Last Updated: 02 April 2026, 12:16 AM IST തീവണ്ടിക്കുനേരേയുള്ള കല്ലേറ് സംസ്ഥാനത്ത് സാമൂഹികവിപത്തായി മാറിക്കഴിഞ്ഞെന്നതിൽ സംശയമില്ല തീവണ്ടികൾക്കുനേരേയുള്ള കല്ലേറ് പതിവായിരിക്കുകയാണ്, നമ്മുടെ നാട്ടിൽ. ചില സംഭവങ്ങളിൽ കുറ്റക്കാരെ കണ്ടെത്താൻ പോലീസിനും റെയിൽവേ പോലീസിനും സാധിക്കാറുണ്ട്. പക്ഷേ, മിക്കപ്പോഴും കല്ലേറുനടത്തിയശേഷം രക്ഷപ്പെടുന്നതാണു കണ്ടുവരുന്നത്. സി.സി.ടി.വി. ക്യാമറയുള്ള സ്ഥലങ്ങളാണെങ്കിൽമാത്രമേ കുറ്റകൃത്യംനടത്തിയവരെ കണ്ടെത്താൻ സാധിക്കാറുള്ളൂ. അല്ലാത്തപ്പോൾ അത് ഒട്ടും എളുപ്പമല്ല. ഇത്തരം സംഭവങ്ങളിൽ പലതും രാത്രിയിലാണു നടക്കുന്നതെന്നതും അന്വേഷണത്തിന് പ്രയാസംസൃഷ്ടിക്കുന്നു. പക്ഷേ, കല്ലേറുകൊണ്ട് ഗുരുതരമായി പരിക്കേൽക്കുന്ന തീവണ്ടിയാത്രക്കാരോട് നാം എന്തു സമാധാനംപറയും? അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന ആക്രമണത്തിലുണ്ടാകുന്ന മാനസികാഘാതം വേറേ. കഴിഞ്ഞ തിങ്കളാഴ്ച കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിനുനേരേ കടലുണ്ടിയിൽവെച്ചുണ്ടായ കല്ലേറിൽ തീവണ്ടിയാത്രക്കാരിയായ വടകര സ്വദേശി ഐശ്വര്യയുടെ താടിയെല്ല് തകർന്നു. രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ആലുവയിൽ കോളേജ് വിദ്യാർഥിനിയായ ഐശ്വര്യ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ജനറൽ കമ്പാർട്ട്‌മെന്റിൽ ജനലിനരികെ ഇരിക്കുമ്പോഴാണ് കല്ലേറുണ്ടായത്. കല്ലേറിൽ തീവണ്ടിയാത്രക്കാരുടെ തലയ്ക്കും കണ്ണിനുമൊക്കെ സാരമായി പരിക്കേറ്റ സംഭവങ്ങളുണ്ട്. 2013 ഒക്ടോബർ രണ്ടിന് പാലക്കാട് മങ്കരയ്ക്കടുത്ത് തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസിനുനേരേയുണ്ടായ കല്ലേറിൽ കണ്ണിനു പരിക്കേറ്റ കോട്ടയം കല്ലറ സ്വദേശിയായ പ്രീതമോളുടെ കാഴ്ചശക്തി നഷ്ടപ്പെടുകയുണ്ടായി. ജനലിൽ വന്നിടിച്ച കല്ല് പൊട്ടിച്ചിതറി ചീളുകൾ പ്രീതമോളുടെ ഇടതുകണ്ണിൽ തുളച്ചുകയറുകയാണുണ്ടായത്. 2024 നവംബർ എട്ടിനു പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനുനേരേയുണ്ടായ കല്ലേറിൽ പരിക്കേറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി വി. മുരളീധരന് തലയ്ക്ക് ഏഴു തുന്നലിടേണ്ടിവന്നു. ഇങ്ങനെ എത്രയോ സംഭവങ്ങൾ. വന്ദേഭാരത് തീവണ്ടിക്കുനേരേ സംസ്ഥാനത്ത് കല്ലേറ് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഇതിൽ കല്ല് അകത്തേക്കു പോകാറില്ലെങ്കിലും ജനൽച്ചില്ലുകൾ പൊട്ടാറുണ്ട്. മറ്റു തീവണ്ടികളിലും എ.സി. കോച്ചുകൾ താരതമ്യേന സുരക്ഷിതമാണ്. എന്നാൽ, മറ്റു കമ്പാർട്ട്‌മെന്റുകളിൽ സ്ഥിതി അതല്ല. എൻജിനുനേരേ കല്ലെറിയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങളിൽ ചിലപ്പോഴൊക്കെ പിടിക്കപ്പെടുന്നത് കുട്ടികളും മനോരോഗികളുമാണ്. എന്നാൽ, മദ്യലഹരിയിലും അല്ലാതെയും കല്ലേറുനടത്തുന്ന സമൂഹവിരുദ്ധരും ചില സംഭവങ്ങളിൽ പിടിയിലാകാറുണ്ട്. എന്തായാലും തീവണ്ടിക്കുനേരേയുള്ള കല്ലേറ് സംസ്ഥാനത്ത് സാമൂഹികവിപത്തായി മാറിക്കഴിഞ്ഞെന്നതിൽ സംശയമില്ല. ഇതിനു കൂച്ചുവിലങ്ങിടാനുള്ള സംയോജിതശ്രമം സംസ്ഥാനപോലീസിന്റെയും റെയിൽവേ പോലീസിന്റെയുംഭാഗത്തുനിന്ന് ഉണ്ടാകണം. ഇപ്പോൾ അത്തരം ശ്രമം നടക്കുന്നില്ലെന്നല്ല. അത് കൂടുതൽ ഊർജിതവും ശാസ്ത്രീയവുമാക്കണം. സി.സി.ടി.വി. ക്യാമറകൾ വ്യാപകമാക്കുകയും പട്രോളിങ് പോലുള്ള കരുതലുകൾ വർധിപ്പിക്കുകയുംവേണം. റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും മനോരോഗികൾ, സമൂഹവിരുദ്ധർ തുടങ്ങിയവരുടെ വിഹാരമേഖലകളാകുന്നത് അനുവദിച്ചൂകൂടാ. ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്‌കാന്തി റെയിൽവേ അധികാരികളുടെഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ആ സ്ഥിതി മാറണം. റെയിൽവേ ട്രാക്കുകളിൽ ഡ്രോൺ നിരീക്ഷണംപോലുള്ള നൂതനസാധ്യതകൾ പ്രയോജനപ്പെടുത്താമോ എന്നു പരിശോധിക്കണം. ജീവിതംതന്നെ മാറ്റിമറിച്ചേക്കാവുന്ന അപായങ്ങൾക്ക് തീവണ്ടിയാത്രക്കാരെ ഇനിയും വിട്ടുകൊടുക്കാനാകില്ല. To advertise here, Published: 02 Apr 2026, 12:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
