീമിൽ ഉഷാറുള്ള കളിക്കാരന് 'കുഞ്ഞി കൊടുക്കും', ഒരു തവണ പുറത്തായാലും അവന് തുടർന്നും കളിക്കാം. പിന്നെ കളിക്കുന്നത് 'കുഞ്ഞി'യാണ് -ഡബിൾ റോൾ തന്നെ! കുഞ്ഞി എന്റെ പേരല്ല എന്ന് എനിക്ക് ബോധമുദിച്ചത് സ്‌കൂളിൽ ചേർത്തപ്പോഴാണ്. മോദി പറ്റില്ല, മുഹ്യിദ്ദീൻ മതി എന്ന് ഏഴാംക്ലാസ് പാസായ ബാപ്പ തീരുമാനിച്ചു. ഏഴ് മുന്തിയ പഠിപ്പാണ്. എട്ടാംക്ലാസ് പാസായാൽ അന്ന് മാഷാവാം! പക്ഷേ, ചേർത്തപ്പോൾ പേരിന് ചെറിയൊരു പിഴവന്നു. മുഹ്യിദ്ദീനു പകരം മുഹ്യുദ്ദീൻ ആയിപ്പോയി! ക്ലാസിൽ ഹാജര് വിളിക്കുമ്പോൾ മറ്റു കുട്ടികൾ പറഞ്ഞാണ് ഈ മുഹ്യുദ്ദീൻ ഞാനാണ് എന്ന് അറിഞ്ഞത്. എനിക്ക് ആ ഗഡാഗഡിയൻ പേര് ഒട്ടും ഇഷ്ടമായില്ല. കുഞ്ഞി എന്തുനല്ല പേരാണ്! വിളിക്കാനും കേൾക്കാനും നല്ല ഇമ്പമല്ലേ? സഹപാഠികളും നാട്ടുകാരായ മാസ്റ്റർമാരും എല്ലാം എന്നെ കുഞ്ഞി എന്നുതന്നെ വിളിച്ചുപോന്നു. ഞങ്ങളുടെ സ്‌കൂളിൽ അക്കാലത്തുണ്ടായിരുന്ന 'തെക്കന്മാരാ'യ ചില ഗുരുനാഥന്മാരാണ് എന്റെ ശരിയായ പേര് വിളിച്ചിരുന്നത്. തെക്കന്മാർ എന്നുവെച്ചാൽ തിരുവിതാംകൂറുകാർ. അവർക്കെന്താ എന്റെ ഓമനപ്പേര് വിളിച്ചുകൂടേ എന്ന് പരിഭവംതോന്നാതെയല്ല. അതൊന്നും പുറമേക്ക് ഭാവിച്ചില്ല. മോശമല്ലേ? നമ്മക്കല്ലേ ചേപ്പറ? ചില അധ്യാപകർ ആ പേര് ചുരുക്കി 'മൊയ്തീൻ' എന്നു വിളിച്ചിരുന്നതാണ് എനിക്ക് സഹിക്കാൻകഴിയാതെപോയത്. അതിനുകാരണം വേറേയാണ്. കാരശ്ശേരിയിലെയും തൊട്ടടുത്ത ഗ്രാമമായ കക്കാടിലെയും ഒസ്സാന്മാരുടെ പേര് മൊയ്തീൻ എന്നായിരുന്നു. ഒസ്സാൻ എന്നുപറഞ്ഞാൽ ഗ്രാമത്തിലെ അമ്പട്ടൻ. അന്നത്തെ കണക്കിൽ അവർ 'താണജാതി'യാണ്. ഇസ്ലാമിൽ ജാതിയില്ല എന്നു പറയും. പക്ഷേ, മുസ്ലീങ്ങൾക്കിടയിൽ ഒസ്സാൻ, തട്ടാൻ മുതലായവരൊക്കെ 'താണ'വരാണ്. ഒസ്സാന്മാർക്ക് ചെരിപ്പിടാനോ, രണ്ടാംമുണ്ട് തലയിൽക്കെട്ടാനോ, കുടചൂടാനോ അനുവാദമില്ല. അവരുടെ വീട്ടിൽനിന്ന് മറ്റു മാപ്പിളമാർ ഒജീനം കഴിക്കുകയില്ല. അക്കൂട്ടത്തിൽനിന്ന് പെണ്ണുകെട്ടില്ല; ആ കൂട്ടത്തിലേക്കു പെണ്ണു കൊടുക്കില്ല. ഇക്കാക്കയും ഞാനുമായി അടികൂടുമ്പോൾ അവൻ എന്നെ പരിഹസിച്ച് 'മൊയ്രീൻ' എന്നു വിളിക്കും. ഞാൻ ഒസ്സാനാണ് എന്ന് സൂചിപ്പിക്കും. ഏത് അടിയെക്കാളും കടുപ്പമേറിയ സംഗതി! ഞാൻ ആ പേരിനെ കഠിനമായി വെറുത്തു. അങ്ങനെ ആറാംക്ലാസിലെത്തിയപ്പോൾ എനിക്ക് ഒരു ആപത്ത് വന്നുപെട്ടു -എങ്ങനെ എന്നറിഞ്ഞുകൂടാ, ഞാൻ എഴുത്തുകാരനാണ് എന്നൊരു തോന്നൽ! എഴുത്തുകാരനാകാൻ അത്യാവശ്യമുള്ളത് തൂലികാനാമമാണ് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. കോൺഗ്രസുകാരനായ ബാപ്പ വീട്ടിൽ വരുത്തിയിരുന്ന മാതൃഭൂമി പത്രത്തിൽ എസ്.കെ. പൊറ്റെക്കാട്ട് എന്ന് ആവർത്തിച്ചുകണ്ടത് ഓർമ്മയുണ്ട്. അതുപോലെ മൂത്താപ്പ എൻ.സി. കോയക്കുട്ടി ഹാജിയുടെ മകൻ ദേശാഭിമാനിയിൽ സലാം കാരശ്ശേരി എന്നപേരിലാണ് സിനിമാനിരൂപണം എഴുതിയിരുന്നത്. യു.പി. ക്ലാസിലെ എന്റെ മലയാളം അധ്യാപകൻ നെട്ടയത്തുകാരൻ ശിവദാസൻ മാസ്റ്റർ കൗമുദി വാരികയിലും മറ്റും എഴുതിയിരുന്നത് 'നെട്ടയം ശിവദാസ്' എന്ന തൂലികാനാമത്തിലാണ്. അപ്പോൾ പേരിന്റെകൂടെ സ്ഥലനാമം വേണം. വളരെ കഷ്ടപ്പെട്ട് ഞാൻ ആ തൂലികാനാമം കണ്ടുപിടിച്ചു: എം.എൻ. കാരശ്ശേരി. മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ എന്നതിന്റെ ചുരുക്കമാണ് എം.എൻ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം! ഓർക്കണേ: ഞാൻ ആറാം ക്ലാസ് തൊട്ട് എം.എൻ. കാരശ്ശേരിയാണ്! ഞാൻ എഴുത്തുകാരനായിക്കഴിഞ്ഞു. തൂലികാനാമം ഉള്ളതുതന്നെ തെളിവ്! ഈ പേര് കടലാസ് പെൻസിലുകൊണ്ട് പുസ്തകങ്ങളിലും കരിക്കട്ടകൊണ്ട് ചുവരുകളിലും ചോക്കുകൊണ്ട് ബോർഡുകളിലും കുറിച്ചിരുന്നതാണ് പ്രധാനപ്പെട്ട എഴുത്ത്. സഹപാഠികളും ഗുരുനാഥന്മാരും എന്നെ എന്നും പരിഹസിച്ചു. ശിവദാസൻ മാസ്റ്റർ ഒരാളേ പരിഹസിക്കാതേയുള്ളൂ. ഏഴാം ക്ലാസിൽവെച്ച് അദ്ദേഹം എന്നോട് പറഞ്ഞു: ''താൻ മലയാളം വിദ്വാൻ പരീക്ഷ പാസാവണം'' ആ പരീക്ഷ എന്താണെന്ന് ഒരു തലയും ഇല്ലാഞ്ഞിട്ടും അദ്ദേഹത്തോടുള്ള ഇഷ്ടംകൊണ്ട് ഞാൻ പറഞ്ഞു: ''ശരി, സാർ'' ഹൈസ്‌കൂളിൽ ഞാൻ മൊയ്തീൻ മാത്രമായിരുന്നു. അവിടെ കുഞ്ഞി അപരിചിതം. മുഹ്യുദ്ദീൻ പ്രയാസം. എം.എൻ. കാരശ്ശേരി പരിഹാസം. ഈ പേര് പിടിക്കാൻ ഞാൻ എത്രകാലം, എത്രമാത്രം ദണ്ഡിച്ചിട്ടുണ്ട് എന്ന് എനിക്കൊരാൾക്കേ അറിയാവൂ... 'ഒരു പേരിലെന്തിരിക്കുന്നു' എന്ന് ഷേക്സ്പിയർ ചോദിച്ചുവത്രേ. ഏതോ ഒരു വിദ്വാൻ ഷേക്സ്പിയറുടെ പുസ്തകങ്ങളൊന്നും മൂപ്പര് എഴുതിയതല്ല എന്നും ആ പേരുള്ള വേറൊരു സാഹിത്യകാരൻ എഴുതിയതാണ് എന്നും ഗവേഷണത്തിലൂടെ കണ്ടെത്തിയതായി കേട്ടിട്ടുണ്ട്! എന്താ നിവൃത്തി? തുടരും

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഞാൻ 'മോദി'യുടെ പേരിലാൾ ആണ്, ആറാം ക്ലാസ് തൊട്ട് എം.എൻ. കാരശ്… | Boolokam