വെള്ളരിക്കുണ്ട്: മടിച്ചിരുന്ന് നേരം കളയാതെ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. ഓട്ടപ്പുന്നയ്ക്കൽ സനിൽ തോമസിനെ തേനീച്ചകൾ പഠിപ്പിച്ച വലിയ പാഠമാണിത്. അധ്വാനത്തിന്റെ മഹത്ത്വം, അക്ഷീണപ്രയത്നം, ഉത്തരവാദിത്വം, ഉത്സാഹം, സംഘബോധവും പ്രതിരോധവും. തേനീച്ചകളിൽനിന്നും ജീവിതം പഠിച്ച് പരിശീലിക്കുകയാണ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ഈ കർഷകൻ. തലനാരിഴ വലിപ്പവ്യത്യാസമില്ലാതെ ആയിരക്കണക്കിന് അറകളുണ്ടാക്കി തേൻ സംഭരിക്കുന്ന തേനീച്ചകളെ മാതൃകയാക്കി സ്വന്തം വീട്ടിൽ സനിൽ നടത്തിയ വിസ്മയങ്ങൾ മാലോം കാര്യോട്ടുചാലിലെത്തിയാൽ കാണാം. To advertise here, വരാന്തയിലെ ഇരിപ്പിടങ്ങൾ, ടീപ്പോയി, പൂക്കൂടകൾ, തേനീച്ചകൾ പകർന്ന പാഠത്തിൽനിന്നും സ്വന്തം കൈകൊണ്ട് നിർമിച്ചതാണിതെല്ലാം. വീടും പരിസരവും ഒരു തേനീച്ചക്കൂടുപോലെ. ഒരു കൗതുകത്തിനാണ് തേനീച്ച വളർത്താൻ ആലോചിച്ചത്. പെട്ടി അന്വേഷിച്ചപ്പോൾ കൊക്കിലൊതുങ്ങാത്ത വില. ഒരു തേൻപെട്ടിയുണ്ടാക്കാൻ തീരുമാനിച്ചു. വിജയിച്ചു. തേനീച്ചകൾ പറന്നെത്തി. ഒന്ന് പലതായി. ഇപ്പോൾ 250-ലധികം പെട്ടികളുണ്ട് സനിലിന്റെ കൃഷിയിടത്തിൽ. ചെറുതേനും വൻതേനുമെല്ലാമായി. തേൻകൃഷി പരിശീലനത്തിൽ പങ്കെടുത്തു. അതിൽ കൂടുതൽ സ്വന്തമായി അന്വേഷിച്ചറിഞ്ഞു. സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും അധ്യാപകപരിശീലനവും നേടിയ സനിൽ ഒരുകാര്യം ഉറപ്പിച്ചുപറയും 'തേനീച്ചകൾ നൽകുന്ന പാഠത്തേക്കാൾ വലുതൊന്നും ഇതുവരെ പഠിച്ചിട്ടില്ല'. കുറച്ചുകാലം അധ്യാപകനായിരുന്നു. 2008-ലാണ് റവന്യൂവകുപ്പിൽ ക്ലർക്കായത്. സ്വീകരണമുറിയിലെ തേനീച്ചക്കൂട് പോലുള്ള ടീപ്പോയി നിർമിച്ചതിന് കാരണമായ സംഭവമുണ്ട്. മരംകൊണ്ടുള്ള ടീപ്പോയി വാങ്ങാൻപോയി. വിലയിൽ ഒത്തില്ല. തിരിച്ചുവന്നത് പണിയായുധങ്ങളുമായി. മരം മുറിച്ച് അറുത്തെടുത്ത് കൊണ്ടുവന്നു. ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്തി രാത്രി വൈകുംവരെ പണിയെടുത്തു. ആധുനിക ശാസ്ത്രസങ്കേതങ്ങളുപയോഗിച്ച് സംശയങ്ങൾ തീർത്തു. ഒടുവിൽ വിജയിച്ചു. തേനറപോലൊരു ടീപ്പോയി. സ്വീകരണമുറിയിലും വരാന്തയിലും സെറ്റി നിർമിക്കലായി അടുത്തത്. മാസങ്ങളുടെ ശ്രമത്തിനൊടുവിൽ ഇതും പൂർത്തിയായി. സഹോദരനും സഹോദരിക്കും ഓരോന്ന് നിർമിച്ചുനൽകി. സ്വന്തമായി കട്ടിൽനിർമാണത്തിലാണ് സനിലിപ്പോൾ. ഇരിട്ടിക്കടുത്ത് വില്ലേജ് ഒാഫീസറായിരുന്നു. കണ്ണൂർ കളക്ടറേറ്റിൽ ഹെഡ് ക്ലാർക്കായി ഉടൻ പ്രവേശിക്കും. ഓഫീസിലും വെറുതേയിരിക്കില്ലെന്ന് സഹപ്രവർത്തകർ. സ്വന്തം ജോലി കഴിഞ്ഞാൽ സഹജീവനക്കാരെ സഹായിക്കും. സ്വന്തം കൈകൊണ്ട് അച്ചിൽ നിർമിച്ച ഇന്റർലോക്കാണ് മുറ്റത്ത്. വീടിന് മുമ്പിലെ റോഡിനോടുചേർന്ന് മതിൽ സ്വന്തമായി കെട്ടി. തേച്ചുമിനുക്കാൻ സഹായം തേടി. ഇതെല്ലാം എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചാൽ ഉത്തരം 'എല്ലാം തേനീച്ചകൾ പഠിപ്പിച്ച പാഠം'. ജസ്‌നയാണ് ഭാര്യ. വിദ്യാർഥികളായ ജീവൻ, ജിയാ മരിയ, ജൂവൽ അന്ന എന്നിവരാണ് മക്കൾ.

തേനീച്ച പഠിപ്പിച്ച വഴിയേ സനിൽ തോമസിന്റെ ജീവിതം
M
MathrubhumiSource Link
about 2 months ago