കരിങ്കുന്നം : വാഗ്ദാനങ്ങൾ വെള്ളത്തിൽ വരച്ച വരകളായപ്പോൾ, അധികൃതരുടെ അവഗണനയ്ക്കെതിരേ അധ്വാനം കൊണ്ട് മറുപടി നൽകുകയാണ് ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ തണ്ണീറ്റംപാറ നിവാസികൾ. To advertise here, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ യാത്രാദുരിതം മുഖ്യചർച്ചാവിഷയമാക്കുകയാണ് ഈ ഗ്രാമം. സ്വന്തം നിലയിൽ ഫണ്ട് സമാഹരിച്ച് 400 മീറ്റർ ദൂരത്തിൽ കോൺക്രീറ്റ് റോഡ് നിർമ്മിച്ച് ഇവർ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ദുരിതക്കയത്തിൽ 58 കുടുംബങ്ങൾ തൊടുപുഴ നഗരത്തിന് തൊട്ടടുത്താണെങ്കിലും പുറംലോകവുമായി ബന്ധപ്പെടാൻ വഴിയേതുമില്ലാതെ ദുരിതത്തിലാണ് തണ്ണീറ്റംപാറയിലെ 58 കുടുംബങ്ങൾ. ഇതിൽ 12 കുടുംബങ്ങൾ എസ്.ടി വിഭാഗത്തിലും 22 കുടുംബങ്ങൾ എസ്.സി. വിഭാഗത്തിലുമാണ്. ആകെ താമസിക്കുന്ന 210 പേരിൽ ഭൂരിഭാഗവും നിത്യരോഗികളും അവശത അനുഭവിക്കുന്നവരുമാണ്. ഒൻപതുപേർക്ക് ഗുരുതരമായ രോഗങ്ങളും നാല് പേർ കിടപ്പുരോഗികളുമാണ്. കൂടാതെ മൂന്ന് ഭിന്നശേഷിക്കാരും ഒരുഅന്ധയായ വയോധികയും ഇവിടെയുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ള 20 വയോധികരും 20 വിധവകളുമാണ് പുറംലോകവുമായി ബന്ധമില്ലാതെ ഈ പാറമുകളിൽ കഴിയുന്നത്. പാറക്കെട്ടിലെദുർഘടയാത്ര പാറക്കെട്ടുകൾ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ കുടിവെള്ളം പോലും തലച്ചുമടായി എത്തിക്കേണ്ട ഗതികേടിലാണ് ഇവർ. മഴക്കാലമായാൽ വിദ്യാർഥികളെ കയറുകെട്ടി കൈപിടിച്ചാണ് പാറ കടത്തുന്നത്. അസുഖം വന്നാൽ രോഗികളെ കസേരയിൽ ചുമന്ന് താഴെയെത്തിക്കേണ്ട അവസ്ഥയ്ക്ക് ഇനിയെങ്കിലും മാറ്റം വേണമെന്നാണ് പ്രദേശവാസികളായ സ്ത്രീകളുടെയും വയോധികരുടെയും ആവശ്യം. ഭവനപദ്ധതികൾ വഴി ഫണ്ട് ലഭിച്ചിട്ടും നിർമാണ സാമഗ്രികൾ എത്തിക്കാൻ വഴിയല്ലാത്തതിനാൽ പല വീടുകളും പാതിവഴിയിൽ നിലച്ചു. ഭാരിച്ച ചുമട്ടുകൂലി താങ്ങാനാവാതെ പലരും പണി ഉപേക്ഷിച്ച നിലയിലാണ്. പ്രതീക്ഷയോടെ ജനകീയപാത റോഡിനായി അഞ്ച് വർഷം മുൻപ് രണ്ട് പ്രദേശവാസികൾ ഭൂമി വിട്ടുനൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. തുടർന്നാണ് നാട്ടുകാർ സുമനസ്സുകളിൽനിന്ന് നാല് ലക്ഷം രൂപ സമാഹരിച്ച് ആദ്യഘട്ടം പൂർത്തിയാക്കിയത്. എന്നാൽ, റോഡിന്റെ ബാക്കിയുള്ള ഒരുകിലോമീറ്ററോളം ഭാഗം റവന്യൂ ഭൂമിയായതിനാൽ കളക്ടറുടെ ഇടപെടൽ അനിവാര്യമാണ്. ഈ ഭാഗം കൂടി പഞ്ചായത്ത് ആസ്തിയിലേക്ക് മാറ്റി നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ ഈ കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ സാധിക്കൂ. തിരഞ്ഞെടുപ്പ് ചർച്ചയാകും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അടുത്ത എം.എൽ.എ. ആരായാലും തണ്ണീറ്റംപാറയുടെ ഈ ‘വഴിമുട്ടിയ’ ജീവിതത്തിന് ശാശ്വതപരിഹാരം കാണണമെന്ന ഉറച്ചനിലപാടിലാണ് ഗ്രാമവാസികൾ. രാഷ്ട്രീയപാർട്ടികൾ വോട്ട് ചോദിച്ചെത്തുന്നതിന് മുൻപ് തന്നെ തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്തമായ മറുപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. പിരിവെടുത്ത് ഒരുഭാഗം പണിതു, ഇനിയും ദുരിതപാത ബാക്കിഇന്ന്അന്ന്

തണ്ണീറ്റുംപാറയുടെ തിരഞ്ഞെടുപ്പ് ചർച്ചവഴിയിലാണ്
M
MathrubhumiSource Link
about 2 months ago