പ്രത്യേക തീവണ്ടിയിൽ ടിക്കറ്റ് അതിവേഗം തീർന്നു To advertise here, ബെംഗളൂരു : പ്രത്യേക തീവണ്ടിയിൽ ബെർത്ത് ഉറപ്പുള്ള ടിക്കറ്റുകൾ അതിവേഗം തീർന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ഈസ്റ്ററിനോട് അനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് നാട്ടിൽ പോകാൻ ഒരുങ്ങുന്ന നൂറുകണക്കിന് മലയാളികൾ. തെക്കൻ കേരളത്തിലേക്കുള്ള യാത്രക്കാർക്കാണ് തിരിച്ചടിയായത്. ഈസ്റ്ററോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് ഏറ്റവും കൂടുതൽ യാത്രത്തിരക്ക് അനുഭവപ്പെടുന്നത് തെക്കൻ കേരളത്തിലേക്കാണ്. ഈസ്റ്റർ യാത്രാത്തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-കൊല്ലം റൂട്ടിലാണ് കഴിഞ്ഞ ദിവസം പ്രത്യേകതീവണ്ടി പ്രഖ്യാപിച്ചത്. ഇതിൽ റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ബെർത്ത് ഉറപ്പുള്ള ടിക്കറ്റുകൾ തീർന്നു. ഇതോടെ പതിവ് തീവണ്ടികളിൽ തത്കാൽ ടിക്കറ്റ് കൂടി കിട്ടാതെ വന്നാൽ വൻ നിരക്ക് ഈടാക്കുന്ന സ്വകാര്യബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ബെംഗളൂരു മലയാളികൾ. നിലവിൽ ബെംഗളൂരുവിൽനിന്ന് കൊച്ചി വരെയുള്ള യാത്രയ്ക്ക് 4000 രൂപ വരെയാണ് ബസുകൾ ഈടാക്കുന്നത്. വ്യാഴാഴ്ച രാവിലെ 7.05-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി ഉച്ചയ്ക്ക് 2.20-ന് ബെംഗളൂരു എസ്.എം.വി.ടിയിലും 2.45-ന് കൃഷ്ണരാജപുരത്തും 3.13-ന് ബംഗാരപ്പേട്ടും എത്തുന്ന വിധത്തിലാണ് പ്രത്യേക തീവണ്ടി സർവീസ് നടത്തുന്നത്. ദുഃഖവെള്ളിയാഴ്ച രാവിലെ കേരളത്തിൽ എത്തുന്ന വിധത്തിലുള്ള സർവീസായതിനാൽ അതിവേഗത്തിലാണ് ടിക്കറ്റ് ബുക്കിങ് തീർന്നത്. സ്കൂൾ, കോളേജ് അവധി ആരംഭിക്കുന്നതും യാത്രാത്തിരക്ക് വർധിക്കുന്നതിന് കാരണമായി. ഈസ്റ്ററിന് ഒപ്പം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും കൂടിയായതിനാലും കൂടുതൽപേർ ഈ സമയത്ത് നാട്ടിൽ പോകാൻ താത്പര്യപ്പെടുന്നുണ്ട്. അതിനാൽ തത്കാൽ ബുക്കിങ്ങിലും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. സാധാരണ തത്കാൽ റിസർവേഷൻ ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ടിക്കറ്റ് തീരുന്നത് പതിവാണ്. അതിൽ ഇനിയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകൾ നിരക്ക് വീണ്ടും ഉയർത്തനാണ് സാധ്യത. ബെംഗളൂരു-കണ്ണൂർ പ്രത്യേക തീവണ്ടി രണ്ടിന് ബെംഗളൂരു : ഈസ്റ്ററിനോട് അനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു- കണ്ണൂർ റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു. യശ്വന്ത്പുരയിൽനിന്ന് മംഗളൂരു-കാസർകോട് വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 11.50-ന് യശ്വന്ത്പുരയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06551) അടുത്ത ദിവസം പുലർച്ചെ മൂന്നിന് കണ്ണൂരിൽ എത്തും. കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്കതീവണ്ടി (06552) വെള്ളിയാഴ്ച രാവിലെ 8.45-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഇതേദിവസം വൈകീട്ട് 9.30-ന് യശ്വന്ത്പുരയിൽ എത്തും. രണ്ട് സെക്കൻഡ് എ.സി., ആറ് തേഡ് എ.സി., ഏഴ് സ്ലീപ്പർ, നാല് ജനറൽ എന്നിങ്ങനെ കോച്ചുകളുണ്ട്.

തെക്കൻ കേരളത്തിലേക്ക് ഈസ്റ്റർ യാത്രാത്തിരക്ക് രൂക്ഷം
M
MathrubhumiSource Link
about 1 month ago