ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് Last Updated: 21 April 2026, 12:41 PM IST സുപ്രീംകോടതി, ജേക്കബ് തോമസ് | ഫോട്ടോ - മാതൃഭൂമി, ന്യൂഡൽഹി: മുൻ ഡി.ജി.പി.യും ബി.ജെ.പി. നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിനിട്ട പിഴ സുപ്രീംകോടതി പിൻവലിച്ചു. 25,000 രൂപ പിഴയാണ് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നേരത്തേ വിധിച്ചിരുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ ആവശ്യത്തെത്തുടർന്നാണ് പിഴ പിൻവലിച്ചത്. To advertise here, ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണത്തിനായി നെതർലൻഡ്‌സിൽ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി നെതർലൻഡ്സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക നവംബറിൽ സംസ്ഥാന വിജിലൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ വിജിലൻസ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. ഈ തെറ്റായ വിവരം അറിയിച്ചതിനാണ് പിഴയിട്ടിരുന്നത്. നെതർലൻഡ്‌സിൽനിന്ന് റിപ്പോർട്ട് ലഭിച്ചു, സി.ബി.ഐ.ക്ക് കൈമാറി: അഡീഷണൽ സോളിസിറ്റർ ജനറൽ ഡ്രഡ്ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നെതർലൻഡ്‌സിൽനിന്ന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡച്ച് ഭാഷയിലാണ് ഈ റിപ്പോർട്ട്. റിപ്പോർട്ട് സി.ബി.ഐ.ക്ക് കൈമാറിയതായും അത് തർജമ ചെയ്ത് വരികയാണെന്നും കേന്ദ്രസർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ.വി. രാജു കോടതിയെ അറിയിച്ചു. തർജമ ചെയ്ത റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ കോടതിക്ക് കൈമാറാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. അന്വേഷണോദ്യോഗസ്ഥർ നെതർലൻഡ്‌സിൽ പോയാണ് റിപ്പോർട്ട് ശേഖരിച്ചതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണോദ്യോഗസ്ഥരാരും നെതർലൻഡ്‌സിൽ പോയിട്ടില്ലെന്ന് കേരളത്തിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവരും, ജേക്കബ് തോമസിനുവേണ്ടി അഭിഭാഷകൻ എ. കാർത്തിക്കും ഹാജരായി. ജേക്കബ് തോമസിനെതിരെ പരാതി നൽകിയ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് ഹാജരായി. Content Highlights: Supreme Court Drops ₹25,000 Fine Against Centre in Jacob Thomas Case Published: 21 Apr 2026, 12:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഡ്രഡ്ജർ അഴിമതി: നെതർലൻഡ്‌സിൽനിന്നുള്ള റിപ്പോർട്ട് കിട്ടി; തർജമചെയ്ത് കൈമാറാൻ സുപ്രീം കോടതി നിർദേശം
M
MathrubhumiSource Link
19 days ago