തുവ്വൂർ : രാഷ്ട്രീയത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്കും സൗഹൃദത്തിനും വിലയുണ്ടെന്ന് തെളിയിക്കുകയാണ് മലപ്പുറത്തെ തുവ്വൂർ ഗ്രാമം. അകാലത്തിൽ വിടപറഞ്ഞ ഒരു ജനപ്രതിനിധിയുടെ കടബാധ്യതകൾമൂലം തകരാനിരുന്ന രണ്ട് കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് പ്രവാസി സിദ്ദീഖ് തുവ്വൂരിന്റെ പോരാട്ടമാണ്. To advertise here, തുവ്വൂർ ഗ്രാമപ്പഞ്ചായത്ത് അക്കരപ്പുറം അംഗം ആയിരിക്കെ അന്തരിച്ച ദളിത് ലീഗ് നേതാവ് നിഷാന്തി (കണ്ണൻ)ന്റെ വീടും ജാമ്യംനിന്ന പ്രവാസി മലയാളി ഉസ്മാന്റെ വീടുമാണ് ജപ്തി ഭീഷണിയിലായത്. നാട്ടിലെ ഏതു പ്രശ്നത്തിലും ഓടിയെത്തിയിരുന്ന കണ്ണൻ, തന്റെ ജീവിതകാലം മുഴുവൻ ചെലവഴിച്ചത് പൊതു പ്രവർത്തനത്തിനായിരുന്നു. അദ്ദേഹം വിടപറഞ്ഞപ്പോൾ ബാക്കിയായത് വലിയൊരു കടബാധ്യതയായിരുന്നു. സജീവമായി രാഷ്ട്രീയത്തിൽനിന്ന കാലത്ത് ഉണ്ടായ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് കണ്ണന്റെ വീടും ഉസ്മാന്റെ വീടും ജപ്തി ഭീഷണിയിലായത്. സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സിദ്ദീഖ് തുവ്വൂർ, നാട്ടിലെ ഒരു കുടുംബം തെരുവിലേക്ക് ഇറങ്ങരുതെന്ന വാശിയോടെ രംഗത്തിറങ്ങി. തുടക്കത്തിൽ പ്രാദേശികമായി സമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും സമിതി കാലാവധി കഴിഞ്ഞ് പിരിഞ്ഞപ്പോൾ ലക്ഷ്യത്തിലെത്താൻ വലിയൊരു തുക ബാക്കിയായി. സിദ്ദീഖ് പിന്മാറിയില്ല. യൂനുസ് ബാബു, പി.എം.കെ. സിറാജ്, ഇർഷാദ് ഇല്ലിക്കൽ തുടങ്ങിയ സുഹൃത്തുക്കൾ നൽകിയ ആത്മവിശ്വാസത്തിൽ ദൗത്യം തുടർന്നു. മങ്കടയിലെ പി.ടി. ഗ്രൂപ്പ് എം.ഡി. പി.ടി. അബ്ദുസ്സലാം നൽകിയ ആദ്യ സംഭാവന ദൗത്യത്തിന് വലിയ ഊർജമായി. ഗൾഫ് വോയേജർ ട്രാവൽസ്, അൽ വഫ ഹൈപ്പർ മാർക്കറ്റ്, അപകടത്തിൽ മരിച്ച മുഹമ്മദ് ജാബിറിന്റെ കുടുംബം, നൗഫൽ പാറക്കുളം, ഇർഷാദ് ഇല്ലിക്കൽ, പി.എം.കെ. സിറാജ്, യൂസുഫ് പെരിന്തൽമണ്ണ, യൂനുസ് ബാബു, ഇസ്ഹാഖ്, സി.കെ. സിയാദ്, ബിജു എന്നിവരും നിരവധി അനുഭാവികളും സിദ്ദീഖിന്റെ കൈപിടിച്ചു. ആകെ 28,77,809 രൂപയായിരുന്നു ബാധ്യത. ബാങ്കുകളുമായി നടത്തിയ നിരന്തരമായ ചർച്ചകളിലൂടെ 10 ലക്ഷത്തിലധികം രൂപ പലിശയിളവ് നേടി. ബാക്കി 18,49,015 രൂപ ബാങ്കുകളിൽ അടച്ച് തീർപ്പാക്കി. രാഷ്ട്രീയവേർതിരിവുകൾ മറന്ന് പ്രവാസികളും നാട്ടുകാരും സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ ദൗത്യം സഫലമാക്കി.

തുവ്വൂരിലെ ആ വീടുകളിൽ ഇനി ജപ്തി ബോർഡുകളില്ല
M
MathrubhumiSource Link
about 1 month ago