അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് പൂരാഘോഷത്തിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് ബുധനാഴ്‌ച എട്ടാം പൂരത്തിന്റെ ഭക്തിനിർഭരമായ ചടങ്ങാകും. ഭഗവതിക്കും മഹാദേവനും ഒരേസമയം ആറാട്ട് നടക്കുന്ന അപൂർവത തിരുമാന്ധാംകുന്ന് ക്ഷേത്രോത്സവത്തിന്റെ സവിശേഷതകളിൽപ്പെടുന്നു. ഇവിടെ ഭഗവതിക്ക് 21 ആറാട്ടും മഹാദേവന് ഒരു ആറാട്ടും നടക്കുന്നു. To advertise here, രാവിലെ 9.30-നാണ് ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. ഭഗവതിയുടെയും ഭഗവാന്റെയും പഞ്ചലോഹത്തിടമ്പുകൾ വെവ്വേറെ കോലങ്ങളിൽ ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും. ആറാട്ടുകഴിഞ്ഞ് കൊട്ടിക്കയറ്റത്തിനുശേഷം ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്കും ശിവന്റെ തിടമ്പ് ക്ഷേത്രാങ്കണത്തിൽ 21 പ്രദക്ഷിണത്തിനുശേഷം ഉത്സവക്കൊടിയിറക്കി ശിവന്റെ ശ്രീകോവിലിലേക്കും എഴുന്നള്ളിക്കും. തുടർന്ന് ശിവനും ഭഗവതിക്കും ശ്രീഭൂതബലി. ചൊവ്വാഴ്‌ച ഏഴാം പൂരത്തിന് ഭഗവതിക്ക് നടത്തിയ ഉത്സവബലി ചടങ്ങിൽ ആയിരങ്ങൾ സാക്ഷികളായി. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, പന്തലക്കോട്ടത്ത് സജി നമ്പൂതിരി എന്നിവർ കാർമികത്വംവഹിച്ചു. സന്ധ്യക്ക് പനമണ്ണ ശശിയും ചെർപ്പുളശ്ശേരി രാജേഷും ചേർന്നൊരുക്കിയ തായമ്പക കാണികൾക്ക് ഹരമായി. ആറാട്ടുകടവിൽ ഒറ്റപ്പാലം ഹരിയുടെ തായമ്പകയും ശ്രദ്ധേയമായി. രാത്രി കൊട്ടിക്കയറ്റത്തിനുശേഷം കിഴക്കെനടയിൽ കമ്പം കൊളുത്തലോടെയാണ് ഏഴാം പൂരത്തിന്റെ ചടങ്ങുകൾ സമാപിച്ചത്. രാവിലെ ഏറാന്തോട് ഗൗരിശങ്കരം, പുളിങ്കാവ് ശ്രീധർമശാസ്ത, മഞ്ചേരി എട്ടിയോട്ട് ഗ്രൂപ്പ് എന്നീ സംഘങ്ങൾ തിരുവാതിരക്കളി അവതരിപ്പിച്ചു. പകൽ 13-ാമത്തെയും രാത്രി 14-ാമത്തെയും ആറാട്ടെഴുന്നള്ളിപ്പ് നടന്നു. പൂരത്തിൽ ഇന്ന് എട്ടാം പൂരം: കൈകൊട്ടിക്കളി-രാവിലെ 7.00, പന്തീരടിപൂജ 8.30, കൊട്ടിയിറക്കം (ഭഗവാനും ഭഗവതിക്കും ഒന്നിച്ച് ആറാട്ടെഴുന്നള്ളിപ്പ്)-9.30, കൊട്ടിക്കയറ്റം 11.00, ചാക്യാർകൂത്ത് 3.00, ഓട്ടൻതുളളൽ-4.00, നാദസ്വരം, പാഠകം 5.00, സംഗീതക്കച്ചേരി (ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം)- 5.30, രാത്രി ആറാട്ടിനായി കൊട്ടിയിറക്കം 9.30, കൊട്ടിക്കയറ്റം 10.30, പൂരപ്പറമ്പ് ഒാഡിറ്റോറിയത്തിൽ കോട്ടയ്ക്കൽ പ്രണവാഞ്ജലി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ 9.30

തിരുമാന്ധാംകുന്നിൽ ഒന്നിച്ച് ആറാട്ടെഴുന്നള്ളിപ്പ് ഇന്ന്
M
MathrubhumiSource Link
about 1 month ago