ടവറിനുമുകളിൽ കയറിയാലും റെയ്‌ഞ്ചില്ല

ടവറിനുമുകളിൽ കയറിയാലും റെയ്‌ഞ്ചില്ല

M
MathrubhumiSource Link
രണ്ട് ടവറുണ്ടായിട്ടും റേഞ്ചിലെത്താതെ കണ്ണംപടി ഗോത്രവർഗ മേഖല To advertise here, ഉപ്പുതറ : വർഷങ്ങളുടെ മുറവിളിക്കുശേഷം രണ്ട് ടവർ നിർമിച്ചു. എന്നാൽ, ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി വനമേഖലയിൽ താമസിക്കുന്ന ആദിവാസികൾക്ക് മൊബൈൽ ഫോണിൽ പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ മലമുകളിലോ, മരത്തിനു മുകളിലോ കയറണം. നിർമാണം പൂർത്തിയായ ടവറിന് മുകളിൽ കയറിയാലും ഇവരുടെ ഫോൺ ശബ്ദിക്കില്ല. 12 ആദിവാസിക്കുടികളിലെ 987 വീടുകളിലും രണ്ടോ, മൂന്നോ മൊബൈൽ ഫോണുകൾ വീതമുണ്ട്. കാറ്റിന്റെ ദിശയനുസരിച്ച് ഏതാനും സ്ഥലങ്ങളിൽ, ചില സമയങ്ങളിൽ മാത്രമാണ് റെയ്‌ഞ്ച്‌ കിട്ടുന്നത്. സംസാരിക്കുന്നതിടെ ഇടമുറിയുകയും ചെയ്യും. 15 കിലോമീറ്റർ നടക്കണം അടിയന്തര ആവശ്യമാണെങ്കിൽ 15 കിലോ മീറ്ററിലധികം വനത്തിലൂടെ നടന്ന് വളകോട്ടിലെത്തി വേണം ഫോൺ വിളിക്കാൻ. മൊബൈൽ റെയ്‌ഞ്ച്‌ ഇല്ലാത്തതിനാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരിതമാണ് ഇവിടത്തെ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്നത്. 2010-ൽ കണ്ണംപടി ഗവ. ഹൈസ്കൂളിന് സർക്കാർ കംപ്യൂട്ടർ നൽകി. എന്നാൽ, റേഞ്ച് ഇല്ലാത്തതിനാൽ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. കോവിഡ് കാലത്ത് ഓൺ ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഭൂരിഭാഗം കുട്ടികൾക്കും കഴിഞ്ഞില്ല. കുറേപ്പേർ രക്ഷാകർത്താക്കളെയും കൂട്ടി മലമുകളിൽ ഇരുന്നാണ് ക്ലാസിൽ പങ്കെടുത്തത്. മൊബൈൽ റെയ്‌ഞ്ച്‌ ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇപ്പോഴും പോലീസിന്റെ വയർലെസ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഒന്നരപ്പതിറ്റാണ്ടായുള്ള കാത്തിരിപ്പ് 2010 മുതൽക്കുള്ള ആദിവാസികളുടെ ആവശ്യമാണ് കണ്ണംപടിയിൽ മൊബൈൽ ടവർ സ്ഥാപിക്കണമെന്ന്. എന്നാൽ തുടക്കം മുതൽ വനംവകുപ്പ് ആവശ്യത്തെ എതിർത്തു. ടവറിൽ നിന്നുള്ള പ്രസരണം വന്യജീവികൾക്ക് ദോഷമാകുമെന്നായിരുന്നു ഇതിന് പറഞ്ഞ കാരണം. എന്നാൽ 12 ഊരുകൂട്ടങ്ങളും ആവശ്യത്തിൽ ഉറച്ചുനിന്നു. ടവർ സ്ഥാപിക്കുന്നതിന് നിരാക്ഷേപം ലഭ്യമാക്കുന്നതിനും, ഭൂമി വിട്ടുകിട്ടുന്നതിനും ജോയിസ് ജോർജ് എം.പി.യും, തുടർന്ന് ഡീൻ കുര്യാക്കോസ് എം.പിയും ആദിവാസികൾക്കൊപ്പം നിന്നു. കേന്ദ്ര സർക്കാരിൽ നിരന്തരം സമ്മർദം ചെലുത്തി. സംസ്ഥാന സർക്കാരും ഇടപെട്ടു. തുടർന്ന്‌ ബി.എസ്.എൻ.എല്ലിന്റെ രണ്ട് ടവർ സ്ഥാപിക്കാൻ അനുമതി കിട്ടി. ഒന്ന് കാറ്റാടിപ്പാറയിലും, മറ്റൊന്ന് റോഡിൽ മുല്ലള്ളിന് സമീപം ചൊറിയൻതണ്ടിലും സ്ഥാപിക്കാൻ അനുമതി കിട്ടി. 2024 അവസാനം രണ്ട് ടവറും നിർമാണം പൂർത്തിയാക്കി. എന്നാൽ ടവർ കമ്മിഷൻ ചെയ്യാൻ ഇനിയും നടപടിയായില്ല. പുതിയ ഫോൺ വാങ്ങി ടവർ ഉടൻ കമ്മിഷൻ ചെയ്യുമെന്ന് 10 മാസം മുൻപ് ആദിവാസി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ മുല്ല ഊരിലെത്തിയ ഡീൻ കുര്യാക്കോസ് എം.പി. ഉറപ്പ് നൽകി. എന്നാൽ ഒന്നും നടന്നില്ല. ടവർ നിർമിച്ചതോടെ ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിച്ച് കൂടുതൽ പേർ പുതിയ ഫോൺ വാങ്ങി. ഉപ്പുതറ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ താമസിക്കുന്ന 3000-ത്തോളം ഗുണഭോക്താക്കൾ ഇപ്പോഴും നിരാശരാണ്. ടവർ കമ്മിഷൻ ചെയ്യുന്നതിന് എന്താണ് തടസ്സമെന്ന് വ്യക്തമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടവറിനുമുകളിൽ കയറിയാലും റെയ്‌ഞ്ചില്ല — Mathrubhumi | Boolokam | Boolokam