തിമിരി ബോംബേറ് കേസ്: പഞ്ചായത്തംഗമുൾപ്പെടെ 10 സി.പി.എം. പ്രവർത്തകർക്ക് 25 വർഷം തടവ്

തിമിരി ബോംബേറ് കേസ്: പഞ്ചായത്തംഗമുൾപ്പെടെ 10 സി.പി.എം. പ്രവർത്തകർക്ക് 25 വർഷം തടവ്

പെരുമ്പടവ്/തളിപ്പറമ്പ്: ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരെ ബോംബെറിഞ്ഞുകൊല്ലാൻ ശ്രമിച്ചെന്ന കേസിൽ സി.പി.എം. മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെ 10 സി.പി.എം. പ്രവർത്തകർക്ക് 25 വർഷം തടവും 2,60,000 രൂപ പിഴയും. സി.പി.എം. മുൻ ആലക്കോട് ഏരിയ സെക്രട്ടറിയും ആലക്കോട് ഗ്രാമപ്പഞ്ചായത്തംഗവുമായ തിമിരി ചുങ്കസ്ഥാനത്തെ പുല്ലായിക്കൊടി വീട്ടിൽ പി.വി.ബാബുരാജ് (58), ഏരിയ കമ്മിറ്റിയംഗവും തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ തിമിരി ഏളയാട് മേമന ഹൗസിൽ എം.കെ.പ്രദീപ്കുമാർ (58), തിമിരി ലോക്കൽ സെക്രട്ടറി കൂത്തമ്പലം പരാന്തട്ട പുതിയപുരയിൽ ഹൗസിൽ പി.പി.സത്യൻ (50), മുൻ ലോക്കൽ സെക്രട്ടറി തിമിരി ഏളയാട് പലേരി വിജയൻ (57), മുൻ ലോക്കൽ കമ്മിറ്റിയംഗങ്ങളായ തിമിരി കാരയാട് മാൻവെട്ടുകുന്നേൽ ഹൗസിൽ എം.കെ.ശിവപ്രകാശ് (57), ചുങ്കസ്ഥാനം അടുക്കത്തെ ഇടത്തിൽ വീട്ടിൽ വിനോദ് (52), തിമിരി കാരയാട് കോറോത്ത് വളപ്പിൽ ജനാർദനൻ (63), പാർട്ടിപ്രവർത്തകരായ ചുങ്കസ്ഥാനത്തെ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ സുരേഷ് (56), തിമിരി കാരയാട് തെക്കിനിയിൽ ഹൗസിൽ ടി.വി.ബിനു (47), തിമിരി ചെറുപാറയിലെ തെക്കെവയൽ ടോബി (46) എന്നിവരെയാണ് ശിക്ഷിച്ചത്. To advertise here, തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളിൽ ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന വകുപ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളെല്ലാം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. വിവിധ കുറ്റങ്ങൾക്ക് ആറുമാസം കഠിനതടവ്, ഒരുവർഷം കഠിനതടവ്, മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും അഞ്ചുവർഷം തടവും ഒരുലക്ഷം വീതം പിഴയും എക്‌സ്‌പ്ലോസീവ് ആക്ട് മൂന്നുപ്രകാരം 10 വർഷം തടവും ഒരുലക്ഷം രൂപ വീതം പിഴയും അഞ്ചുവർഷം തടവും അരലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. കേസിലെ രണ്ടാംപ്രതി ടി.വി.ബിനു ഒഴികെയുള്ള പ്രതികൾ തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. അതിനാൽ 10 വർഷം തടവാണ് അനുഭവിക്കേണ്ടിവരിക. എന്നാൽ ബിനു 25 വർഷവും ശിക്ഷയനുഭവിക്കണമെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. തിമിരി ബോംബേറ് കേസ്: എഫ്.ഐ.ആറിൽ12 പ്രതികൾ; അന്വേഷണത്തിൽ രണ്ടുപേരെ ഒഴിവാക്കി പെരുമ്പടവ്/തളിപ്പറമ്പ് : 2011 നവംബർ 27-ന് വൈകിട്ട് 4.30-ഓടെ തിമിരി ഔവർ കോളേജിനുസമീപം ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർക്കുനേരേ സി.പി.എം. പ്രവർത്തകർ ബോബെറിഞ്ഞുവെന്ന കേസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ 12 പ്രതികളായിരുന്നു. അതിൽ വി.സി.ബാബു, ആശാരി വിജയൻ എന്നിവരെ അന്വേഷണഘട്ടത്തിൽ ഒഴിവാക്കി. മറ്റ് 10 പേരാണ് ശിക്ഷിക്കപ്പെട്ടത്. സംഭവത്തിന്റെ തലേന്ന് പ്രദേശത്ത് ബി.ജെ.പി.-സി.പി.എം. പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽ പരിക്കേറ്റവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ സംഭവദിവസം വാഹനങ്ങളിൽ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ബി.ജെ.പി. പ്രവർത്തകർക്കുനേരേ ബോംബെറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 30-ഓളം പ്രവർത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിൽ ഒൻപതുപേർക്ക് പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി.രാമചന്ദ്രൻ, എം.സി.നാരായണൻ, എം.കെ.മുരളി, ഷിജിൽ എന്നിവർക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശനും പ്രതികൾക്കുവേണ്ടി അഡ്വ. ഡെന്നി ജോർജും ഹാജരായി. വിധി കേൾക്കുന്നതിന് നൂറുകണക്കിന് പാർട്ടിപ്രവർത്തകരും കുടുംബാംഗങ്ങളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയെത്തിയിരുന്നു. ശിക്ഷിക്കപ്പെട്ടവരെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ജയരാജൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ടി.വി.രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.വി.ഗോപിനാഥ്, എം.കരുണാകരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.സന്തോഷ്, പി.സന്തോഷ്, കെ.സി.ഹരികൃഷ്ണൻ, എ.കൃഷ്ണൻ, സാജൻ ജോസഫ്, ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി.രാഘവൻ, മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. വയലാർക്കവിത ഉദ്ധരിച്ച് വിധിന്യായം 'സ്‌നേഹിക്കയില്ല ഞാൻ, നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' എന്ന പ്രശസ്തമായ വയലാർ കവിതയുടെ വരികളോടെയാണ് ജഡ്ജി കെ.എൻ.പ്രശാന്ത് വിധിന്യായ റിപ്പോർട്ട് ആരംഭിച്ചത്. 'സാധാരണ സംഘട്ടനത്തിനിടയിൽ കല്ലേറും മറ്റും നടക്കാം. ധർണയ്ക്കിടെ സംഘർഷമുണ്ടാകാം. എന്നാൽ ബോംബേറ് എന്ന് പറയുന്നത് ആസൂത്രിതമായ കുറ്റകൃത്യമാണ്. ബോംബെറിയാൻ ബോംബ് നിർമിക്കണം, ശേഖരിക്കണം, അത് എറിയാൻ വിദഗ്ധരായ ആളുകളെ നിയോഗിക്കണം. അത് രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ പണിയല്ല' -കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസിൽ ശിക്ഷ; ജില്ലയിൽ ഒരു ജനപ്രതിനിധികൂടി അയോഗ്യനാകും കണ്ണൂർ: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ജില്ലയിൽ അയോഗ്യനാകുന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മൂന്നാമത്തെ ജനപ്രതിനിധി. തിമിരിയിൽ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർക്കുനേരേ ബോംബെറിഞ്ഞ കേസിൽ ആലക്കോട് ഗ്രാമപ്പഞ്ചായത്തംഗം പി.വി.ബാബുരാജിനെയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച ശിക്ഷിച്ചത്. 10 വർഷമാണ് ശിക്ഷയനുഭവിക്കേണ്ടത്. ക്രിമിനൽ കേസിൽ രണ്ടോ അതിൽ കൂടുതലോ വർഷം ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധികളുടെ അംഗത്വം റദ്ദാകും. 2011 നവംബർ 27-ന് നടന്ന സംഭവത്തിലാണ് ബാബുരാജ് ഉൾപ്പെടെയുള്ള 10 സി.പി.എം. പ്രവർത്തകരെ ശിക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജയിലിൽ ആയിരുന്നതിനാൽ രണ്ട് നഗരസഭാംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പറ്റിയിരുന്നില്ല. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. സ്ഥാനാർഥി വി.കെ.നിഷാദ്, തലശ്ശേരി നഗരസഭയിലെ 37-ാം വാർഡിൽനിന്ന് ജയിച്ച ബി.ജെ.പി. സ്ഥാനാർഥി യു.പ്രശാന്ത് എന്നിവർക്കാണ് സ്ഥാനമേറ്റെടുക്കാൻ കഴിയാതിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടുകയും സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മിഷൻ പ്രഖ്യാപിക്കുകയും ചെയ്യും. ഇവർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് രണ്ട് നഗരസഭാ സെക്രട്ടറിമാരും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കമ്മിഷന്റെ അന്തിമ തീരുമാനം വന്നിട്ടില്ലെന്നാണ് നഗരസഭാധികൃതർ പറയുന്നത്. അംഗത്വം റദ്ദായാൽ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശപത്രിക നൽകിയ ശേഷമാണ് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കൂടിയായ വി.കെ.നിഷാദിന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിലായിരുന്നു ശിക്ഷ. നാമനിർദേശപത്രിക നൽകിയശേഷമാണ് വിധി വന്നതെന്നതിനാൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടായിരുന്നില്ല. സി.പി.എം. പ്രവർത്തകന്റെ വീടാക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് യു.പ്രശാന്തിനെ തലശ്ശേരി അഡീഷണൽ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുൻപ് പ്രശാന്ത് ജയിലിലായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിമിരി ബോംബേറ് കേസ്: പഞ്ചായത്തംഗമുൾപ്പെടെ 10 സി.പി.എം. പ്രവ… | Boolokam