വാടാനപ്പള്ളി (തൃശ്ശൂർ): തൃശ്ശൂർ ജില്ലയിൽ കടുത്തമത്സരം നടക്കുന്ന മണ്ഡലങ്ങളിൽ തുടർച്ചയായി കിറ്റ് വിതരണ വിവാദം. ഞായറാഴ്ച, മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഗോഡൗൺ കേന്ദ്രീകരിച്ച് ബി.ജെ.പി. ഭക്ഷ്യക്കിറ്റ് ഒരുക്കുന്നുവെന്നുള്ള യു.ഡി.എഫ്. പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിലെത്തി. പിന്നാലെ എൽ.ഡി.എഫ്. പ്രവർത്തകരുമെത്തി. ബി.ജെ.പി. പ്രവർത്തകരും സംഘടിച്ചതോടെ സ്ഥിതി നിയന്ത്രിക്കാൻ കേന്ദ്രസേന എത്തി. To advertise here, വാടാനപ്പള്ളി ആത്മാവ് ജങ്ഷനുസമീപം വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് ട്രേഡേഴ്സ് എന്ന ഗോഡൗണിന് മുന്നിലാണ് അഞ്ചരമണിക്കൂർ നീണ്ട നാടകീയ സംഭവങ്ങളരങ്ങേറിയത്. ഈ സമയം വീടിനുള്ളിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവനും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി ഭഗീഷ് പൂരാടനുമുണ്ടായിരുന്നു. ഇത് ആരോപണം രൂക്ഷമാക്കി. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗൃഹസന്ദർശനത്തിനെത്തിയതാണെന്നാണ് ബി.ജെ.പി. നേതാക്കൾ വിശദീകരിക്കുന്നത്. വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കിറ്റുവിതരണവുമായി ബന്ധപ്പെട്ട തെളിവൊന്നും ലഭിച്ചില്ല. യു.ഡി.എഫ്. സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിലാണ് പ്രതിഷേധമാരംഭിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥി സി. രവീന്ദ്രനാഥ് സ്ഥലത്തെത്തിയെങ്കിലും പെട്ടെന്ന് മടങ്ങി. ഇതിനിടെ ഗോഡൗൺ ഉടമയുൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഗോഡൗൺ ഉടമയെ രാത്രി വൈകി വിട്ടയച്ചു. അപ്പോഴും ദേവനുൾപ്പെടെയുള്ള ബി.ജെ.പി. പ്രവർത്തകർ വീട്ടിൽ തുടർന്നു. തിരഞ്ഞെടുപ്പുദ്യോഗസ്ഥർ ഗോഡൗണിൽ നടത്തിയ പരിശോധനയെത്തുടർന്ന് 1500 കിറ്റുകൾ പിടിച്ചെടുത്തെന്നും എന്നാൽ, തെളിവുകളില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. വീടിനുള്ളിലുള്ള ബി.ജെ.പി. പ്രവർത്തകരെ അറസ്റ്റുചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ വഴിതടയാൻ തുടങ്ങി. പ്രതാപൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി. ഇതിനിടെ ദേവനും ഭഗീഷ് പൂരാടനും ബാൽക്കണിയിൽവന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കിറ്റ് ഓർഡർ ചെയ്തത് തൃത്തല്ലൂർ സ്വദേശിയെന്ന് പോലീസ് തൃശ്ശൂർ: തൃത്തല്ലൂർ സ്വദേശിയാണ് ചാമ്പ്യൻസ് ട്രേഡേഴ്സ് ഉടമയിൽനിന്ന് ഭക്ഷ്യക്കിറ്റുകൾ ഓർഡർ ചെയ്തതെന്നും ഇദ്ദേഹം എല്ലാ വിഷുവിനും ഓണത്തിനും 4000 കിറ്റോളം വാങ്ങാറുണ്ടെന്നും പോലീസ്. ഇത്തവണ 1500 കിറ്റാണ് ഏൽപ്പിച്ചിരുന്നത്. പായ്ക്ക് ചെയ്യുന്ന സമയത്താണ് ദേവനും സംഘവും ഇവിടെയെത്തിയത്. ദേവൻ വീട്ടിൽ കയറുന്നതുകണ്ട കോൺഗ്രസ് പ്രവർത്തകർ ഉടമയോട് കിറ്റിന്റെ കാര്യം അന്വേഷിച്ചപ്പോൾ സന്നദ്ധസംഘടനയായ സാന്ത്വനത്തിന് നൽകാനുള്ളതാണെന്നായിരുന്നു മറുപടി. ഇക്കാര്യം സംഘടനയോട് അന്വേഷിച്ചപ്പോൾ അവരത് നിഷേധിക്കുകയും ചെയ്തു. ഇതാണ് പ്രവർത്തകരിൽ ആശയക്കുഴപ്പത്തിനിടയാക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മണ്ഡലം വരണാധികാരിയാണ് ഇവരെ കസ്റ്റഡിയെടുത്തത്. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് ഉത്തരവ് കിട്ടിയാലേ കേസെടുക്കൂവെന്നും പോലീസ് പറഞ്ഞു. വിവാദം തോൽവി ഭയന്ന് -ദേവൻ വാടാനപ്പള്ളി: തോൽവി ഭയന്നാണ് എൽ.ഡി.എഫും യു.ഡി.എഫും ഇതൊക്കെ കാട്ടിക്കൂട്ടുന്നതെന്ന് നടൻ ദേവൻ പറഞ്ഞു. കിറ്റുമായി തനിക്ക് ഒരുബന്ധവുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് വാടാനപ്പള്ളിയിലെത്തിയത്. കുടുംബയോഗം അരമണിക്കൂർ വൈകുമെന്നറിയിച്ചതിനെത്തുടർന്നാണ് ചാമ്പ്യൻ ട്രേഡേഴ്‌സ് ഉടമ പ്രവീൺജിത്തിന്റെ വീട്ടിലെത്തുന്നത് -ദേവൻ പറഞ്ഞു. മദ്യം വാങ്ങാനും സ്ലിപ്പ് നൽകിയെന്നും പരാതി ഒളരിക്കര : ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്‌തെന്ന പരാതിയെ തുടർന്ന് സൂപ്പർമാർക്കറ്റ് അടച്ച് സീൽ ചെയ്തു. ഇലക്ഷൻ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അതിനിടെ, വടക്കേ ബസ് സ്റ്റാൻഡിനുസമീപത്തെ ബാറിനെതിരേയും എൽ.ഡി.എഫ്. സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. മദ്യപർക്ക് സ്ലിപ്പ് നൽകി മദ്യം വിറ്റെന്നാണ് ആരോപണം. വോട്ടർമാർക്കു സാരി; ബി.ജെ.പി. നേതാവ് കുരുക്കിൽ ആലപ്പുഴ: വോട്ടർമാരെ സ്വാധീനിക്കാൻ ചേർത്തല പള്ളിപ്പുറത്തും തുറവൂരിലും ബി.ജെ.പി. പ്രവർത്തകർ സാരി വിതരണം ചെയ്‌തെന്ന് ആരോപണം. സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷണം തുടങ്ങി. പ്രശ്‌നം വഷളായതോടെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനാണു സാരി നൽകിയതെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. സാരി വിതരണംചെയ്തത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തും തുറവൂരിലും ബി.ജെ.പി. പ്രവർത്തകർ സാരിവിതരണം ചെയ്തത് ബി.ജെ.പി. നേതാവും പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ വിനീതാ വിനുവിന്റെ നേതൃത്വത്തിൽ. പള്ളിപ്പുറം ഇടവഴിക്കൽ ശെൽവി, സമീപവാസി റാണി എന്നിവർ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതോടെയാണ് സാരിവിതരണം വിവാദമായത്. സമീപത്തെ വീട്ടിൽ വിതരണം ചെയ്തപ്പോൾ ഒരെണ്ണം ശെൽവിയുെട വീട്ടിലും വെച്ചു. പുറത്തുപോയിരുന്ന ശെൽവി തിരികെയെത്തിയപ്പോഴാണ് സാരി കണ്ടതും പ്രസിഡന്റ് നൽകിയതാണെന്നുമറിഞ്ഞത്. കുടുംബശ്രീ പ്രവർത്തകയായതിനാൽ പഞ്ചായത്തിൽനിന്നു കൊടുത്തതാണെന്നു കരുതിയാണു സ്വീകരിച്ചതെന്നും മറ്റൊരു പാർട്ടിക്കാരിയായ തന്റെ വോട്ട് സ്വാധീനിക്കാനാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും ശെൽവി പറഞ്ഞു. എന്നാൽ, മഹിളാമോർച്ചയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് സാരി കൊടുത്തതെന്നും താൻ നേരിട്ടു ശെൽവിക്ക് കൊടുത്തിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വിനീതാ വിനു പറഞ്ഞു. തിരഞ്ഞെടുപ്പുസമയത്ത് സമ്മാനങ്ങൾ നൽകിയാൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ട്. 'സി-വിജിൽ' (cVIGIL) ആപ്പിലൂടെ ഫോട്ടോയോ വീഡിയോയോ സഹിതം ജനങ്ങൾക്ക് പരാതിപ്പെടാം. Content Highlights: Allegations of voter bribery via food kits in Manalur constituency., Central forces deployed to manage clashes between UDF, LDF, and BJP workers., Election commission investigating potential code of conduct violations., Actor Devan and BJP leaders face scrutiny over presence at the godown site., Similar reports of gift distribution emerging from Alappuzha. Published: 06 Apr 2026, 07:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തൃശ്ശൂരിൽ കിറ്റ്, ആലപ്പുഴയിൽ സാരി; ബിജെപിക്കെതിരേ ആരോപണങ്ങൾ, വിവാദം
M
MathrubhumiSource Link
about 1 month ago