കൈവരിനവീകരണം വൈകുന്നു To advertise here, കൊടുംവളവുകളിലും സുരക്ഷാഭിത്തിക്ക് ഉയരക്കുറവ് താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ സുരക്ഷാഭിത്തികളുടെ നവീകരണം അനുമതിയായ ഇടങ്ങളിൽപ്പോലും വൈകുന്നു. നിലവിലെ ഉയരംകുറഞ്ഞ കൈവരികളുടെ അശാസ്ത്രീയതയും പരിഹരിക്കപ്പെട്ടിട്ടില്ല. വാൽപ്പാറ ചുരംറോഡിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത് ആശങ്ക സൃഷ്ടിക്കുന്നതാണ്. ഒൻപതാം വളവിലും ഒന്നാം വളവിലും ഉൾപ്പെടെ കൈവരി വാഹനങ്ങൾ ഇടിച്ചുതകർന്ന ഭാഗത്ത് നാളിതുവരെ സുരക്ഷയുറപ്പാക്കാൻ നടപടിയായിട്ടില്ല. ആറ്്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ ഉൾപ്പെടെ താമരശ്ശേരി ചുരത്തിൽ പലയിടങ്ങളിലും സുരക്ഷാഭിത്തിക്ക് കേവലം അരയടിമുതൽ ഒരടിവരെ മാത്രം ഉയരമുള്ളത്. ചിലയിടങ്ങളിലാവട്ടെ പാതയോരത്തെ മണ്ണുമൂടി റോഡിന്റെ പ്രതലത്തിന് ഏതാണ്ട് സമാന്തരമായിട്ടുണ്ട് പാർശ്വഭിത്തിയുടെ ഉയരം. മിനി വ്യൂപോയിന്റിലും വയനാട് ഗേറ്റ് വരെയുള്ള ഭാഗത്തും വ്യൂപോയിന്റിലെ സംരക്ഷണഭിത്തിയുടെ അതേമാതൃകയിൽ 189 മീറ്റർ ദൈർഘ്യത്തിലും 70 സെന്റീമീറ്റർ ഉയരത്തിലും കൈവരി സ്ഥാപിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറോടെ ഭരണാനുമതിയാവുകയും പ്രവൃത്തി ടെൻഡർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 60.90 ലക്ഷം രൂപ അടങ്കലിലുള്ള നവീകരണപദ്ധതിക്ക് കരാറേറ്റെടുത്ത കമ്പനി പ്രവൃത്തി തുടങ്ങാൻ മെല്ലെപ്പോക്ക് കാണിച്ചതോടെ, കരാറുകാരെ മാറ്റാൻ കത്ത് നൽകിയിരിക്കുകയാണ് പി.ഡബ്ല്യു.ഡി.എൻ.എച്ച് വിഭാഗം. പുതിയ കരാറുകാരെ ചുമതലപ്പെടുത്തി ഈ പ്രവൃത്തി തുടങ്ങാൻ സ്വാഭാവികമായും ഇനിയും കാലവിളംബമുണ്ടാകും. ദുരന്തസാധ്യതതീർത്ത് തകർന്ന കൈവരി താമരശ്ശേരി ചുരം ഒൻപതാം ഹെയർപിൻ വളവിൽ ജൂൺ 13-ന് ചരക്കുലോറി ഇടിച്ചതിനെത്തുടർന്ന് തകർച്ച നേരിടുകയും, പിന്നീട് ഓഗസ്റ്റ് 31-ന് മറ്റൊരു കണ്ടെയ്‌നർ ലോറിയിടിച്ച് ഒരു ഭാഗം പൂർണമായി തകരുകയും ചെയ്ത ഒൻപതാം ഹെയർപിൻ വളവിലെ കൈവരി മാസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ആറ്ുമീറ്ററോളം നീളത്തിൽ കൈവരിതകർന്ന് റോഡരിക് താഴ്ചയിലേക്ക് തുറന്നുകിടക്കുകയാണ്. കുറേക്കാലമായി ഒരുസുരക്ഷയുമില്ലാതെ തുറന്നുകിടന്ന ഈ ഭാഗത്ത് ഇപ്പോൾ ഉണങ്ങിയ മരഭാഗങ്ങളും കല്ലും എടുത്തുവെക്കുകയും, മുറിഞ്ഞുപോയ റിബണിന്റെ സ്ഥാനത്ത് പുതുതായൊന്ന് വലിച്ചുകെട്ടുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗത്ത് പാതയോരത്തോട് ചേർന്ന ഇന്റർലോക്ക് ഇളകിമാറിയതും അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. അപകടം വരുത്തിയ വാഹനത്തിന്റെ ഇൻഷുറൻസ് തുകയിൽനിന്ന് കൈവരിയുടെ നഷ്ടം ഈടാക്കാനുള്ള തീരുമാനവും, അതേത്തുടർന്നുള്ള സാങ്കേതികപ്രതിബന്ധങ്ങളാണ് ഈ ഭാഗത്തെ നവീകരണം ആദ്യഘട്ടത്തിൽ വൈകിപ്പിക്കാൻ കാരണമായത്. കാത്തിരിപ്പിന് ഒടുവിൽ, രണ്ടുലക്ഷംരൂപയുടെ അടങ്കലിൽ തകർന്ന കൈവരി പുതുക്കിപ്പണിയാൻ ടെൻഡർ ക്ഷണിച്ച് കരാറുകാർ തുക ക്വാട്ട് ചെയ്‌തെങ്കിലും ഇതുവരെ ടെൻഡർ തുറന്നിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതാണ് ടെൻഡർ തുറക്കാൻ വൈകിപ്പിച്ചതെന്നാണ് വിശദീകരണം. അതേപോലെ കഴിഞ്ഞവർഷം നവീകരിച്ചെങ്കിലും 2025 നവംബർ 18-ന് പന്ത്രണ്ടുചക്ര ലോറിയിടിച്ച് ഒരുഭാഗം പാടെ തകർന്നു, ഒന്നാംവളവിലും ഇതുവരെ കൈവരിയുടെ പുനഃസ്ഥാപനം നടന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കാര്യമായ നടപടിക്രമങ്ങളുമുണ്ടായിട്ടില്ല. സംരക്ഷണഭിത്തികൾ തകർക്കുന്ന വാഹനങ്ങളുടെ ഉടമകളിൽനിന്ന് നേരിട്ടോ അതല്ലെങ്കിൽ കേസെടുത്തശേഷം ഇൻഷുറൻസ് ക്ലെയിം മുഖേനയോ, നവീകരണത്തിനുള്ള തുക നഷ്ടപരിഹാരമായി ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നതാണ് പൊതുമരാമത്തുവകുപ്പ് ജില്ലാഭരണകൂടം മുഖേന പോലീസിന് നൽകിയ നിർദേശമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ പറയുന്നു. ഉയരക്കുറവ് അപകടഭീഷണി :മൂന്നുവർഷംമുൻപ് നവീകരിച്ച സ്ഥലങ്ങളിലൊഴികെ ചുരംപാതയോരത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും അരയടിമുതൽ ഒന്നോ, ഒന്നരയോ അടി മാത്രമാണ് സംരക്ഷണഭിത്തിക്ക് ഉയരമുള്ളത്. ചുരത്തിൽ നിയന്ത്രണംവിടുന്ന വാഹനങ്ങൾ താരതമ്യേന ഉയരംകുറഞ്ഞ ഈ സുരക്ഷാഭിത്തിയും കടന്ന് വനമേഖലയിലെ താഴ്ചയിലേക്ക് പതിക്കുന്നത് പതിവാണ്. തെരുവുവിളക്കിന്റെ പോലും വെട്ടമില്ലാത്ത രാത്രികാലങ്ങളിൽ ഇത്തരം അപകടസാധ്യതയേറെയാണ് താനും. ആറാംവളവിലേക്ക് കയറുമ്പോൾ വലതുഭാഗത്ത് ഒരടിപോലും സുരക്ഷാഭിത്തിക്ക് ഉയരമില്ലാത്ത ഭാഗമുണ്ട്. വാഹനമിടിച്ച് സംരക്ഷണഭിത്തിയുടെ ഒന്നരമീറ്ററോളം നീളമുള്ള ഒരുഭാഗം ആറാംവളവിൽ തകർന്ന് താഴ്ചയിലേക്ക് മറിഞ്ഞുകിടക്കുകയാണ്. ഏഴാംവളവ് എത്തുന്നതിന് തൊട്ടുമുമ്പ് റോഡ് നവീകരണത്തിനായി മരങ്ങൾ മുറിച്ച ഭാഗത്ത് എട്ടുമീറ്ററോളം നീളത്തിൽ പാർശ്വഭിത്തി തകർന്നുകിടക്കുകയാണ്. ഏഴാംവളവിന് നേരെ താഴെ 25 മീറ്ററോളം ഭാഗത്ത് അരയടിമുതൽ ഒന്നരയടിവരെ മാത്രമാണ് സംരക്ഷണഭിത്തിയുടെ ഉയരം. എട്ടാംവളവിലും അതിനുമുകളിലും സുരക്ഷാഭിത്തിക്ക് പലയിടത്തും ഉയരം നന്നെ കുറവാണ്. സുരക്ഷാഭിത്തിയുടെ ഉയരക്കുറവ് വാഹനയാത്രക്കാർക്ക് മാത്രമല്ല, ചുരത്തിലിറങ്ങുന്ന സഞ്ചാരികൾക്കും അപകടമുണ്ടാക്കിയിട്ടുണ്ട്. കാഴ്ചകൾ കാണാൻ സഞ്ചാരികൾ തമ്പടിക്കുന്ന, ആളുകൾ താഴ്ചയിലേക്ക് വീഴുന്നത് പതിവായ ഇടങ്ങളിലാണ് സുരക്ഷാഭിത്തിയും അതിനുമുകളിൽ ലോഹകൈവരിയും ഒരുക്കി നവീകരിക്കാൻ പി.ഡബ്ല്യു.ഡി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, പ്രവൃത്തി അവിടെ മാത്രമൊതുക്കാതെ കൈവരിതകർന്നതും പാതയോരത്ത് വലിയ താഴ്ചയുള്ളതുമായ എല്ലായിടങ്ങളിലും വ്യൂപോയിന്റിലെയോ മൂന്നാംവളവിലെയോ മാതൃകയിൽ സുരക്ഷാഭിത്തി നിർമിക്കണമെന്നതാണ് പൊതു ആവശ്യം.
