തകർത്തുവാരി അഷ്റഫ്

തകർത്തുവാരി അഷ്റഫ്

M
MathrubhumiSource Link
കാസർകോട്: വീശിയടിച്ച യു.ഡി.എഫ്. തരംഗത്തിൽനിന്ന് സംസ്ഥാനത്തെ ആദ്യ നിയമസഭാമണ്ഡലമായ മഞ്ചേശ്വരവും മാറിനിന്നില്ല. 29,252 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സിറ്റിങ് എം.എൽ.എ. മുസ്‌ലിം ലീഗിലെ എ.കെ.എം.അഷ്റഫ് സീറ്റ് നിലനിർത്തി. ബി.ജെ.പി. മുൻ അധ്യക്ഷനും എൻ.ഡി.എ. സ്ഥാനാർഥിയുമായ കെ.സുരേന്ദ്രന് നാലാംവട്ടവും ലക്ഷ്യം കാണാനായില്ല. കഴിഞ്ഞ രണ്ട്‌ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് കപ്പിനും ചുണ്ടിനുമിടയിലാണ് സീറ്റ് നഷ്ടപ്പെട്ടതെങ്കിൽ ഇത്തവണ കനത്ത പരാജയമേറ്റുവാങ്ങേണ്ടിവന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ കെ.ആർ.ജയാനന്ദയുടെ വോട്ട് കുത്തനെ ഇടിഞ്ഞത് മണ്ഡലത്തിൽ മുന്നണിയുടെ അടിത്തറതന്നെ ഇളക്കിയേക്കാം. To advertise here, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധനേടിയ മണ്ഡലമാണ് മഞ്ചേശ്വരം. 2016-ൽ 89 വോട്ടിനും 2021-ൽ 745 വോട്ടിനുമായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥികളുടെ വിജയം. ബി.ജെ.പി. ‘എ’ ക്ലാസ് മണ്ഡലമായി കരുതുന്ന ഇവിടെ അവർ ഏറെ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. നേതൃത്വം സുരേന്ദ്രനെ നാലാംവട്ടവും ഇവിടേക്കയച്ചത്. ഇക്കുറി സ്വതന്ത്രസ്ഥാനാർഥിയെ നിർത്താൻ എൽ.ഡി.എഫ്. ആലോചിച്ചെങ്കിലും രാഷ്ട്രീയപോരാട്ടമെന്ന നിലയിലാണ് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗത്തെതന്നെ മത്സരത്തിനിറക്കിയത്. എം.എൽ.എ.യെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയപ്രശ്നങ്ങളിലെ ഇടപെടലുകളും തന്നെ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എ.കെ.എം.അഷ്റഫ് പോരിനിറങ്ങിയത്. ത്രികോണമത്സരമെന്ന പ്രതീതി ഇതെല്ലാം മണ്ഡലത്തിൽ കടുത്ത ത്രികോണമത്സരമെന്ന പ്രതീതിയുണ്ടാക്കി. എന്നാൽ ഫലം വന്നപ്പോൾ യു.ഡി.എഫ്. സ്ഥാനാർഥി അനായാസമായി വിജയത്തിലേക്ക് കുതിച്ചു. ആദ്യ റൗണ്ടിൽ നേടിയ ലീഡ് അവസാനംവരെ നിലനിർത്താൻ അഷ്റഫിനായി. അദ്ദേഹത്തിന് ഒരിക്കൽപോലും വെല്ലുവിളിയുയർത്താൻ സുരേന്ദ്രനായില്ല. യു.ഡി.എഫ്. സ്ഥാനാർഥിക്ക് 96,948 വോട്ട് (51.62 ശതമാനം) ലഭിച്ചപ്പോൾ അദ്ദേഹത്തിന് 67,696 വോട്ടുകൊണ്ട് (36.05 ശതമാനം) തൃപ്തിപ്പെടേണ്ടിവന്നു. കടുത്ത ഭരണവിരുദ്ധവികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യു.ഡി.എഫിന് അനുകൂലമായി. എൽ.ഡി.എഫ്. വോട്ടുകൾ യു.ഡി.എഫിലേക്ക് നല്ലതോതിൽ ചോർന്നതായും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 2021-ൽ സി.പി.എമ്മിലെ വി.വി.രമേശന് 40,639 വോട്ടുകൾ ലഭിച്ചപ്പോൾ ഇത്തവണ ജയാനന്ദയ്ക്ക് കിട്ടിയത് 21,212 വോട്ട് (11.29 ശതമാനം) മാത്രമാണ്. വെല്ലുവിളികൾ ഏശിയില്ല എ.കെ.എം.അഷ്റഫിന്റെ പേരിനോട് സാമ്യമുള്ള കെ.എം.അഷ്റഫ് എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി പത്രിക നൽകി പിന്നീട് പിൻവലിച്ചതും കൊങ്ങിണി ലാറ്റിൻ ക്രിസ്ത്യൻ അസോസിയേഷൻ പ്രതിനിധി ജീൻ ലവീനാ മൊന്തേരോയുടെയും ലീഗ് വിമതൻ കണ്ണൂർ അബ്ദുള്ളയുടെയും സാന്നിധ്യവുമൊക്കെ യു.ഡി.എഫിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം, പുതിയ വോട്ടർമാരുടെ വരവ് തുടങ്ങിയവ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നും ആശങ്കയുണ്ടായിരുന്നു. എന്നാൽ നന്നായി ഗൃഹപാഠം ചെയ്തത് യു.ഡി.എഫിന് തുണയായി. പുതിയ വോട്ടർമാരും അവരെ കൈവിട്ടില്ല. പാർട്ടിയിലെ പടലപ്പിണക്കങ്ങൾ ബി.ജെ.പി.ക്ക് ക്ഷീണമാകുകയും ചെയ്തു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യു.ഡി.എഫിന് വോട്ട് കൂടിയിരുന്നു. ഈ മികവ് ഈ തിരഞ്ഞെടുപ്പിലും നിലനിർത്താനായി. രണ്ടാംസ്ഥാനത്തുള്ള എൻ.ഡി.എ.യ്ക്ക് പക്ഷേ, വോട്ട് കുറയുകയായിരുന്നു. എൽ.ഡി.എഫിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് തദ്ദേശ തിരഞ്ഞെടുപ്പിൽ നികത്താനായെങ്കിലും ഇത്തവണ കുത്തനെ കുറഞ്ഞു. മണ്ഡലത്തിലെ എട്ട് തദ്ദേശസ്ഥാപനങ്ങളും യു.ഡി.എഫാണ് ഭരിക്കുന്നത്. 2021-നെ അപേക്ഷിച്ച് 8402 വോട്ടർമാർ ഇത്തവണ കൂടിയിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!