To advertise here, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതരം ആരോപണങ്ങളാണ് തൃശ്ശൂർ ജില്ലയിൽനിന്ന് ഉയരുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുപോരാട്ടങ്ങൾ എല്ലായ്‌പോഴും രാഷ്ട്രീയവിഷയങ്ങളെ മുൻനിർത്തിയാണു നടന്നിട്ടുള്ളത്. അയൽസംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലുമൊക്കെ നടക്കുന്നതരത്തിൽ, വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണമോ വസ്തുക്കളോ നൽകുന്ന രീതി കേരളത്തിൽ ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ വോട്ടർമാർ അത്തരം പ്രലോഭനങ്ങൾക്കു വഴങ്ങാത്തവിധത്തിൽ രാഷ്ട്രീയപ്രബുദ്ധതയും നിലപാടുമുള്ളവരാണ്, എല്ലാക്കാലത്തും. സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികളും വോട്ടർമാരെ അരാഷ്ട്രീയമായ പ്രലോഭനങ്ങളാൽ വശംവദരാക്കാൻ ശ്രമിക്കുന്നവിധമുള്ള അധാർമികതയ്ക്ക് കീഴടങ്ങുന്നവരല്ലെന്നതാണ് കേരളത്തിന്റെ ഇതഃപര്യന്തമുള്ള അനുഭവം. ഈ പാരമ്പര്യത്തിനുനിരക്കുന്നവിധമുള്ള ആരോപണങ്ങളല്ല തൃശ്ശൂരിൽനിന്ന് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ജില്ലയിലെ രണ്ടു നിയോജകമണ്ഡലപരിധികളിൽ വോട്ടർമാരെ സ്വാധീനിക്കാൻ നിത്യോപയോഗസാധനങ്ങളടങ്ങിയ കിറ്റ്, വിതരണത്തിന് തയ്യാർചെയ്യപ്പെട്ടതായാണ് ആരോപണമുയർന്നിരിക്കുന്നത്. തൃശ്ശൂർ നിയമസഭാമണ്ഡലത്തിലെ ഒളരിയിലും മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളിയിലുമാണ് ആരോപിതസംഭവങ്ങൾ. ശനിയാഴ്ച ഒളരിയിലെ സൂപ്പർമാർക്കറ്റ് കേന്ദ്രമാക്കി നടന്ന കിറ്റുവതരണം തിരഞ്ഞെടുപ്പുകമ്മിഷന്റെ പ്രത്യേക സ്‌ക്വാഡാണ് തടഞ്ഞത്. ഒന്നിന് 900 രൂപ മതിപ്പുള്ള ഇരുപത്തിയാറു കിറ്റുകൾ ഇവിടെനിന്ന് പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ എത്തുംമുൻപേ എഴുപത്തിയഞ്ച് കിറ്റുകൾ വിതരണംചെയ്തതായി ആരോപണമുണ്ട്. ഈ സംഭവത്തിൽ, ബി.ജെ.പി.യുടെ പ്രാദേശികനേതാവായ രാധാകൃഷ്ണനെതിരേ തിരഞ്ഞെടുപ്പുകമ്മിഷന്റെ പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ ഇവിടെ പ്രധിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ നാടകീയസംഭവങ്ങളാണുണ്ടായത്. വോട്ടർമാരെ സ്വാധീനിക്കാൻവേണ്ടി ബി.ജെ.പി., ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നെന്നാരോപിച്ച് യു.ഡി.എഫ്. പ്രവർത്തകർ ഗോഡൗൺ വളയുകയായിരുന്നു. പിന്നാലെ എൽ.ഡി.എഫ്. പ്രവർത്തകരുമെത്തി. സംഭവമറിഞ്ഞ് ബി.ജെ.പി. പ്രവർത്തകരും സംഘടിച്ചെത്തി. വീടിനോടുചേർന്നുപ്രവർത്തിക്കുന്ന ഗോഡൗണിനുമുന്നിലാണ് മണിക്കൂറുകൾനീണ്ട സംഭവപരമ്പരയുണ്ടായത്. വീടിനുള്ളിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവനും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി ഭഗീഷ് പൂരാടനുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെഭാഗമായി ഗൃഹസന്ദർശനത്തിനെത്തിയതാണെന്നാണ് ബി.ജെ.പി. നേതാക്കൾ പറഞ്ഞത്. മണലൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിലാണ് പ്രതിഷേധമാരംഭിച്ചത്. വിവരമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ഗോഡൗൺ ഉടമയുൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പുദ്യോഗസ്ഥർ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 1500 കിറ്റുകൾ പിടിച്ചെടുത്തെന്നും തെളിവില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നുമാണ് പോലീസ് അറിയിച്ചതെങ്കിലും സംശയത്തിന്റെ കാർമേഘം നീങ്ങിയിട്ടില്ല. വരുന്ന അഞ്ചുവർഷം ആരു ഭരിക്കുമെന്നതിനപ്പുറം, കേരളത്തിന്റെ വരുംകാലസ്വഭാവത്തെത്തന്നെ നിർണയിച്ചേക്കാവുന്ന നിയമസഭാതിരഞ്ഞെടുപ്പാണ് ഈയാഴ്ച നടക്കാൻപോകുന്നത്. ഗൗരവതരമായ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ നടക്കേണ്ട രാഷ്ട്രീയതിരഞ്ഞെടുപ്പാണ് അത്. മത്സരരംഗത്തുള്ള പ്രബലമുന്നണികളെക്കാൾ അക്കാര്യത്തിൽ അവബോധം ഇവിടത്തെ സാധാരണജനങ്ങൾക്കുണ്ടെന്നാണു തോന്നുന്നത്. അപ്പോഴും പക്ഷേ, ആശാസ്യമല്ലാത്തൊരു ചിന്താധാര വോട്ടർമാരിൽ നല്ലൊരു വിഭാഗത്തെ സ്വാധീനിക്കുന്നതിന്റെ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇനി ഭക്ഷ്യക്കിറ്റുവിതരണംപോലുള്ള അനാശാസ്യതകൾകൂടി ഇവിടത്തെ രാഷ്ട്രീയമണ്ഡലത്തിലേക്ക് ആനയിക്കപ്പെടാതെനോക്കണം. അതിന്റെ ഉത്തരവാദിത്വം ഇവിടത്തെ ജനങ്ങൾക്കാണ്.
