ടെക്‌നോളജി ഡെസ്‌ക് Last Updated: 16 March 2026, 12:20 PM IST സൈന്യത്തിന്റെ ആധുനികവത്കരണ തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം കരാറുകള്‍ വിലയിരുത്തപ്പെടുന്നത്. പ്രതീകാത്മകചിത്രം | AFP, AI പശ്ചിമേഷ്യയിലെ സംഘർഷം മാറ്റമില്ലാതെ തുടരുന്നതിനിടെ കൂടുതൽ ടെക് കമ്പനികളുമായി കൈകോർക്കാൻ യു.എസ് സൈന്യം. ഡിഫൻസ് ടെക് സ്റ്റാർട്ടപ്പായ Anduril ഇൻഡസ്ട്രീസുമായി സൈന്യം 20 ബില്യൺ (2000 കോടി) ഡോളറിന്റെ കരാർ പ്രഖ്യാപിച്ചു. ഓട്ടോണമസ് ഡ്രോണുകൾ, അവയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായ ബന്ധപ്പെട്ടതാണ് കരാർ. ആധുനിക കാലത്തെ യുദ്ധരംഗത്ത് ടെക്‌നോളജി കമ്പനികളുടെ വർധിച്ചുവരുന്ന സാന്നിധ്യം അടിവരയിടുന്നതാണ് കോടികളുടെ കരാർ. To advertise here, എഐ കമ്പനിയായ ആന്ത്രോപിക്കും യു.എസ് പ്രതിരോധ വകുപ്പും തമ്മിൽ ഇടയുകയും കമ്പനിയെ പെന്റഗൺ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെയാണ് നിർമിതബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകളുടെ സാന്നിധ്യം യുദ്ധമുഖത്ത് എത്രത്തോളം നിർണായകമായി മാറിയിരിക്കുന്നു എന്നതിന്റെ സൂചനകൾ ലോകത്തിന് ലഭിക്കുന്നത്. പെന്റഗണിന് വഴങ്ങാതിരുന്നതോടെ ആന്ത്രോപിക്കിനെ കരിമ്പട്ടികയിൽ പെടുത്തിയെങ്കിലും അവരുടെ ക്ലോഡ് എഐ മോഡൽ ഇറാനെതിരായ ആക്രമണങ്ങളിൽ ഇപ്പോഴും ഉപയോഗിക്കേണ്ടിവരുന്നുവെന്ന് യു.എസ് സൈന്യവുമായി സഹകരിക്കുന്ന ഡിഫൻസ് ടെക് കമ്പനിയായ പാലന്റീർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പാലന്റീറിന് പുറമെ സാം ഓൾട്ട്മാന്റെ കമ്പനിയായ ഓപ്പൺഎഐയുമായും പെന്റഗൺ കരാറിൽ ഏർപ്പെട്ടിരുന്നു. Anduril-മായി 10 വർഷത്തെ കരാറിലാണ് യു.എസ് സൈന്യം ഏർപ്പെട്ടിട്ടുള്ളത്. ഇത് അഞ്ച് വർഷത്തേക്കുകൂടി നീട്ടാൻ അവസരമുണ്ട്. യുദ്ധത്തിന്റെ സ്വഭാവം മാറിയിരിക്കുന്നു എന്നതിനാലാണ് സൈന്യം ടെക് കമ്പനികളുമായി വൻതുകയുടെ കരാറുകളിൽ ഏർപ്പെടുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വൻതോതിൽ സോഫ്റ്റ്‌വെയറുകൾ നിയന്ത്രിക്കുന്നതാണ് ആധുനിക യുദ്ധമുഖം. ആക്രമണങ്ങളിൽ മേൽക്കൈ നേടാൻ ടെക് മുന്നേറ്റങ്ങൾ അതിവേഗം സൈനിക ശക്തിയുമായി സംയോജിപ്പിക്കണമെന്നും അവ കാര്യക്ഷമതയോടെ വിന്യസിക്കാൻ കഴിയണമെന്നും യു.എസ് കരുതുന്നു. സൈന്യത്തിന്റെ ആധുനികവത്കരണ തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം കരാറുകൾ വിലയിരുത്തപ്പെടുന്നത്. തുടർച്ചയായ നവീകരണവും യുദ്ധമുഖത്തെ മികച്ച പ്രകടനവും ഉറപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യകൾ നിരന്തരം വിലയിരുത്തി വരികയാണെന്നും യുഎസ് സൈന്യം പറയുന്നു. Content Highlights: Consolidation of 120 procurement contracts into one $20B enterprise agreement., Integration of Silicon Valley software, AI, and autonomous hardware into US defense., Streamlining administrative processes to accelerate technology deployment for soldiers., Strategic shift towards software-defined modern warfare. Published: 16 Mar 2026, 12:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ടെക് കമ്പനികളെ കൈവിടാതെ US സൈന്യം; ഡിഫൻസ് സ്റ്റാർട്ടപ്പുമായി 2000 കോടി ഡോളറിന്റെ കരാർ
M
MathrubhumiSource Link
about 2 months ago