കാഞ്ഞങ്ങാട്: 'ഒരു കാലിന്റെ മാത്രം ബലത്തിൽ ജില്ലയാകെ ഓടിനടന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവാദിത്വം നിറവേറ്റിയിട്ടുണ്ട്. പിന്നല്ലേ, വീട്ടുവളപ്പിൽ അങ്ങിങ്ങോളമുള്ള ഈ പച്ചക്കറിത്തോട്ടത്തിലെ പരിപാലനം' -ഉദുമ കൊക്കാലിലെ വീട്ടുപറമ്പിലെ ചീരയും നരമ്പനും തക്കാളിയുമൊക്കെ വിളഞ്ഞ് നിൽക്കുന്ന തോട്ടത്തിലേക്ക് ചൂണ്ടി മധുമാഷ് പറയുമ്പോൾ അതിലുണ്ട് ഉൾക്കരുത്തിന്റെ തെളിച്ചം. To advertise here, പുലർച്ചെയെഴുന്നേറ്റ് വെള്ളം തളിച്ചും പരിപാലിച്ചും പച്ചക്കറിത്തോട്ടത്തെ പരിപോഷിപ്പിക്കുന്നു. പോളിയോ ബാധിച്ചതിനാൽ ജന്മനാ ശേഷിയില്ലാത്ത വലതുകാൽ. ശാരീരിക പ്രശ്‌നങ്ങൾ വേറെയും. പക്ഷേ, അതൊന്നും മനസ്സിനെ തളർത്തുന്നില്ല. കൃഷിയിടത്തിലിറങ്ങിയാൽ എല്ലാ സങ്കടങ്ങളും മറക്കും. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്ന ടി.വി. മധുസൂദനൻ ഡിസംബറിലാണ് വിരമിച്ചത്. ജില്ലാ സ്കൂൾ കലോത്സവത്തിനിടെ മൊഗ്രാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കലാആസ്വാദകവൃന്ദം കൈവീശി യാത്രയാക്കുകയായിരുന്നു ജില്ലയുടെ പ്രിയപ്പെട്ട ഉപഡയറക്ടറെ. ഇനിയെന്ത് എന്ന ചോദ്യം മുന്നിലെത്തിയപ്പോഴെല്ലാം മാഷ് നൽകിയ മറുപടി, ‘കൃഷി' എന്നായിരുന്നു. സ്കൂളിൽ അധ്യാപകനായിരിക്കുമ്പോഴും വിദ്യാഭ്യാസ ഓഫീസർ കസേരയിലെത്തിയപ്പോഴും കൃഷി വിട്ടുള്ള കാര്യമുണ്ടായിട്ടില്ല. 'മാതൃഭൂമി സീഡി'ന്റെ പ്രവർത്തനത്തിന് അങ്ങേയറ്റം പ്രോത്സാഹനം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. കൊക്കാലിലെ 'അതുൽ കൃഷ്ണനിലയ'ത്തോട് ചേർന്ന സ്ഥലത്താണ് പച്ചക്കറിത്തോട്ടമുണ്ടാക്കിയത്. ഏതാനും ദിവസം മുൻപ് പറിച്ചത് 25 കിലോ കക്കിരി. നരമ്പനും വെണ്ടയും വഴുതിനയും പത്തുകിലോയിൽ കുറയാതെ കിട്ടി. മത്തൻ വളർന്നുവരുന്നതേയുള്ളൂ. അര ക്വിന്റലെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്ന് മാഷ്. തോട്ടത്തിന്റെ ഒരുഭാഗം നിറയെ ചീര നിറഞ്ഞ് ചുവന്നിരിക്കുന്നു. പയറും തക്കാളിയും പച്ചമുളകും ഇങ്ങനെ നീളുന്നു തോട്ടത്തിലെ ഇനങ്ങൾ. ചാണകം, എല്ല് പൊടി, കടലപ്പിണ്ണാക്ക് തുടങ്ങിയവയാണ് വളം. എല്ലാം ജൈവമയം. ഭാര്യ സുമിതയും മക്കൾ അതുൽകൃഷ്ണയും ചഞ്ചൽ കൃഷ്ണയും സഹോദരൻ അനിലുമെല്ലാം സഹായത്തിനുണ്ടാകും. പുലർച്ചെ അഞ്ചിന് തോട്ടത്തിലിറങ്ങിയാൽ മൂന്നോ നാലോ മണിക്കൂർ. വൈകീട്ട് നാലു മുതൽ ആറുവരെയാണ് കൃഷിയടത്തിൽ. ' സർവീസിൽ നിന്നും വിരമിച്ചതിനുശേഷമുള്ള അടുക്കള പച്ചക്കറിത്തോട്ടം ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും ഗുണകരമാണ്. തോട്ടപരിപാലനം സമ്മർദം കുറയ്ക്കുകയും മനസ്സിന് ശാന്തത നൽകുകയും ചെയ്യുന്നു എന്നതാണ് സ്വന്തം അനുഭവം. പച്ചക്കറിത്തോട്ട പരിപാലനം അത്ര വലിയ പ്രയാസമുള്ള കാര്യമല്ലെന്നും വിരമിച്ച ശേഷം മറ്റെന്തെങ്കിലും ജോലി തേടിയാലും ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധയൂന്നണമെന്നുള്ള വലിയ പാഠവും നൽകുന്നു ഇദ്ദേഹം.

തടസ്സമല്ല കാലിന്റെ സ്വാധീനക്കുറവ് കൃഷിയിൽ ആനന്ദം കണ്ടെത്തി മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ
M
MathrubhumiSource Link
20 days ago