ഡീലുകൾ പറയുന്നത് | വഴിപോക്കൻ

ഡീലുകൾ പറയുന്നത് | വഴിപോക്കൻ

M
MathrubhumiSource Link
ഡീ ലുകളുടെ ചരിത്രം ഒരിക്കലും ഒരു വഴിക്കുള്ള സഞ്ചാരമല്ല. നിലനിൽപ്പിനും അതിജീവനത്തിനും അധികാരത്തിനുമായി ഉടമ്പടികളിൽ ഏർപ്പെടുന്നവരിൽ ഇന്നലത്തെ ശത്രു ഇന്നത്തെ മിത്രവും ഇന്നത്തെ മിത്രം നാളത്തെ ശത്രുവുമാവും. അതുകൊണ്ടുതന്നെ ഒരു രഹസ്യ ഉടമ്പടിയും അധികകാലം മൂടിവെയ്ക്കാനാവില്ല. പരസ്യമായ ധാരണകളല്ല രഹസ്യ ഉടമ്പടികളെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് ഇന്നിപ്പോൾ കേരള രാഷ്ട്രീയത്തെ ബഹളമയമാക്കുന്നത്. ബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ എന്ന് പറഞ്ഞാൽ പിണറായി വിജയനും രാജീവ് ചന്ദ്രശേഖറും തമ്മിൽ നേർക്കുനേർ ഇരുന്നാണോ അതോ മദ്ധ്യസ്ഥർ മുഖേനയാണോ കരാറാവുന്നത്? കോൺഗ്രസും ബിജെപിയും തമ്മിലാണെങ്കിൽ പിണറായിക്ക് പകരം വിഡിഎസ് വരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്? ഒറ്റനോട്ടത്തിൽ സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല ഇത്തരം ആഖ്യാനങ്ങൾ. To advertise here, രണ്ട് രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള രഹസ്യധാരണയല്ല പലപ്പോഴും ഡീലായി ചിത്രീകരിക്കപ്പെടുന്നത്. കേരളത്തിൽ ഭരണം പിടിക്കാൻ അടുത്ത കാലത്തെങ്ങുമാവില്ലെന്ന് ബിജെപിക്കറിയാം. അപ്പോൾ പിന്നെ കോൺഗ്രസ് വരുന്നതാണോ സിപിഎം വരുന്നതാണോ തങ്ങൾക്ക് നല്ലതെന്ന് ബിജെപി ആലോചിക്കും. കോൺഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെങ്കിൽ തങ്ങൾ വിജയിക്കാൻ സാദ്ധ്യതയില്ലാത്ത ചില മണ്ഡലങ്ങളിൽ സിപിഎമ്മിനെ സഹായിക്കുന്ന നിലപാട് ബിജെപി എടുത്തേക്കാം. തൃപ്പൂണിത്തുറയിലും ഏറ്റുമാനൂരും സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കുന്നതിലൂടെ ബിജെപി ഇതാണ് ചെയ്യുന്നതെന്ന ആരോപണം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇതൊരാരോപണമാണ്. ഒരു സഖ്യമുണ്ടാക്കുമ്പോൾ ജയിക്കാൻ സാദ്ധ്യതയുള്ള എല്ലാ സീറ്റുകളും മുഖ്യ പാർട്ടിക്ക് എടുക്കാനാവില്ല. പാലക്കാടും മഞ്ചേശ്വരവും നേമവും കഴക്കൂട്ടവും ബിജെപിക്ക് സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കാനാവില്ല. അപ്പോൾ പിന്നെ ഏറ്റുമാനൂരും തൃപ്പൂണിത്തുറയുമെങ്കിലും ട്വന്റി20ക്ക് കൊടുക്കണ്ടേ? കാർട്ടൂൺ | ഗോപീകൃഷ്ണൻ സ്റ്റാലിൻ- ഹിറ്റ്‌ലർ ഉടമ്പടി എന്നുവെച്ച് എല്ലാമെല്ലാം നിഷ്‌കളങ്കമാണെന്ന് കരുതണമെങ്കിൽ നമ്മൾ മലയാളികൾ അരിയാഹാരം ഉപേക്ഷിക്കേണ്ടി വരും. ഒരു പാലമിട്ടാൽ ഇങ്ങോട്ട് മാത്രമല്ല അങ്ങോട്ടും സഞ്ചാരമുണ്ടാവും. അടവുനയം, സാഹചര്യങ്ങളുടെ സമ്മർദ്ദം എന്നിങ്ങനെയുള്ള വ്യാഖ്യാനങ്ങൾ ഉടലെടുക്കുന്നത് ഈ സഞ്ചാരങ്ങളുടെ ന്യായീകരണത്തിനാണ്. ഉടമ്പടികൾ അഥവാ ഡീലുകൾ വർത്തമാന കാലത്തിന്റേതാണ്. വർത്തമാനമാണ് ഭൂതവും ഭാവിയും ആവുന്നത് എന്നതിനാൽ കാലത്തെയും കാരണഭൂതനെയും അറിയാൻ ഉടമ്പടികൾ പോലെ മികച്ച പാഠപുസ്തകങ്ങൾ മറ്റേതാണുള്ളത്! സ്റ്റാലിനും ഹിറ്റ്‌ലറും തമ്മിലുണ്ടാക്കിയ 1939-ലെ ഉടമ്പടി മറക്കാനാവുമോ? നാസികളെയും കമ്മ്യൂണിസ്റ്റുകാരെയും ഒരുപോലെ ഞെട്ടിച്ച ഡീൽ ആയിരുന്നു അത്. ഇത്രയും നാൾ പരസ്പരം ചെളി വാരിയെറിഞ്ഞത് എന്തിനായിരുന്നെന്നോർത്ത് ഇരുകൂട്ടരും ഒരുപോലെ സ്തബ്ധരായി. സോവിയറ്റ് യൂണിയനെ ബലപ്പെടുത്താൻ സമയം വേണം. അതിന് വേണ്ടിയുള്ളതായിരുന്നു ഉടമ്പടി എന്നാണ് സ്റ്റാലിൻ പറഞ്ഞത്. എന്തായാലും രണ്ടു കൊല്ലത്തിനപ്പുറം ജർമ്മനി റഷ്യയെ ആക്രമിച്ചതോടെ ആ ഡീലിന് പരിസമാപ്തിയായി. നാസികളെയും ഫാസിസ്റ്റുകളേയും ഏത് ഇരുട്ടിലും തിരിച്ചറിയാൻ കഴിയുന്നാളായിരുന്നു ജവഹർലാൽ നെഹ്രു. അവരുമായി ഒരു ഡീലിനും നെഹ്രു തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ജപ്പാനുമായി ചേർന്ന് യുദ്ധത്തിന് വന്നാൽ സുഭാഷ് ചന്ദ്ര ബോസിനെതിരെയും പോരാടുമെന്ന് നെഹ്രു പറഞ്ഞത്. ലക്ഷ്യം കാണാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുക ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വഴിയായിരുന്നില്ല. കാർട്ടൂൺ | ഗോപീകൃഷ്ണൻ സംഘവും സിപിഎമ്മും സ്വാതന്ത്ര്യ സമരകാലത്ത് ആർഎസ്എസിന്റെ ഉടമ്പടി ബ്രിട്ടീഷുകാരുമായിട്ടായിരുന്നു എന്നത് രഹസ്യമല്ല. സംഘത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന ഡോ. ഹെഡ്‌ഗെവാറിനും ഗോൾവാൾക്കർക്കും മുഖ്യശത്രു ആരാണെന്ന കാര്യത്തിൽ ഒരു സംശയവുമുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും ഒരുപോലെ അകറ്റിനിർത്താനായിരുന്നു സംഘത്തിന് താൽപര്യം. ഹിന്ദു- മുസ്ലിം മൈത്രിക്കായി നിലയുറപ്പിച്ച ഗാന്ധിജിയുടെ ആശയങ്ങൾ സംഘത്തിന് ഒരു തരത്തിലും ഉൾക്കൊള്ളാനാവുമായിരുന്നില്ല. ഗാന്ധിവധത്തിനു ശേഷം കോൺഗ്രസ് ഭരണകൂടവുമായി പല വട്ടം സംഘം പല വിധ ഡീലുകൾക്കും ശ്രമിച്ചു. അന്ന് സംഘത്തെ നിരോധിച്ച സർദാർ പട്ടേൽ സംഘത്തിന് പ്രിയപ്പെട്ട നേതാവായി എന്നതാണ് ചരിത്രവുമായി സംഘം നടത്തിയ ഒരു സുപ്രധാന ഉടമ്പടി. ഗാന്ധിവധത്തിന്റെ നിഴലിൽനിന്നു സംഘത്തെ രക്ഷിച്ചെടുത്തത് ജയപ്രകാശ് നാരായണനായിരുന്നു. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജെ.പി. കെട്ടിപ്പടുത്ത മുന്നേറ്റത്തിൽ സംഘത്തിനൊപ്പം പങ്കാളിയായി എന്നത് ഇന്നും സിപിഎമ്മിനെ പിന്തുടരുന്നുണ്ട്. ആർഎസ്എസുമായോ ജനസംഘവുമായോ നേരിട്ടുള്ള ഉടമ്പടിയായിരുന്നില്ല അത്. ആർഎസ്എസ് ബന്ധം ഉപേക്ഷിക്കും എന്ന ഉറപ്പ് നൽകിയാണ് ജനസംഘം പ്രവർത്തകർ ജെ.പിക്കൊപ്പം ചേർന്നത്. പക്ഷേ, ഈ ഡീലിനെ അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി പി .സുന്ദരയ്യ നഖശിഖാന്തം എതിർത്തു. ജെ.പി. മൂവ്മെന്റിൽ ജനസംഘത്തിന്റെ സാന്നിദ്ധ്യമുണ്ടെന്നും വലതുപക്ഷ പ്രസ്ഥാനങ്ങളുമായി ഒരു തരത്തിലും കൈകോർക്കാനാവില്ല എന്നുമായിരുന്നു സുന്ദരയ്യയുടെ നിലപാട്. ഒടുവിൽ പാർട്ടി കേന്ദ്ര കമ്മിറ്റി ഡീലിന് പച്ചക്കൊടി കാട്ടിയപ്പോൾ സുന്ദരയ്യ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുകയും ചെയ്തു. സിപിഎം സുന്ദരയ്യയുടെ സമീപനം തള്ളിക്കളഞ്ഞു. 1977-ലെ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ കൂത്തുപറമ്പിൽ മത്സരിച്ചത് ജനസംഘത്തിന്റെ പിന്തുണയോടെയാണെന്ന് പറയുന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. കാരണം ആ തിരഞ്ഞെടുപ്പിൽ സിപിഎം സന്ധിയുണ്ടാക്കിയത് ജനത പാർട്ടിയുമായിട്ടായിരുന്നു, ജനസംഘവുമായിട്ടായിരുന്നില്ല. തത്വത്തിൽ ജനസംഘം ഇല്ലാതായതുകൊണ്ടാണ് ജനത പാർട്ടിയിൽനിന്ന് പുറത്തുവന്നപ്പോൾ വാജ്‌പേയിയും മുരളി മനോഹർ ജോഷിയും അദ്വാനിയുമൊക്കെ ചേർന്ന് 1980-ൽ ബിജെപി ഉണ്ടാക്കിയത്. കാർട്ടൂൺ | ഗോപീകൃഷ്ണൻ കോ-ലീ-ബി അടിയന്തരാവസ്ഥയിൽ ഇന്ദിര ഭരണകൂടവുമായി ആർഎസ്എസ് ഉടമ്പടിയുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണം കാണാതിരിക്കേണ്ട കാര്യമില്ല. എങ്ങിനെയെങ്കിലും ജയിൽ മോചിതരാവണമെന്ന് സർസംഘ് ചാലക് ബാലസാഹെബ് ദേവറസും കൂട്ടരും ആലോചിച്ചതിന്റെ ഫലമായിരുന്നു ഈ ഉടമ്പടി നീക്കങ്ങൾ. ഇന്ദിര പക്ഷേ, വഴങ്ങിയില്ല. 1977-ലെ പൊതു തിരഞ്ഞെടുപ്പിൽ അങ്ങിനെ ഇന്ദിരയ്ക്കും കോൺഗ്രസിനുമെതിരെ ജെപിയുടെ നേതൃത്വത്തിൽ വിശാല മുന്നണിയിൽ ആർഎസ്എസും ജനസംഘവും ഒരുപോലെ പങ്കാളികളായി. 1980-ലെ തിരഞ്ഞെടുപ്പിൽ പക്ഷേ, സംഘം ഇന്ദിരയ്ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്ന് നീരജ ചൗധരിയുടെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സിഖ് തീവ്രാദികൾക്കെതിരെ നടത്തിയ ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഇന്ദിരയെ ഒന്നുകൂടി സംഘത്തിന് പ്രിയങ്കരിയാക്കി. 1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംഘത്തിന്റെ അനുഗ്രഹവും ആശീർവ്വാദവും രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനായിരുന്നു എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 1992-ൽ ബാബറി മസ്ജിദ് തകർത്തപ്പോൾ മൗനിയായിരുന്ന പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനെതിരെ ഉയർന്ന ശക്തമായ ആരോപണം റാവു സർക്കാർ ആർഎസ്എസും ബിജെപിയുമായി രഹസ്യ ഉടമ്പടി ഉണ്ടാക്കിയിരുന്നുവെന്നാണ്. കോൺഗ്രസിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കുകളുടെ ശിഥിലീകരണം അവിടെത്തുടങ്ങി. ശബാനുകേസിൽ സുപ്രീം കോടതി വിധി അട്ടിമറിക്കാൻ കൊണ്ടുവന്ന നിയമം അതിനകം തന്നെ കോൺഗ്രസിന്റെ ഹിന്ദു വോട്ട് ബാങ്കിലും ചോർച്ചയുണ്ടാക്കിയിരുന്നു. 1991-ൽ കേരളത്തിൽ കോൺഗ്രസും മുസ്ലിംലീഗും ബിജെപിയും ഒന്നിച്ച് വടകരയിലും ബേപ്പൂരും ഇടതു മുന്നണിക്കെതിരെ കളത്തിലിറങ്ങി എന്ന ആരോപണം കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഉദാഹരണമായി സിപിഎം എന്നും ഉയർത്തിക്കാട്ടുന്ന ഒന്നാണ്. തിരഞ്ഞെടുപ്പിലെ ഇത്തരം ഡീലുകൾ പ്രകടമാവുന്നത് പലപ്പോഴും സ്ഥാനാർത്ഥി നിർണ്ണയത്തിലാണ്. വടകരയിലും ബേപ്പൂരും ബിജെപിക്ക് സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല എന്നും ബിജെപിയുടെ വോട്ടുകൾ കോൺഗ്രസ് മുന്നണിക്ക് അനുകൂലമായി തിരിച്ചുവിട്ടു എന്നുമാണ് ആരോപണം. മുൻ അഡ്വക്കറ്റ് ജനറൽ എം. രത്‌നസിങ്ങായിരുന്നു യുഡിഎഫ് സ്വതന്ത്രനായി ഇടതു മുന്നണിയുടെ കെ.പി. ഉണ്ണികൃഷ്ണനെ വടകരയിൽ നേരിട്ടത്. ബോഫോഴ്‌സ് കേസിൽ രാജീവ് ഗാന്ധിക്ക് തലവേദന സൃഷ്ടിച്ച ഉണ്ണികൃഷ്ണനെ ഏതുവിധേനയും വടകരയിൽ തോൽപിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാന്റ് നിശ്ചയിച്ചതാണ് 'കോലിബി' സഖ്യത്തിലേക്ക് നയിച്ചതെന്നായിരുന്നു വിലയിരുത്തൽ. എപ്പിലോഗ് (ഉപസംഹാരം) എന്ന് പേരിട്ട ആത്മകഥയിൽ രത്‌നസിങ് ഈ സഖ്യത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അടിത്തട്ടിൽ സഖ്യം ഗുണം ചെയ്തില്ലെന്നും ഭൂരിപക്ഷം ബിജെപി പ്രവർത്തകരുടെയും വോട്ട് തനിക്ക് കിട്ടിയില്ലെന്നും രത്‌നസിങ് പറയുന്നു. ബേപ്പൂരിൽ കെ. മാധവൻകുട്ടിയായിരുന്നു യുഡിഎഫ് സ്വതന്ത്രൻ. രണ്ടിടത്തും ഡീലുകൾ വിജയിച്ചില്ല. വടകരയിൽ കെ.പി. ഉണ്ണികൃഷ്ണനും ബേപ്പൂരിൽ ടി.കെ. ഹംസയും വിജയിച്ചു. കുപ്രസിദ്ധമായ കോലിബി സഖ്യം അതോടെ കുഴിച്ചുമൂടപ്പെടുകയും ചെയ്തു. കാർട്ടൂൺ | ഗോപീകൃഷ്ണൻ നേമത്ത് വിരിഞ്ഞ താമര ഡീലിനെക്കുറിച്ചുള്ള ആലോചനയിൽ എപ്പോഴും ഉയർന്നുവരുന്ന ഒരു ചോദ്യം എങ്ങിനെയാണ് ഡീൽ അണികളെ ബോദ്ധ്യപ്പെടുത്തുക എന്നതാണ്. ഡീലുകൾ തകരുന്നത് പലപ്പോഴും അടിത്തട്ടിൽ അവ ഏറ്റെടുക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാവാതെ വരുമ്പോഴാണ്. ഇത്രയും നാൾ ശത്രുക്കളായി കരുതിയിരുന്നവരോട് സന്ധിചെയ്യാൻ നേതാക്കൾക്കായാലും അണികൾക്കായെന്നു വരില്ല. തമിഴകത്ത് ഡിഎംകെയും എഐഡിഎംകെയും തമ്മിലും കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലും സഖ്യം അസാദ്ധ്യമാവുന്നതും ഇതുകൊണ്ടാണ്. ഏറ്റവും അടിയുറച്ച പ്രവർത്തകർക്ക് പോലും ഇത്തരം രഹസ്യധാരണകൾ ഉൾക്കൊള്ളാൻ വിഷമമായിരിക്കും. ഉദാഹരണത്തിന് നേമത്ത് സിപിഎമ്മും ബിജെപിയും അല്ലെങ്കിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടാക്കിയാലും അത് അണികളെ ബോദ്ധ്യപ്പെടുത്തുക എളുപ്പമല്ല. ഇവിടെയാണ് ദുർബ്ബല സ്ഥാനാർത്ഥി രംഗപ്രവേശം ചെയ്യുക. 2016-ൽ നേമത്ത് യുഡിഎഫ് മുന്നണിയിൽ ജനതാദളിന്റെ വി. സുരേന്ദ്രൻപിള്ള ഇത്തരത്തിലൊരു സ്ഥാനാർത്ഥിയായിരുന്നു എന്നാണ് മുഖ്യമന്ത്രി പിണറായിയും സിപിഎമ്മും ആരോപിക്കുന്നത്. 13,860 വോട്ട് മാത്രമാണ് പിള്ള പിടിച്ചത്. ചരിത്രത്തിലാദ്യമായി നിയമസഭയിലേക്ക് ബിജെപി എംഎൽഎയുടെ കടന്നുവരവിന് അതോടെ അവസരമൊരുങ്ങുകയും ചെയ്തു. 2021-ൽ ഈ ആരോപണത്തിന് കോൺഗ്രസ് മറുപടി പറഞ്ഞത് കെ. മുരളീധരനെ കളത്തിലിറക്കിക്കൊണ്ടാണ്. 36,524 വോട്ടുകളാണ് മുരളി പിടിച്ചത്. ശിവൻകുട്ടിയുടെ വിജയത്തിന് അടിക്കല്ലിട്ടത് മുരളിയുടെ ഈ പ്രകടനമായിരുന്നു. മുരളി പിടിച്ച വോട്ടുകൾ ഇക്കുറി ശബരി പിടിക്കുമോ എന്നതിലായിരിക്കും രാജീവ് ചന്ദ്രശേഖറിന്റെ വിജയവും പരാജയവും . കാർട്ടൂൺ | ഗോപീകൃഷ്ണൻ ബാലശങ്കർ പൊട്ടിച്ച ബോംബ് ബിജെപി- സിപിഎം ഡീലുണ്ടെന്ന ബോംബ് 2021-ൽ പൊട്ടിച്ചത് ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈനസറുടെ മുൻ പത്രാധിപർ ആർ. ബാലശങ്കറാണ്. ഈ ലേഖകനുമായി നടത്തിയ അഭിമുഖത്തിലാണ് ബാലശങ്കർ സിപിഎമ്മിനെയും ബിജെപിയേയും പ്രതിരോധത്തിലാക്കിയ പ്രസ്താവന നടത്തിയത്. ചെങ്ങന്നൂരിൽ തന്നെ സ്ഥാനാർത്ഥിയാക്കാതിരുന്നത് ബിജെപി സംസ്ഥാന നേതൃത്വം സിപിഎമ്മുമായി തീർത്ത ധാരണയുടെ പുറത്തായിരുന്നു എന്നാണ് ബാലശങ്കർ ആരോപിച്ചത്. കെ. സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചത് ഈ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നെന്നും ബാലശങ്കർ പറഞ്ഞു. പക്ഷേ, നേമം ഉൾപ്പെടെ ഒരിടത്തും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനായില്ല. ഇക്കുറി പാലക്കാട് റസാക്കിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന ആരോപണമുണ്ട്. രമേശ് പിഷാരടി ജയിക്കുന്നത് വരെ മാത്രമേ ഈ ആരോപണത്തിന് ആയുസ്സുണ്ടാവുകയുള്ളു. കാർട്ടൂൺ | ഗോപീകൃഷ്ണൻ എംവിആറിന്റെ ബദൽ മുസ്ലിം ലീഗുമായി ധാരണ വേണമെന്ന് എം.വി. രാഘവൻ ആവശ്യപ്പെട്ടത് 1980-കളിൽ സിപിഎമ്മിൽ വലിയ പൊട്ടിത്തെറികളുണ്ടാക്കി. 1967-ൽ സിപിഎമ്മുമായി ഉണ്ടാക്കിയ സഖ്യമാണ് കേരളത്തിൽ മുസ്ലിം ലീഗിന് ആദ്യമന്ത്രിമാരെ സമ്മാനിച്ചത്. രണ്ട് വർഷത്തിന് ശേഷം മലപ്പുറം ജില്ല നിലവിൽ വരുന്നതിലും ഈ സഖ്യത്തിന് പങ്കുണ്ടായിരുന്നു. പക്ഷേ, ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരു പോലെ എതിർക്കപ്പെടേണ്ടതാണെന്ന നയമുയർത്തിപ്പിടിച്ച് ഇഎംഎസ്സും കൂട്ടരും നിലപാടെടുത്തതോടെ എം.വി.ആർ. സിപിഎമ്മിൽ നിന്ന് പുറത്തേക്ക് പോവുകയും സിഎംപി എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപമെടുക്കുകയും ചെയ്തു. അങ്ങിനെ നോക്കുമ്പോൾ മലപ്പുറം ജില്ലയുടെ പിറവിയിൽ മാത്രമല്ല, സിപിഎം കേരളത്തിൽ നേരിട്ട ഏറ്റവും വലിയ പിളർപ്പിന് പിന്നിലും മുസ്ലീം ലീഗിന് പങ്കുണ്ട്. തുടക്കത്തിൽ രാഘവനൊപ്പം നിന്ന സഖാക്കളായിരുന്നു നായനാരും എം.വി. ഗോവിന്ദനുമെന്നും പിന്നീടവർ ഔദ്യോഗിക പക്ഷത്തിലേക്ക് കൂറുമാറുകയായിരുന്നുവെന്നും സിഎംപിയുടെ അവശേഷിക്കുന്ന ജീവാത്മാവും പരമാത്മാവുമായ സി.പി. ജോൺ മാതൃഭൂമി ഡോട്ട് കോമിൽ എഴുതിയ ലേഖനത്തിൽ ഓർമ്മിപ്പിക്കുകയുണ്ടായി. നായനാർക്ക് പകരം വി.എസ്. അച്ച്യുതാനന്ദനെ 1985-ലെ പാർട്ടി കോൺഗസ് പോളിറ്റ് ബ്യുറൊയിലേക്ക് തിരഞ്ഞെടുത്തത് ഈ നിലപാടിനെച്ചൊല്ലിയായിരുന്നുവെന്നും നിരീക്ഷണമുണ്ട്. എന്തായാലും പാർട്ടിയുടെ പരമോന്നത നേതൃനിരയിൽ ഇടം പിടിക്കാൻ നായനാർക്ക് 1992 വരെ കാത്തിരിക്കേണ്ടി വന്നു. എം.വി. ഗോവിന്ദൻ ഇന്നിപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. പാർട്ടിയിലുണ്ടായിരുന്നെങ്കിൽ സി.പി. ജോൺ ആവുമായിരുന്നു ഒരുപക്ഷേ, ഇന്നാ സ്ഥാനത്തുണ്ടാവുമായിരുന്നത്. എസ്ഡിപിഐ, പിഡിപി, ജമാ അത്തെ ഇസ്ലാമി എന്നിവയുമായുള്ള ഡീലുകളും ഓരോ പാർട്ടിയും തരാതരം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ സാന്നിദ്ധ്യമില്ലെങ്കിലും അഖിലേന്ത്യ തലത്തിൽ ഡിലുകൾക്ക് പേര് കേട്ട ഒരു പാർട്ടി അസദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎം ആണ്. ബിജെപിക്ക് അനുകൂലമായി മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ഒവൈസിയുടെ ജീവിതലക്ഷ്യമെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. സംഗതി എന്തായാലും ഒവൈസിയുടെ ഇതുവരെയുള്ള നീക്കങ്ങളിൽ ഏറ്റവും കൂടുതൽ പരിക്ക് പറ്റിയിട്ടുള്ളത് കോൺഗ്രസ് മുന്നണിക്കാണെന്നുള്ളതിൽ തർക്കമുണ്ടാവാനിടയില്ല. കാർട്ടൂൺ | ഗോപീകൃഷ്ണൻ ആസ്ഥാന പാലങ്ങൾ പിഎം ശ്രീയിൽ പിണറായി സർക്കാർ ഒപ്പിട്ടതും ലാവ്‌ലിൻ കേസിൽ വാദം നടക്കാതെ പോവുന്നതും സിപിഎം- ബിജെപി ഡീൽ ആണെന്ന ആരോപണവും കാണാതിരിക്കേണ്ട കാര്യമില്ല. കേന്ദ്ര സർക്കാരിന്റെ പുതു വിദ്യാഭ്യാസ പദ്ധതി ഹിന്ദുത്വയുടെ വ്യാപനത്തിനുള്ള കുറുക്കുവഴിയാണെന്നായിരുന്നു ഇടത് മുന്നണിയുടെ കാഴ്ചപ്പാട്. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ടതോടെ ഈ വിദ്യാഭ്യാസ പദ്ധതിയുടെ തിലകക്കുറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പിഎം ശ്രീയോടുള്ള ചതുർത്ഥി രായ്ക്കുരാമാനം ഇല്ലാതായി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡൽഹിക്ക് പറന്ന് പിഎം ശ്രീയിൽ ഒപ്പു വെച്ചു. സിപിഐ ബഹളം വെച്ചതോടെയാണ് ഈ പദ്ധതിയിൽനിന്ന് ഇടതു സർക്കാർ പിന്മാറിയത്. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ആണ് ബിജെപിക്കും സിപിഎമ്മിനുമിടയിലുള്ള പാലം എന്നും ആരോപണമുണ്ട് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരിനും കേരള സർക്കാരിനുമിടയിൽ ബ്രിട്ടാസായിരുന്നു പാലമെന്നാണ് രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത്. എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും 'പാലം' വിഭാഗത്തിൽ പെടുന്നുണ്ടെന്നാണ് നിരീക്ഷണം. ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടതും എഡിജിപി അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതും തൃശ്ശൂർ പൂരം കലങ്ങിയതും ഗവർണ്ണർ ആർലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി നിർമ്മലാ സീതാരാമനെ കണ്ടതും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. എവിടെയോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക് മണക്കുന്നില്ലേ എന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാനാവില്ല. ജയരാജനും അജിത്കുമാറും പക്ഷേ, ഇപ്പോൾ ഒതുക്കപ്പെട്ട അവസ്ഥയിലാണ്. ഡീലുകൾക്ക് തലവെയ്ക്കുന്നവരുടെ ഭാവി ഒട്ടും തന്നെ ശോഭനമല്ല എന്നാണോ ഇതിന്റെയർത്ഥം? ജയരാജന്റെ ആത്മകഥയിൽ ഇതിനെക്കുറിച്ചൊന്നും ഒരു വെളിപ്പെടുത്തലുമുണ്ടായില്ല. അജിത്കുമാർ ആത്മകഥ എഴുതുകയാണെങ്കിൽ ചിലപ്പോൾ ചില സത്യങ്ങൾ പുറത്തുവന്നേക്കും. കാർട്ടൂൺ | ഗോപീകൃഷ്ണൻ ചർച്ചയാവാതെ പോവുന്നത് ബിജെപിയുമായി കോൺഗ്രസിനോ സിപിഎമ്മിനോ ഒരു ഡീലുണ്ടാക്കുക ഇനിയിപ്പോൾ ഒരുതരത്തിലും എളുപ്പമാവില്ല. അഖിലേന്ത്യാ തലത്തിൽ, എന്തിന് തൊട്ടടുത്ത് തമിഴകത്ത് കോൺഗ്രസും സിപിഎമ്മും ഒരേ മുന്നണിയിലാണ്. എന്നിരുന്നാലും അവർ രണ്ടല്ല ഒന്നാണ് എന്ന ബിജെപിയുടെ പരസ്യപ്രചാരണം ഏറ്റെടുക്കാൻ കേരളത്തിൽ ആളെ കിട്ടുമെന്നു തോന്നുന്നില്ല. കാരണം കേരളത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരിക്കലും ഒന്നിക്കാനാവില്ല. ബംഗാളിൽ സിപിഎം ക്ഷയിച്ചപ്പോഴാണ് ബിജെപി മുന്നേറിയത്. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും ഒരുപോലെ ക്ഷയിക്കുന്ന കാലമാണ് ബിജെപി ഉറ്റുനോക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ജയസാദ്ധ്യതയുണ്ടെന്ന് ബിജെപി കരുതുന്ന നേമം, കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം സീറ്റുകളിൽ ഇടതു മുന്നണിയും യുഡിഎഫും കളത്തിലിറക്കിയിട്ടുള്ളവർ ഡീലിന്റെ നിർവ്വചനങ്ങളുമായി ചേർന്നുപോകുന്നവരല്ല. എന്തായാലും മെയ് നാലിന് ഫലം പുറത്തുവരുന്നതോടെ ഡീലുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ള ആരോപണങ്ങളിൽ കൃത്യതയും തെളിച്ചവമുണ്ടാവും. ഡീൽ വിവാദം ഒരർത്ഥത്തിൽ സിപിഎമ്മിനെ സന്തോഷിപ്പിക്കുന്നുണ്ടാവും. കാരണം ഈ വാഗ്വാദങ്ങൾക്കിടയിൽ ശബരിമലയിലെ കൊള്ളയും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ തിരിച്ചടികളും തൊഴിലില്ലായ്മയും പിൻവാതിൽ നിയമനങ്ങളും അധികാരികളുടെ ഏകാധിപത്യ പ്രവണതകളും സ്ത്രീ സുരക്ഷയും ചർച്ചയാവാതെ പോവുന്നു. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറൊയുടെ കണക്കുകൾ അനുസരിച്ച് 2020-നും 2026-നുമിടയിൽ കേരളത്തിൽ 15,385 സ്ത്രീകൾ ബലാത്സംഗത്തിനിരയായി. 26,163 സ്ത്രീകൾക്ക് ഭർത്താക്കന്മാരിൽനിന്നും ബന്ധുക്കളിൽനിന്നും അതിക്രമങ്ങൾ നേരിട്ടു. ഇതൊന്നും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയേ അല്ല. സംസ്ഥാനത്തിന്റെ അധികാരങ്ങൾ ഒന്നൊന്നായി കേന്ദ്രം കവരുന്നതും ചർച്ചയാവുന്നില്ല. എത്ര സ്ത്രീകൾക്കും ദളിതർക്കും ഈ തിരഞ്ഞെടുപ്പിൽ സീ്റ്റ് ലഭിച്ചു എന്ന ചോദ്യവും ചോദിക്കപ്പെടുന്നില്ല. വയനാട്ടിലെ പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച പ്രതികൂല മനോഭാവവും കാര്യമായി ചർച്ച ചെയ്യപ്പെട്ട് കണ്ടില്ല. സകല ഇടവും ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കെ, എന്തും ഏതും റെക്കോഡ് ചെയ്യപ്പടുമെന്നിരിക്കെ ഇന്നിപ്പോൾ ഡീലുകൾ ഒട്ടും തന്നെ എളുപ്പമല്ല. കാരണം അത്തരം ഡീലുകൾ എപ്പോൾ വേണമെങ്കിലും തുറന്നുകാട്ടപ്പെടാം. വോട്ടുകൾ ഭിന്നിപ്പിക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെ നിർത്തിയും ചിലപ്പോൾ സ്ഥാനാർത്ഥികളെ തന്നെ ഒഴിവാക്കിയും രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയ്ക്ക് ചില കരുനീക്കങ്ങൾ നടത്തിയേക്കാം. അതിൽ മറ്റേതെങ്കിലും പാർട്ടി പങ്കാളിയാവണമെന്ന് നിർബ്ബന്ധമില്ല. അത്തരം നീക്കങ്ങളാവാം ഏറ്റുമാനൂർ, തൃപ്പൂണിത്തുറ, പാലക്കാട്, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളെ വിവാദത്തിന്റെ കേന്ദ്രഭൂമിയാക്കുന്നത്. എന്തായാലും വിവാദമായ കോ-ലീ-ബീ പോലൊരു ഡീൽ ഈ വർത്തമാന കാലത്ത് അസംഭവ്യമാവുന്നു. വഴിയിൽ കേട്ടത്: ഏത് പാപിക്കും നന്നാവാൻ അവസരമുണ്ടെന്ന് എം.എ. ബേബി. ആരെയോ കുത്തിപ്പറയുന്നതുപോലെ!

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡീലുകൾ പറയുന്നത് | വഴിപോക്കൻ — Mathrubhumi | Boolokam | Boolokam