നാഗർകോവിൽ : ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ഡൽഹിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന ബി.ജെ.പി., തമിഴ്നാടിനെയും ഡൽഹിയിൽനിന്ന് ഭരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് രാഹുൽഗാന്ധി. To advertise here, കന്യാകുമാരി ജില്ലയിലെ ആറ്് നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്ന ഇന്ത്യാസഖ്യത്തിന്റെ സ്ഥാനാർഥികൾക്കു വേണ്ടി ലക്ഷ്മിപുരത്തുള്ള സ്വകാര്യ കോളേജ് മൈതാനിയിൽ തിങ്കളാഴ്ച നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിരുദുനഗറിലെ പടക്കശാലയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് രാഹുൽഗാന്ധി സംസാരിച്ചു തുടങ്ങിയത്. ഓരോ ഭാഷയ്ക്കും അർഹിക്കുന്ന പ്രാധാന്യവും സംസ്ഥാനങ്ങൾക്കു സ്വയംഭരണ അവകാശവും നൽകുക എന്നതാണ് കോൺഗ്രസിന്റെ തത്ത്വം. എന്നാൽ, സംസ്ഥാനങ്ങളെ നിയന്ത്രണത്തിലാക്കി ഭാഷയെയും സംസ്കാരത്തെയും നശിപ്പിക്കുക എന്നതാണ് ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും ലക്ഷ്യം. തമിഴ് ജനതയെ നേരിട്ടു നേരിടാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞ ബി.ജെ.പി., രാഷ്ട്രീയപാരമ്പര്യമുള്ള എ.ഡി.എം.കെ.യിലൂടെ ഭരണം കൈക്കലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തമിഴ്നാടിന്റെ പുരോഗമനത്തിന് ഏറെ പങ്കുവഹിച്ചിട്ടുള്ള, എ.െഎ.എ.ഡി.എം.കെ. ഇന്ന് നാഥനില്ലാ പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി തമിഴ് ജനതയോട് എന്നും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതായി പറഞ്ഞ രാഹുൽ ഗാന്ധി ബി.ജെ.പി. വർഗീയ രാഷ്ട്രീയമാണ് നടത്തുന്നതെന്നും രാജ്യത്ത് ന്യൂനപക്ഷ സമൂഹങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും കുറ്റപ്പെടുത്തി. വേനൽച്ചൂടിനെ അവഗണിച്ച് യോഗത്തിന് എത്തിയ ജനങ്ങൾക്ക് നന്ദിപറഞ്ഞാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. കന്യാകുമാരി ജില്ലയിൽ ഇന്ത്യാസഖ്യത്തിൽ മത്സരിക്കുന്ന രാജേഷ് കുമാർ, താരക കത്ബർട്ട്, പ്രവീൺ, ചെല്ലസ്വാമി, ആസ്റ്റിൻ, മഹേഷ് എന്നിവരെ രാഹുൽ ഗാന്ധി പരിചയപ്പെടുത്തി. കെ.സി. വേണുഗോപാൽ എം.പി., കർണാടക മന്ത്രി സന്തോഷ്, സുധാകർ, വിജയ് വസന്ത് എം.പി. എന്നിവരും വേദിയിലുണ്ടായിരുന്നു.

ഡൽഹിയിൽനിന്ന് തമിഴ്നാടിനെ ഭരിക്കാൻ ബി.ജെ.പി. ശ്രമിക്കുന്നു -രാഹുൽഗാന്ധി
M
MathrubhumiSource Link
20 days ago