തീ യതി കുറിച്ചു. ഇനി തിരഞ്ഞെടുപ്പ് യുദ്ധമാണ്. ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ്. ഒരുപക്ഷേ കേരള രാഷ്ട്രീയം ഇന്നേവരെ കണ്ടിട്ടില്ലാത്ത പോരാട്ടത്തിനാവും ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പത്ത് വർഷം കഴിഞ്ഞ് മറ്റൊരു തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, മൂന്നാം തവണയും അധികാരത്തിലേറുകയെന്ന സ്വപ്‌നനേട്ടമല്ലാതെ മറ്റൊരു ആഗ്രഹവും എൽഡിഎഫിന് മുന്നിലില്ല. ഒരിക്കൽ കൂടി പ്രതിപക്ഷത്തിരിക്കുകയെന്നത് ചിന്തിക്കാനാവില്ല യുഡിഎഫിന്. ജീവൻമരണ പോരാട്ടം നടത്തി ഭരണത്തിലെത്തുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് യുഡിഎഫും പറയുന്നു. കേരള രാഷ്ട്രീയത്തിൽ നിർണായകസ്വാധീനമായി മാറുമെന്ന് പറഞ്ഞ് ബിജെപിയും ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുക്കുകയാണ്. സംസ്ഥാനം ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ഇതിന് മുൻപ് കണ്ടിട്ടേയില്ല. മൂന്നാം തവണയും ഭരണത്തിലേറി എൽഡിഎഫ് ചരിത്രം കുറിക്കുമോ? പിണറായി വിജയന്റെ അജയ്യയാത്ര തുടരുമോ? ക്യാപ്റ്റനെ വീഴ്ത്തി വി.ഡി. ചെക്ക് പറയുമോ? ബിജെപി മാജിക്ക് സംഭവിക്കുമോ? കേരളം ആകാംക്ഷയുടെ മുൾമുനയിലാണ്. കേരളം അന്നുവരെ കണ്ട രാഷ്ട്രീയ സമവാക്യങ്ങളെയെല്ലാം തിരുത്തിയാണ് ഇടതുമുന്നണി 2021 ൽ അധികാരത്തിലേറിയത്. ഭരണകാലാവധി തികഞ്ഞശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ അതേ സർക്കാർ തിരിച്ചെത്തുന്നത് കേരളചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു. അതും ചെറിയ വിജയമായിരുന്നില്ല. 2016 ൽ 91 സീറ്റാണ് എൽഡിഎഫിന് ലഭിച്ചതെങ്കിൽ അഞ്ച് വർഷങ്ങൾക്കിപ്പുറം അത് 99 ആയി വർധിച്ചു. യുഡിഎഫാകട്ടെ ദയനീയമായി തോറ്റു. 41 സീറ്റിലൊതുങ്ങി. ബിജെപിക്ക് സീറ്റിങ് സീറ്റ് നിലനിർത്താനുമായില്ല. അഞ്ച് വർഷം ഭരിച്ച പിണറായി വിജയൻ സർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളൊന്നും ഏശിയില്ലെന്നു മാത്രമല്ല, ജനക്ഷേമപ്രവർത്തനങ്ങൾക്കും പ്രളയ ദുരിതാശ്വാസത്തിലും കോവിഡ് പ്രതിരോധത്തിലും സർക്കാർ കാട്ടിയ മികവിനും ജനം കൈകൊടുത്തു. അതോടെ ചരിത്രം കുറിച്ച് ഇടതുമുന്നണി തുടർഭരണത്തിലേറി. വിവാദശരങ്ങളിൽ ഭരണപക്ഷ-പ്രതിപക്ഷ മുന്നണികൾ പോർമുഖം തുറന്ന അഞ്ച് വർഷങ്ങൾക്കാണ് പിന്നീട് കേരളം സാക്ഷിയായത്. പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ യുഡിഎഫിനെ നയിച്ചപ്പോൾ ക്യാപ്റ്റൻ താൻ തന്നെയെന്ന് പ്രഖ്യാപിച്ചാണ് ഒരർഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുപോയത്. വിവാദങ്ങളുടെ കുത്തൊഴുക്കുകളെ വികസനം കൊണ്ട് തടഞ്ഞുനിർത്താനും പ്രതിരോധിച്ച് മറികടക്കാനും ഇടതുമുന്നണി ആവുന്നത്ര മുന്നിട്ടിറങ്ങി. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പയറ്റി യുഡിഎഫും വിട്ടുകൊടുക്കാതെ ബിജെപിയും സാന്നിധ്യമുറപ്പിച്ചു. അതോടെ കഴിഞ്ഞ അഞ്ചാണ്ട് രാഷ്ട്രീയ കേരളം തിളച്ചുമറിഞ്ഞു. തിരഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ മുന്നണികളുടെ നെഞ്ചിടിപ്പേറുകയാണ്. To advertise here, മൂന്ന് വർഷങ്ങൾക്കിപ്പുറമെത്തിയ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ വിവാദങ്ങൾ ബാധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇടതുമുന്നണി. 2019-ലേറ്റ കനത്ത പരാജയത്തിൽ നിന്ന് കരകയറാനാകുമെന്ന് എൽഡിഎഫ് കണക്കുകൂട്ടി. മാത്രമല്ല, ഏതുവിധേനയും സീറ്റുകൾ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിൽ കരുത്തരെ തിരഞ്ഞെടുപ്പ് ഗോദയിലുമിറക്കി. രണ്ട് ജില്ലാ സെക്രട്ടറിമാരെ തന്നെ സിപിഎം പോരിനിറക്കി. കാസർക്കോട്ട് എം.വി.ബാലകൃഷ്ണനെയും കണ്ണൂരിൽ എം.വി.ജയരാജനെയും സ്ഥാനാർഥിയാക്കിയപ്പോൾ വടകരയിൽ കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ.ശൈലജയെയും ഇറക്കി. തങ്ങൾക്കനുകൂലമായ രാഷ്ട്രീയകാലാവസ്ഥയാണെന്ന് കണക്കുകൂട്ടി അരയും തലയും മുറുക്കിയുള്ള പ്രചാരണവും നടത്തി. എന്നാൽ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നിലംതൊട്ടില്ല. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് സിപിഎമ്മിന് മുന്നിൽ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രിയാകുമെന്ന പ്രചാരണവുമായി വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ മത്സരം, ശബരിമല സ്ത്രീപ്രവേശന വിവാദം, പെരിയ ഇരട്ടക്കൊല എന്നിവയാണ് അവയിൽ മുഴച്ചുനിന്നത്. എന്നാൽ ഇക്കുറി ഇത്തരം വിഷങ്ങൾ പ്രതിഫലിക്കില്ലെന്നും സാഹചര്യം അനുകൂലമെന്നും കരുതിയ ഇടതുമുന്നണിക്ക് തെറ്റി. 2019 ന് സമാനമായി ഒരു സീറ്റാണ് കിട്ടിയത്. അന്ന് ആലപ്പുഴയെങ്കിൽ ഇക്കുറി ആലത്തൂർ. ശക്തമായ ഭരണവിരുദ്ധവികാരം സംസ്ഥാനമൊന്നടങ്കം ആഞ്ഞടിച്ചപ്പോൾ എൽഡിഎഫ് പതറി. യുഡിഎഫാകട്ടെ 18 സീറ്റുകളുമായി വൻ ജയം സ്വന്തമാക്കി. സുരേഷ് ഗോപിയിലൂടെ തൃശ്ശൂർ സീറ്റ് പിടിച്ച് ബിജെപിയും രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നിൽ നിന്ന് നയിച്ചിട്ടും എൽഡിഎഫിനേറ്റ പരാജയം ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അതിശക്തമാണെന്ന് ഉറപ്പിക്കുന്നതായി. സ്ഥാനാർഥിനിർണയം മുതൽ പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും പിണറായിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുൾപ്പെടെയുള്ളവർ മുന്നിൽനിന്ന് നയിച്ചിട്ടും വോട്ടർമാരെ ഒപ്പം നിർത്താനായില്ല. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചുതുടങ്ങിയ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതൊക്കെ വിലയിരുത്തി ശക്തമായ പ്രചാരണം ഇടതുമുന്നണി നടത്തിവന്നതാണ്. എന്നാൽ, ജനങ്ങൾ ഇത് വിശ്വാസത്തിലെടുത്തില്ലെന്ന് തെളിയിക്കുന്നതായി ഫലം. മാത്രമല്ല, ക്ഷേമപെൻഷൻ മുടങ്ങിയത്, സർക്കാർജീവനക്കാർക്ക് ആനുകൂല്യം കുടിശ്ശികയായത്, വിലക്കയറ്റം, സപ്ലൈകോയിലടക്കം സബ്‌സിഡിസാധനങ്ങൾ കിട്ടാതായത്, വീടുനിർമാണത്തിനടക്കമുള്ള പെർമിറ്റ് ഫീസ് കൂട്ടിയത് ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ സർക്കാരിനെതിരായി എന്നുവേണം മനസിലാക്കാൻ. കേന്ദ്രം സാമ്പത്തിക ഉപരോധം തീർക്കുന്നുവെന്ന വാദമായിരുന്നു പ്രധാനമായി എൽ.ഡി.എഫ് മുന്നോട്ടുവെച്ചത്. പക്ഷേ ഒന്നും എൽ.ഡി.എഫ്. അനുകൂലവോട്ടായി മാറിയില്ല. അതേസമയം നവകേരളസദസ്സ്, അതിനായി പ്രത്യേകം ഒരുക്കിയ ബസ് എന്നിവയെല്ലാം സർക്കാരിനെതിരേയുള്ള വികാരമായിമാറി. ആരോപണങ്ങളോട് മുഖംതിരിച്ചുനിൽക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടും തിരിച്ചടിയായി. പൗരത്വനിയമം വൈകാരികമായി അവതരിപ്പിച്ചുള്ള പ്രചാരണരീതിയായിരുന്നു മറ്റൊന്ന്. കൂടാതെ, മുസ്‌ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുനടത്തിയ രാഷ്ട്രീയനീക്കവും ഫലം കണ്ടില്ല. പ്രതീകാത്മക ചിത്രം | Photo: Mathrubhumi മാത്രമല്ല, ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാർ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന ചോദ്യവും പ്രസക്തമായി ഉയർന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ശരാശരിയാണെന്നാണ് വിലയിരുത്തലുകൾ. ഒന്നാം സർക്കാരിന്റെ പെർഫോർമൻസിനൊപ്പം രണ്ടാം സർക്കാരിനെ വിലയിരുത്തുമ്പോൾ കിട്ടുന്ന മാർക്ക് കുറവാണെന്നാണ് ജനവിധി അടിവരയിടുന്നത്. നവകേരള സദസ്സിന്റെ ഘട്ടത്തിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ പോലീസ് നേരിട്ടരീതിയും ജനങ്ങളെ സർക്കാരിനെതിരാക്കിയെന്നാണ് മറ്റൊരുവിലയിരുത്തൽ. സമരക്കാരെ കായികമായി നേരിടുന്ന ഡി.വൈ.എഫ്.ഐ.യെ രക്ഷാപ്രവർത്തകരാക്കി മുഖ്യമന്ത്രി അവതരിപ്പിച്ചതും മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി അംഗങ്ങൾ തെരുവിലിറങ്ങി തല്ലുന്നതും അതിൽ കോടതിനിർദേശപ്രകാരം കേസെടുത്തിട്ടും തുടർന്നുണ്ടായ നിസ്സഹകരണവും സർക്കാരിനെതിരേയുള്ള വികാരമായി മാറി. ഇതെല്ലാം യുഡിഎഫിന് കൃത്യമായി ജനങ്ങളോട് സംവദിക്കാനുമായി. അങ്ങനെയാണ് ജനം യുഡിഎഫിന് കൈകൊടുക്കുന്നത്. പരാജയത്തിന്റെ കാരണങ്ങൾ മനസിലാക്കി തിരുത്തി മുന്നേറുമെന്ന് പ്രഖ്യാപിച്ചാണ് സിപിഎം മുന്നോട്ടുപോയത്. തിരുത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ പരാജയമാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ജനവിധി. യുഡിഎഫാകട്ടെ മുന്നണിയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള നടപടികളും കൈക്കൊണ്ടു. ഒരു വർഷത്തിനിപ്പുറമുള്ള തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു പിന്നീട് മുന്നണികളുടെ കണ്ണുകളെല്ലാം. അതിനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടിത്തുടങ്ങി മുന്നണികൾ. ഇടതുപക്ഷമാകട്ടെ തന്ത്രം മാറ്റി പയറ്റി. മുസ്‌ലിം വോട്ടുകൾ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനും ലീഗിനെ ദുർബലപ്പെടുത്താനു നടത്തിയ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടതോടെ ലക്ഷ്യം ഹിന്ദു വോട്ടുകളായി. ആവർത്തിച്ച് വർഗീയപരാമർശം നടത്തിയ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ചേർത്തുനിർത്തുന്നതടക്കം കണ്ടു. ഇത് ന്യൂനപക്ഷവിഭാഗങ്ങളെ പൂർണമായി ഇടതുവിരുദ്ധ പക്ഷത്താക്കിയെന്നുമാത്രം. വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമത്തിനിടെയാണ് ഇടതുപക്ഷത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ട് ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പുറത്തുവരുന്നത്. കേസിൽ സിപിഎമ്മിന്റെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഒന്നിനുപുറകെ ഒന്നായി ജയിലിലിലേക്ക് പോയത് സിപിഎമ്മിന് ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാർ ഉൾപ്പെടെ അറസ്റ്റിലായതോടെ മറുപടി പറയാൻ നേതൃത്വം നിർബന്ധിതമായി. പ്രതിരോധിക്കാൻ പറഞ്ഞ വാദങ്ങളൊന്നും വിലപ്പോയതുമില്ല. അറസ്റ്റിലായ നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ തയ്യാറാകാത്തത് സംശയത്തിനുമിടനൽകി. അത് സിപിഎമ്മിന്റെ മറുവാദങ്ങളെ ദുർബലപ്പെടുത്തുക കൂടി ചെയ്തു. മറുവശത്ത് കോൺഗ്രസാകട്ടെ വൻ പ്രചാരണമാണ് അഴിച്ചുവിട്ടത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രനുള്ള ബന്ധവും കോൺഗ്രസ് ചൂണ്ടിക്കാട്ടി. അതേസമയം പോറ്റിക്കൊപ്പമുള്ള സോണിയാ ഗാന്ധിയുടെയും അടൂർപ്രകാശിന്റെയും ചിത്രം ഉയർത്തി ഇടതുപക്ഷവും പോർമുഖം തുറന്നു. അതോടെ സ്വർണക്കൊള്ളക്കേസിൽ രാഷ്ട്രീയകേരളം തിളച്ചുമറിഞ്ഞു. പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്നുവന്ന ലൈംഗികാരോപണങ്ങളാണ് പിന്നീട് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയത്. ഒന്നിന് പിറകേ ഒന്നായി രാഹുലിനെതിരേ ആരോപണങ്ങളും കേസുകളും വന്നു. വെറും ആരോപണങ്ങൾ മാത്രമായിരുന്നില്ല, രാഹുലിന്റെ ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നു. പുറത്തുവന്നവ നിഷേധിക്കാൻ പോലും കഴിയാതെ രാഹുൽ ഒളിവിൽ പോയി. കോൺഗ്രസാകട്ടെ വൻ പ്രതിരോധത്തിലുമായി. ഒടുക്കം കോൺഗ്രസിന് രാഹുലിനെ പുറത്താക്കാതെ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. അതിനിടെയാണ് തദ്ദേശതിരഞ്ഞെടുപ്പ് നടന്നത്. രാഹുൽ വോട്ടുചെയ്യാനെത്തിയതാകട്ടെ ഒളിവുജീവിതം അവസാനിപ്പിച്ചാണ്. ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു ഇടതുമുന്നണി. മാത്രമല്ല, കേരളം അതിദാരിദ്ര്യമുക്തമാണെന്ന പ്രഖ്യാപനം നടത്തിയും പെൻഷൻവർധന അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും യുഡിഎഫ് - ജമാ അത്തെ ഇസ്‌ലാമി ബന്ധം പറഞ്ഞുമാണ് ഇടതുമുന്നണി പ്രചാരണത്തിനിറങ്ങിയത്. അത് നേട്ടമാകുമെന്നും കണക്കുകൂട്ടി. ലോക്സഭയിലെ തിരിച്ചടി തദ്ദേശത്തിലൂടെ മറികടന്ന് മുന്നേറാമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുക്യാമ്പ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെട്ട തദ്ദേശത്തിൽ യുഡിഎഫ് ആഞ്ഞടിച്ചു. ഇടതുപക്ഷത്തിന് കനത്ത പ്രഹരമേറ്റു. ഭരണവിരുദ്ധ തരംഗത്തിൽ യുഡിഎഫ് ഉജ്ജ്വല തിരിച്ചുവരവ് അറിയിച്ചപ്പോൾ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിൽപ്പോലും തിരിച്ചടിയേറ്റു. പാർട്ടികോട്ടകൾ ആടിയുലഞ്ഞു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും യുഡിഎഫ് സമഗ്രാധിപത്യത്തോടെ മുന്നേറി. 2010-നുശേഷം ആദ്യമായി തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടി. ഭരിച്ചിരുന്ന കോർപ്പറേഷനുകളിൽ അഞ്ചിൽ നാലും എൽഡിഎഫിന് നഷ്ടമായി. തിരുവനന്തപുരം ബിജെപി പിടിച്ചെടുത്തപ്പോൾ കൊല്ലത്തും തൃശ്ശൂരും എറണാകുളത്തും യുഡിഎഫ് അട്ടിമറി വിജയം നേടി. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്ത്, 2000-ത്തിൽ കോർപ്പറേഷൻ രൂപവത്‌കൃതമായശേഷം, ആദ്യമായാണ് യുഡിഎഫ് ജയിക്കുന്നത്. കണ്ണൂർ കോർപ്പറേഷനും യുഡിഎഫ് നിലനിർത്തി. കോഴിക്കോടുമാത്രമാണ് എൽഡിഎഫിന് നിലനിർത്താനായത്. മൂന്നാമതും പ്രതിപക്ഷത്തിരുന്നാൽ പിന്നെ തിരിച്ചുവരവുണ്ടാകില്ലെന്ന ഉറച്ച ബോധ്യത്തിലാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് യുദ്ധത്തിനിറങ്ങിയത്. സെമി ജയിച്ച് ഫൈനലിന് സജ്ജമാകുകയെന്ന തന്ത്രം. കോൺഗ്രസ് തീരേ ദുർബലമാകുമെന്ന ബോധ്യം പാർട്ടിയിൽ ശക്തമായതോടെ പടലപ്പിണക്കങ്ങൾ ഏറെയുണ്ടെങ്കിലും പൊതുധാരണയിൽ ഒന്നിക്കാൻ നേതൃത്വത്തിന് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നേരത്തേ തുടങ്ങിയതും സ്ഥാനാർഥികളെ താഴെത്തട്ടിൽത്തന്നെ തീരുമാനിച്ചതും അപസ്വരങ്ങൾ കഴിയുന്നത്ര ഇല്ലാതാക്കി. ശബരിമല പോലുള്ള വിശ്വാസകാര്യങ്ങൾ ആഴത്തിൽ ജനങ്ങളെ സ്പർശിക്കുമെന്ന് കണ്ടുള്ള പ്രചാരണമാണ് നടത്തിയത്. ആശാസമരം, ശബരിമല സ്വർണക്കൊള്ള, മാസപ്പടി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ആയുധങ്ങളാക്കി. തൃശ്ശൂരിലെ ബിജെപി വിജയമടക്കം സിപിഎം-ബിജെപി ഒത്തുകളിയെന്ന വ്യാഖ്യാനം ശക്തമാക്കുകയും പിഎംശ്രീ പദ്ധതിയിൽ രഹസ്യമായി സർക്കാർ ഒപ്പിട്ടത് ഈ ബന്ധത്തിൽ ജനിച്ച കുഞ്ഞാണെന്ന പ്രചാരണവും നടത്തി. അത് ജനവിധിയിൽ ഫലിച്ചെന്നുവേണം കരുതാൻ. മുസ്‌ലിം ന്യൂനപക്ഷപ്രീണനം വിട്ട് സിപിഎം ഭൂരിപക്ഷ മൃദുസമീപനത്തിലേക്ക് മാറിയപ്പോൾ ആരെയും പിണക്കാതെയും എന്നാൽ, സാമുദായികനേതൃത്വത്തോട് ബഹുമാനം കളയാതെ ദൂരം പാലിച്ചതും പൊതു അംഗീകാരം നേടിയെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. വിവാദങ്ങൾ പ്രതിപക്ഷത്തിന് നേരെയും ഉയർന്നെങ്കിലും ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന നേതാവിനെയാണ് സതീശനിൽ കാണാനായത്. ഉറച്ച തീരുമാനമാണെങ്കിൽ ഉറപ്പായും ജനങ്ങൾ കൂടെനിൽക്കുമെന്ന് പാർട്ടിയിലെയും മുന്നണിയിലെയും നേതാക്കളെ ബോധ്യപ്പെടുത്താനുള്ള പരിശ്രമമാണ് ഇതിനായി സതീശന് ആദ്യം വേണ്ടിവന്നത്. അതിൽ പലപ്പോഴും കാലിടറിയെങ്കിലും പാർട്ടിയിലുള്ള സ്വാധീനത്തിന്റെ ബലത്തിൽ തീരുമാനം നടപ്പാക്കാൻ അദ്ദേഹം കാണിച്ച മിടുക്കാണ് യുഡിഎഫിന്റെ തലവരമാറ്റിത്തുടങ്ങിയത്. ഇടതുപക്ഷത്തിന്റെ പ്രതീക്ഷ തകർത്ത് തദ്ദേശതലത്തിൽ യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്തിയപ്പോൾ സതീശന്റെ നിലപാടിനുള്ള അംഗീകാരംകൂടിയായിമാറി അത്. സ്ഥാനാർഥിനിർണയംമുതൽ പ്രചാരണരീതിവരെ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചതാണ് യുഡിഎഫ് രാഷ്ട്രീയത്തിൽ സതീശനുണ്ടാക്കിയ മാറ്റം. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതിയുയർന്നപ്പോൾത്തന്നെ സംരക്ഷിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അത്തരത്തിൽ സതീശനെടുത്ത നിലപാടുകൾ കൂടെയാണ് പിന്നീട് കോൺഗ്രസിനെ മുന്നോട്ടുനയിക്കാൻ പ്രാപ്തമാക്കിയത്. പ്രതീകാത്മക ചിത്രം | Mathrubhumi കനത്ത ആഘാതത്തിലായ ഇടതുപക്ഷത്തിനെയാകട്ടെ വിവാദങ്ങൾ പിന്നെയും പിന്തുടർന്നു. വിശ്വാസികളെ ഒപ്പം കൂട്ടാൻ നടത്തിയ ആഗോള അയ്യപ്പസംഗമമാണ് ആദ്യം സർക്കാരിനെ വിവാദത്തിലാക്കിയത്. ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകണക്കുകളിൽ അടിമുടി പിഴവുകളും ധൂർത്തും ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലൂടെ പുറത്തുവന്നതാണ് തുടക്കം. ആരോപണങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതോടെ സർക്കാർ പ്രതിസന്ധിയിലുമായി. ഒടുക്കം കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി എത്തിയതുവരെയായി കാര്യങ്ങൾ. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരിശോധിക്കാനാണ് ദേവസ്വം ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്. വിവാദം ഇടതുപക്ഷത്തിന് തിരിച്ചടിയായി എന്നുറപ്പ്. തദ്ദേശ ജയം നൽകിയ ആത്മവിശ്വാസത്തിൽ സർക്കാരിനെതിരേ പ്രതിഷേധം കടുപ്പിക്കുന്ന പ്രതിപക്ഷത്തേയാണ് കേരളം കാണുന്നത്. ആശുപത്രിയിലെ ചികിത്സാപ്പിഴവുകളിൽ സർക്കാരിനെയും ആരോഗ്യമന്ത്രിയെയും പ്രതിപക്ഷം കടന്നാക്രമിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ സമരവുമായി പ്രതിപക്ഷ യുവജനസംഘടനകൾ തെരുവിലിറങ്ങി. കണ്ണൂരിൽ വെച്ച് ആരോഗ്യമന്ത്രിക്ക് പരിക്കേറ്റെന്ന ആരോപണം കേരളത്തെ പിടിച്ചുകുലുക്കുന്ന രീതിയിലേക്ക് അത് മാറി. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചുണ്ടായ കെ.എസ്.യു പ്രതിഷേധത്തിനിടെയാണ് മന്ത്രിക്കേറ്റെന്ന പരാതി ഉയർന്നത്. വന്ദേഭാരത് ട്രെയിനിൽ പോകാൻ വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതോടെ ഇടതുപക്ഷനേതാക്കളടക്കം തെരുവിലിറങ്ങി കോൺഗ്രസിനെതിരേ ആഞ്ഞടിച്ചു. കേരളമൊട്ടാകെ പ്രതിഷേധസമരങ്ങളുണ്ടായി. അതേസമയം മന്ത്രിയുടേത് അഭിനയമെന്ന് പറഞ്ഞ് കോൺഗ്രസ് പ്രതിരോധവുമുയർത്തി. ഇരുവിഭാഗവും പോരടിക്കുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചത്. വിവാദങ്ങളെ വികസനവും ക്ഷേമപ്രവർത്തനങ്ങളും കൊണ്ട് മറികടക്കാമെന്ന ലൈനിൽ തന്നെയാണ് ഇടതുമുന്നണി നിൽക്കുന്നത്. 2021ലെ ജനവിധി വീണ്ടും ആവർത്തിക്കുമെന്ന് പിണറായി വിജയനും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നത് ഇക്കാരണത്താലാണ്. അതിദാരിദ്ര്യമുക്ത പ്രഖ്യാപനം, ക്ഷേമപെൻഷൻ വർധനവ്, ഡിഎ കുടിശ്ശിക നൽകൽ, വയനാട് ടൗൺഷിപ്പ്, റോഡ്, പാലം വികസനം, ഭവന പദ്ധതികൾ, ആശുപത്രി കെട്ടിടങ്ങളുടെയും സ്കൂൾ കെട്ടിടങ്ങളുടെയും നിർമാണം തുടങ്ങി എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് മുന്നിൽവെക്കുന്നത് ഈ ഭരണനേട്ടങ്ങളാണ്. കേരളം അതിദാരിദ്രമുക്തമായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളപ്പിറവി ദിനത്തിൽ നിയമസഭയിൽ പ്രഖ്യാപിച്ചത് ചരിത്രമായിരുന്നു. പുതിയ ഒരു മാതൃക കൂടി രാഷ്ട്രത്തിനു മുമ്പാകെ നാം സമർപ്പിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളം പല ക്ഷേമ പ്രവർത്തനങ്ങളുടെയും പരീക്ഷണശാലയാണെന്നും അതിദാരിദ്ര്യനിർമ്മാർജനത്തിന്റെ കാര്യത്തിലും, നമ്മുടെ പരീക്ഷണങ്ങൾ രാജ്യത്തെ ഇതര സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന മാതൃകയാകുമെന്ന് പ്രത്യാശിക്കാമെന്നും പറയുകയുണ്ടായി. എൽഡിഎഫ് സർക്കാർ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പിന്നെയും നടത്തി. ക്ഷേമ പെൻഷൻ 2000 രൂപയാക്കി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയതോടൊപ്പം സാമൂഹിക ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാമാസവും സാമ്പത്തികസഹായം ലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. കുടുംബശ്രീ എഡിഎസുകൾക്കുള്ള പ്രവർത്തന ഗ്രാന്റ് പുതുക്കി നിശ്ചയിക്കുകയും സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്കുള്ള ഡിഎ,ഡിആർ ഒരു ഗഡു കൂടി നൽകാനും തീരുമാനിച്ചു. അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം ആയിരം രൂപവീതം വർധിപ്പിക്കും, ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും, ഗസ്റ്റ് ലെക്ചർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വർധിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും നടത്തി. സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ഭരണത്തിലുള്ള വീഴ്ചകളും പ്രചാരണായുധമാക്കിയാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിടുന്നത്. മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ എന്ന് ചോദിച്ചാണ് അവർ ഗോദയിൽ പ്രചാരണത്തിനിറങ്ങുന്നത്. മറുവശത്ത് ബിജെപി, സംസ്ഥാന സർക്കാരിനെതിരേയും യുഡിഎഫിനെതിരെയും ശബ്ദമുയർത്തിയാണ് പിടിച്ചുനിന്നത്. വോട്ടുവിഹിതം വർധിപ്പിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ നേടി നിർണായകസ്വാധീനമാകുക എന്നതുമായിരുന്നു പ്രധാനലക്ഷ്യം. അതിന് ബിജെപിക്ക് ആത്മവിശ്വാസം നൽകിയതാകട്ടെ തിരഞ്ഞെടുപ്പ് കണക്കുകൾ തന്നെയായിരുന്നു. 2024 ൽ ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്ന് ലോക്സഭാ വിജയം നേടി. അത് ഇരുമുന്നണികൾക്കും ഉണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. തൃശ്ശൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് സുരേഷ് ഗോപി കേന്ദ്രമന്ത്രിയുമായി. ആ ജയത്തിന്റെ ബലത്തിലാണ് കേരളം പിടിച്ചെടുക്കുകയെന്ന വലിയ ലക്ഷ്യം എൻഡിഎ മുന്നോട്ടുവെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനും ബിജെപി പിടിച്ചെടുത്തു. 26 ഗ്രാമപ്പഞ്ചായത്തും രണ്ട് നഗരസഭയിലും ബിജെപി വേരാഴ്ത്തി നിന്നു. ബിജെപിക്ക് വോട്ടുകിട്ടുമ്പോൾ യുഡിഎഫ് വോട്ടാണ് കുറയുകയെന്ന നിരീക്ഷണം പഴങ്കഥയാകുന്ന കാഴ്ചയാണ് പ്രകടമായത്. ബിജെപി പെട്ടിയിൽ എൽഡിഎഫ്, യുഡിഎഫ് വോട്ടുകൾ നിസ്സംശയം വീഴുമെന്നും തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ടു. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിനും തിരുവനന്തപുരം കോർപ്പറേഷനുംശേഷം നിയമസഭയിലേക്ക് 25 സീറ്റെങ്കിലും ലക്ഷ്യംവെച്ച് പോരാടാനുള്ള ഊർജമാണ് ബിജെപിക്ക് ഫലംനൽകുന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒപ്പംനിൽക്കുന്ന ശക്തിയായി മാറുകയെന്ന ദൗത്യത്തിലേക്ക് ബിജെപി കളംമാറ്റി ചവിട്ടുന്നതും ഈ ജനവിധി കൊണ്ട് കൂടിയാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങളും വികസനപദ്ധതികളും ജനങ്ങൾക്ക് മുന്നിലെത്തിച്ച് പ്രചാരണം നടത്തുകയെന്നതാണ് ബിജെപി തന്ത്രം. അതിന് വമ്പൻ പ്രഖ്യാപനങ്ങളും നടത്തി. എന്നാൽ അത് എത്രമാത്രം പാലിക്കപ്പെട്ടെന്നുള്ളത് ചോദ്യമാണ്. ഏതുവിധേനയും പരമാവധി സീറ്റുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. ക്വാർട്ടർ ഫൈനലും സെമി ഫൈനലും വിജയിച്ച് ഫൈനൽ കാത്തുനിൽക്കുന്ന ടീമിനെ പോലെയാണ് യുഡിഎഫ്. ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റത്താണ് മുന്നണിയുള്ളത്. നേതാക്കളുടെ മുഖത്ത് അത് പ്രകടവുമാണ്. തദ്ദേശപ്പോരാട്ടത്തിൽ സാധാരണ ഇടതുപക്ഷം നേടാറുള്ള മേൽക്കൈയില്ലാത്തത് ഭരണമാറ്റത്തിന്റെ സൂചനയായി നേതൃത്വം വിലയിരുത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയം മാത്രമല്ല, ഒപ്പം ഉപതിരഞ്ഞെടുപ്പുകളിൽ നേടിയ ജയവും യുഡിഎഫിന്റെ പ്രതീക്ഷ കൂട്ടുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ജയം മാത്രമാണ് യുഡിഎഫിന് ആശ്വസിക്കാനുണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പിലും തദ്ദേശത്തിലും പരാജയപ്പെട്ടു. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അതല്ല സ്ഥിതി. ചേലക്കര ഒഴികെ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം വിജയം നേടി. ചേലക്കരയിലെ തോൽവി പോലും കടുത്ത പ്രഹരമേൽപ്പിക്കുന്നതായിരുന്നില്ല. നിലമ്പൂർ പിടിച്ചെടുത്തതോടെ സിറ്റിങ് സീറ്റുകൾ കൈവിടാറില്ലെന്ന എൽഡിഎഫിന്റെ വാദവും മറികടക്കാനായി. അങ്ങനെ വിവാദങ്ങൾക്കും ഭരണവിരുദ്ധവികാരത്തിനും പുറമേ കണക്കുകളിലും മുന്നിലെത്തിയാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിക്കില്ലെന്ന് കണക്കുകൂട്ടി കച്ചമുറുക്കുകയാണ് ഇടതുമുന്നണി. ത്രികോണപോരാട്ടത്തിന് സജ്ജമായി ബിജെപിയും നിലയുറപ്പിക്കുമ്പോൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവചനാതീതമെന്നുറപ്പ്.

തീയതി കുറിച്ചു, ഇനി തിരഞ്ഞെടുപ്പ് യുദ്ധം; മുന്നണികൾ പോരടിച്ച അഞ്ച് വർഷം, ഫൈനലിലെ കഥയെന്താകും ?
M
MathrubhumiSource Link
about 2 months ago