തിരഞ്ഞെടുപ്പു തിരക്കിൽ ഉദ്യോഗസ്ഥർ To advertise here, മാവേലിക്കര : നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ റവന്യൂ, പോലീസ്, പഞ്ചായത്ത് അധികൃതരെ നോക്കുകുത്തികളാക്കി തെക്കേക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത നിലംനികത്തൽ വ്യാപകമായി നടക്കുന്നു. നാട്ടുകാർ പരാതിപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിൽനിന്നു സ്ഥലംമാറിയെത്തിയ ഉദ്യോഗസ്ഥർ വിഷയത്തിലിടപെടാൻ മടിക്കുന്നതായി ആക്ഷേപമുണ്ട്. തെക്കേക്കര പഞ്ചായത്തിലെ പൊന്നേഴ വാർഡിൽ ഇത്താംപള്ളിൽ പാലത്തിനു തെക്ക് ടി.എ. കനാലിനു പടിഞ്ഞാറുവശം സ്വകാര്യ വ്യക്തി പാടം നികത്തിയതാണ് ഒടുവിലത്തെ സംഭവം. രാത്രിയുടെ മറവിൽ ടിപ്പർലോറികളിൽ ഗ്രാവലെത്തിച്ച് കുറഞ്ഞ സമയംകൊണ്ടാണ് പാടം നികത്തിയെടുത്തത്. ഇതിനു സമീപത്തെ പാടവും തെങ്ങുനടാൻ വാരംപിടിച്ചശേഷം ഗ്രാവലടിച്ചു നികത്തുന്നുണ്ട്. പാടത്തുനിന്ന് ടി.എ. കനാലിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടച്ചശേഷമാണ് നികത്തൽ നടക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതുമൂലം മഴക്കാലത്ത് പാടത്തുനിന്നുള്ള വെള്ളം കനാലിലേക്ക് ഒഴുകിമാറാതെ വെള്ളക്കെട്ടുണ്ടാകാനുള്ള സാധ്യതയേറെയാണ്. അടുത്ത വാർഡിൽ തടത്തിലാൽ കോയിക്കലേത്ത് വടക്കുഭാഗത്തും നിലംനികത്തുന്നുണ്ട്. കുറത്തികാട് ഹൈസ്കൂൾ ജങ്ഷനിൽനിന്ന് വടക്കോട്ട് മഞ്ചേരിൽ തോടുവഴി ടി.എ. കനാലിന്റെ അനുബന്ധ തോട്ടിലേക്കുള്ള നീരൊഴുക്കു തടസ്സപ്പെടുത്തിയാണ് നിലംനികത്തുന്നത്. പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഉൾപ്രദേശത്ത് നിലംനികത്തുന്നുണ്ട്. നീർത്തടസംരക്ഷണ നിയമപരിധിയിൽ വരുന്ന പാടശേഖരങ്ങളാണ് നികത്തുന്നവയിൽ ഏറെയും. വർഷങ്ങളായി തരിശുകിടക്കുന്നവയാണെന്നും നെൽക്കൃഷിക്ക് അനുയോജ്യമല്ലെന്നും വാദമുന്നയിച്ചാണ് വ്യാപകമായി നിലംനികത്തിയെടുക്കുന്നത്. നിലം നികത്തിക്കൊടുക്കുന്ന റിയൽ എസ്റ്റേറ്റ് ലോബികൾ പ്രദേശത്ത് വ്യാപകമായുണ്ട്. പാടത്ത് ഗ്രാവലിട്ട് നികത്തി ട്രാക്ടർ ഉപയോഗിച്ച് ഭൂമി നിരപ്പാക്കിക്കൊടുക്കുന്നതിന് ചതുരശ്രയടിക്ക് നിശ്ചിതനിരക്ക് എന്ന നിലയിലാണ് റിയൽ എസ്റ്റേറ്റ് സംഘങ്ങൾ വസ്തു ഉടമകളിൽനിന്ന് ഈടാക്കുന്നത്. വർഷങ്ങളായുള്ള നിലംനികത്തൽമൂലം മേഖലയിലെ പരമ്പരാഗത നീർച്ചാലുകൾ പലതും അപ്രത്യക്ഷമായിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതുമൂലം മഴക്കാലത്ത് മേഖലയിൽ വെള്ളക്കെട്ടു വ്യാപകമാണ്. വാത്തികുളം, പല്ലാരിമംഗലം, ഓലകെട്ടിയമ്പലം കിഴക്ക് പ്രദേശങ്ങളിലെല്ലാം റോഡിൽ വെള്ളംകയറി ഗതാഗതതടസസ്മുണ്ടാകാറുണ്ട്. ടി.എ. കനാലിൽ ജലനിരപ്പുയർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതും അനിയന്ത്രിതമായ നിലംനികത്തലിന്റെ അനന്തരഫലമാണ്.

തെക്കേക്കരയിൽ അനധികൃത നിലംനികത്തൽ വ്യാപകം
M
MathrubhumiSource Link
about 2 months ago