തുടർക്കഥയായി ദുരന്തങ്ങൾ, തുടർന്ന് വെടിക്കെട്ടുകൾ; വിവാദങ്ങളും വ്യവഹാരങ്ങളും സജീവം, നടപടി മാത്രം അകലെ

തുടർക്കഥയായി ദുരന്തങ്ങൾ, തുടർന്ന് വെടിക്കെട്ടുകൾ; വിവാദങ്ങളും വ്യവഹാരങ്ങളും സജീവം, നടപടി മാത്രം അകലെ

തൃ ശ്ശൂരിൽ വെടിക്കെട്ട് പുരയിൽ ഉണ്ടായ വൻ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. നിലവിൽ 14 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരുന്നത് ആശങ്കയിലാക്കുന്നുണ്ട്. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു പതിറ്റാണ്ട് കഴിയുന്ന വേളയിലാണ് മറ്റൊരു വെടിക്കെട്ട് ദുരന്തം സംസ്ഥാനത്തെയാകെ ഞെട്ടിച്ചത്. ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തണമോ എന്നതിനെ സംബന്ധിച്ചും മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ കുറിച്ചും നിയമപോരാട്ടങ്ങളും ചർച്ചകളും നടക്കുന്ന വേളയിലാണ് വീണ്ടമൊരു അപകടം സംഭവിക്കുന്നത്. To advertise here, ആരാധനാലയങ്ങളിൽ നടക്കുന്ന വെടിക്കെട്ടിനെ പറ്റി കാലങ്ങളായി ചർച്ചകൾ നടക്കുന്നുണ്ട്. വെടിക്കെട്ട് ഒഴിവാക്കണമെന്ന് വാദിക്കുന്നവരും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് നടത്തണമെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. വെടിക്കെട്ട് നടത്തേണ്ട സമയവും ദൂരപരിധിയും സംബന്ധിച്ച് മാർഗനിർദേശങ്ങളുണ്ട്. എന്നാൽ, അത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നത് സംശയമാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തുകയും അപകടം ക്ഷണിച്ചുവരുത്തുന്ന സംഭവങ്ങൾ ഒട്ടേറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ദുരന്തങ്ങൾ സംഭവിക്കുന്ന വേളയിൽ മാത്രമാണ് ഇക്കാര്യങ്ങൾ ചർച്ചയാകാറുള്ളൂ. നേരത്തേ സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കുന്നത് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരോധിച്ചിരുന്നു. ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദ്യങ്ങളും ഉന്നയിച്ചു. വെടിക്കെട്ടിന്‌ സംസ്ഥാനത്ത് എന്തെങ്കിലും മാർഗരേഖയുണ്ടോയെന്നാണ് ഹൈക്കോടതി ചോദിച്ചത്. നിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. രാത്രി പത്തിനും രാവിലെ ആറിനുമിടയിൽ വെടിക്കെട്ടിന് നിയന്ത്രണമുണ്ടെന്നും എന്നാലത് ക്ഷേത്രോത്സവങ്ങൾക്ക് ബാധകമല്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. തൃശ്ശൂരിൽ വെടിക്കെട്ട് അപ​കടം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം. ഫോട്ടോ: ജെ.ഫിലിപ്പ് രാവിലെ ആറിനും രാത്രി പത്തിനും ഇടയ്ക്ക് വെടിക്കെട്ടുകൾക്ക് നിയന്ത്രണമില്ല. എന്നാൽ, അതിനുശേഷമുള്ള വെടിക്കെട്ടുകൾക്ക് നിയന്ത്രണം വേണം. പക്ഷേ, ക്ഷേത്രോത്സവങ്ങളുടെ കാര്യത്തിൽ ഓരോന്നിനും പ്രത്യേക അപേക്ഷകൾ പരിഗണിച്ച് സർക്കാരിന് തീരുമാനമെടുക്കാമെന്നുമാണ് ഹൈക്കോടതി അറിയിച്ചത്. മാത്രമല്ല, കഴിഞ്ഞവർഷം ഉത്സവങ്ങളുടെ വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഭേദഗതി വിജ്ഞാപനം വൻ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കടുത്ത മാർഗനിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. വെടിക്കെട്ടുപുരയിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ വെടിക്കെട്ട് നടത്താവൂ, പെസോയുടെ പരീക്ഷ പാസാകുന്നവർക്കു മാത്രമേ ലൈസൻസി ആകാനാകൂ തുടങ്ങിയ നിർദേശങ്ങളുണ്ടായി. അത്തരത്തിൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്കകളും വാദപ്രതിവാദങ്ങളും നടന്നുവരികയാണ്. അതിനിടെയാണ് മറ്റൊരു ദുരന്തം സംഭവിക്കുന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. പലർക്കും ഗുരുതരമായി പരിക്കേറ്റു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. മണിക്കൂറുകൾ കഴിഞ്ഞാണ് തീ പൂർണമായും അണച്ചത്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ഏകദേശം 30-നും 40-നും ഇടയിൽ ആളുകൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് തൃശ്ശൂർ  ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നൽകുന്ന വിവരം. ഇവരിൽ ചിലർ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്. സ്ഫോടനത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും കളക്ടർ വ്യക്തമാക്കി. അപകടമറിഞ്ഞെത്തിയവർ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം കഴിഞ്ഞ് പത്ത് വർഷം കഴിയുന്ന വേളയിലാണ് തൃശ്ശൂരിലെ അപകടം. 2016 ഏപ്രിൽ 10-ന് മത്സരക്കമ്പത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ 110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജില്ലാഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ക്ഷേത്ര കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമവിരുദ്ധമായി മത്സരം നടത്തിയെന്ന കേസും നടക്കുകയാണ്. ഇതിന് മുൻപും ഒട്ടേറെ അപകടങ്ങൾ സംസ്ഥാനത്ത് നടന്നു. പാലക്കാട് കല്ലേപ്പുള്ളി കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ (1990) സ്ഫോടനത്തിൽ 26 പേർ മരിച്ചിരുന്നു. 1987 ൽ മാവേലിക്കര ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. 2016 ൽ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും വെടിക്കെട്ട് അപകടമുണ്ടായി. Content Highlights: A devastating fireworks explosion at Mundathikode, Thrissur, the incident has reignited the intense debate regarding the necessity and safety of fireworks during temple festivals. Published: 21 Apr 2026, 07:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തുടർക്കഥയായി ദുരന്തങ്ങൾ, തുടർന്ന് വെടിക്കെട്ടുകൾ; വിവാദങ്ങള… | Boolokam