ഡയബറ്റിസ്, ഹൃദ്രോഗം, കരൾ രോഗങ്ങൾ; വ്യായാമത്തിലൂടെ 8 രോഗങ്ങളെ പ്രതിരോധിക്കാമെന്ന് ഗവേഷകർ

ഡയബറ്റിസ്, ഹൃദ്രോഗം, കരൾ രോഗങ്ങൾ; വ്യായാമത്തിലൂടെ 8 രോഗങ്ങളെ പ്രതിരോധിക്കാമെന്ന് ഗവേഷകർ

M
MathrubhumiSource Link
Last Updated: 30 March 2026, 04:45 PM IST Representative Image| Photo: Canva.com വ്യായാമത്തിന്റെ ആരോഗ്യഗുണങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങൾ പുറത്തുവരാറുണ്ട്. പലപ്പോഴും സമയമില്ലെന്നും മറ്റും പറഞ്ഞ് വ്യായാമം ചെയ്യാതിരിക്കുന്നവരും ഒട്ടേറെയുണ്ട്.. എന്നാൽ, വ്യായാമം ചെയ്യുന്നതിലൂടെ എട്ട് പ്രധാന രോഗങ്ങളെ പ്രതിരോധിക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. To advertise here, ഊർജസ്വലതയോടെ, വിട്ടുവീഴ്ചയില്ലാതെ വ്യായാമം ചെയ്യുന്നവരിൽ ഹൃദ്രോഗങ്ങൾ, ടൈപ് 2 ഡയബറ്റിസ്, നീർവീക്കംമൂലം ഉണ്ടാകുന്ന രോഗങ്ങൾ, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, ഡിമെൻഷ്യ, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറവായിരിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. യു.കെയിൽനിന്നുള്ള 96,480 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കാളികളായവർ വ്യായാമം ചെയ്യുന്നതിന്റെ തീവ്രത അളക്കാനുള്ള ഡിവൈസ് ധരിക്കുകയും ചെറിയ തോതിലുള്ള ശാരീരിക പ്രവർത്തനങ്ങൾ മുതൽ തീവ്രമായ വ്യായാമം വരെ എന്നിങ്ങനെ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നുള്ള ഏഴു വർഷം ഇവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് പ്രധാന രോഗങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്തത്. തുടർന്നാണ് തീവ്രവ്യായാമം ചെയ്യുന്നവരിൽ ഡിമെൻഷ്യക്കുള്ള സാധ്യത 63 ശതമാനവും‌ ടൈപ് 2 ഡയബറ്റിസിനുള്ള സാധ്യത 60 ശതമാനവും വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് അകാലമരണത്തിനുള്ള സാധ്യത 46 ശതമാനവും കുറവാണെന്ന് കണ്ടെത്തിയത്. വ്യായാമത്തിന്റെ തീവ്രതയും ചില രോഗങ്ങളും തമ്മിലും ബന്ധമുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. ആർത്രൈറ്റിസ്, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ വ്യായാമത്തിന്റെ തീവ്രതയാണ് പ്രധാനമെന്നും പ്രമേഹം, കരൾ രോഗങ്ങൾ തുടങ്ങിയവ പ്രതിരോധിക്കുന്നതിൽ തീവ്രതയ്ക്കൊപ്പം എത്ര സമയം വ്യായാമം ചെയ്യുന്നു എന്നതുകൂടി പ്രധാനമാണെന്നും ഗവേഷകർ പറയുന്നു. അതേസമയം പ്രായമായവർ, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവർ തീവ്രവ്യായാമം ചെയ്യും മുമ്പ് വിദഗ്ധ ഉപദേശം തേടേണ്ടത് പ്രധാനമാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത് ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധ പരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ. എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്. ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്. ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ. പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം. നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്. വാം അപ് നിർബന്ധം വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചു മിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം. വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും. ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്‌, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്. വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം. Content Highlights: Intense physical activity significantly reduces risks of 8 chronic diseases., Key conditions prevented include Type 2 diabetes, dementia, and heart disease. Published: 30 Mar 2026, 04:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡയബറ്റിസ്, ഹൃദ്രോഗം, കരൾ രോഗങ്ങൾ; വ്യായാമത്തിലൂടെ 8 രോഗങ്ങള… | Boolokam