ചെന്നൈ : ഒരു പാർട്ടിയുമായും സഖ്യം ചേരാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിക്കാനുറച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ). നിലപാട് അന്തിമമാക്കിയതോടെ സ്ഥാനാർഥിനിർണയം വേഗത്തിലായി. To advertise here, ഡി.എം.കെ.യ്ക്ക് ആധിപത്യമുള്ള ചെന്നൈ ജില്ലയിലെ 16 മണ്ഡലങ്ങളും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടി.വി.കെ. പ്രവർത്തിക്കുന്നത്. ഇതിനായി വിജയ് ഉൾപ്പെടെ ടി.വി.കെ.യുടെ പ്രധാന ഭാരവാഹികൾ ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികളാവും. വിജയ് പെരമ്പൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടാനാണ് സാധ്യത. ജനറൽ സെക്രട്ടറി ബുസി ആനന്ദ് ടി. നഗറിലും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറൽ സെക്രട്ടറി ആദവ് അർജുന വില്ലിവാക്കത്തും ഖജാൻജി പി. വെങ്കട്ടരാമൻ മൈലാപ്പൂരിലും അണ്ണാ ഡി.എം.കെ.യിൽനിന്നെത്തിയ മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകർ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിലും മത്സരിച്ചേക്കും. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായ എം. അരുൾ പ്രകാശം, എ. രാജ്‌മോഹൻ എന്നിവർ യഥാക്രമം സൈദാപേട്ട, എഗ്മോർ (സംവരണം) എന്നിവിടങ്ങളിൽ കളത്തിലിറങ്ങും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലും ആർ.കെ. നഗറിലും പ്രമുഖരെത്തന്നെ രംഗത്തിറക്കും. അണ്ണാ ഡി.എം.കെ.യിൽനിന്ന് ടി.വി.കെ.യിലെത്തിയ മുൻ മന്ത്രി കെ.എ. സെങ്കോട്ടയ്യൻ തന്റെ തട്ടകമായ ഗോപിച്ചെട്ടിപാളയത്തിൽത്തന്നെ മത്സരിച്ചേക്കും. പാർട്ടി ജോയന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ തിരുപ്പറങ്കുണ്ട്രത്തും മുൻ ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ ആർ. അരുൺരാജ് തിരുച്ചെങ്കോടും ജനവിധി തേടാനാണ് സാധ്യത. നേരത്തേ വിജയ് പെരമ്പൂരിനൊപ്പം തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ, പാർട്ടി അത് നിഷേധിച്ചു. ചെന്നൈ ജില്ലയിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള (2.22 ലക്ഷം) മണ്ഡലമാണ് പെരമ്പൂർ. ടി.വി.കെ.യ്ക്ക് ഇവിടെ അനുകൂല സാഹചര്യമാണെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേയിൽ വ്യക്തമായിരുന്നു. മതനിരപേക്ഷ കക്ഷികളുമായി മാത്രം സഖ്യം-വിജയ് ചെന്നൈ : മതനിരപേക്ഷ കക്ഷികളുമായിമാത്രമേ സഖ്യമുണ്ടാക്കൂ എന്ന നിലപാടിൽ മാറ്റമില്ലെന്ന് ടി.വി.കെ. അധ്യക്ഷൻ വിജയ് വ്യക്തമാക്കി. സഖ്യസാധ്യതകളെപ്പറ്റി പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച മഹാബലിപുരത്ത് ടി.വി.കെ.യുടെ ഇഫ്ത്താർ സംഗമത്തിനിടെയാണ് വിജയ് നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നകാര്യം ടി.വി.കെ പരിഗണിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു വിജയ്‌യുടെ പ്രസ്താവന. ടി.വി.കെ. നിലവിൽവന്നതുമുതൽ പാർട്ടിയെപ്പറ്റി പലരും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് വിജയ് പറഞ്ഞു. അതുകേട്ട് ആരും തെറ്റിദ്ധരിക്കരുത്. മതനിരപേക്ഷതയുടെയും സാമൂഹികനീതിയുടെയും കാര്യത്തിൽ ടി.വി.കെ. വിട്ടുവീഴ്ചചെയ്യില്ല. അത്തരം കൂട്ടുകെട്ടുകളുമുണ്ടാക്കില്ല -ബി.ജെ.പി.യുടെ പേരെടുത്തു പറയാതെ വിജയ് പറഞ്ഞു. പാർട്ടി പ്രവർത്തകരും മതനേതാക്കളും നോമ്പുതുറയിൽ പങ്കെടുത്തു.

തനിച്ചു മത്‌സരിക്കാനുറച്ച് ടി.വി.കെ. വിജയ് പെരമ്പൂരിൽ കന്നിയങ്കം കുറിച്ചേക്കും
M
MathrubhumiSource Link
about 2 months ago