ആ ദ്യഘട്ട പ്രചാരണം അവസാനിക്കുമ്പോൾ ഡീലിൽ ചുറ്റിത്തിരിയുകയാണ് നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തൊടുത്തുവിട്ട സി.പി.എം.- ബി.ജെ.പി. ഡീൽ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന നടത്തുന്ന വാർത്താ സമ്മേളനങ്ങളിൽ മറുപടി പറയുന്നുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വന്നിരിക്കുകയാണ്. ഡീലിൽ ഇത്രയും ചർച്ചയും ഏറ്റുമുട്ടലും ഉണ്ടാകേണ്ടതിന്റെ ആവശ്യം എന്താണ്? ഡീൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? To advertise here, ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിന് മുൻപ് ഡീലിൽ സിപിഎം ഭയക്കേണ്ട കാര്യമുണ്ടോയെന്ന് പരിശോധിക്കാം. ബിജെപിയും സിപിഎമ്മും തമ്മിൽ ഉണ്ടെന്ന് ആരോപിക്കുന്ന ഡീലിന്റെ ലളിതമായ ലക്ഷ്യം മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ടിനെ സ്വാധീനിക്കാനുള്ള കോൺഗ്രസ് തന്ത്രമാണ്. കേരളത്തിലെ 28 ശതമാനത്തിലധികം വരുന്ന മുസ്ലിം വിഭാഗത്തിന്റെ വോട്ട് 2021-ലെ സിപിഎമ്മിന്റെ അധികാര തുടർച്ചയിൽ നിർണായകമായിരുന്നു. പിണറായി 3.o ലക്ഷ്യമിടുന്ന സിപിഎമ്മിന് ആ വോട്ട് 2026-ൽ നഷ്ടപ്പെടുത്താൻ കഴിയില്ല. അതുകൊണ്ടാണ് സർവ്വശക്തിയുമെടുത്ത് സിപിഎമ്മും പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഡീൽ ആരോപണത്തെ എതിരിടുന്നത്. പക്ഷെ, ഡീലിൽ ഒരു അപകടം പതിയിരിക്കുന്നത് കാണാതെപോകാൻ സിപിഎമ്മിന് കഴിയില്ല. ഇരുതല മൂർച്ചയുള്ള വാളാണ് ഡീൽ! 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നടത്തിയ പ്രചാരണം കേന്ദ്രീകരിച്ചിരുന്നത് സിഎഎ വിഷയത്തിലായിരുന്നല്ലോ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച എല്ലാ തിരഞ്ഞെടുപ്പ് യോഗങ്ങളിലും സിഎഎ മുഖ്യ വിഷയമായി ഉയർത്തി. കേന്ദ്രത്തിലെ മോദി സർക്കാർ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിൽ മുസ്ലിം വിഭാഗത്തിന് ഉണ്ടായ ആശങ്കയെ പരമാവധി ആളിക്കത്തിച്ച് വോട്ടുകളുടെ എകീകരണം അനുകൂലമാക്കുകയെന്ന തന്ത്രമായിരുന്നല്ലോ സിപിഎം പയറ്റിയത്. എന്നാൽ, ഫലംവന്നപ്പോൾ ആ അജണ്ട തെറ്റിപ്പോയെന്ന് സിപിഎം മനസിലാക്കി. അതുമാത്രമല്ല, സിഎഎ അജണ്ടയ്‌ക്ക് വലിയ വിലകൊടുക്കേണ്ടിയുംവന്നു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങി പാർട്ടി കോട്ടകളിൽ അടിസ്ഥാന വോട്ടുകൾ, പ്രത്യേകിച്ച് സിപിഎമ്മിന് ഏറെ സ്വാധീനമുള്ള ഈഴവ വോട്ടുകൾ ബിജെപിയിലേയ്‌ക്ക് കുത്തിയൊഴുകിപ്പോയി. അടിസ്ഥാന വോട്ടുകൾ നഷ്ടമാകുന്നെന്ന് മനസിലായ സിപിഎം ഭൂരിപക്ഷത്തെ ഒപ്പം നിർത്താൻ നടത്തിയ പെടാപ്പാടാണ് പിന്നീട് കണ്ടത്. മുസ്ലിംവിരുദ്ധ പരാമർശം (മുസ്ലിം ലീഗിനെതിരെ ആണെന്നും പറഞ്ഞു) നടത്തിയ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ കൂട്ടാക്കിയില്ല. വലിയ വിമർശനങ്ങൾ ഉയർന്നിട്ടും പല വേദികളിലും വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി മുതൽ മന്ത്രിമാർവരെ പുകഴ്‌ത്തി. കാൽചുവട്ടിലെ മണ്ണിനെ തടഞ്ഞു നിർത്താതെ കയ്യെത്തും ദുരെയുള്ളതിനെ വെട്ടിപ്പിടിക്കാൻ പറ്റുമോ? ഇതിന്റെ പശ്ചാത്തലത്തിൽ തുടർന്ന്ുവന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടത് പക്ഷത്തിനും വലിയ തിരിച്ചടി നേരിട്ടെങ്കിലും 'തിരഞ്ഞെടുപ്പ് ഫലത്തിൽ' ചില വീണ്ടെടുക്കലുകൾ പ്രകടമായതായി സിപിഎം വിലയിരുത്തിയിട്ടുണ്ട്. ആ കണക്ക് ഇങ്ങനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 111 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിന് മേൽക്കൈ ലഭിച്ചപ്പോൾ എൽഡിഎഫ് 18 മണ്ഡലങ്ങളിലേയ്‌ക്ക് ചുരുങ്ങി. 11 മണ്ഡലങ്ങളിൽ ബിജെപി വലിയ കക്ഷിയായി. എന്നാൽ തദ്ദേശത്തിലേയ്‌ക്ക് എത്തിയപ്പോൾ യുഡിഎഫ് 80 മണ്ഡലങ്ങളായി. എൽഡിഎഫ് ആകട്ടെ 58 ലേയ്‌ക്ക് ഉയർന്നു. ബിജെപിക്ക് രണ്ട് മണ്ഡലങ്ങളിൽ മാത്രമായി മുന്നേറ്റം. അതായത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടുകളിൽ നല്ലൊരു ശതമാനം എൽഡിഎഫിലേയ്‌ക്ക് തിരികെ എത്തി. ഇവിടെയാണ് ഡീൽ ആരോപണം ഡെമോക്ലസിന്റെ വാൾപോലെ സിപിഎമ്മിന് മുകളിൽ തൂങ്ങിയാടുന്നത്. ഡീൽ ആരോപണത്തിലൂടെ കോൺഗ്രസ് ലക്ഷ്യംവയ്‌ക്കുന്ന മുസ്ലിം വിഭാഗത്തെ ഒപ്പം നിർത്താൻ എന്ത് ശ്രമം നടത്തിയാലും അത് തിരിച്ചടിയാകുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. ആ ശ്രമം പ്രീണനമായി വ്യാഖ്യാനിക്കപ്പെട്ടാൽ അത് അടിസ്ഥാന വോട്ടിൽ ചോർച്ചയുണ്ടാക്കും. തിരിച്ചുവന്ന അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെടുത്താൻ സിപിഎമ്മിന് കഴിയില്ല. ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം, കക്ഷത്തിലുള്ളത് നഷ്ടപ്പെടുത്താനും കഴിയില്ലെന്ന അവസ്ഥ രാഷ്ട്രീയചുഴിയാണ്. രണ്ടും കൽപ്പിച്ച് മുന്നോട്ടുപോകാനും കഴിയില്ല. കാരണം, എങ്ങനെയായാലും പരിക്കേൽക്കുക പാർട്ടിക്ക് തന്നെയാണെന്ന് മറ്റാരെക്കാളും സിപിഎമ്മിന് അറിയാം. ഡീലിൽ ഏറ്റുമുട്ടൽ വേണോ? മുകളിൽപറഞ്ഞ കാര്യങ്ങൾ പരിശോധിക്കുമ്പോൾ അധികാരത്തിൽ തുടരണമെങ്കിൽ പടവെട്ടാതെ മുന്നോട്ട് പോകാൻ സിപിഎമ്മിന് കഴിയില്ല. പടവെട്ടിയില്ലെങ്കിൽ കോൺഗ്രസിന് യുദ്ധക്കളം വിട്ടുകൊടുക്കുന്നതിന് തുല്യമാകുകയും ചെയ്യും. ഡീൽ സ്വാധീനിക്കുമോ? ഡീൽ സ്വാധീനിക്കില്ലെങ്കിൽ കഴിഞ്ഞകാലത്തെ കാര്യങ്ങൾവരെ വലിച്ചിട്ട് ഇരുവിഭാഗവും പോരാടേണ്ട ആവശ്യമില്ലല്ലോ. പ്രതിപക്ഷ നേതാവ് ഗോൾവാൾക്കറിന്റെ ഫോട്ടോയ്‌ക്ക് മുന്നിൽ വിളക്ക് കൊളുത്തുന്ന ചിത്രം മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തപ്പോൾ, ബിജെപി നേതാവ് എൽ.കെ. അദ്വാനി, കെ ശിവദാസമോനോന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്ന ചിത്രം വി.ഡി. സതീശനും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. കേരളത്തിലെ ഹിന്ദു വോട്ടുകളിൽ സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും സ്വാധീനം ഉണ്ട്. ക്രിസ്‌ത്യൻ വോട്ടിലും ചെറിയൊരു ശതമാനം ബിജെപിക്ക് പോകും. മുസ്ലിം വോട്ടുകളിൽ കോൺഗ്രസിനും സിപിഎമ്മിനും മാത്രമാണ് സ്വാധീനം. ആയതിനാൽ കേരളത്തിലെ 28 ശതമാനത്തിലധികംവരുന്ന മുസ്ലിം വോട്ടുകൾ ആർക്കൊപ്പം നിൽക്കുമെന്നത് തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാണ്. അതുകൊണ്ടാണ് ഡീൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന അജണ്ടയായി മാറുന്നത്. Content Highlights: Analysis of the CPM-BJP deal narrative as a strategic tool by the Congress., The importance of Muslim minority votes for CPM's 2026 electoral success., Risk of losing traditional vote bases (Ezhava) due to appeasement politics., Comparison of vote shifts between Lok Sabha and Local Body elections., The dilemma faced by CPM in balancing minority outreach and majority consolidation. Published: 27 Mar 2026, 09:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഡീൽ ആരോപണം സിപിഎമ്മിന് മുകളിൽതൂങ്ങുന്ന വാൾ; കോൺഗ്രസിന്റെ ലക്ഷ്യമെന്ത്, സിപിഎം എങ്ങനെ പ്രതിരോധിക്കും?
M
MathrubhumiSource Link
about 1 month ago