ബോവിക്കാനം : അപകടാവസ്ഥയിലുള്ള തൂക്കുപാലത്തിലൂടെ ഭീതി ഉയർത്തി ഇരുചക്ര വാഹനയാത്ര. മുളിയാർ പഞ്ചായത്തിലെ ബാവിക്കര മൊട്ടലിനെയും ബേഡകം പഞ്ചായത്തിലെ അരമനപ്പടിയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലൂടെയാണ് നാട്ടുകാരിൽ ഭീതി ഉയർത്തി ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നത്. To advertise here, പയസ്വിനി പുഴയ്ക്ക് 20 വർഷം മുമ്പാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ തൂക്കുപാലം പണിതത്. 127 മീറ്റർ നീളമുള്ള തൂക്കുപാലത്തിന് ഒരു മീറ്റർ വീതിയുണ്ട്. ഇരുഭാഗത്തുമുള്ള സ്കൂൾ കുട്ടികൾ തോണിയെ ആശ്രയിച്ച് പയസ്വിനി പുഴ കടന്നിരുന്ന കാലത്താണ് ഏറെ ആശ്വാസമായി തൂക്കുപാലം പണിതത്. മഴക്കാലത്ത് ശക്തമായ കുത്തൊഴുക്കുള്ള പയസ്വിനി പുഴയിലൂടെയുള്ള യാത്ര ഭയപ്പെടുത്തുന്നതായിരുന്നു. ഏറെ കാലത്തെ മുറവിളിക്കൊടുവിലാണ് 2005-ൽ തൂക്കുപാലമെന്ന സ്വപ്നം സഫലമായത്. നേർത്ത കമ്പികൾ ഇട്ട് ഒരു ഇഞ്ച് കനത്തിലുള്ള കോൺക്രീറ്റ് സ്ലാബുകളാണ് പാലത്തിന് ഉപയോഗിച്ചത്. ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ കൂടുതലായി കടന്നുപോയിത്തുടങ്ങിയതോടെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു. അറ്റകുറ്റപ്പണിയുടെ അഭാവം തൂക്കുപാലത്തിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടി. സമീപത്തുതന്നെ ഇരുകരകളെയും ബന്ധിപ്പിച്ച് കൊണ്ടുള്ള റോഡ് പാലത്തിന്റെ പണി കഴിഞ്ഞ മൂന്ന് വർഷത്തോളമായി നടന്നുവരുന്നുണ്ട്. പാലത്തിന്റെ നിർമാണ കരാർ ഏറ്റെടുത്ത മലപ്പുറത്തെ പി.കെ.കെ. കമ്പനി ജീവനക്കാർ തൂക്കുപാലത്തിന്റെ അപകടഭീതി ഒഴിവാക്കുന്നതിന് സ്ലാബുകൾ തകർന്ന ഇടങ്ങളിൽ കമ്പികളിട്ട് ഇരുഭാഗത്തും വെൽഡ് ചെയ്തിട്ടുണ്ട്. ബേഡഡുക്ക പഞ്ചായത്തിലെ അരമനപ്പടി, കോളോട്ട്, ബാവിക്കരയടുക്കം, കുട്ടിയാനം തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുട്ടികൾ ബോവിക്കാനം സ്കൂളിലാണ് പഠിക്കുന്നത്. തൂക്കുപാലത്തിലൂടെയാണ് കുട്ടികളുടെ യാത്ര. തൂക്കുപാലത്തിന്റെ അപകടസ്ഥിതി ഒഴിവാക്കിയില്ലെങ്കിൽ കുട്ടികളുടെ യാത്ര പ്രയാസമാകും. നബാർഡിന്റെ സഹായത്തോടെയാണ് റോഡ് പാലം പണിയുന്നത്. 16.30 കോടി രൂപ ചെലവിൽ പണിയുന്ന പാലത്തിന്റെ നിർമാണം പലവിധ കാരണങ്ങളാൽ ഇഴഞ്ഞുനീങ്ങുകയാണ്. ആറ് സ്പാനുകളിൽ 150 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. ഇരുഭാഗത്തും നടപ്പാതയുമുണ്ടാകും. കഴിഞ്ഞ ഡിസംബറിൽ പാലം പണി പൂർത്തിയാക്കേണ്ടതായിരുന്നു. പാലത്തിന്റെ തൂണുകൾ മാത്രമാണ് ഇതിനകം പണിതിട്ടുള്ളത്. പാലം പണിയുന്നതുവരെയെങ്കിലും തൂക്കുപാലത്തിലൂടെ ഭീതി ഒഴിവാക്കിയുള്ള യാത്ര ഉറപ്പുവരുത്തുന്നതിന് നടപടി വേണമെന്നാണ് പുഴയുടെ ഇരുഭാഗത്തുമുള്ള കുടുംബങ്ങൾ പറയുന്നത്. Published: 04 May 2026, 04:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തൂക്കുപാലം അപകടാവസ്ഥയിൽ ഭീതിയുയർത്തി ഇരുചക്രവാഹന യാത്ര
M
MathrubhumiSource Link
about 3 hours ago
