ക ഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമനേയി അടക്കം നാൽപ്പത്തെട്ടുപേരെ അപ്രതീക്ഷിത ആക്രമണത്തിലൂടെ വധിച്ചതോടെ ആരംഭിച്ച ഇറാൻ യുദ്ധം മുപ്പത്തിയെട്ടാം ദിവസവും അതീവരൂക്ഷതയോടെ തുടരുകയാണ്. ചൊവ്വാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തില്ലെങ്കിൽ വൈദ്യുതനിലയങ്ങളും പാലങ്ങളും അടക്കമുള്ളവയെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹികമാധ്യമം വഴി ഞായറാഴ്ചയാണ് മുന്നറിയിപ്പു നൽകിയത്. To advertise here, അതിന് അദ്ദേഹം ഉപയോഗിച്ച ഭാഷ അസഭ്യപ്രയോഗങ്ങൾ നിറഞ്ഞതായിരുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനികശക്തിയുടെ 80 വയസ്സുകാരനായ ഭരണത്തലവന്റെ ഭാഷ എത്രത്തോളം അധഃപതിക്കാം എന്ന ചോദ്യമുയരുന്നുണ്ട്. 'ചൊവ്വാഴ്ച ഇറാനിൽ ഊർജനിലയ ദിനവും പാലങ്ങളുടെ ദിനവുമായിരിക്കും. അതുപോലെ മറ്റൊന്നുണ്ടാവില്ല ആ @#$%' കടലിടുക്ക് തുറക്ക് തലയ്ക്കു വെളിവില്ലാത്ത തന്തയില്ലാത്തവന്മാരെ, അല്ലെങ്കിൽ നീയൊക്കെ നരകത്തിലാവും ജീവിക്കുക-നോക്കിക്കോ!...' ആർക്കാണ് തലയ്ക്കു വെളിവില്ലാത്തതെന്ന ചോദ്യമുയർത്തുന്നു ട്രംപ് വിമർശകർ. ട്രംപിന്റെ ഭീഷണിയെ ഇറാൻ പതിവുപോലെ പുച്ഛിച്ചുതള്ളി. അവരുടെ സ്പീക്കർ മുഹമ്മദ് ബക്കർ ഖാലിബാഫ് അമേരിക്കൻ പ്രസിഡന്റിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വഴിതെറ്റിക്കുകയാണെന്ന് ആരോപിച്ചു. 'നിങ്ങളുടെ കൈവിട്ട കളികൾ ഓരോ കുടുംബത്തിനും ജീവിതം നിത്യനരകമാക്കുന്നിടത്തേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കുകയാണ്, നിങ്ങൾക്ക് നെതന്യാഹുവിന്റെ കൽപ്പനകൾ അനുസരിക്കാൻ നിർബന്ധമുള്ളതിനാൽ ഞങ്ങളുടെ മേഖല മുഴുവൻ കത്തിയെരിയാൻ പോവുകയാണ്,' എക്സിൽ അദ്ദേഹം കുറിച്ചു. പക്ഷേ, ഇറാനുമായി ചർച്ച നടത്തുകയാണെന്നും അന്ത്യശാസനം തീരുംമുമ്പ് സമാധാനക്കരാർ സാധ്യമായേക്കുമെന്നും ട്രംപ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. 45 ദിവസത്തെ താൽക്കാലിക വെടിനിർത്തലുണ്ടാക്കാനും ആ സമയം കൊണ്ട് സ്ഥിരസമാധാനം സാധ്യമാക്കാനും ചർച്ച നടക്കുന്നതായി ചില മാധ്യമങ്ങൾ വെളിപ്പെടുത്തി. തുർക്കി, ഈജിപ്ത്, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് മാധ്യസ്ഥചർച്ചകൾ നടത്തുന്നത്. ട്രംപിന്റെ പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാന്റെ വിദേശമന്ത്രി അരാഗ്ചിയും തമ്മിൽ സന്ദേശങ്ങൾ മുഖേന നടക്കുന്ന ആശയവിനിമയത്തിൽ ഈ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ഇറാൻ അധികൃതർ വളരെ കരുതലോടെയാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. ഗാസയിലും ലെബനോനിലും എന്ന പോലെ കടലാസിൽ വെടിനിർത്തലുള്ളപ്പോൾ ഇസ്രയേലും അമേരിക്കയും തങ്ങൾക്ക് തോന്നുമ്പോഴൊക്കെ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ഉറപ്പാക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഒഴിയുന്ന ആവനാഴിയും ഖജനാവും പോർവിമാനം തകർന്നതിനെ തുടർന്ന് ഇറാനിൽ കാണാതായ അമേരിക്കൻ പൈലറ്റുമാരെ രക്ഷിച്ചതിന്റെ ധീരോദാത്ത കഥകൾ എഴുതുന്നതിലാണ് ട്രംപനുകൂല മാധ്യമങ്ങളുടെ ശ്രദ്ധ. പൂർണമായി തകർത്തെന്നു അമേരിക്ക അവകാശപ്പെട്ട ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇപ്പോഴും യുഎസിനെ ചെറുത്തുനിൽക്കുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം അമേരിക്കയ്ക്ക് നഷ്ടമായത് ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള 16 പോർവിമാനങ്ങളും 17 റീപ്പർ ഡ്രോണുകളുമാണ്. (ഇവയെല്ലാം ഇറാന്റെ ആക്രമണത്തിൽ തകർന്നതാവണമെന്നില്ല, ചിലത് 'ഫ്രെൻഡ്ലി ഫയർ' ആയിരുന്നത്രെ, ഇ മൂന്ന് സെൻട്രി അവാക്സ് എന്ന വളരെ വിലകൂടിയ ആശയവിനിമയ വിമാനം തകർന്നത് സൗദിയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിൽ വെച്ചും.) അമേരിക്കയുടെ അഭിമാനമായ എഫ് 35 പോർവിമാനങ്ങളിൽ രണ്ടെണ്ണവും നഷ്ടമായിട്ടുണ്ട്. വിമാനവാഹിനിക്കപ്പലുകളെയും മറീനുകളെയും ഇറക്കി അതിവേഗം കളം പിടിക്കാനുള്ള തന്ത്രവും എങ്ങുമെത്തുന്നില്ല. ട്രംപിന് നിയന്ത്രണം നഷ്ടമാവാൻ വേറെ കാരണം തിരയേണ്ടല്ലോ. അത് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. അപ്രിയസത്യം പറയുന്നവരെയൊക്കെ അദ്ദേഹം ഓടിക്കുകയാണ്. യുഎസ് സൈനികമേധാവി ജനറൽ റാൻഡി ജോർജിനെ പുറത്താക്കുന്നതു വരെയെത്തി കാര്യങ്ങൾ. അതിന്റെ കൂട്ടത്തിൽ പ്രമുഖ ട്രംപ് അനുകൂലിയായ അറ്റോർണി ജനറൽ പാം ബോണ്ടിക്കും ചുവപ്പുകാർഡ് കിട്ടി. (ട്രംപ് ഉൾപ്പെട്ട എപ്സ്റ്റീൻ ഫയലുകൾ പൂഴ്ത്തുന്നതിൽ പരാജയപ്പെട്ടതാണ് കാരണമെന്ന് അഭ്യൂഹമുണ്ട്.) ഇറാൻ പ്രശ്നത്തിൽ കണക്കുകൂട്ടലുകൾ തെറ്റുകയും നാട്ടിലും അന്താരാഷ്ട്രതലത്തിലും കടുത്ത വിമർശനം ഉയരുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ വിശ്വസ്തയായിരുന്ന വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് രൂക്ഷമായ പരസ്യ ആക്രമണത്തിന് പാത്രമായി. വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ മൂലയ്ക്കിരുത്തിയെന്നത് വ്യക്തമാണ്. ലോകാഭിപ്രായം എതിരായതും ഇറാന്റെ ചെറുത്തുനിൽപ്പ് തുടരുന്നതും ട്രംപിന്റെ ക്ഷമയുടെ നെല്ലിപ്പലക തകർത്തതു പോലുണ്ട്. തുടക്കത്തിൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ട്രംപിനെ വറ്റുന്ന മിസൈൽശേഖരവും വിഷമിപ്പിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ആയിരത്തിലധികം ജാസ്മെർ (JASSM-ER സ്റ്റെൽത്ത് ക്രൂയിസ് മിസൈലുകൾ (ഓരോന്നിനും 1.5 മുതൽ 3.5 മില്യൺ ഡോളർ വരെ വില) ഉപയോഗിച്ചു കഴിഞ്ഞു. യുദ്ധത്തിനു മുമ്പ് ലോകത്തെ വിവിധ ഭാഗങ്ങളിലായി അമേരിക്കയ്ക്ക് ഉണ്ടായിരുന്ന ഏകദേശം 2,300 ജാസ്മെർ മിസൈലുകളിൽ 425 എണ്ണം മാത്രമേ മറ്റ് അടിയന്തരാവശ്യങ്ങൾക്കായി ശേഷിക്കുന്നുള്ളൂ. ചൈനയെപ്പോലെ ശക്തരായ പ്രതിയോഗികളുമായി ഒരേസമയം സംഘർഷമുണ്ടായാൽ അത് ഉൽക്കണ്ഠയ്ക്ക് വഴിവെക്കും. ഇപ്പോൾ യുദ്ധത്തിൽ ദിവസവും ഏതാണ്ട് 100 കോടി ഡോളറാണ് ചെലവ് വരുന്നതത്രെ. ഈ പശ്ചാത്തലത്തിലാണ് വരുംവർഷത്തേക്ക് ഒന്നര ട്രില്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റിന് ട്രംപ് ഭരണകൂടം ശുപാർശ ചെയ്തത്. അമേരിക്കൻ ജിഡിപിയുടെ നാലര ശതമാനം വരുന്ന തുക. വലിയ തോതിൽ സൈനികശക്തി വർധിപ്പിക്കാനുദ്ദേശിച്ചാണ് ഈ തയ്യാറെടുപ്പ്. ഒരുവർഷം പ്രതിരോധത്തിന് ഇത്രയും വലിയ തുക മാറ്റിവെക്കുന്നത് ദശകങ്ങൾക്കു ശേഷമാണ്. അതിൽ നിന്നു തന്നെ വ്യക്തമാണ്, ഈ യുദ്ധം ജയിക്കാൻ തന്ത്രപരമായ താൽക്കാലിക ജയങ്ങൾ മാത്രം പോരെന്ന് ട്രംപ് ഭരണകൂടം മനസ്സിലാക്കുന്നുണ്ട്. ആണവചോർച്ചാ ഭീഷണിയും യുദ്ധക്കുറ്റ ആരോപണവും ഇറാനിലെ ബുഷെഹർ ആണവനിലയത്തിന്റെ പരിസരത്തുള്ള കനത്ത അമേരിക്കൻ ആക്രമണങ്ങൾ ഗൾഫ് മേഖലയിലെ ജലസ്രോതസ്സുകളെ ആണവ മലിനീകരണത്തിന് വിധേയമാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സീസിയം 137 പോലുള്ള മൂലകങ്ങൾ ചോർന്നാൽ ജിസിസി രാജ്യങ്ങളിലെ കുടിവെള്ളവിതരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളെ ദീർഘകാലം ബാധിച്ചേക്കും. ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ഈ ആക്രമണങ്ങളിൽ അതീവ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഈയിടെ നടന്ന ഒരാക്രമണത്തിൽ ബുഷെഹർ ആണവനിലയത്തിലെ ഒരു സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. നിലയത്തിൽ നിന്നും 198 റഷ്യൻ പൗരൻമാരെക്കൂടി കഴിഞ്ഞ ഞായറാഴ്ച ഒഴിപ്പിച്ചിരുന്നു. ആണവവികിരണമുണ്ടായാൽ ഇറാനെക്കാൾ പേടിക്കേണ്ടത് ഗൾഫ് രാജ്യങ്ങളാണ്. ഇറാനെ രക്ഷിക്കുന്നത് അതിന്റെ ഭൂപ്രകൃതിയും കാറ്റിന്റെ ഗതിയുമാണ്. ഇറാന്റെ തെക്കുപടിഞ്ഞാറൻ തൂരത്തുള്ള ബുഷെഹർ ആണവനിലയവും അറബിരാജ്യ തലസ്ഥാനങ്ങളായ കുവൈറ്റ് സിറ്റി, മനാമ (ബഹ്റൈൻ), ദോഹ (ഖത്തർ) എന്നിവയും തമ്മിലുള്ള അകലെത്തെക്കാൾ ദൂരെയാണ് ടെഹ്റാൻ. മറ്റൊന്ന് പ്രകൃതി ഇറാനു നൽകിയിരിക്കുന്ന പർവത കവചമാണ്. പേർഷ്യൻ ഉൾക്കടലിന് സമാന്തരമായി തീരപ്രദേശത്തിനപ്പുറം (അവിടെയാണ് ബുഷെഹർ) നിലകൊള്ളുന്ന സാഗ്രോസ് മലനിരകൾ ഇറാനിലെ ജനങ്ങളുടെ ഭൂരിഭാഗവും പാർക്കുന്ന പീഠഭൂമിയെ വികിരണത്തിൽ നിന്ന് സംരക്ഷിക്കും. മൂന്നാമത്തേത്, വടക്കു പടിഞ്ഞാറു നിന്നും (ഇറാൻ, ഇറാഖ് ദിശ) അറേബ്യൻ ഉപഭൂഖണ്ഡത്തിലേക്ക് വീശുന്ന ഷമാൽ കാറ്റാണ്. ബുഷെഹറിൽ വികിരണത്തിന്റെ മേഘമുണ്ടായാൽ അത് യുഎഇ, ഖത്തർ, ബഹ്റൈൻ മേഖലയിലേക്ക് നീങ്ങും. അടിസ്ഥാനസൗകര്യങ്ങളെ ആക്രമിക്കുമെന്ന ഭീഷണി യുദ്ധക്കുറ്റമാണെന്നും അമേരിക്കയെ അതിന് സഹായിക്കുന്ന രാജ്യങ്ങൾക്ക് നിയമപരമായ ഉത്തരവാദിത്തം പങ്കുവെക്കേണ്ടിവരുമെന്നും ഇറാൻ വിദേശമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. സമാധാനത്തിന് അമേരിക്ക മുന്നോട്ടുവെച്ച പതിനഞ്ചിന പരിപാടി അസ്വീകാര്യമാണെന്നും വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാനിൽ പത്തു വയസ്സിനു താഴെയുള്ള ആറു കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലിൽ ഹൈഫ നഗരത്തിലെ പത്തിടങ്ങളിലും യുഎഇയിലെയും സൗദിയിലെയും ചില കേന്ദ്രങ്ങളിലും ഇറാന്റെ മിസൈലാക്രമണമുണ്ടായി. ലെബനോൻ, ഗാസ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽ ഇസ്രയേലിന്റെ സൈനികനടപടികൾ തുടരുകയാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ അതിജീവിച്ചാൽ ഇറാൻ ഈ യുദ്ധം ജയിക്കില്ലെന്നത് ഉറപ്പാണ്. അത്രയ്ക്കധികമാണ് ഇതിനകം അവിടെയുണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ. ഒരുമാസമായി ഇന്റർനെറ്റില്ലാത്ത രാജ്യത്ത് വൈദ്യുതിനിലയങ്ങൾ കൂടി തകർക്കപ്പെട്ടാൽ ജനജീവിതം പരമദുരിതമാവും. എങ്കിലും ഒടിവും മുറിവും ചതവും എത്ര കൂടുതലായാലും ഇറാൻ യുദ്ധത്തെ അതിജീവിക്കുന്നതു തന്നെ ജനതയും ലോകവും വൻവിജയമായി കണക്കാക്കും. ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യത്തെ തിരിച്ചോടിക്കുന്നത് ചെറിയ കളിയല്ല. അമേരിക്ക പിൻവാങ്ങിക്കഴിഞ്ഞാൽ ഇറാൻ ഹോർമുസിന്റെ സുൽത്താൻ ആയി ഉയരുമെന്നാണ് നിരീക്ഷകർ പറയുന്നത്. ലോകത്തിലെ ഊർജവ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോവുന്ന ഈ സമുദ്രപാതയിൽ അവർ ടോൾ പിരിക്കുന്നത് തടയാൻ ആർക്കുമാവില്ല. ഇപ്പോൾ തന്നെ ചൈനീസ് കറൻസിയിലാണ് അവരുടെ പിരിവ്. പെട്രോഡോളറിന്റെ സ്തംഭങ്ങൾ വിറപ്പിക്കുന്ന കാര്യം. ഇറാൻ ജയിച്ചാൽ പിന്നീടെന്താവും എന്ന ആധിയാണ് ഗൾഫ് രാജ്യങ്ങൾക്ക്. എന്തുപ്രശ്നം വന്നാലും അമേരിക്ക സംരക്ഷിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. പക്ഷേ, മിക്കവാറും ജിസിസി രാജ്യങ്ങളിൽ അമേരിക്കൻ സൈനികതാവളങ്ങൾ ഉണ്ടായിട്ടും അവ ഇറാന്റെ വ്യോമാക്രമണത്തിന് ഇരയായി. റിഫൈനറികൾ, തുറമുഖങ്ങൾ, കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകൾ എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. എണ്ണ, പാചകവാതക ഉൽപ്പാദനങ്ങൾ വലിയ തോതിൽ തടസ്സപ്പെട്ടത് പുനഃസ്ഥാപിക്കാൻ മാസങ്ങൾ വേണ്ടിവരും. അമേരിക്കയുടെ സംരക്ഷണം നോക്കിയിരുന്നാൽ ചതിക്കപ്പെടുമെന്ന് അവർക്ക് ബോധ്യമായിരിക്കുന്നു. ജിസിസി രാജ്യങ്ങൾ മറ്റൊരു സംരക്ഷകനെ തേടുന്നിടത്തേക്ക് നിശബ്ദമായി എത്തുക ചൈനയാവും. 2023-ൽ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ധാരണയ്ക്ക് ചൈന മധ്യസ്ഥത വഹിച്ചത് ഇപ്പോൾ കൂടുതൽ പ്രസക്തമാകുന്നു. ബെൽറ്റ്, റോഡ് സംരംഭം, വൈദ്യുതവാഹന വിതരണശൃംഖല, സോളാർ പാനലുകൾ, ആണവസാങ്കേതികവിദ്യ തുടങ്ങിയവയിൽ ചൈനയുടെ ഇടപെടൽ ആകർഷകമാണ്. ഇറാനുമായി അടുത്ത സഹകരണമുള്ള ചൈനയും റഷ്യയും മധ്യപൂർവേഷ്യയിൽ കൂടുതൽ കരുത്തരാവുന്നത് ദീർഘകാല അമേരിക്കൻ പദ്ധതികൾക്ക് മങ്ങലേൽപ്പിക്കും. അപൂർവഭൗമ മൂലകങ്ങളുടെയും ധാതുക്കളുടെയും കാര്യത്തിൽ കുത്തകയുള്ള ചൈനയെ തളയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അവർക്ക് ഏറ്റവുമധികം ഊർജം വിൽക്കുന്ന വെനസ്വേലയെയും ഇറാനെയും പൂട്ടാനുള്ള അമേരിക്കൻ നീക്കം. പക്ഷേ, ഹോർമുസ് നിയന്ത്രണത്തിലാക്കാതെ ട്രംപ് 'ടാക്കോ' (TACO, 'ട്രംപ് എപ്പോഴും തോറ്റോടും',Trump Always Chickens Out) അടിച്ചാൽ അതിനെക്കുറിച്ച് ആലോചിക്കേണ്ട!

ട്രംപ് 'ടാക്കോ' അടിക്കുമോ, ഇറാൻ ഹോർമുസിന്റെ സുൽത്താനാവുമോ; അവസാനത്തെ ചിരി ചൈനയുടേതോ?
M
MathrubhumiSource Link
about 1 month ago