ആശങ്കയൊഴിയാതെ നാട്ടുകാർ To advertise here, ശ്രീകൃഷ്ണപുരം : തിരുവാഴിയോട്-മണ്ണാർക്കാട് റോഡിൽ പൈപ്പുകൊണ്ടുള്ള ഓവുപാലം നിർമാണം പാതിവഴിയിൽ നിലച്ചു. മൂന്നാഴ്ചയായി പണിയില്ല. റോഡിന് കുറുകെ രണ്ടുഭാഗത്ത് പൈപ്പിട്ടാണ് ഓവുപാലം നിർമിക്കുന്നത്. ഒരുഭാഗത്ത് ഫെബ്രുവരിയിൽ പൈപ്പിട്ടു. മറുഭാഗത്തെ പണിയാണ് പൂർത്തിയാകാനുളളത്. ഒരു ഭാഗത്തുകൂടിയാണ് ഇപ്പോൾ ഗതാഗതം. റോഡ് നികത്തി സാധാരണ ഓവുപാലം വേണമെന്നുളള നാട്ടുകാരുടെ ആവശ്യം പരിഗണിക്കാതെയാണ് ഇവിടെ പണി നടന്നിരുന്നത്. പാലക്കാട് റോഡിൽനിന്നുള്ള വെള്ളം തിരിച്ചുവിടാനാണ് ഓവുപാലം നിർമിക്കുന്നത്. മുണ്ടൂർ-തൂത സംസ്ഥാനപാതയുടെ നിർമാണത്തിലുൾപ്പെടുത്തിയാണ് പണി നടത്തുന്നത്. മഴക്കാലത്ത് പാലക്കാട് റോഡിൽനിന്നുളള വെള്ളം ഒഴുകിയെത്തുന്നത് വ്യാപാരികൾക്കും പരിസരവാസികൾക്കും ശല്യമായിരുന്നു. ഇത് പാതയുടെ മറുവശത്തേക്ക് ഒഴുക്കിവിടാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, തുടർന്ന് വെള്ളം എങ്ങനെ പോകുമെന്നതാണ് പരിസരവാസികളുടെ ആശങ്ക. നിലവിലുളള ചപ്പാത്തിലൂടെയായിരുന്നു വെളളം ഒഴുകിയിരുന്നത്. മണപ്പാടം പാടശേഖരത്തിലുളള കനാൽവഴി പുഴയിലേക്ക് വെളളം ഒഴുക്കിയാലെ ശാശ്വത പരിഹാരമാകൂ. പൈപ്പ് പൊട്ടുമെന്ന് ആശങ്ക വലിയവാഹനങ്ങൾ വരുമ്പോൾ പൈപ്പ് പൊട്ടാനിടയുളളതിനാൽ പൈപ്പ് കൊണ്ടുളള ഓവുപാലം വേണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണാർക്കാട് വാഹന നിയന്ത്രണം ഉണ്ടാകുമ്പോൾ ഇതുവഴിയാണ് വലിയ വാഹനങ്ങൾ പോകുന്നത്. തിരുവാഴിയോട് ജങ്ഷൻ മുതൽ വഴിയോര വിശ്രമകേന്ദ്രംവരെ റോഡ് ഉയർത്തി ഓവുപാലം നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. സാധാരണ ഓവുപാലം നിർമിക്കണമെന്നും ഇല്ലെങ്കിൽ വെളളക്കെട്ടിനിടയാക്കുമെന്നും നാട്ടുകാർ പറയുന്നു. വെളളം വടക്കോട്ട് ഒഴുകിപോകാനുളള സംവിധാനം വേണം. സാധാരണ വെളളം ഒഴുകിപ്പോയിരുന്ന ഭാഗത്തല്ല പൈപ്പിട്ടിരിക്കുന്നതെന്നും പരാതിയുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വെളളം എത്തുന്ന നിലയിലാണ് പണി നടത്തിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പണി ഉടൻ പുനരാരംഭിക്കും തൂതപ്പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് ജോലിക്കാരെ അങ്ങോട്ടു മാറ്റിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതിനാലാണ് തിരുവാഴിയോട് ഓവുപാലത്തിന്റെ പണി നിർത്തിയത്. അടുത്തദിവസംതന്നെ പുനരാരംഭിക്കും. വെളളം മുൻപ് പോയിരുന്ന ചപ്പാത്തിലൂടെ ഒഴുക്കിവിടുമെന്നും അധികൃതർ വ്യക്തമാക്കി. Published: 15 Mar 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
