തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരുമണിക്കൂർ മുൻപ് ജനകീയ ഉദ്ഘാടനം To advertise here, ചെർപ്പുളശ്ശേരി : റെക്കോഡ് വേഗത്തിൽ നിർമാണം പൂർത്തിയാക്കിയ തൂതയിലെ പുതിയ സമാന്തരപാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ സാക്ഷിയായി. തൂതപ്പാലത്തിന് ഇക്കരെയും അക്കരെയുമായി പാലക്കാട്, മലപ്പുറം ജില്ലകളിലായുള്ള തൂത പട്ടണത്തിന്റെ മുഖഛായ മാറ്റിയ പുതിയ പാലമാണ് നാടിന് സമർപ്പിച്ചത്. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി കെ.എസ്.ടി.പി. ലോകബാങ്കിന്റെ ധനസഹായത്തോടെ 323 കോടി രൂപ ചെലവിൽ തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തൂതപ്പാലത്തിനടുത്ത് 140 മീറ്റർ നീളവും 10 മീറ്റർ വീതിയും കിഴക്കുഭാഗത്ത് നടപ്പാതയോടും കൂടിയ പുതിയ പാലം നിർമിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് ഒരുമണിക്കൂർ മുൻപ് ജനകീയ ഉദ്ഘാടനമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പി. മമ്മിക്കുട്ടി എം.എൽ.എ. പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ചെർപ്പുളശ്ശേരി നഗരസഭാധ്യക്ഷ കെ.ടി. ജംസിയ അധ്യക്ഷയായി. ഉപാധ്യക്ഷൻ സി. ജയകൃഷ്ണൻ, നഗരസഭാ മുൻ അധ്യക്ഷൻ പി. രാമചന്ദ്രൻ, നഗരസഭാംഗം കെ. സിന്ധു, സി.പി.എം. ഏരിയാ സെക്രട്ടറി കെ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. 1935-ൽ ബ്രിട്ടീഷ് സർക്കാരിന്റെ കാലത്താണ് തൂതപ്പാലം പുതുക്കിപ്പണിതത്. ഈ പാലത്തിന്റെ കിഴക്കുഭാഗത്താണ് നാലുവരിപ്പാതയ്ക്ക് അനുയോജ്യമായ സമാന്തരപാലമുണ്ടാക്കിയത്. പഴയ പാലത്തിന്റെ ഉപരിതലം റീ-ടാറിങ് ഉൾപ്പെടെ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. മുണ്ടൂർ, കടമ്പഴിപ്പുറം, ചെർപ്പുളശ്ശേരി വഴി പാലക്കാട്-കോഴിക്കോട് ഗതാഗതത്തിനുള്ള പ്രധാനപാത കൂടിയാണിത്. 10 കിലോമീറ്റർ ദൂരം കുറവുമുണ്ട്.
