ട്രെക്കിങ്ങിലെ പാഠങ്ങൾ

ട്രെക്കിങ്ങിലെ പാഠങ്ങൾ

M
MathrubhumiSource Link
Last Updated: 07 April 2026, 03:49 AM IST ട്രെക്കിങ് പ്രോത്സാഹനീയമായ സാഹസികതയാണെങ്കിലും ശരണ്യയുടെ അനുഭവത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട് കർണാടകത്തിലെ കുടകിൽ സാഹസികനടത്ത(ട്രെക്കിങ്)ത്തിനിടെ ഉൾവനത്തിൽ കുടുങ്ങിപ്പോയ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ രക്ഷിക്കാനായത് ഒട്ടൊന്നുമല്ല ആശ്വാസമായത്. വഴിതെറ്റി ഒറ്റപ്പെട്ടുപോയെന്നറിഞ്ഞിട്ടും മൂന്നു രാത്രിയും രണ്ടു പകലും കൊടുംകാട്ടിൽ മനോധൈര്യം കൈവിടാതെ പിടിച്ചുനിന്ന ശരണ്യ അനുമോദനം അർഹിക്കുന്നു. ഗോത്രവർഗക്കാരടക്കം നൂറുപേരുൾപ്പെട്ട ദൗത്യസംഘത്തിന്റെ ശ്രമഫലമായാണ് രക്ഷിക്കാനായത്. നാലുദിവസം വെള്ളംമാത്രംകുടിച്ചുജീവിച്ചിട്ടും ശരണ്യക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു. വർഷങ്ങളായുള്ള ട്രെക്കിങ് പരിചയവും മനോബലവും തിരിച്ചുവരവിനുള്ള കരുത്തായി. ഉൾക്കരുത്തിന്റെ പ്രതീകമായ ശരണ്യയെയും കൈമെയ് മറന്നുപ്രവർത്തിച്ച രക്ഷാസംഘത്തെയും രക്ഷാശ്രമം ഏകോപിപ്പിച്ച കേരള-കർണാടക സർക്കാരുകളെയും നമുക്ക് അഭിവാദ്യംചെയ്യാം. കക്കബ്ബെ ഗ്രാമത്തിലെ ഹോംസ്റ്റേയിൽനിന്ന് പന്ത്രണ്ടംഗസംഘത്തിന്റെഭാഗമായാണ് ശരണ്യ ട്രെക്കിങ്ങിനുപോയത്. കൂടെ വഴികാട്ടിയുമുണ്ടായിരുന്നു. ഒരുമണിക്കൂറിനകം കൂട്ടംതെറ്റിയതാണ് പ്രശ്നമായത്. വിനോദത്തിനും സാഹസത്തിനുമായി കാടും മലയും താണ്ടാൻ താത്പര്യപ്പെടുന്നവർക്ക് ശരണ്യയുടെ അനുഭവത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട്. കഴിയുന്നതും സംഘമായി സഞ്ചരിക്കാനും കൂട്ടംതെറ്റാതിരിക്കാനും ശ്രദ്ധിക്കുകയെന്നതുതന്നെയാണ് ഏറ്റവും പ്രധാനം. ശരണ്യക്കൊപ്പം ട്രെക്കിങ്ങിനുപോയ മറ്റെല്ലാവരും നിശ്ചിതസമയത്ത് സുരക്ഷിതരായി മടങ്ങിയെത്തിയെന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. ദൗർഭാഗ്യവശാൽ കൂട്ടംതെറ്റി വനത്തിൽ കുടുങ്ങിയെങ്കിലും അത്തരം അവസരങ്ങളിൽ രക്ഷാപ്രവർത്തനം എളുപ്പമാക്കുന്നതിനു ചെയ്യേണ്ട ചില കാര്യങ്ങൾ ശരണ്യ കൃത്യമായി ചെയ്തു. തുറസ്സായതും ഉയർന്നതുമായ പ്രതലത്തിൽ തങ്ങുക, ഉറക്കെ ഒച്ചയുണ്ടാക്കുക എന്നിവയാണ് ആ കാര്യങ്ങൾ. അര ലിറ്റർ വെള്ളംമാത്രമേ കൈവശമുണ്ടായിരുന്നുള്ളൂവെങ്കിലും കുളിരരുവിക്കുസമീപത്തു നിലയുറപ്പിച്ചതിനാൽ കുടിവെള്ളത്തിനു മുട്ടുണ്ടായതുമില്ല. എന്നാൽ, രണ്ടുമണിക്കൂറത്തെ ട്രെക്കിങ്ങാണ് ഉദ്ദേശിച്ചിരുന്നതെന്നതിനാൽ ശരണ്യ ലഘുഭക്ഷണമോ മൊബൈൽഫോൺ ചാർജുചെയ്യാനുള്ള പവർബാങ്കുപോലുള്ള സൗകര്യങ്ങളോ കൈയിൽ കരുതിയിരുന്നില്ല. ഇത് ഇത്തരം സാഹസികയാത്രകൾ നടത്തുന്നവർക്ക് മറ്റൊരു പാഠമാണ്. ഹ്രസ്വസഞ്ചാരമാണെങ്കിലും ക്ലിഷ്ടപ്രദേശങ്ങളിൽ കുടുങ്ങിപ്പോകാനുള്ള സാധ്യതകൂടി കണക്കിലെടുത്തുവേണം ആസൂത്രണങ്ങൾനടത്താൻ എന്നതാണ് ആ പാഠം. വഴികാട്ടികളുടെകൂടെമാത്രം സഞ്ചരിക്കുകയെന്നതും ട്രെക്കിങ്ങിലെ അവശ്യപാഠമാണ്. ട്രെക്കിങ് ദുരന്തങ്ങൾ നമ്മുടെ രാജ്യത്ത് പതിവില്ലാത്തതല്ല. തമിഴ്‌നാട്-കേരള അതിർത്തിയിൽ തേനിക്കുസമീപം കൊരങ്ങിണിമലയിൽ ട്രെക്കിങ്ങിനിടെ കാട്ടുതീയിൽപ്പെട്ട് പത്തിലധികംപേർ മരിച്ചത് 2018-ലാണ്. 2024 ജൂണിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രെക്കിങ്ങിനിടെ മഴയിലും മഞ്ഞുവീഴ്ചയിലുംപെട്ടുമരിച്ച ഒൻപതുപേരിൽ ഒരു മലയാളിവനിതയുമുണ്ടായിരുന്നു. 2022 ഫെബ്രുവരിയിൽ പാലക്കാട് മലമ്പുഴയിൽ അകാരണമായി മലകയറിപ്പോയ യുവാവ് മലയിടുക്കിൽവീണ് ദിവസങ്ങളോളം കുടുങ്ങിപ്പോയത് കേരളത്തെ ഞെട്ടിച്ച സംഭവമാണ്. പ്രത്യേകപരിശീലനം സിദ്ധിച്ച സൈന്യത്തിന്റെ നീണ്ട പരിശ്രമഫലമായാണ് യുവാവിനെ രക്ഷിച്ചത്. പൊതുഖജനാവിന് അതുണ്ടാക്കിയ വലിയ പാഴ്‌ച്ചെലവ് അന്നു വാർത്തയായതാണ്. ട്രെക്കിങ് പ്രോത്സാഹനീയമായ സാഹസികതയാണെങ്കിലും അതിനു തിരിക്കുന്നവർ ആവശ്യമായ എല്ലാ മുൻകരുതലുകളുമെടുക്കുകയും അധികൃതർ അനുശാസിക്കുന്ന ചട്ടങ്ങൾ കൃത്യമായി പാലിക്കുകയുംവേണം. കൂട്ടംതെറ്റി ദുഷ്‌കരമേഖലകളിൽ ഒറ്റപ്പെട്ടുപോയാൽ അവനവനുണ്ടാകുന്ന ദുരന്തത്തെക്കുറിച്ചും കുടുംബത്തിനുണ്ടാകുന്ന വേവലാതിയെപ്പറ്റിയും ചിന്തയുണ്ടാകണം. കൂടാതെ, അത്തരം സാഹചര്യത്തിൽ, രക്ഷാദൗത്യമടക്കം ഭരണകൂടസംവിധാനങ്ങൾക്ക് ഏറ്റെടുക്കേണ്ടിവരുന്ന അധികഭാരത്തെയും വൃഥാവ്യയത്തെയുംകുറിച്ചും ബോധമുണ്ടാകണം. To advertise here, Published: 07 Apr 2026, 03:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രെക്കിങ്ങിലെ പാഠങ്ങൾ — Mathrubhumi | Boolokam | Boolokam