വാഷിങ്ടൺ: ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ളവ ലക്ഷ്യമിട്ട് നടത്തിയേക്കുമെന്ന് പറഞ്ഞ സൈനിക ആക്രമണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്കാലികമായി മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ട്രംപ് പറഞ്ഞ സമയപരിധി അവസാനിക്കാനിരിക്കേ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടായാൽ അത്തരമൊരു തീരുമാനം ഉണ്ടായേക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. To advertise here, ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള സിവിൽ കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും യുഎസിന്റെ ഉപാധികൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. സമാധാന ചർച്ചകൾ വിജയിച്ചില്ലെങ്കിൽ വലിയ തോതിലുള്ള ആക്രമണം ഉടൻ ഉണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടു മണിവരെയാണ് ഉപാധികൾ അംഗീകരിക്കാൻ ഇറാന് ട്രംപ് അനുവദിച്ചിരിക്കുന്ന സമയം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. നയതന്ത്ര ചർച്ചകൾ വിജയിച്ചാൽ മാത്രമേ ഈ സമയപരിധിയിൽ മാറ്റം വരുത്താൻ ട്രംപ് തയ്യാറാവുകയുള്ളൂ എന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക ട്രംപ് ആയിരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. ഇറാന്റെ ഊർജ്ജമേഖലയെ ലക്ഷ്യമിട്ടുള്ള വിപുലമായ ആക്രമണ പദ്ധതികൾ അമേരിക്കയും ഇസ്രയേലും ചേർന്ന് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ 'ഇൻഫ്രാസ്ട്രക്ചർ ഡേ' എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള എല്ലാ പ്രധാന സൗകര്യങ്ങളും നശിപ്പിക്കപ്പെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന നയതന്ത്ര സംഘം ഒരു ഉടമ്പടിക്കായി ശ്രമിക്കുമ്പോൾ, ട്രംപിന്റെ നിലപാട് കൂടുതൽ കർക്കശമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക തുടങ്ങിയ പ്രധാന വിട്ടുവീഴ്ചകൾക്ക് ഇറാൻ തയ്യാറാകാതെ വെടിനിർത്തൽ അംഗീകരിക്കരുതെന്ന് ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ താത്കാലിക വെടിനിർത്തലിനുള്ള യുഎസ് നിർദേശം തിങ്കളാഴ്ച വൈകിട്ട് ഇറാൻ തള്ളിയിരുന്നു. ട്രംപിന്റെ ഭീഷണികൾ തള്ളിയ ഇറാൻ താത്കാലിക വെടിനിർത്തൽ അല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വ്യക്തമാക്കി. തങ്ങളുടെ താത്പര്യങ്ങൾക്കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിലപാട്. Content Highlights: President Trump is considering delaying planned military strikes on Iranian infrastructure., Diplomatic progress is the primary condition for extending the 2026 ultimatum., Tensions remain high over the Strait of Hormuz and Iran's uranium enrichment., Key US officials are engaged in negotiations, while allies like Israel and Saudi Arabia urge a firm stance. Published: 07 Apr 2026, 11:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രംപിന്റെ സമയപരിധിതീരാൻ മണിക്കൂറുകൾ; ചർച്ചയിൽ പുരോഗതിയുണ്ടായാൽ ആക്രമണം വൈകിപ്പിച്ചേക്കുമെന്ന് യുഎസ്
M
MathrubhumiSource Link
about 1 month ago