പാറശ്ശാല : വെള്ളനിറത്തിലുള്ള തരിശ് മണ്ണിൽ കൃഷി ഇറക്കുന്നവൻ മണ്ടനെന്നു വിധിയെഴുതിയവരുടെ മുന്നിൽ ഏഴിനം തണ്ണിമത്തൻ കൃഷിചെയ്ത് നൂറുമേനി വിളവ് കൊയ്തിരിക്കുകയാണ് സിജു. To advertise here, കുളത്തൂർ ഗ്രാമപ്പഞ്ചായത്തിലെ സിജുവിന്റെ കൃഷിയിടത്തിലാണ് ഏഴിനം തണ്ണിമത്തനുകൾ വിളവെടുപ്പിനായി ഒരുങ്ങിനിൽക്കുന്നത്. വീട് നിർമാണത്തിനായി മേൽമണ്ണ് വർഷങ്ങൾക്കു മുന്നെ എടുത്തുമാറ്റിയ തരിശുഭൂമിയെ കൃഷിയോഗ്യമാക്കി മാറ്റാൻ സിജു വഹിച്ച പങ്ക് വളരെ അഭിനന്ദനാർഹമാണ്. ഫലഭൂയിഷ്ടമായ മേൽമണ്ണ് പോയതോടെ വെള്ള നിറത്തിലുള്ള കൃഷിക്ക് ഒട്ടും യോഗ്യമല്ലാത്ത മണ്ണിൽ കൃഷി ഇറക്കുവാനാണ് സിജു മുന്നോട്ടു വന്നത്. ഒന്നര ഏക്കറോളം ഭൂമിയിൽ വേനൽക്കാല വിപണി ലക്ഷ്യമിട്ട് തണ്ണിമത്തനും ഒപ്പം വ്‌ളാത്താങ്കര ചീരയുമാണ് സിജു പരീക്ഷിച്ചത്. തണ്ണിമത്തൻ ഇനങ്ങളായ മുക്കസ, യെല്ലോ മഞ്ച്, ഓറഞ്ച് മഞ്ച്, ജിയ, സൂപ്പർ ക്യുൻ, എൻ.എസ്. 295, എന്നിവയോടൊപ്പം നാടൻ തണ്ണിമത്തനും കൂടാതെ ഷമാം, പൊട്ടുവെള്ളരി എന്നിവയും കൃഷിചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ അപൂർവമായിട്ടാണ് പൊട്ടി വെള്ളരിയും ഷമാമും കൃഷിചെയ്യുന്നത്. ഓൺ ലൈൻ വഴി ശേഖരിച്ച വിത്തുകളാണു കൃഷിക്കായി ഉപയോഗിച്ചത്. കൃഷിക്കായി തടം ഒരുക്കൽ മുതൽ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനങ്ങളടക്കം സ്വന്തമായിട്ടാണ് സിജു തയ്യാറാക്കിയത്. വൻതോതിൽ തണ്ണിമത്തൻ കൃഷി ചെയ്യുന്ന തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലെ തോട്ടങ്ങളിൽ പോയി കർഷകരെ നേരിട്ടു കണ്ട് കൃഷി രീതി പഠിച്ചാണ് സിജു ഊരംവിളയിൽ തണ്ണിമത്തൻ കൃഷിയിറക്കിയത്. കെ.എസ്.ആർ.ടി.സി. പാറശ്ശാല ഡിപ്പോയിലെ ജീവനക്കാരനായ സിജു അവധി ദിവസങ്ങളിലാണ് കൃഷിയിടത്തിലെത്തുന്നത്. വ്യത്യസ്തമായ കൃഷിരീതികളിലൂടെ കാർഷികമേഖല ലാഭകരമാക്കി മാറ്റുവാൻ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിയാണ് സിജു. സിജുവിന്റെ നേതൃത്വത്തിൽ ഊരംവിളയിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ 2024-ൽ സൂര്യകാന്തി പൂ, 2025-ൽ മില്ലറ്റ് ഫെസ്റ്റ് തുടങ്ങിയ കാർഷിക ഫെസ്റ്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കൃഷിയിടങ്ങളിലായി പച്ചക്കറികളും നെല്ല്, വാഴ, മരച്ചീനി തുടങ്ങി വിവിധയിനം കിഴങ്ങുവർഗ്ഗങ്ങളും സിജു കൃഷി ചെയ്തുവരുന്നുണ്ട്. ആദ്യമായിട്ടാണ് തണ്ണിമത്തൻ പരീക്ഷിക്കുന്നത്.

തരിശിൽ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളയിച്ച് സിജു
M
MathrubhumiSource Link
about 2 months ago