വേ നലും തിരഞ്ഞെടുപ്പും ഒരുപോലെ ചൂടുപിടിപ്പിക്കുകയാണ് കോഴിക്കോടിനെ. പടിവാതിൽക്കൽ എത്തിനിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചാരണമാണ് സ്ഥാനാർഥികൾ നടത്തുന്നത്. To advertise here, വിചിത്രമാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കോഴിക്കോട്ടെ രാഷ്ട്രീയ കാലാവസ്ഥ. 2009 മുതൽ കോൺഗ്രസിന്റെ കുത്തകയാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. എന്നാൽ, ഒരു പതിറ്റാണ്ടിലേറെയായി ഈ ലോക്സഭാ മണ്ഡലത്തിന്റെ കീഴിലുള്ള ഒരൊറ്റ നിയമസഭാ മണ്ഡലത്തിൽ നിന്ന് പോലും കൈപ്പത്തിയിൽ ചിഹ്നത്തിൽ ഒരാൾ ജയിച്ചുവന്നിട്ടില്ല. കൊടുവള്ളിയിൽ മുസ്ലിം ലീഗും വടകര ലോക്സഭാ മണ്ഡലത്തിന്റെ കീഴിൽ വരുന്ന വടകരയിൽ ആർഎംപിയുമാണ് ജില്ലയിൽ നിന്നു യുഡിഎഫ് ബാനറിൽ ജയിച്ചത്. എൽഡിഎഫ്-11, യുഡിഎഫ്-2 എന്നിങ്ങനെയാണ് നിലവിൽ ജില്ലയിലെ കക്ഷിനില. നാളിതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇടതിന്റെ ഈ മേൽക്കൈ വ്യക്തമായിരുന്നു. ഈ ചരിത്രമാണ് എന്നത്തേയും പോലെ ഇക്കുറിയും എൽഡിഎഫിന്റെ ആത്മവിശ്വാസം. എന്നാൽ, ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ മാറിമറിയുന്ന സൂചനയാണ് കോഴിക്കോട് കോർപ്പറേഷൻ അടക്കം പലയിടങ്ങളിലും. മാറ്റത്തിന്റെ ഈ കാറ്റിലാണ് യുഡിഎഫ് പ്രതീക്ഷവെക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ നടത്തിയ വലിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ അത്ഭുതമായി പരിവർത്തനം ചെയ്യപ്പെടും എന്ന വിശ്വാസത്തിലാണ് എൻഡിഎ. ഇത്തവണ കോഴിക്കോട്ടെ തിരഞ്ഞെടുപ്പ്രംഗം സങ്കീർണവും ഉദ്വേഗഭരിതവുമാക്കുന്നത് ഈ കണക്കുകളാണ്. രണ്ട് മന്ത്രിമണ്ഡലങ്ങൾ കൂടി മത്സരക്കളമാവുമ്പോൾ പോരാട്ടത്തിന് തിളക്കേറും. പുതിയ വിവാദങ്ങൾ കൂടിയാകുന്നതോടെ ഈ പോരാട്ടത്തിന്റെ തീച്ചൂട് ഇരട്ടിയാവുകയാണ്. വടകര കോഴിക്കോട് ജില്ലയിൽ ഇരുമുന്നണികൾക്കും ഏറെ നിർണായകമായ മണ്ഡലമാണ് വടകര. ആർഎംപിയുടെ കെ.കെ.രമയാണ് സിറ്റിങ് എംഎൽഎ. ഒഞ്ചിയത്തെ സി.പി.എം. പിളർന്ന് ആർ.എം.പി. രൂപവത്കരിച്ചശേഷം, ഇടതുപക്ഷത്തെ കൈവിടാതിരുന്നത് വടകര നിയമസഭാമണ്ഡലം മാത്രമാണ്. 2021-ൽ അതും നഷ്ടപ്പെട്ടു. വടകര തിരിച്ചുപിടിക്കുകയെന്നതുതന്നെയാണ് ഇടതുപക്ഷ ബാനറിൽ മത്സരിക്കുന്ന ആർജെഡി സ്ഥാനാർഥി എം.കെ. ഭാസ്കരന്റെയും മുഖ്യലക്ഷ്യം. ആർജെഡിക്ക് വലിയ വേരുകളുള്ള മണ്ഡലമാണ് വടകര. 1977 മുതൽ 2016 വരെ ജനതാ/സോഷ്യലിസ്റ്റ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ചതാണ് പാരമ്പര്യം. തിരിച്ചുവരവിന് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നത് ഈ മണ്ണിന്റെ ചരിത്രം തന്നെ. മറുവശത്ത് ആർ.എം.പി.ഐയെ സംബന്ധിച്ചിടത്തോളവും ഈ തിരഞ്ഞെടുപ്പ് നിലനിൽപ്പിന്റെ പോരാട്ടമാണ്. പരാജയപ്പെട്ടാൽ അത് ആർ.എം.പി.ഐയെ മാത്രമല്ല, യു.ഡി.എഫിനെയും ബാധിക്കും. അഡ്വ. കെ. ദിലീപാണ് എൻ.ഡി.എ സ്ഥാനാർഥി. കുറ്റ്യാടി കോഴിക്കോട് ജില്ലയിലെ വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കുറ്റ്യാടി നിയമസഭാമണ്ഡലം 2008-ലെ മണ്ഡല പുനർനിർണയത്തോടെയാണ് നിലവിൽ വന്നത്. പഴയ മേപ്പയൂർ മണ്ഡലത്തിലെ കുന്നുമ്മൽ, കുറ്റ്യാടി, പുറമേരി, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ, വേളം എന്നീ പഞ്ചായത്തുകൾക്കൊപ്പം വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും ചേർന്നാണ് ഈ മണ്ഡലം രൂപീകരിച്ചത്. ഇടതുപക്ഷത്തിന്റെ ശക്തമായ കേന്ദ്രമായിരുന്ന ഇവിടെ 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ കെ.കെ. ലതിക വിജയിച്ചു. എന്നാൽ 2016-ൽ നടന്ന അടുത്ത തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ പാറയ്ക്കൽ അബ്ദുള്ള 1,157 വോട്ടുകൾക്ക് കെ.കെ. ലതികയെ പരാജയപ്പെടുത്തി മണ്ഡലം യുഡിഎഫിന് അനുകൂലമാക്കി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം വീണ്ടും ഇടതുപക്ഷം തിരിച്ചുപിടിച്ചു. എൽഡിഎഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വെറും 333 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിൽ 81.30 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പി.പി. മുരളി 9,139 വോട്ടുകൾ നേടിയിരുന്നു. സിറ്റിങ് എംഎൽഎ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും പാറയ്ക്കൽ അബ്ദുള്ളയും വീണ്ടും നേർക്കുനേർ വരുമ്പോൾ ആർക്കായിരിക്കും വിജയമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നാദാപുരം കോഴിക്കോട് ജില്ലയിലെ ഹൈ വോൾട്ടേജ് മണ്ഡലം എന്ന വിളിപ്പേരുള്ള ഇടമാണ് നാദാപുരം. ഇടതുപക്ഷത്തിന്റെ കോട്ടയായ ഇവിടെ സിപിഐ ആണ് വർഷങ്ങളായി മത്സരിക്കുന്നതും വിജയിക്കുന്നതും. 1977-ൽ കാന്തലോട്ട് കുഞ്ഞമ്പുവിൽനിന്ന് തുടങ്ങുന്നു ആ ചരിത്രം. പിന്നീട് കെ.ടി കണ്ണൻ രണ്ടുതവണ സിപിഐയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1987 മുതൽ 1996 വരെ സത്യൻ മൊകേരിയാണ് ഇവിടെ നിന്ന് വിജയിച്ചത്. 2001, 2006 കാലഘട്ടങ്ങളിൽ ബിനോയ് വിശ്വവും 2011, 2016, 2021 എന്നീ കാലങ്ങളിൽ ഇ.കെ. വിജയനും നാദാപുരത്തുനിന്ന് നിയമസഭ കണ്ടു. കഴിഞ്ഞ രണ്ടു തവണയും ഇ.കെ.വിജയനും അഡ്വ. കെ.പ്രവീൺകുമാറും തമ്മിലായിരുന്നു പോരാട്ടം. രണ്ട് തവണയും ഇടതുവിജയം ഏതാണ്ട് ഒരേ ഭൂരിപക്ഷത്തിൽ. പ്രവീൺ കൊയിലാണ്ടിയിലേയ്ക്ക് മാറിയതോടെയാണ് ഇവിടെ പോരിന് കെ.എം. അഭിജിത്ത് എത്തിയത്. സിപിഐ ഹാട്രിക് തികച്ച ഇ.കെ.വിജയനെ മാറ്റി പി. വസന്തത്തെ ഇറക്കി. കടുപ്പമാണ് നാദാപുരത്തെ പോരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിജെപിയുടെ സി.പി. വിപിൻ ചന്ദ്രൻ എന്നിവരാണ് മണ്ഡലം പിടിക്കാൻ രംഗത്തുള്ളത്. ഉറച്ച കോട്ടയെന്ന ആത്മവിശ്വാസവുമായി ഇടതുപക്ഷം പ്രചരണം നടത്തുമ്പോൾ ആ കോട്ട തിരിച്ചുപിടിക്കുക എന്ന ഉത്തരവാദിത്തമാണ് അഭിജിത്തിനും യുഡിഎഫിനുമുള്ളത്. കൊയിലാണ്ടി 2006 മുതൽ ഇടതുപക്ഷത്തിന്റെ കൈയിൽ ഭദ്രമാണെങ്കിലും ജില്ലയിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷവെച്ചുപുർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊയിലാണ്ടി. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഇക്കുറി നാദാപുരം വിട്ട് കൊയിലാണ്ടിയിലെത്തിയതിന്റെ കാരണവും ഇതുതന്നെ. മുൻ എം.എൽ.എ കെ. ദാസനെയാണ് മണ്ഡലം നിലനിർത്താൻ എൽഡിഎഫ് വീണ്ടുമിറക്കിയിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. 2011 മുതൽ 2021 വരെ കെ. ദാസനായിരുന്നു എം.എൽ.എ. 2021-ൽ കാനത്തിൽ ജമീല എം.എൽ.എ. ആയെങ്കിലും കാലാവധി തീരുംമുൻപേ കഴിഞ്ഞവർഷം നവംബർ 29-ന് അവർ അന്തരിച്ചു. കാനത്തിൽ ജമീല 8,472 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ലോക്‌സഭയെക്കാൾ യു.ഡി.എഫിന് വോട്ട് കുറഞ്ഞത് എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നതാണ്. പക്ഷേ, എൽ.ഡി.എഫ്. കൈവശം വെച്ചിരുന്ന ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, തിക്കോടി പഞ്ചായത്തുകൾ തിരിച്ചുപിടിക്കാനായതും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും മൂടാടി പഞ്ചായത്തിലും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതും യു.ഡി.എഫിന് ഇത്തവണ പ്രതീക്ഷ നൽകുന്നുണ്ട്. പയ്യോളി നഗരസഭയിൽ യു.ഡി.എഫ് വിജയിക്കുകയും ചെയ്തു. പേരാമ്പ്ര മതം പറഞ്ഞുള്ള വോട്ടുപിടിക്കലെന്ന വലിയ വിവാദത്തിന്റെ അകമ്പടിയോടൊയാണ് ഇക്കുറി പേരാമ്പ്രയിൽ അങ്കംമറുകുന്നത്. 1980 മുതൽ ഇടതുകോട്ടയാണ് പേരാമ്പ്ര. ജില്ലയിലെ ഉറച്ച സീറ്റെന്ന് സി.പി.എം. കണക്കുകൂട്ടുന്ന പ്രദേശം. പക്ഷേ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും മേഖലയിൽ നേടിയ വൻമുന്നേറ്റം യു.ഡി.എഫിന് വിജയപ്രതീക്ഷ നൽകുന്നുണ്ട്. കോട്ട കൈവിടാതെ കാക്കാൻ എൽഡി എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ തന്നെയാണ് ഇടതുപക്ഷം ഇറക്കിയത്. പിടിച്ചെടുക്കാൻ ലീഗ് ഫാത്തിമ തഹ്‌ലിയയെയും ഇറക്കിയതോടെ അങ്കംമറുകി. എം. മോഹനൻ ബി.ജെ.പിക്കുവേണ്ടി മത്സരിക്കുന്നു. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തുതന്നെ നിലവിൽവന്ന മണ്ഡലമാണ് പേരാമ്പ്ര. രണ്ടുതവണ മാത്രമാണ് മണ്ഡലത്തിൽ യു.ഡി.എഫിന് വിജയിക്കാനായത്. 1980 മുതൽ ഇടതുപക്ഷത്തിനൊപ്പമാണ് പേരാമ്പ്ര. 2011-ൽ രൂപമാറ്റംവന്നെങ്കിലും പേരാമ്പ്രയെന്ന പേര് കൈവിട്ടില്ല. 2016-ൽ ടി.പി. രാമകൃഷ്ണന് 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കഴിഞ്ഞതവണ അത് 22,592 വോട്ടായി കുതിച്ചുയർന്നു. 1977 മുതൽ യു.ഡി.എഫിൽ കേരള കോൺഗ്രസ് മാണി വിഭാഗമാണ് മണ്ഡലത്തിൽ മത്സരിക്കാറുണ്ടായിരുന്നത്. കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്കുമാറിയതോടെ സീറ്റ് മുസ്‌ലിംലീഗിന് നൽകുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19,085 വോട്ടിന്റെ ലീഡ് ഷാഫി പറമ്പിലിന് പേരാമ്പ്ര മണ്ഡലപരിധിയിൽ ലഭിച്ചു. തദ്ദേശതിരഞ്ഞെടുപ്പിലും എട്ടായിരത്തിലേറെ വോട്ടിന്റെ മേൽക്കൈ മണ്ഡല പരിധിയിലെ പഞ്ചായത്തുകളിൽനിന്ന് യു.ഡി.എഫിനുണ്ടായി. വർഷങ്ങളായി എൽ.ഡി.എഫ്. കൈവശംവെച്ചിരുന്ന പഞ്ചായത്തുകൾ യു.ഡി.എഫ്. ഇത്തവണ പിടിച്ചെടുത്തു. പത്ത് പഞ്ചായത്തിൽ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, തുറയൂർ എന്നിങ്ങനെ ആറെണ്ണത്തിലെ ഭരണം യു.ഡി.എഫിനൊപ്പമാണ്. നൊച്ചാട്, മേപ്പയ്യൂർ, അരിക്കുളം, കീഴരിയൂർ എന്നിവയാണ് എൽ.ഡി.എഫിനൊപ്പം. പതിറ്റാണ്ടുകൾക്കുശേഷം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫ്. നേടി. മണ്ഡലത്തിലെ ഈ മാറ്റങ്ങളിലും അടിയൊഴുക്കുകളിലുമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ബാലുശ്ശേരി യുവാക്കളുടെ പോരാട്ടമാണ് ഇത്തവണ ബാലുശ്ശേരിയിൽ. നിലവിലെ എംഎൽഎ ആയ കെ.എം. സച്ചിൻ ദേവ്, കോൺഗ്രസിന്റെ വി.ടി. സൂരജ്, ബിജെപിയുടെ സി.പി. സതീഷ് എന്നിവരാണ് മത്സരരംഗത്ത്. 1957-ൽ വന്ന മണ്ഡലത്തെ ആദ്യം വർഷങ്ങളോളം സോഷ്യലിസ്റ്റുകളാണ് പ്രതിനിധാനം ചെയ്തത്. പാർട്ടി മാറി ഇടതുപക്ഷത്തെത്തിയ എ.സി. ഷണ്മുഖദാസ് 1980 മുതൽ ഏഴുതവണ ബാലുശ്ശേരിയിൽനിന്ന് നിയമസഭയിലെത്തി. ഷൺമുഖദാസിനുശേഷം 2006-ൽ എ.കെ. ശശീന്ദ്രനും മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2011-ൽ സംവരണ മണ്ഡലമായതോടെ സി.പി.എം. ഏറ്റെടുത്തു. തുടർന്നുള്ള രണ്ടുതവണയും പുരുഷൻ കടലുണ്ടി മണ്ഡലത്തെ പ്രതിനിധാനംചെയ്‌തു. ഒടുവിൽ 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ.എം. സച്ചിൻദേവ് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും, അത് കഴിഞ്ഞുനടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേയും ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലേയും കണക്കുകൾ യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ്. മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിൽ ബാലുശ്ശേരി, കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ, ഉണ്ണികുളം എന്നീ അഞ്ച് പഞ്ചായത്തുകളിലും യു.ഡി.എഫാണ് ഭരണത്തിൽ. ഇതിൽ കാലാകാലങ്ങളായി എൽ.ഡി.എഫ്. ഭരിച്ചുകൊണ്ടിരുന്ന കോട്ടൂർ, ബാലുശ്ശേരി പഞ്ചായത്തുകളിൽ അട്ടിമറിവിജയമായിരുന്നു യു.ഡി.എഫിന്. നറുക്കെടുപ്പിലൂടെയാണ് അവർ കോട്ടൂർ പിടിച്ചത്. ബാലുശ്ശേരി മണ്ഡലത്തിൽനിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.കെ. രാഘവൻ നേടിയ 84,834 വോട്ടുകളും യു.ഡി.എഫിന് പ്രതീക്ഷയാണ്. അതേസമയം, അത്തോളി, ഉള്ളിയേരി, പനങ്ങാട്, കായണ്ണ പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ഭരണമാണ്. എലത്തൂർ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട നിയമസഭാമണ്ഡലങ്ങളിൽ ഒന്നാണ് എലത്തൂർ. മന്ത്രിമണ്ഡലമാണ് എന്നതുകൊണ്ട് തന്നെ ഗ്ലാമർ പരിവേഷമുണ്ട്. രൂപീകൃതമായ 2008 മുതൽ മന്ത്രി എ.കെ.ശശീന്ദ്രൻ മാത്രമാണ് വിജയിച്ചിട്ടുള്ളത്. വലിയ ബഹളത്തിനുശേഷം ഇക്കുറിയും ശശീന്ദ്രൻ തന്നെ ഇറങ്ങുന്നു. ഇടതിന്റെ ഉറച്ച അടിത്തറയുണ്ട് മണ്ഡലത്തിൽ. ഇതാണ് ശശീന്ദ്രന്റെയും ഇടതിന്റെയും ആത്മവിശ്വാസം. സമീപകാലത്തെ വിവാദങ്ങളിലും സർക്കാർവിരുദ്ധവികാരത്തിലും വലിയ പ്രതീക്ഷയുണ്ട് യുഡിഎഫിന്റെ വിദ്യാ ബാലകൃഷ്ണന്. കോഴിക്കോട് കോർപ്പറേഷനിലെ ചില ഡിവിഷനുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സ്ഥാനാർഥി ഷെയ്ഖ് പി. ഹാരിസിനെ 14,654 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം തന്റെ ജൈത്രയാത്ര ആരംഭിച്ചത്. 2016-ൽ ജനതാദൾ (യു) സ്ഥാനാർഥി കിഷൻ ചന്ദിനെ 29,057 വോട്ടുകൾക്ക് പരാജയപ്പെടുത്തി ശശീന്ദ്രൻ തന്റെ ഭൂരിപക്ഷം ഗണ്യമായി ഉയർത്തി. ഏറ്റവും ഒടുവിൽ 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എലത്തൂരിൽ എൽഡിഎഫ് ആധിപത്യം തുടർന്നു. എൻസിപി (എസ്.പി) സ്ഥാനാർഥിയായി മത്സരിച്ച എ.കെ. ശശീന്ദ്രൻ 83,639 വോട്ടുകൾ (50.89%) നേടി വിജയിച്ചു. അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായിരുന്ന യുഡിഎഫ് സ്ഥാനാർഥി സുൾഫിക്കർ മയൂരിക്ക് 45,137 വോട്ടുകളാണ് ലഭിച്ചത്. 38,502 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് ശശീന്ദ്രൻ മൂന്നാം തവണയും ഈ സീറ്റ് നിലനിർത്തിയത്. ബിജെപി സ്ഥാനാർഥി ടി.പി. ജയചന്ദ്രൻ മാസ്റ്റർ 32,010 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. നിലവിൽ വരാനിരിക്കുന്ന 2026-ലെ തിരഞ്ഞെടുപ്പിലും എൽഡിഎഫിനായി എ.കെ. ശശീന്ദ്രൻ തന്നെയാണ് വീണ്ടും മത്സരരംഗത്തുള്ളത്. കോഴിക്കോട് നോർത്ത് എന്നും രണ്ട് മുന്നണികളെയും ഊഴംവെച്ച് മാറിമാറി വരിച്ച ചരിത്രമാണ് നോർത്തിന്റേത്. എന്നാൽ, 2006 മുതൽ ഇടതുപക്ഷം ആ പതിവ് തെറ്റിച്ചു. ഈ മുന്നേറ്റം ഇക്കുറിയും ആവർത്തിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ സിറ്റിങ് എം.എൽ.എ.യും മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രനെ തന്നെയാണ് ഇറക്കിയത്. കെ. ജയന്തിനെ ഇറക്കിയാണ് യുഡി എഫ് നോർത്ത് പിടിക്കാൻ ശ്രമിക്കുന്ന്. പോരാട്ടത്തിന് ത്രികോണപരിവേഷം നൽകിയ ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്. കോർപ്പറേഷൻ കൗൺസിലറും മഹിളാ മോർച്ച് സംസ്ഥാന അധ്യക്ഷയുമായ നവ്യാ ഹരിദാസാണ് സ്ഥാനാർഥി. കഴിഞ്ഞ 20 വർഷമായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മണ്ഡലമാണിത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് ഇടതുപക്ഷത്തിന്റെ ആശങ്ക. ഇടതിനെ ഞെട്ടിച്ച മുന്നേറ്റത്തിലാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രതീക്ഷയും. കോർപ്പറേഷനിലെ 32 വാർഡുകൾ നോർത്ത് മണ്ഡലത്തിലാണ്. അതിൽ ചിലത് നോർത്തിലും സൗത്തിലുമായി കിടക്കുന്നുണ്ട്. 14 വാർഡ് ഇടതിനൊപ്പമാണ്. ബി.ജെ.പി.ക്ക് ഏഴും ശേഷിക്കുന്നത് യു.ഡി.എഫിനും. അതിൽ കോർപ്പറേഷനിൽ എൻ.ഡി.എ.യ്ക്ക് കിട്ടിയ 13 വാർഡിൽ പകുതിയിലേറെയും നോർത്തിലാണെന്നത് ശ്രദ്ധേയമാണ്. കോഴിക്കോട് സൗത്ത് 1957-മുതൽ 2008 വരെ കോഴിക്കോട് -II എന്നറിയപ്പെട്ടിരുന്ന മണ്ഡലമാണിത്. 2008-ലെ മണ്ഡല പുനർ നിർണയത്തോടെയാണ് കോഴിക്കോട് സൗത്ത് മണ്ഡലം നിലവിൽ വന്നത്. 2001 മുതൽ മുസ്ലിം ലീഗിന്റെ ശക്തമായ കോട്ടയായിരുന്ന ഈ മണ്ഡലം കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ തവണ (2021) ഇടതുപക്ഷം ഐഎൻഎല്ലിലൂടെ പിടിച്ചെടുത്തത്. വിജയിയായ അഹമ്മദ് ദേവർകോവിൽ തുടർന്ന് രണ്ടാം പിണറായി മന്ത്രിസഭയിൽ തുറമുഖ വകുപ്പ് മന്ത്രിയാവുകയും ചെയ്തു. മുസ്ലിം ലീഗിന്റെ ഏക വനിതാ സ്ഥാനാർഥിയായിരുന്ന നൂർബിന റഷീദിനെ 12,459 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഇതിനു മുൻപ് 2011-ലും 2016-ലും ഡോ. എം.കെ. മുനീറിലൂടെ യുഡിഎഫ് ഈ മണ്ഡലം നിലനിർത്തിയിരുന്നു. മുസ്ലിം ലീഗിലെ ഫൈസൽ ബാബുവിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ ലീഗ് ചുമതലപ്പെടുത്തിയത്. രണ്ടു തവണ കോർപ്പറേഷനിലെ ഇടതുകോട്ടകളിൽ അട്ടിമറി വിജയം സ്വന്തമാക്കിയ ടി രനീഷിനെ രംഗത്തിറക്കി വലിയ ചലനമുണ്ടാക്കുന്നുണ്ട് ബിജെപി. ബേപ്പൂർ കേരളത്തിന്റെ മൊത്തം ശ്രദ്ധയും പിടിച്ചുപറ്റിയ വിഐപി മണ്ഡലമാണ് ബേപ്പൂർ. ജില്ലയിലെ മറ്റൊരു മന്ത്രിമണ്ഡലം. ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനത്തിനും മാസങ്ങൾക്ക് മുൻപു പ്രചാരണം കൊടിയേറിയ മണ്ഡലമെന്ന ഖ്യാതിയും ബേപ്പൂരിന് സ്വന്തം. പഴയ കോലീബി സഖ്യത്തെ പോലും മറികടന്ന ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ബേപ്പൂർ നിലനിർത്തുക എന്നത് മുഹമ്മദ് റിയാസിന് അഭിമാനപ്രശ്നമാണ്. ബേപ്പൂർ പിടിക്കുക എന്നത് യുഡി എഫ് സ്വതന്ത്രൻ പി.വി.അൻവറിനും രാഷ്ട്രീയ നിലനിൽപ്പിന്റെ പ്രശ്നമാണ്. ജില്ലാ അധ്യക്ഷൻ കെ.പി. പ്രകാശ് ബാബുവിനെ തന്നെ ഇറക്കി ബിജെപിയും ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി ഗ്രാമപഞ്ചായത്തും കോഴിക്കോട് കോർപ്പറേഷന്റെ 14 വാർഡുകളും ഉൾക്കൊള്ളുന്ന ഈ മണ്ഡലം കാലങ്ങളായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായാണ് അറിയപ്പെടുന്നത്. 1965-ലാണ് മണ്ഡലം രൂപവത്കരിച്ചത്. ആദ്യ മൂന്നു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ചത് സി.പി.എമ്മിലെ കെ. ചാത്തുണ്ണിയാണ്. 1977-ൽ ടി.കെ.ചാത്തുണ്ണിയെ അട്ടിമറിച്ച് കോൺഗ്രസ് സ്ഥാനാർഥി എൻ.പി. മൊയ്തീൻ വെന്നിക്കൊടി പാറിച്ചു. അതായിരുന്നു മണ്ഡലത്തിലെ യുഡിഎഫിന്റെ ഏക വിജയം. 1980-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (യു) സ്ഥാനാർഥിയായി എത്തിയ മൊയ്തീൻ ഇടതുപിന്തുണയോടെ ജയിച്ചു. ടി.കെ. ഹംസ, എളമരം കരീം, വി.കെ.സി. മമ്മദ് കോയ തുടങ്ങിയ പ്രമുഖ നേതാക്കൾ പലതവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 35 വർഷമായി ഇടതുപക്ഷത്തിന്റെ ഇളകാത്ത കോട്ടയാണ് ബേപ്പൂർ. 1980 മുതൽ ഇടതു സ്ഥാനാർഥികളല്ലാതെ മറ്റാരും ഇവിടെ ജയിച്ചിട്ടില്ല. 2016 ൽ സിപിഎമ്മിലെ വി.കെ.സി. മമ്മദ് കോയ 14,363 വോട്ടിന് ജയിച്ച ബേപ്പൂരിൽ 2021 ൽ പി.എ. മുഹമ്മദ് റിയാസ് നേടിയത് 28,747 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ പോൾ ചെയ്ത 1,65,335 വോട്ടിൽ 82,165 വോട്ടും റിയാസ് ആണ് നേടിയത്. നിലവിൽ കേരള സർക്കാരിലെ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയാണ് മുഹമ്മദ് റിയാസ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ ഒരു ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് സൂചന. കുന്ദമംഗലം കഴിഞ്ഞ 15 വർഷമായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് കുന്ദമംഗലം. അതിന്റെ തുടർച്ച ഉറപ്പിക്കാനുള്ള ശ്രമമായാണ് എൽ.ഡി.എഫ്. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാവുക. ബി.ജെ.പിയ്ക്കാകട്ടെ കേരളത്തിലെ 34 എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് കുന്ദമംഗലം. വോട്ടിങ് കണക്കിലും ജില്ലയിലെ ഒന്നാമത്തെ മണ്ഡലമായി ഇവർ കുന്ദമംഗലത്തിനെ കാണുന്നു. ഓരോ തിരഞ്ഞെടുപ്പുകളിലും വോട്ടിങ്ങിലുണ്ടാകുന്ന മുന്നേറ്റമാണ് ബി.ജെ.പിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്. കുന്ദമംഗലത്ത് ഹാട്രിക് പൂർത്തിയാക്കിയ പി.ടി.എ. റഹീമാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥി. മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് എം.എ. റസാക്കാണ് യു.ഡി.എഫ്. സ്ഥാനാർഥി. ബി.ജെ.പി. കോഴിക്കോട് മേഖലാ പ്രഭാരിയും സംസ്ഥാന സെൽ കോ-കോർഡിനേറ്റുമായ വി.കെ. സജീവനാണ് എൻ.ഡി.എ. സ്ഥാനാർഥി. 2024 ലോക്‌സഭയിലെയും 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലെയും വിജയമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ലോക്‌സഭയിൽ 23,302 വോട്ടിന്റെ ഭൂരിപക്ഷവും 2025-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ 11,438 വോട്ടിന്റെ ഭൂരിപക്ഷവുമാണ് യു.ഡി.എഫ്. നേടിയത്. 1957 മുതൽ ജനറൽ മണ്ഡലമായിരുന്ന കുന്ദമംഗലം കോൺഗ്രസിനും മുസ്‌ലിംലീഗിനും സോഷ്യലിസ്റ്റ് പാർട്ടിക്കും ഒരുപോലെ വളക്കൂറുള്ള മണ്ണായിരുന്നു. 1970-ൽ മുസ്‌ലിംലീഗിലെ പി.വി.എസ്.എം. പൂക്കോയ തങ്ങളും. 1977-ലാണ് പുനർവിഭജനത്തിലൂടെ കുന്ദമംഗലം ആദ്യമായി സംവരണമണ്ഡലമാകുന്നത്. 2011 മുതൽ കുന്ദമംഗലം വീണ്ടും ജനറൽ വിഭാഗത്തിലേക്ക് മാറി. 2001ലും 2006ലും എംഎൽഎ ആയ യുഡിഎഫിന്റെ യു.സി. രാമന്റെ ഹാട്രിക് മോഹം തകർത്ത് 2011-ൽ പി.ടി.എ. റഹീം മണ്ഡലം ഇടതുപക്ഷത്തേക്ക് തിരിച്ചുപിടിച്ചു. 2016-ലും 2021-ലും പി.ടി.എ. റഹീമിലൂടെ കുന്ദമംഗലം ഇടതിനൊപ്പം നിന്നു. കുന്ദമംഗലം, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, എന്നീ ആറ് പഞ്ചായത്തുകളാണ് ഇപ്പോൾ മണ്ഡലത്തിലുള്ളത്. ഒളവണ്ണ ഒഴിച്ച് മറ്റ് അഞ്ച് പഞ്ചായത്തുകൾ യു.ഡി.എഫാണ് ഭരിക്കുന്നത്. കൊടുവള്ളി ആദ്യകാലത്ത് കോൺഗ്രസിന്റെയും തുടർന്ന് മുസ്‌ലിംലീഗിന്റെയും ഉറച്ച കോട്ടയായിരുന്നു കൊടുവള്ളി. മണ്ഡലത്തിൽ രണ്ട് പതിറ്റാണ്ട് മുൻപ് മാത്രമാണ് ഒരു രാഷ്ട്രീയ മാറ്റം കണ്ടത്. മുസ്‌ലിംലീഗ് വിമതരെ സ്വതന്ത്രസ്ഥാനാർഥികളാക്കി രണ്ടുതവണയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി കൊടുവള്ളി മണ്ഡലം പിടിച്ചടക്കിയത്. അന്നുമുതൽ ഇന്നുവരെ ഇടത്, വലത് മുന്നണികളെ മാറിമാറി തുണയ്ക്കുന്നതാണ് കൊടുവള്ളിയുടെ സ്വഭാവം. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് ഇത്തവണ യു.ഡി.എഫ്. സ്ഥാനാർഥി. നാട്ടുകാരൻകൂടിയായ സലിം മടവൂരാണ് ഇടതുസ്ഥാനാർഥി. എൻ.ഡി.എ. ജില്ലാ കൺവീനറും ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റുമായ ഗിരി പാമ്പനാലാണ് എൻ.ഡി.എ. സ്ഥാനാർഥി. മുൻ ഇടതുസ്വതന്ത്ര എം.എൽ.എ. കാരാട്ട് റസാഖ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുസ്ലിം ലീഗിലേക്ക് മടങ്ങിവന്നു എന്നത് ശുഭസൂചനയാണെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. 2025-ലെ ത്രിതലതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെല്ലാം യു.ഡി.എഫിനായിരുന്നു ജയം. 1957-ലെ പ്രഥമ തിരഞ്ഞെടുപ്പിലും 1960-ലും കോൺഗ്രസ് നേതാവ് മറിവീട്ടിൽ ഗോപാലൻകുട്ടി നായരായിരുന്നു കൊടുവള്ളി എം.എൽ.എ. പിന്നീട് കുന്ദമംഗലത്തിന്റെ ഭാഗമായ കൊടുവള്ളി 1977-ലാണ് വീണ്ടും സ്വതന്ത്രമണ്ഡലമായി മാറുന്നത്. മുസ്‌ലിംലീഗ് ഏറ്റെടുത്ത മണ്ഡലത്തിൽ അന്നുമുതൽ മൂന്നുപതിറ്റാണ്ടോളം ലീഗ് നേതാക്കൾ മാത്രമാണ് വിജയിച്ചത്. 1977-ൽ ഇ. അഹമ്മദിലൂടെയായിരുന്നു തുടക്കം. 1980, 82, 91 കാലയളവിൽ പി.വി. മുഹമ്മദ്, 87-ൽ പി.എം. അബൂബക്കർ, 1996-ൽ സി. മോയിൻകുട്ടി, 2001-ൽ സി. മമ്മൂട്ടി എന്നീ ലീഗ് നേതാക്കൾ എം.എൽ.എ.മാരായി. ലീഗ് നേതൃത്വത്തോട് തെറ്റിപ്പിരിഞ്ഞ പി.ടി.എ. റഹീമിനെ 2006-ൽ ഇടതുസ്വതന്ത്ര സ്ഥാനാർഥിയാക്കി കൊടുവള്ളിയെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷം ഒപ്പംചേർത്തു. 2011-ൽ ലീഗ് നേതാവ് വി.എം. ഉമ്മർ 16,552 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു.ഡി.എഫിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. സ്ഥാനാർഥിനിർണയത്തിൽ പിണങ്ങി ലീഗ് വിട്ട കാരാട്ട് റസാഖിനെ ഇടതുസഹയാത്രികനാക്കി എൽ.ഡി.എഫ്. 2016-ൽ കൊടുവള്ളി വീണ്ടും തിരികെപ്പിടിച്ചു. ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനെ രംഗത്തിറക്കി യു.ഡി.എഫ്. 2021-ൽ വീണ്ടും കൊടുവള്ളി കൈയടക്കി. തിരുവമ്പാടി കോഴിക്കോടിന്റെ കുടിയേറ്റ മണ്ണാണ് തിരുവമ്പാടി. കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപ്പഞ്ചായത്തുകളും മുക്കം നഗരസഭയും അടങ്ങുന്നതാണ് തിരുവമ്പാടി നിയോജകമണ്ഡലം. 2024-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും നേടിയ മേധാവിത്വം തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും ജീവൻമരണ പോരാട്ടമായിരിക്കുകയാണ്. ബഫർസോൺ, വന്യജീവി ആക്രമണം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ വോട്ടായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1977-ലാണ് തിരുവമ്പാടി നിയോജകമണ്ഡലം നിലവിൽ വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പി. സിറിയക് ജോണായിരുന്നു പ്രഥമ പ്രതിനിധി. നീണ്ട 29 വർഷം യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായിരുന്ന മണ്ഡലം, 2006-ലെ തിരഞ്ഞെടുപ്പിൽ മത്തായി ചാക്കോയിലൂടെയാണ് ഇടതുപക്ഷം പിടിച്ചെടുക്കുന്നത്. മത്തായി ചാക്കോയുടെ വിയോഗത്തെത്തുടർന്ന്, നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോർജ് എം. തോമസിലൂടെ എൽ.ഡി.എഫ്. നിലനിർത്തി. എന്നാൽ, 2011-ൽ ജോർജ് എം. തോമസിനെ പരാജയപ്പെടുത്തി സി. മോയിൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2016-ൽ എൽ.ഡി.എഫിലെ ജോർജ് എം. തോമസും 2021-ൽ ലിന്റോ ജോസഫും തിരുവമ്പാടിയിൽനിന്ന് നിയമസഭയിലെത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 4643 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലിന്റോ ജോസഫ് നിയമസഭയിലെത്തിയത്. ഇടതുപക്ഷത്തെ ലിന്റോ ജോസഫ് തന്നെ ഇത്തവണയും പ്രതിനിധീകരിക്കുമ്പോൾ മുസ്ലിം ലീഗിന്റെ സി.കെ. കാസിം, 20-20യുടെ സണ്ണി തോമസ് എന്നിവരാണ് എതിർപക്ഷത്തുള്ളത്.

തൂത്തുവാരി ചരിത്രത്തുടർച്ചയോ തിരുത്തിയെഴുത്തോ? കോഴിക്കോടൻ ബലാബലത്തിൽ വോട്ടുബലം ആർക്ക്?
M
MathrubhumiSource Link
about 1 month ago