അ മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എപ്പോഴും പേടിച്ചോടും (ട്രംപ് ഓൾവെയ്‌സ് ചിക്കെൻസ് ഔട്ട്, ടാക്കോ) എന്ന് അദ്ദേഹത്തിന്റെ എതിരാളികൾ പരിഹസിക്കാറുണ്ട്. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന ഭീഷണിക്കും അതുതന്നെ സംഭവിച്ചു. അന്ത്യശാസനത്തിന്റെ പരിധി കഴിയാറായപ്പോൾ ഇറാനുമായി ചർച്ച നടത്തിയെന്ന് അവകാശപ്പെട്ട ട്രംപ് അന്ത്യശാസനം അഞ്ചു ദിവസത്തേക്ക് നീട്ടിയതായി ട്രൂത്ത് സോഷ്യലിൽ പോസ്റ്റിട്ടു. (ലോകത്തെ ഏറ്റവും ശക്തനായ രാഷ്ട്രത്തലവൻ ഈയിടെ സർക്കാർ തീരുമാനങ്ങളറിയിക്കുന്നത് സാമൂഹികമാധ്യമങ്ങൾ വഴിയാണ്!) To advertise here, തീരുമാനം മാറ്റിയതു പോകട്ടെ, ഇറാനെതിരായ യുദ്ധം തുടങ്ങിയതിൽ പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്‌സെത്തിന് വലിയ റോളുണ്ടെന്ന് സൂചിപ്പിക്കാനും പ്രസിഡന്റ് മടിച്ചില്ല. തിങ്കളാഴ്ച ഒരു ചർച്ചയിൽ അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കമിതാണ്: ഹെഗ്‌സെത്തും സൈനികമേധാവി ജനറൽ ഡാൻ കെയ്‌നുമടക്കമുള്ളവരുടെ യോഗം താൻ വിളിച്ചു ചേർത്തിരുന്നു. ഇറാൻ ആണവായുധമുണ്ടാക്കുന്നതിന് അടുത്തെത്തിയിരിക്കുന്നുവെന്നും മധ്യപൂർവേഷ്യയിലേക്ക് ചെറിയൊരു യാത്ര നടത്തി ആ വലിയ പ്രശ്‌നത്തെ അവസാനിപ്പിക്കാവുന്നതാണെന്നും താൻ അവരോട് പറഞ്ഞു. 'പീറ്റ്, നിങ്ങളാണ് ആദ്യം പറഞ്ഞത്, 'അവർക്ക് ആണവായുധം ഉണ്ടാവുന്നത് അനുവദിക്കാനാവില്ല' എന്ന്,' ട്രംപ് ഒപ്പമുണ്ടായിരുന്ന ഹെഗ്‌സെത്തിനോടു പറഞ്ഞു, അയാളെ അഭിനന്ദിക്കുകയും ചെയ്തു. ഒറ്റനോട്ടത്തിൽ ട്രംപ് തടിയൂരാനുള്ള വഴി അന്വേഷിക്കുകയാണെന്ന് തോന്നുന്നു. തുടക്കം മുതൽ ഗോൾപോസ്റ്റുകൾ മാറ്റിവരികയാണ് അദ്ദേഹം. ലക്ഷ്യം ഭരണകൂടമാറ്റമെന്നായിരുന്നു ആദ്യപ്രഖ്യാപനം. ഇപ്പോൾ അത് ഹോർമുസ് കടലിടുക്ക് തുറന്നാൽ മതി എന്നായിരിക്കുന്നു. അന്ത്യശാസനത്തെ അഞ്ച് ദിവസം നീട്ടിയതിനെ 'തന്ത്രപരമായ ക്ഷമ' എന്ന് വിശേഷിപ്പിച്ച ട്രംപ് നടപടി 'ഫലപ്രദമായ ചർച്ചകൾ' തുടരുന്നതിനു വേണ്ടിയാണെന്നും ആവശ്യമെങ്കിൽ കടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ തയ്യാറാണെന്നും പറഞ്ഞു. എന്തായാലും തുടക്കത്തിൽ ട്രംപ് കരുതിയതു പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാണ്. 'എനിക്കു വേണമെങ്കിൽ ഈ യുദ്ധം രണ്ടു സെക്കൻഡിനുള്ളിൽ അവസാനിപ്പിക്കാം' എന്ന് ജപ്പാൻ പ്രധാനമന്ത്രിയോടൊപ്പമുള്ള ഓവൽ ഓഫീസ് മീറ്റിങ്ങിനിടെ നേരത്തേ വീമ്പിളക്കിയത് അദ്ദേഹം ആവർത്തിക്കാനിടയില്ല. വ്ളാദിമിർ പുതിൻ | Photo: AP റഷ്യ കണ്ണുരുട്ടുന്നു ട്രംപിന്റെ മനംമാറ്റത്തിന് പ്രധാന പ്രേരണ റഷ്യയുടെ നേരിട്ടുള്ള ഇടപെടലാണെന്ന് കരുതണം. കഴിഞ്ഞ ദിവസം ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് 'ഇറാൻ നേതാക്കളെ ഒന്നൊന്നായി കൊല്ലാൻ റഷ്യ അനുവദിക്കില്ല. പ്രമുഖരുടെ വധവും ഇല്ലാതാക്കലും വഴി ഭരണമാറ്റം നടത്താനുള്ള ശ്രമങ്ങളോട് റഷ്യയും സഖ്യകക്ഷികളും അതിശക്തമായി പ്രതികരിക്കും' എന്ന് വ്യക്തമാക്കി. മുതിർന്ന ഐആർജിസി (ഇറാൻ റെവല്യൂഷനറി ഗാർഡ് കോർ) കമാൻഡർമാരെയും ആണവ ശാസ്ത്രജ്ഞരെയും വധിക്കുന്നതിനെ പറ്റി യുഎസ്, ഇസ്രായേൽ ചർച്ചകൾ നടക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പെസ്‌കോവിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള സൈനിക, സാങ്കേതിക സഹകരണം വർധിപ്പിച്ചതായും ഓരോ മണിക്കൂറും യുദ്ധസാഹചര്യം നിരീക്ഷിക്കുന്നതായും പെസ്‌കോവ് സ്ഥിരീകരിച്ചു. ഏതാനും ദിവസം മുമ്പ് ഒരു റഷ്യൻ എഎൻ 135 ചരക്കുവിമാനം ഇറാന്റെ ആകാശത്തേക്ക് പോകുന്നത് ഉപഗ്രഹചിത്രങ്ങളിൽ കണ്ടതായി റിപ്പോർട്ടുണ്ട്. എസ്400 വ്യോമപ്രതിരോധ സംവിധാനങ്ങളോ അതുമായി ബന്ധപ്പെട്ട ഘടകങ്ങളോ ഉപദേശകരോ ആയിരുന്നിരിക്കാം റഷ്യൻ വിമാനത്തിലെന്ന് പാശ്ചാത്യ ഇന്റലിജൻസ് സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും മറ്റും ഇറാനു നൽകുന്നതുവഴി റഷ്യ യുദ്ധത്തിൽ കൂടുതൽ ആഴത്തിൽ ഇടപെടുന്നത് സംഘർഷത്തെ വൻശക്തികൾ തമ്മിലുള്ള പരോക്ഷയുദ്ധമാക്കി മാറ്റുമെന്ന ആശങ്കയാണ് വാഷിംഗ്ടണ്. മാർച്ച് 19-ന് അമേരിക്കയുടെ അത്യാധുനിക 'അദൃശ്യ'വിമാനം എഫ്35 അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നിരുന്നു. സ്വന്തം ഇൻഫ്രാറെഡ് ഗൈഡഡ് മിസൈലുകൾ ഉപയോഗിച്ച് ആ വിമാനത്തിന് കേടുപാടുണ്ടാക്കിയെന്ന് ഇറാൻ അവകാശപ്പെട്ടു, ഏറ്റുമുട്ടലിന്റെ ഫുട്ടേജും പുറത്തുവിട്ടു. റഷ്യൻ സാങ്കേതികവിദ്യയോ അറിവോ ഇറാന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തിയിരിക്കാമെന്ന സംശയത്തിന് ഈ സംഭവം ഇന്ധനമായി. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ സംഭവം കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. ഇതിനൊപ്പം പെസ്‌കോവിന്റെ മുന്നറിയിപ്പും കൂടിയായപ്പോൾ നിലപാടിൽ മാറ്റം വരുത്താൻ ട്രംപ് നിർബന്ധിതനായതാവാം. ആണവ റിയാക്ടർ രംഗത്ത് റഷ്യയും ഇറാനും തമ്മിൽ സഹകരിക്കാൻ തുടങ്ങിയിട്ട് ദശകങ്ങളായി. 2011-ൽ പ്രവർത്തനമാരംഭിച്ച ബുശെഹറിലെ ഒരു ഗിഗാവാട്ടിന്റെ വിവിഇആർ- 1000 (ഒന്നാം യൂണിറ്റ്) റിയാക്ടർ പ്രവർത്തിപ്പിക്കുന്നത് റഷ്യൻ സർക്കാർ ആണവ കോർപ്പറേഷൻ റോസാറ്റം ആണ്. അവിടെ എഴുന്നൂറോളം റഷ്യൻ വിദഗ്ധർ ജോലി ചെയ്യുന്നുണ്ട്. രണ്ടും മൂന്നും യൂണിറ്റുകളുടെ പണി നടക്കുന്നു. യുദ്ധമാരംഭിച്ച ശേഷം കുറച്ചു ജീവനക്കാരെ അവിടെനിന്നു റഷ്യ മാറ്റിയിരുന്നു. മാർച്ച് 17-ന് റിയാക്ടറിന് 350 മീറ്ററകലെ ഒരു മിസൈൽ പതിച്ചിരുന്നു. പക്ഷേ, റിയാക്ടറിന് ഒന്നും സംഭവിച്ചില്ല. ഇറാനിൽ തുടരുകയും രണ്ടും മൂന്നും യൂണിറ്റുകൾ പൂർത്തിയാക്കുകയും ചെയ്യുമെന്ന് റോസാറ്റം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ റിയാക്ടറുകൾ നിർമിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ഈയിടെ കരാറുണ്ടാക്കിയിരുന്നു. നാലാമത്തെ ആഴ്ചയിലേക്കു കടന്ന യുദ്ധത്തിൽ അവിശ്വസനീയമായ ചെറുത്തുനിൽപ്പാണ് ഇറാൻ കാഴ്ച വെക്കുന്നത്. നിരന്തരമായ ബോംബാക്രമണങ്ങൾക്ക് വിധേയമാവുന്ന രാജ്യം ഇപ്പോഴും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വഴി ഗൾഫിലും ഇസ്രയേലിലും ഭീതിയും നാശനഷ്ടവും വിതയ്ക്കുകയാണ്. മാർച്ച് 21-ന് ഇറാൻ ബാലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ച് ഇസ്രയേലിലെ തെക്കൻ ദിമോണ, അറാദ് നഗരങ്ങളിൽ വലിയ ആഘാതമേൽപ്പിച്ചു. ഇസ്രയേലിലെ ദിമോണയിലെ നെഗെവ് ന്യൂക്ലിയർ റിസർച്ച് സെന്ററിനടുത്ത് പതിച്ച ബോംബ് വലിയ നാശനഷ്ടമുണ്ടാക്കി. (തങ്ങൾക്ക് ആണവശേഷിയുണ്ടെന്ന് ഇസ്രയേൽ സമ്മതിച്ചിട്ടില്ല, ആരും അത് വിശ്വസിക്കുന്നുമില്ല!) ഇസ്രയേലിന്റെ മൂന്നു തട്ടുകളുള്ള (ആരോ, ഡേവിഡിന്റെ കവണ, അയേൺ ഡോം) പ്രശസ്തമായ വ്യോമപ്രതിരോധ സംവിധാനത്തെ തകർക്കാൻ ഇറാനാവുന്നത് ജനങ്ങളെ വിഷമിപ്പിക്കുന്നു. ദിമോണ നഗരത്തിലെ ആണവ ശാസ്ത്രജ്ഞരെ പിന്തുണയ്ക്കുന്ന സന്നാഹങ്ങളെയാണത്രെ ആക്രമണം ലക്ഷ്യംവെച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണങ്ങളിൽ ആരും മരിക്കാത്തത് മഹാത്ഭുതമാണെന്ന് പറഞ്ഞു, പക്ഷേ, നാട്ടുകാരാകെ മാനസ്സികമായി തകർന്നിരിക്കുന്നു, അവരുടെ സുരക്ഷാബോധം നഷ്ടമായിരിക്കുന്നു. നഥാൻസിലെ ആണവകേന്ദ്രം ആക്രമിച്ചതിനുള്ള പ്രതികാരമാണതെന്ന് ഇറാൻ പറഞ്ഞു. തങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളെ ആക്രമിച്ചാൽ ഗൾഫിലെ കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഗൾഫിലെ ഭൂരിഭാഗം രാജ്യങ്ങളും കുടിവെള്ളത്തിന് ശുദ്ധീകരിച്ച കടൽവെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പ്രതീകാത്മക ചിത്രം യുദ്ധം ട്രംപിന്റെ സാമ്പത്തികതന്ത്രമോ? ട്രംപ് ഡീൽമേക്കറാണ്. ഡീൽ നടത്തിയെടുക്കാൻ കൈയിലുള്ള എല്ലാ കാർഡുകളും പ്രയോഗിക്കും. ഹോർമുസ് പ്രതിസന്ധി, എണ്ണവില വർധനവ്, ഗൾഫിലെ പരിഭ്രാന്തി, സൈനികമേധാവിത്വം എന്നിങ്ങനെ എല്ലാം. അതാണ് ഇറാൻ യുദ്ധത്തിലും കാണുന്നതെന്ന് പ്രമുഖ ഭൗമരാഷ്ട്രീയ നിരീക്ഷകൻ ഷനക അൻസ്ലെം പെരേര ഉൾപ്പെടെയുള്ളവർ കരുതുന്നു. അന്ത്യശാസനം നീട്ടിയത് ട്രംപിന്റെ സാമ്പത്തിക തന്ത്രമാണെന്ന് ഷനക വാദിക്കുന്നു. ഹോർമുസ് പ്രതിസന്ധി കാരണം എണ്ണവില ബാരലിന് 118 ഡോളറിന് മുകളിലേക്കുയരാൻ മനപ്പൂർവം ട്രംപ് അനുവദിച്ചതാണ്. അമേരിക്കയുമായി 750 ബില്യൺ ഡോളറിന്റെ ഊർജക്കരാറിന് യൂറോപ്പിനെ നിർബന്ധിതമാക്കുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. 'ഇറാൻ യുദ്ധം തങ്ങളുടേതല്ലെന്ന് യൂറോപ്പ് പറഞ്ഞു. പിന്നാലെ ഗ്യാസ് ബിൽ വന്നു' എന്ന് പെരേര എഴുതുന്നു. യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകൾ 1970-കളിലേതിനു സമാനമായ ഊർജപ്രതിസന്ധി നേരിടുകയാണ്. പാചകവാതകത്തിന് വില വളരെ കൂടിയിട്ടുണ്ട്. ഹോർമുസ് പാത അടച്ചു, റഷ്യയുമായി പിണക്കത്തിലാണ്. ഇനി ഗ്യാസിന് അമേരിക്കയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് യൂറോപ്പിന്. ട്രംപ് വിലക്കയറ്റമുണ്ടാക്കിയത് യൂറോപ്പിനെ ഭയപ്പെടുത്താനാണ്. എത്രയും വേഗം കരാർ ഒപ്പിടുവിക്കാൻ. പുതുക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിൽ നിന്നുള്ള ഊർജ ഇറക്കുമതിക്ക് വേഗം കൂട്ടാൻ യൂറോപ്പിന് മുമ്പത്തേക്കാൾ തുറന്ന മനസ്സാണുള്ളതെന്ന് ബ്ലൂംബർഗ് എഴുതുന്നു. ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻശക്തികളും ഞെട്ടലിലാണ്. ട്രംപ് യുദ്ധത്തിന് താൽക്കാലിക വിരാമമിട്ടത് എൽഎൻജി വ്യാപാരം, പരസ്പര വ്യാപാരത്തിലെ അസന്തുലിതാവസ്ഥ എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാൻ മറ്റു രാജ്യങ്ങളെ നിർബന്ധിതമാക്കാൻ കൂടി ഉദ്ദേശിച്ചാകാം. അന്ത്യശാസനം ദീർഘിപ്പിച്ചപ്പോൾ എണ്ണവില കുത്തനെ ഇടിഞ്ഞു, ലോകമെമ്പാടുമുള്ള ഓഹരിവിപണികളിൽ കുതിപ്പുണ്ടായി. ട്രംപ് 36 മണിക്കൂറിനുള്ളിലാണ് അന്ത്യശാസനം പ്രഖ്യാപിച്ചു പിൻവലിച്ചത്. യുദ്ധം ഇറാന്റെ ശേഷികളെ തളർത്തുന്നു. അത് ഹോർമുസിനെ അടയ്ക്കുന്നു. അത് എണ്ണവില കൂട്ടുന്നു. അന്ത്യശാസനം നീട്ടുമ്പോൾ ഓഹരി വിപണികൾ കുതിക്കുന്നു. വിലക്കുറവിനു വഴിവെച്ചത് തീർച്ചയായും അമേരിക്കൻ ജനതയ്ക്ക് ഇഷ്ടമാവും- ഷനക എഴുതുന്നു. ഇരുരാജ്യങ്ങളും ഇറാന്റെ ആണവായുധ, മിസൈൽ പദ്ധതികളെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ട്രംപിന് 'വെനസ്വേല മോഡൽ' മാറ്റത്തോട് എതിർപ്പില്ലെന്ന് തോന്നുന്നു. അതായത്, എണ്ണലഭ്യതയ്ക്കും സ്ഥിരതയ്ക്കുമായി ഒരു ദുർബല ഭരണകൂടത്തെ നിലനിർത്തൽ. ഇറാനെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി കാണുന്ന ഇസ്രയേൽ, ഭരണകൂടമാറ്റം വരെ സമ്മർദ്ദം ചെലുത്തണമെന്ന അഭിപ്രായക്കാരാണ്. നേരത്തേ, ഇറാന്റെ സൗത്ത് പാർസ് എണ്ണപ്പാടത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയത് തങ്ങളോടു ചോദിക്കാതെയാണ് എന്ന് ട്രംപ് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. നെതന്യാഹുവിന്റെ മറുപടി തങ്ങൾ ജൂനിയർ പാർട്ട്ണർ മാത്രമാണെന്നും. അതായത്, ട്രംപ് പിൻവാങ്ങിയാലും ഇസ്രയേൽ 'ഒതുങ്ങണമെന്നില്ല.' ഇസ്രയേലിന്റെ ചില കുരുത്തക്കേടുകൾക്ക് അമേരിക്ക കണ്ണടയ്ക്കുകയും ചെയ്യും! പിൻവാതിൽ ചർച്ചകൾ വഴി തുറക്കുമോ? ട്രംപ് നടക്കുന്നതായി പറഞ്ഞ പിൻവാതിൽ ചർച്ചകൾ ഇറാൻ നിഷേധിച്ചെങ്കിലും പാകിസ്താൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ സുഹൃദ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സംഭാഷണങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചർച്ചകൾ ഇസ്ലാമാബാദിൽ നടത്താൻ പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജഗതാഗതത്തെ ഗണ്യമായി ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഗൾഫ് മേഖലയിലുള്ള ഒരു കോടിയോളം ഇന്ത്യൻ പ്രവാസികളുടെ താൽപ്പര്യം സംരക്ഷിക്കേണ്ടതുണ്ട്. നിലവിൽ ബ്രിക്‌സ് കൂട്ടായ്മയുടെ അധ്യക്ഷൻ എന്ന നിലയ്ക്കും ഇന്ത്യ സമാധാനചർച്ചകൾക്ക് മുൻകൈ എടുത്തേക്കും. പ്രതിസന്ധി ആശങ്കാജനകമാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ 'ദീർഘകാലം' അനുഭവപ്പെടുമെന്നും പാർലമെന്റിൽ പ്രസ്താവിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് ആവർത്തിക്കുകയുണ്ടായി. വെടിനിർത്തലിന് അമേരിക്ക മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ ഏതാണ്ട് എല്ലാം തന്നെ ഇറാൻ തള്ളിക്കളഞ്ഞിട്ടുണ്ട്. ഹോർമുസ് പൂർണമായും തുറക്കുക, ആണവപദ്ധതി സമ്പൂർണമായി അവസാനിപ്പിക്കുക, പ്രാദേശിക പ്രോക്‌സി ഗ്രൂപ്പുകൾക്കുള്ള (ഹിസ്ബുള്ള, ഹൂത്തി, ഹമാസ്) പിന്തുണ അവസാനിപ്പിക്കുക, മിസൈൽ പദ്ധതി പരമാവധി ക്ഷീണിപ്പിക്കുക എന്നിങ്ങനെ. തങ്ങൾ ഒരിക്കലും വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇറാൻ വിദേശമന്ത്രി അരാഗ്ചി പറഞ്ഞത്. യുഎസും ഇസ്രയേലും മേലിൽ ഒരിക്കലും ഇറാനെ ആക്രമിക്കില്ലെന്ന പഴുതടച്ച അന്താരാഷ്ട്ര ഉറപ്പുകളോടെ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്നും രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം വേണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ചുരുക്കത്തിൽ, പെട്ടെന്നൊന്നും വെടിനിർത്തൽ സാധ്യമാവില്ല!

ട്രംപ് അന്ത്യശാസനം നീട്ടിയതിനു പിന്നിൽ റഷ്യൻ പേടിയോ സാമ്പത്തിക ചൂതാട്ടമോ?
M
MathrubhumiSource Link
about 2 months ago