രക്ഷപ്പെട്ട പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടി To advertise here, തകഴി : ബെവറജസ് കോർപ്പറേഷന്റെ തകഴി കേളമംഗലത്തെ ചില്ലറവിൽപ്പനശാലയിൽ നാലംഗസംഘത്തിന്റെ അതിക്രമം. ജീവനക്കാരനായ ആലപ്പുഴ കോമളപുരം സ്വദേശി പി.ആർ. ഷിജി(48)ക്ക് കുത്തേറ്റു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ നീരേറ്റുപുറത്തിനു സമീപംവെച്ച് എടത്വാ പോലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ഷംനാദ് (37), അർഷാദ് (39), നിയാസ് (38), ആഷിഖ് (28) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. സംഘത്തിലെ മൂന്നുപേർ മദ്യംവാങ്ങാൻ പ്രീമിയം കൗണ്ടറിലെത്തി. ഇതിലൊരാൾ ഓഫീസ്‌മുറിയിൽ അനുവാദമില്ലാതെ പ്രവേശിച്ചത് ചോദ്യംചെയ്തതാണ് അക്രമത്തിനു വഴിയൊരുക്കിയത്. രണ്ടാംവട്ടവും ഓഫീസിലേക്കു പ്രവേശിച്ച ഇയാളെ ചോദ്യംചെയ്തതോടെ അക്രമാസക്തനായ പ്രതി പുറത്തുകിടന്ന കല്ലെടുത്ത് ഷിജിയുടെ തലയ്ക്കടിച്ചു. ഈസമയം സംഘത്തിലെ മറ്റുള്ളവരുമെത്തി. ഇവരെ കീഴടക്കാൻ ശ്രമിച്ചതോടെ പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി. സംഘർഷത്തിനിടയിൽ ഷിജിയുടെ ഇടതുകൈക്ക് കുത്തേൽക്കുകയായിരുന്നു. നാട്ടുകാർ എത്തിയതോടെ പ്രതികൾ കാറിൽക്കയറി അമിതവേഗതത്തിൽ തിരുവല്ല ഭാഗത്തേക്കുപാഞ്ഞു. ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസ് കാർ പിന്തുടർന്ന് പ്രതികളെ പിടികൂടിയത്. ഷിജിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്വാ ഇൻസ്‌പെക്ടർ എം. അൻവർ, എസ്.ഐ.മാരായ റിജോ, രാജപ്പൻ, ജോസി, സീനിയർ സി.പി.ഒ. ബിനു, സി.പി.ഒ.മാരായ ഇമ്മാനുവേൽ, കിരൺ, സുജിത്ത്, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്. ആക്രമണത്തിൽ ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു. സംസ്ഥാനത്തെ 285 ഔട്ട്‌ലറ്റിലെയും ജീവനക്കാർക്കുവേണ്ട സംരക്ഷണം ഉറപ്പുവരുത്താൻ മാനേജ്മെന്റും സർക്കാരും നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശിശുകുമാർ ആവശ്യപ്പെട്ടു. Published: 22 Mar 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തകഴിയിൽ വിദേശമദ്യ വിൽപ്പനശാലയിൽ അക്രമം; ജീവനക്കാരനു കുത്തേറ്റു
M
MathrubhumiSource Link
about 2 months ago