തിരിച്ചുപിടിച്ച് യു.ഡി.എഫ്. To advertise here, ആലപ്പുഴ: എൽ.ഡി.എഫ്. കോട്ടയായ ആലപ്പുഴയെ കൈക്കുമ്പിളിലാക്കി തീരത്തിന്റെ മകൻ. ആദ്യ റൗണ്ടിൽത്തന്നെ ലീഡു നേടിയാണ് യു.ഡി.എഫ്. സ്ഥാനാർഥി എ.ഡി. തോമസിന്റെ മുന്നേറ്റം. ആദ്യ റൗണ്ടിൽ മാരാരിക്കുളം വടക്കു പഞ്ചായത്തിന്റെ വോട്ടുകളാണ് എണ്ണിയത്. ഇതിൽ 635 വോട്ടിന്റെ ലീഡ് തോമസിനു ലഭിച്ചു. രണ്ടാം റൗണ്ടിൽ ലീഡ് 2,909-ൽ എത്തി. 4,281-ന്റെ ലീഡാണ് മൂന്നാം റൗണ്ടിൽ നേടിയത്. നാലാം റൗണ്ടിൽ 5,560 വോട്ടിന്റെ ലീഡിലേക്കെത്തി ജയിക്കുമെന്ന സൂചന ലഭിച്ചു. ഇടതുകോട്ടയായ മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ തോമസിന്റെ ജയം ഉറപ്പായി. ഏറ്റവും ഒടുവിൽ നഗരസഭയിലെ 26 വാർഡുകളിലെ വോട്ടുകളിലൂടെ ജയിച്ചുകയറി. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ തോമസിനെ പോലീസ് തല്ലിച്ചതച്ച സംഭവം ഉയർത്തിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. കൂട്ടത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും മണ്ണഞ്ചേരിയിലെത്തി പ്രചാരണത്തിനിറങ്ങിയതും വോട്ടർമാരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകണം. ആറാം റൗണ്ടിൽ മണ്ണഞ്ചേരി പഞ്ചായത്തിലെ വോട്ടുകളെണ്ണിത്തീർന്നപ്പോൾ തോമസിന്റെ ഭൂരിപക്ഷം 5,988-ലേക്ക് എത്തി. സി.പി.എമ്മിന്റെ ഉറച്ചകോട്ടയാണ് മണ്ണഞ്ചേരി. അപ്പോഴേക്കും ഇനി താഴോട്ടു പോകില്ലെന്ന ഉറപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു സമീപം കൂടിനിന്നിരുന്ന പ്രവർത്തകർ ആഘോഷങ്ങൾക്കു തുടക്കമിട്ട് ജില്ലാ കേന്ദ്രത്തിലേക്കു പോയി. ഒൻപതു റൗണ്ട് പൂർത്തിയായപ്പോൾ 9,386 വോട്ടിന്റെ ലീഡായി മാറി. പതിന്നാലാമത്തെ റൗണ്ടിൽ 16,035 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയതോടെ എ.ഡി. തോമസും പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കാനായി രംഗത്തെത്തി. വോട്ടുകൾ പോയ വഴിയറിയാതെ വിഷമിക്കുകയാണ് സി.പി.എം. നേതൃത്വം. വികസനം സാധ്യമാക്കിയ എം.എൽ.എ.യ്ക്കൊപ്പം മണ്ഡലം നിൽക്കുമെന്ന വിശ്വാസമായിരുന്നു എൽ.ഡി.എഫിന്. പത്തു വർഷത്തോളം തോമസ് ഐസക് കൈവെള്ളയിൽ വെച്ച മണ്ഡലം 2021-ൽ പി.പി. ചിത്തരഞ്ജനെ മത്സരിപ്പിച്ച് ജയിപ്പിച്ചു. 11,644 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡോ.കെ.എസ്. മനോജിനെയാണ് അന്നു തോൽപ്പിച്ചത്. 21,015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതോടെ 15 വർഷങ്ങൾക്കുശേഷം വീണ്ടും ആലപ്പുഴ മണ്ഡലം വലത്തേക്കു തിരിഞ്ഞിരിക്കുകയാണ്.
