തൃശ്ശൂർ പൂര ചരിത്രത്തിലെ കറുത്ത ഏപ്രിലുകൾ, 48 വർഷം മുൻപ് പൂരനഗരിയിൽ ചിതറിത്തെറിച്ചത് അഞ്ച് ജീവനുകൾ

തൃശ്ശൂർ പൂര ചരിത്രത്തിലെ കറുത്ത ഏപ്രിലുകൾ, 48 വർഷം മുൻപ് പൂരനഗരിയിൽ ചിതറിത്തെറിച്ചത് അഞ്ച് ജീവനുകൾ

സ്വന്തം ലേഖകന്‍ Last Updated: 21 April 2026, 09:22 PM IST 1978 ഏപ്രിൽ 20 വ്യാഴാഴ്ച പുലർച്ചെയാണ് പ്രസിദ്ധമായ വെടിക്കെട്ടിനിടെ ഗുണ്ടുകൾ ആൾക്കൂട്ടത്തിലേക്ക് പതിച്ച്, പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അന്ന് അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെടുകയും നൂറ്റമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ വൻ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. ഈയവസരത്തിലാണ് 48 വർഷങ്ങൾക്കുമുൻപ് തൃശ്ശൂർ പൂരത്തിനിടയിലുണ്ടായ മറ്റൊരു അത്യാഹിതം വീണ്ടും ഉയർന്നുവരുന്നത്. 1978 ഏപ്രിൽ 20-നാണ് ആ ദുരന്തം സംഭവിച്ചതെങ്കിൽ നാലരപ്പതിറ്റാണ്ടിനുശേഷം മറ്റൊരു ഏപ്രിൽ മാസം, അന്നത്തെ അപകടം നടന്നതിന്റെ തൊട്ടടുത്ത തീയതിയിൽ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട മറ്റൊരു ദുരന്തം ആവർത്തിച്ചത്. To advertise here, 1978 ഏപ്രിൽ 20 വ്യാഴാഴ്ച പുലർച്ചെയാണ് പ്രസിദ്ധമായ വെടിക്കെട്ടിനിടെ ഗുണ്ടുകൾ ആൾക്കൂട്ടത്തിലേക്ക് പതിച്ച്, പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അന്ന് അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെടുകയും നൂറ്റമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ തുറവൂർ മാറാംവീട്ടിൽ ഭാസ്കരൻപിള്ള(48), കണ്ണമ്പ്ര യൂസഫ് റാവുത്തറുടെ മകൻ അബ്ദുറഹ്മാൻ എന്ന അത്തായി(23), തൃശ്ശൂർ പൂത്തോൾ സ്വദേശി അബ്ദുൾ സമദ്(14) എന്ന വിദ്യാർത്ഥി എന്നിവരെ മാത്രമാണ് തിരിച്ചറിഞ്ഞത്. മരിച്ച മറ്റുരണ്ടുപേർ പ്രായം ചെന്നവരാണ് എന്നുമാത്രമാണ് അന്നത്തെ മാധ്യമങ്ങളിലുണ്ടായിരുന്നത്. വെടിക്കെട്ടിന്റെ ഫിനിഷിങ്ങിൽനിന്ന് ചില ഗുണ്ടുകൾ ആൾക്കൂട്ടത്തിലേക്ക് പതിച്ചതിനുപിന്നാലെയാണ് സ്ഫോടനമുണ്ടായത്. നാലുപേർക്ക് സംഭവസ്ഥലത്തുവെച്ചും ഒരാൾക്ക് ആശുപത്രിയിൽവെച്ചും ജീവൻ നഷ്ടമായി. മരിച്ച ഭാസ്കരൻപിള്ള ഒരു സ്വകാര്യസ്കൂളിലെ അധ്യാപകനായിരുന്നു. ഭാര്യക്കും മൂന്ന് കുട്ടികൾക്കും ഒപ്പമായിരുന്നു അദ്ദേഹം പൂരം കാണാനെത്തിയത്. ഇവർക്കും പരിക്കേറ്റു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അദ്ദേഹം പൂരം വെടിക്കെട്ട് കാണുന്നത് എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. സി.എം.എസ് ഹൈസ്കൂളിന്റെ ഗേറ്റ് കടന്ന ഉടനെ ഇടതുഭാഗത്തെ കെട്ടിടത്തിന്മധ്യഭാഗത്തുവെച്ചാണ് ഗുണ്ടുകൾ പൊട്ടിയതെന്നാണ് കരുതിയത്. ഈ കെട്ടിടത്തിന്റെ ജനലഴികളിൽ പിടിച്ചാണ് ഭാസ്കരൻപിള്ള നിന്നിരുന്നത്. ഈ സ്കൂളിനും തിരുവമ്പാടി ദേവസ്വം ഓഫീസിനും ഇടയിൽനിന്നിരുന്ന കാണികളാണ് പരിക്കേറ്റവരിൽ ഏറെയും. തിരുവമ്പാടി ഭാഗക്കാരുടെ വെടിക്കെട്ടിനാണ് ആദ്യം തിരികൊളുത്തിയത്. വലിയ ആരവത്തോടെയാണ് പൂരപ്രേമികൾ ഇതിനെ സ്വീകരിച്ചത്. തിരുവമ്പാടിയുടെ വെടിക്കെട്ട് സമാപിച്ചത് ഫിനിഷിങ് പോയിന്റിലായിരുന്നെങ്കിൽ പാറമേക്കാവ് വെടിക്കെട്ട് തുടങ്ങിയത് ഫിനിഷിങ് പോയിന്റിൽനിന്നായിരുന്നു. ആദ്യ റൗണ്ട് കഴിഞ്ഞ് തുടർന്നുള്ള മിന്നൽ അമിട്ടുകളുടെ പ്രവാഹം കാണാൻ കാത്തുനിന്നിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ അപ്പോഴാണ് ഒരു പോലീസ് ജീപ്പും പിന്നാലെ അപായ സൈറണുമായി ഫയർ എൻജിനുംകുതിച്ചുപാഞ്ഞത്. വാഹനങ്ങൾ തിരുവമ്പാടി ദേവസ്വം ഓഫീസിനുമുന്നിലെത്തിയപ്പോഴാണ് വലിയ അത്യാഹിതം നടന്ന വിവരം ആളുകൾ മനസിലാക്കിയത്. റോഡിൽ നൂറുകണക്കിനാളുകൾ തലങ്ങും വിലങ്ങും വീണുകിടക്കുന്നത് ജീപ്പിന്റെ പ്രകാശത്തിലാണ് അവർ കണ്ടത്. ഫയർ ഫോഴ്സ് വാഹനങ്ങളിലും ആംബുലൻസിലും പോലീസ് ജീപ്പിലുമായി ദുരന്തബാധിതരെ തുടർച്ചയായി ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിലും ഡൈനാമിറ്റുകൾ തുരുതുരാ പൊട്ടുന്നുണ്ടായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയവരിൽ മിക്കവർക്കും കാലിനായിരുന്നു പരിക്ക്. ഗുണ്ട് നിലത്തുവീണ് പൊട്ടിയതിനാലാണിത്. ചിലരുടെ മേലാസകലം ചിരട്ടക്കഷണങ്ങൾ കയറിയിരുന്നു. തിക്കിലും തിരക്കിലുംപെട്ട് ചവിട്ടുകിട്ടിയും പരിക്കേറ്റവർ വേറെ. തൃശ്ശൂരിലെ മെഡിക്കൽ ഷോപ്പുകളെല്ലാം അവസരോചിതമായി പ്രവർത്തിച്ചു. ആ നേരത്തും കടകൾ തുറഖന്ന് കൈവശമുള്ള മരുന്നുകൾ അവർ നൽകി. പൂരം വെടിക്കെട്ടുകാണുന്നതിനായി തൃശ്ശൂരിൽ എത്തിയിരുന്ന മന്ത്രി കെ.കെ. ബാലകൃഷ്ണൻ, റവന്യൂ ബോർഡ് അംഗം കെ.സി. ശങ്കരനാരായണൻ, ജില്ലാ കളക്ടർ പി.വി.എസ്. വാരിയർ, പോലീസ് സൂപ്രണ്ട് കെ. സുകുമാരൻ നായർ എന്നിവർ ആശുപത്രിയിലെത്തി. അന്നത്തെ ആഭ്യന്തര മന്ത്രി പി.ജെ. ജോസഫ്, മുനിസിപ്പൽ ചെയർമാൻ തേറാട്ടിൽ ആന്റണി എന്നിവരും ആശുപത്രിയിലെത്തി. പരിക്കേറ്റവർക്കുവേണ്ടി 20 എസ്.എ.പി കോൺസ്റ്റബിൾമാരും പത്ത് സായുധ പോലീസ് കോൺസ്റ്റബിൾമാരും ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തു. ദുരന്തം നടന്ന വ്യാഴാഴ്ച ഏതാണ്ട് ഉച്ച വരെ തൃശ്ശൂർ നഗരത്തിൽ ശുദ്ധജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇക്കാരണത്താൽ ആശുപത്രിയിലുടനീളം പരിക്കേറ്റവരുടെ ശരീരത്തിൽനിന്ന് രക്തം വാർന്നൊഴുകി വാർഡുകളിലേക്കും അവിടേക്കുള്ള വഴികളിലേക്കുമെത്തി കട്ടപിടിച്ചുകിടക്കുന്നത് കാണാമായിരുന്നുവെന്നാണ് അന്നത്തെ പത്രവാർത്തകളിലുണ്ട്. മരിച്ചവരിൽ ചിലരുടെ ശരീരഭാഗങ്ങൾ തിരിച്ചറിയാനാവാത്തവിധം കണ്ടെത്തിയിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 3000 രൂപയാണ് ധനസഹായം നൽകിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞവർക്ക് 100 രൂപവീതം തൃശ്ശൂർ തഹസിൽദാർ ആശുപത്രിയിൽച്ചെന്ന് വിതരണം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ വീതം നൽകുമെന്ന് അന്ന് പൂരം സോവനീർ കമ്മിറ്റിയും പ്രഖ്യാപിച്ചു. ഈ അപകടത്തിനുപുറമേ മറ്റുചില അനിഷ്ട സംഭവങ്ങളും അന്ന് നടന്നു. വെടിക്കെട്ട് കണ്ടുനിൽക്കുകയായിരുന്ന തിമോത്തി എന്ന 30 വയസുകാരൻ കടകളിലെ ദീപാലങ്കാരത്തിന് അനുബന്ധമായി ഘടിപ്പിച്ച ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ചതാണ് അതിലൊന്ന്. പൂരം കണ്ട് മടങ്ങുകയായിരുന്നന ഒരു പെൺകുട്ടി എറണാകുളം ഇടപ്പള്ളിയിലുണ്ടായ കാറപകടത്തിൽ മരിച്ചതും ഇതേ ദിവസമാണ്. ഈ കാറിലുണ്ടായിരുന്ന എട്ടുപേർക്കും സംഭവത്തിൽ പരിക്കേറ്റു. Content Highlights: The recent Mundathikode explosion echoes a tragic event from April 20, 1978, when a fireworks malfunction during Thrissur Pooram claimed five lives and injured hundreds, marking a recurring "Black April" for the festival. Published: 21 Apr 2026, 09:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശ്ശൂർ പൂര ചരിത്രത്തിലെ കറുത്ത ഏപ്രിലുകൾ, 48 വർഷം മുൻപ് പൂ… | Boolokam