നിതിൻരാജിന്റെ മരണം To advertise here, അഞ്ചരക്കണ്ടി : കണ്ണൂർ ഡെന്റൽ കോളേജ് ഒന്നാംവർഷ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജിന്റെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കണമെന്നും പരാതികൾ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തി. അംബേദ്കറൈറ്റ്സ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ, അംബേദ്കറൈറ്റ്സ് ഡമോക്രാറ്റിക് ഫ്രണ്ട്, കേരള പുലയർ മഹാസഭ, ഓൾ ഇന്ത്യ കോൺഫേഡറഷേൻ ഓഫ് എസ്.സി., എസ്.ടി. ഓർഗനൈസേഷൻ കേരള ചാപ്റ്റർ തുടങ്ങി 25 സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ.ആർ. സദാനന്ദൻ അധ്യക്ഷതവഹിച്ചു. എം. ഗീതാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീരാമൻ കൊയ്യോൻ, കെ. അംബുജാക്ഷൻ, ശ്രീജിത്ത് പൊങ്ങാടൻ, ശശി തപ്രോൺ, അജിതകുമാരി, ടി. നാരായണൻ, ആലങ്കോട് സുരേന്ദ്രൻ, എൻ. ബാബു, കുഞ്ഞമ്പു കല്യാശ്ശേരി, വി.കെ. ബിനു, സി.ജെ. തങ്കപ്പൻ, പി.കെ. കരുണാകരൻ, ബിജു അയ്യമ്പാടി, പദ്‌മനാഭൻ മൊറാഴ, സി.എസ്. ജിയേഷ്, സുഗണ പ്രസാദ്, ഇ. രാജൻ, കെ. വാസുദേവൻ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഹർത്താൽ നടത്താൻ ആലോചനയുണ്ടെന്ന് നേതാക്കൾ പറഞ്ഞു. പ്രത്യേകസംഘംരൂപവത്കരിക്കണം- കെ.കെ. രമ നിതിൻരാജിന്റെ മരണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപവത്കരിക്കണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും കെ.കെ. രമ എം.എൽ.എ. ആവശ്യപ്പെട്ടു. വിവിധ സംഘടനകൾ കോളേജിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. പ്രത്യേകസംഘത്തെ നിയോഗിച്ചാലേ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടക്കുകയുള്ളൂ. നിലവിലുള്ള പോലീസ് അന്വേഷണത്തിൽ ഒരു തൃപ്തിയുമില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടികളാണ് പോലീസ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഡെന്റൽ കോളേജും മെഡിക്കൽ കോളേജും സ്ഥിതിചെയ്യുന്ന ഭൂമി തരംമാറ്റിയും പല തട്ടിപ്പുകൾ നടത്തിയുമാണ് ഉടമസ്ഥർ കൈക്കലാക്കിയത്. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഇ ഗ്രാന്റ് സമയത്ത് ലഭിക്കാത്തത് ആ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തികപ്രയാസത്തിന് കാരണമാകുന്നുണ്ട്. ഇത് കൃത്യസമയത്ത് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാറിന് കഴിയണമെന്നും രമ ആവശ്യപ്പെട്ടു. അധ്യാപകരെ ഉടൻ അറസ്റ്റുചെയ്യണം -വെൽഫെയർ പാർട്ടി കണ്ണൂർ : നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സാദിഖ് ഉളിയിൽ അധ്യക്ഷതവഹിച്ചു. ഫൈസൽ മാടായി, ടി.പി. ജാബിത, ഷാജഹാൻ ഐച്ചേരി, പള്ളിപ്രം പ്രസന്നൻ, ഷെറോസ് സജാദ്, മുഹമ്മദ് ഇംതിയാസ് എന്നിവർ സംസാരിച്ചു. യുക്തിവാദിസംഘം മാർച്ച് നടത്തി നിതിൻരാജിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ ആരോപണ വിധേയർക്കെതിരേ കർശനവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ഡെന്റൽ കോളേജിലേക്ക് മാർച്ച് നടത്തി. നിരവധി ദുരൂഹതകൾ നിറഞ്ഞ സ്ഥാപനം കാലാകാലമായി നടത്തിവരുന്ന നിയമലംഘനങ്ങൾക്ക് കുട പിടിക്കുന്ന സമീപനമാണ് ഇവിടത്തെ രാഷ്ട്രീയപ്പാർട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും എല്ലാ വസ്തുതകളും വെളിപ്പെടുന്ന നിലയിൽ സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും കേരളയുക്തിവാദി സംഘം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് ഇരിങ്ങൽ കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഗംഗൻ അഴീക്കോട്, എ.കെ. അശോക് കുമാർ, ടി.എ. ജോസഫ്, എ.കെ. നരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി.എം.എസ്. കമ്മിഷണർ ഓഫീസ് മാർച്ച് നാളെ കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, നിതിൻ രാജിനും കുടുംബത്തിനും നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എം.എസ്. കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് ഭാരവഹികൾ അറിയിച്ചു. 20-ന് രാവിലെ 11-നാണ് മാർച്ച്. കെ.പി.എം.എസ്. ജനറൽ സെകട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.സനീഷ്‌കുമാർ, അസിസ്റ്റന്റ് സെക്രട്ടറി അഖിൽ കെ.ദാമോദരൻ എന്നിവർ പങ്കെടുത്തു.
